മുംബൈ അതിരൂപതയില്‍ ‘കാര്‍ബണ്‍ ഫാസ്റ്റി’ന് ആഹ്വാനം

വലിയ നോമ്പില്‍ 'കാര്‍ബണ്‍ ഫാസ്റ്റിന്' ആഹ്വാനം ചെയ്ത് മുംബൈ അതിരൂപത. ആഗോളതാപനത്തിന്‍റെയും പരിസ്ഥിതി പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് ഇതു സംബന്ധിച്ച അവബോധം നല്‍കുന്നതിനാണ് കാര്‍ബണ്‍ ഫാസ്റ്റ് എന്ന ആശയം അതിരൂപത നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പരിപാടികള്‍ക്കായി അതിരൂപതയിലെ ഇടവകകള്‍ ഒരു ദിവസം മാറ്റിവയ്ക്കും. 100 ഇടവകകളിലായി അതിരൂപതയില്‍ അഞ്ചുലക്ഷത്തോളം വിശ്വാസികളാണുള്ളത്.
പ്രകൃതി സ്നേഹത്തിനും പ്രകൃതി പരിരക്ഷയ്ക്കുപകരിക്കുന്ന കര്‍മ്മങ്ങള്‍ക്കുമായി വിശ്വാസികളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കാര്‍ബണ്‍ ഫാസ്റ്റിന്‍റെ ലക്ഷ്യമെന്ന് അതിരൂപതാ സഹായമെത്രാനും പരിസ്ഥിതിക്കുവേണ്ടിയുള്ള ഓഫീസിന്‍റെ തലവനുമായ ബിഷപ് ആല്‍വിന്‍ ഡിസൂസ പറഞ്ഞു. ഇക്കാര്യത്തില്‍ ഇടവകകള്‍ക്ക് എന്താണു ചെയ്യാനാകുക എന്നത് അവര്‍ക്കു തീരുമാനിക്കാം. മറ്റു നോമ്പാചരണം പോലെ ഇതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കാം. കാലാവസ്ഥ വ്യതിയാനം ലോകത്തെ എപ്രകാരമാണു ബാധിക്കുന്നതെന്ന് എല്ലാവര്‍ ക്കും അറിയാം — ബിഷപ് വിശദീകരിച്ചു.
മെത്രാനാകും മുമ്പ് ഇടവക വികാരിയായിരിക്കേ പരിസ്ഥിതി സൗഹൃദപരിപാടികളുടെ പ്രചാരകനുമായിരുന്നു ബിഷപ് ആല്‍വിന്‍ ഡിസൂസ. മഴവെള്ള സംഭരണം, സോളാര്‍ പാനല്‍, മാലിന്യ സംസ്ക്കരണം തുടങ്ങിയ കാര്യങ്ങള്‍ ഇടവകകളില്‍ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന തരത്തില്‍ എല്‍ഇഡി ബള്‍ബുകളും മറ്റും പ്രയോജനപ്പെടുത്തുന്നതിനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org