പ്രാര്‍ത്ഥിക്കുന്ന ചിത്രമെടുക്കാന്‍ മദര്‍ തെരേസ വിസമ്മതിച്ചിരുന്നതായി ഗ്രന്ഥകാരനായ ഫോട്ടോഗ്രാഫര്‍

പ്രാര്‍ത്ഥിക്കുന്ന ചിത്രമെടുക്കാന്‍ മദര്‍ തെരേസ വിസമ്മതിച്ചിരുന്നതായി ഗ്രന്ഥകാരനായ ഫോട്ടോഗ്രാഫര്‍

കല്‍ക്കട്ടയിലെ വി. മദര്‍ തെരേസയുടെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ള രഘുറായ് എന്ന ഫോട്ടോഗ്രാഫര്‍ മദറുമൊത്തുള്ള തന്‍റെ അനുഭവങ്ങള്‍ പുസ്തകമാക്കി പ്രകാശനം ചെയ്തു. "Saint Teresa of Calcutta: Celebration of Her Life and Legacy"  എന്നു നാമകരണം ചെയ്തിരിക്കുന്ന ഗ്രന്ഥത്തില്‍ 1970 മുതല്‍ മദര്‍ തെരേസയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ കഥകളാണ് വിവരിക്കുന്നത്.

മദര്‍ തെരേസ പ്രാര്‍ത്ഥിക്കുന്ന ഒരു ചിത്രമെടുക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നുവെന്ന് രഘു റായ് പറയുന്നു. പ്രാര്‍ത്ഥനക്കിടയില്‍ പടമെടുക്കാന്‍ മദര്‍ സമ്മതിച്ചിരുന്നില്ല. പ്രാര്‍ത്ഥനയുടെ പവിത്രത നഷ്ടപ്പെടുമെന്നും മറ്റു സന്യാസിനികള്‍ക്കു ശല്യമാകുമെന്നുമായിരുന്നു മദറിന്‍റെ ന്യായം. എന്നാല്‍ മദര്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രത്തിലൂടെ യേശുവിനെയാണ് താന്‍ പ്രതിഫലിപ്പിക്കാനാഗ്രഹിക്കുന്നതെന്ന മറുവാദമാണ് രഘു റായ് മുന്നോട്ടുവച്ചത്. ദരിദ്രരെ ശുശ്രൂഷിക്കുന്ന മദര്‍ യേശുവിനെയാണു പരിചരിക്കുന്നത്. ആ പ്രാര്‍ത്ഥനയാണ് ചിത്രത്തില്‍ പകര്‍ത്തേണ്ടത്. യേശുവുമായുള്ള മദറിന്‍റെ ബന്ധം ചിത്രത്തിലൂടെ പകര്‍ന്നു നല്‍കാതെ അതെങ്ങനെ മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കും? ഈ ന്യായവാദത്തിനൊടുവില്‍ പ്രഭാതത്തില്‍ 6 മണിക്കുമുന്‍പ് ഫോട്ടോയെടുക്കാന്‍ മദര്‍ സമ്മതിച്ചു. പക്ഷേ ഒരു നിബന്ധന – പ്രാര്‍ത്ഥിക്കുന്നിടത്തു നിന്ന് എഴുന്നേല്‍ക്കില്ല.

മറ്റൊരു സന്ദര്‍ഭത്തില്‍ മദര്‍ തെരേസയുടെ ഭവനത്തിലെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍, ഒരു കന്യാസ്ത്രി കുമ്പസാരിക്കുന്നതു കണ്ടു. കുമ്പസാരത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതിനേക്കാള്‍ പച്ചമനുഷ്യരായ, തെറ്റുകള്‍ സംഭവിക്കാവുന്ന സന്യാസികളുടെ മാനുഷികമുഖം അനാവരണം ചെയ്യാനാണ് ഫോട്ടോഗ്രാഫര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇതു കണ്ട ഒരു മുതിര്‍ന്ന കന്യാസ്ത്രീ രഘുറാമിനെ കയ്യോടെ പിടിച്ചു മദറിന്‍റെ മുന്നില്‍ ഹാജരാക്കി. തികച്ചും മാനുഷികമായ, കന്യാസ്ത്രീകള്‍ കുമ്പസാരിക്കുന്ന ചിത്രം പകര്‍ത്തുകയായിരുന്നുവെന്നു വ്യക്തമാക്കിയപ്പോള്‍ മദര്‍ തെരേസ അത് അംഗീകരിക്കുകയായിരുന്നുവത്രെ. മദറുമായുള്ള ബന്ധത്തില്‍ ഇത്തരത്തില്‍ ഫോട്ടോഗ്രഫിയില്‍ തനിക്കുണ്ടായ അനുഭവങ്ങളാണ് പുസ്തകത്തില്‍ രഘുറായി വിവരിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org