മദര്‍ മേരി ഷന്താള്‍ ദൈവദാസി പദവിയിലേക്ക്

മദര്‍ മേരി ഷന്താള്‍ ദൈവദാസി പദവിയിലേക്ക്

വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്‍റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്കാദ് ഷന്താള്‍ ദൈവദാസി പദവിയിലേക്ക്. നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ദൈവദാസി പ്രഖ്യാപനവും ആഗസ്റ്റ് നാലിന് മദര്‍ ഷന്താളിന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന അതിരമ്പുഴ ആരാധനാ മഠത്തില്‍ നടക്കും. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന കുര്‍ബാനയുടെ മധ്യേ നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും. നാമകരണത്തിന്‍റെ പോസ്റ്റുലേറ്ററായി റവ. ഡോ. ജോസഫ് കൊല്ലാറയെ നിയമിച്ചു. നാമകരണ കോടതിയുടെ പ്രവര്‍ത്തനങ്ങളും അന്ന് ആരംഭിക്കും. നാമകരണ നടപടികള്‍ക്ക് ഉപകരിക്കുന്ന വിവരങ്ങള്‍ അറിയാവുന്നവര്‍ പോസ്റ്റുലേറ്ററെ അറിയിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു.

1880 ഡിസംബര്‍ 23-ന് ചമ്പക്കുളം വില്ലയില്‍ കൊച്ചു മാത്തൂച്ചന്‍ – മറിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായിട്ടാണ് മദര്‍ ഷന്താളിന്‍റെ ജനനം. മാമോദീസയില്‍ ഫിലോമിന എന്ന പേരു സ്വീകരിച്ചു. 1901-ല്‍ ഫാ. തോമസ് കുര്യാളശ്ശേരിയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ച് വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹസ്ഥാപനത്തിനായി പരിശ്രമിച്ചു. പിന്നീട് ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി തീര്‍ന്ന ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിയാണ് ഈ സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകന്‍. 1908 ഡിസംബര്‍ 8-ന് അഞ്ച് അര്‍ത്ഥിനികള്‍ക്കൊപ്പം ഫിലോമിനയും ശിരോവസ്ത്രം സ്വീകരിച്ചു മേരി ഫ്രാന്‍സിസ് ദ് ഷന്താളായി. 1916-ല്‍ നിത്യ വ്രതം സ്വീകരിച്ചു. 1972 മെയ് 25-ന് ദിവംഗതയായ മദര്‍ ഷന്താളിന്‍റെ ഭൗതിക ശരീരം അതിരമ്പുഴ മഠം ചാപ്പലില്‍ സംസ്കരിച്ചു. നിരവധി വിശ്വാസികള്‍ ഷന്താളമ്മയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org