നീതിക്കുവേണ്ടി മുംബൈയില്‍ കത്തോലിക്കരുടെ പ്രതിഷേധം

ജമ്മു കാശ്മീരിലെ കത്വവിലും ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും ബലാത്സംഗത്തിനിരകളായവര്‍ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുംബൈ അതിരൂപതയിലെ വിവിധ ഇടവകകളില്‍ പ്രതിഷേധ റാലികളും പ്രാര്‍ത്ഥനകളും നടത്തി. "തിന്മ ശാശ്വതമായി നിലനില്‍ക്കുന്നു, കാരണം നല്ല മനുഷ്യര്‍ നിശബ്ദരാകുന്നു" – പ്രക്ഷോഭത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉണരണമെന്നും സുരക്ഷിതമായ ഭാരതത്തിനു വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

താനെ ബിഷപ് ആല്‍വിന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ക്കെതിരെ റാലിയും ഒപ്പുശേഖരണവും നടത്തി. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇരകള്‍ക്ക് എത്രയും വേഗം നീതിയും നഷ്ടപരിഹാരങ്ങളും ലഭ്യമാക്കണമെന്നും ബിഷപ് ആല്‍വിന്‍ പറഞ്ഞു. മലാഡ് സെന്‍റ് ജൂഡ് ഇടവകാംഗങ്ങള്‍ വികാരി ഫാ. വാര്‍ണര്‍ ഡിസൂസയുടെ നിര്‍ദേശം മാനിച്ച് കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് വാരാന്ത്യ ദിവ്യബലിക്കെത്തിയത്. വക്കോല സെന്‍റ് ആന്‍റണീസ് ഇടവകയില്‍ ഏപ്രില്‍ 14, 15 തീയതികളില്‍ നടന്ന എല്ലാ ദിവ്യബലികളിലും ഒരു മിനിറ്റു നേരം വിശ്വാസികള്‍ മൗനമാചരിക്കുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org