‘ബ്രസീലിന്‍റെ മദര്‍ തെരേസാ’ വിശുദ്ധപദവിയിലേയ്ക്ക്

‘ബ്രസീലിന്‍റെ മദര്‍ തെരേസാ’ വിശുദ്ധപദവിയിലേയ്ക്ക്

Published on

കഴിഞ്ഞ നൂറ്റാണ്ടില്‍ ബ്രസീലിലെ പാവങ്ങള്‍ക്കിടയില്‍ സേവനമനുഷ്ഠിച്ചു പ്രസിദ്ധയായ വാഴ്ത്തപ്പെട്ട ഡുല്‍സ് ലോപസെ പൊന്‍റെസിനെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. 1914-ലാണ് സി. പൊന്‍റെസ് ജനിച്ചത്. കന്യാസ്ത്രീയായിത്തീര്‍ന്ന അവര്‍ സാല്‍വദോര്‍ നഗരത്തെരുവുകളിലാണ് സേവനം ചെയ്യാനാരംഭിച്ചത്. തെരുവില്‍ നിന്നു കിട്ടുന്ന രോഗികളെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലാക്കി, അവര്‍ക്കു ഭക്ഷണവും മരുന്നും എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു തുടക്കം. രോഗികളുടെ എണ്ണം കൂടിയതോടെ അവരുടെ ശുശ്രൂഷാമേഖല വളര്‍ന്നു. ഒരു തൊഴിലാളി യൂണിയനും ജീവകാരുണ്യസംഘടനയ്ക്കും സിസ്റ്റര്‍ രൂപംനല്‍കി. രോഗികളെയും വയോധികരെയും ശുശ്രൂഷിക്കുന്നതിനുള്ള ഡോട്ടേഴ്സ് ഓഫ് സെ. കമില്ലസ് എന്ന സന്യാസിനീ സമൂഹത്തിന്‍റെ സഹസ്ഥാപകയായി. ബ്രസീലിന്‍റെ മദര്‍ തെരേസാ എന്നറിയപ്പെട്ട അവര്‍ 1988-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1992-ല്‍ 77 -ാം വയസ്സില്‍ നിര്യാതയായി. 2011-ല്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പതിനായിരകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org