മുംബൈ പ്രളയം: കത്തോലിക്കാ ദേവാലയങ്ങളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍

മുംബൈയില്‍ കനത്ത മഴയിലും പ്രളയത്തിലും പെട്ട് ഭവനങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്ന ആയിരങ്ങള്‍ക്കായി കത്തോലിക്കാ ദേവാലയങ്ങളും സ്ഥാപനങ്ങളും തുറന്നുകൊടുത്തു. ആയിരക്കണക്കിനു പേര്‍ക്കാണ് ഈ വിധത്തില്‍ സഭാസ്ഥാപനങ്ങള്‍ അഭയമായത്. ദുരിതത്തില്‍ പെട്ടവര്‍ക്ക് സുരക്ഷയും സൗകര്യങ്ങളുമൊരുക്കണമെന്നും ദേവാലയങ്ങളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി തുറന്നു കൊടുക്കണമെന്നും മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കല്യാണ്‍ രൂപതാ മെത്രാന്‍ മാര്‍ തോമസ് ഇലവനാല്‍ എന്നിവര്‍ ഇടവക വികാരിമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

പ്രളയത്തെ തുടര്‍ന്ന് ആയിരക്കണക്കിനു ട്രെയിന്‍ യാത്രക്കാരാണ് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ ട്രെയിന്‍ ഗതാഗതം താറുമാറാകുകയും നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ യാത്രികര്‍ക്കു സംരക്ഷണവും താമസസൗകര്യങ്ങളും ഒരുക്കാന്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ തയ്യാറായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള ദേവാലയങ്ങളിലും സ്കൂളുകളിലുമായി ജനങ്ങളെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മുംബൈ അതിരൂപത വക്താവ് ഫാ. നിഗല്‍ ബാരറ്റ് പറഞ്ഞു. അതേസമയം അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org