“വിശുദ്ധ മദര്‍ തെരേസയുടെ സേവനങ്ങളെ അവഹേളിക്കരുത്”

“വിശുദ്ധ മദര്‍ തെരേസയുടെ സേവനങ്ങളെ അവഹേളിക്കരുത്”
Published on

പാലക്കാട്: നിസ്തുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജീവിക്കുന്ന വിശുദ്ധ എന്ന് വിളിക്കപ്പെടുകയും, രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്കി ആദരിക്കുകയും ചെയ്ത വിശുദ്ധ മദര്‍ തെരേസയുടെ സേവനങ്ങളെ അവഹേളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി ശക്തമായി പ്രതിഷേധിച്ചു.

രാജ്യത്തെ അഗതികളെയും രോഗികളെയും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരുകള്‍ക്കാണ്. ഭരണകൂടത്തിന് അത് സാധിക്കാത്ത സാഹചര്യത്തില്‍ സഹജീവികളോട് കാരുണ്യം കാണിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂ ഹത്തെ പൊതുസമൂഹത്തിന്‍റെ മുമ്പില്‍ അസത്യ പ്രചരണങ്ങളുടെ മറവില്‍ താറടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ വിശുദ്ധ മദര്‍ തെരേസയെക്കുറിച്ച് പോലും അസംബന്ധ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നതായി അറിയാമായിരുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ താറടിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്‍റെ ഭാഗമായതില്‍ യോഗം അതിയായ നടുക്കവും ദുഃഖവും രേഖപ്പെടുത്തി.

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം ഇന്ന് നേരിടുന്ന അസത്യ പ്രചാരണങ്ങള്‍ക്ക് നടുവിലും, ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമുള്ള ഹൃദയംഗമമായ സേവനം തുടരുമെന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്‍റെ പ്രതിജ്ഞ യേശുക്രിസ്തു പഠിപ്പിച്ച പരസ്നേഹത്തിന്‍റെയും സഹോദര സ്നേഹത്തിന്‍റെയും ജീവിക്കുന്ന സത്യമാണ്.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍റ് തോമസ് ആന്‍റണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ട്രഷറര്‍ അജോ വട്ടുകുന്നേല്‍, രൂപത സെക്രട്ടറിമാരായ അഡ്വ. റെജിമോന്‍ ജോസഫ് പെട്ടെനാല്‍, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, പൊന്നംകോട് ഫൊറോന സെക്രട്ടറി ബെന്നി ചിറ്റേട്ട്, മണ്ണാര്‍ക്കാട് യൂണിറ്റ് സെക്രട്ടറി ജോസ് കാട്രുകുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org