‘ഹരിത രൂപത’ ആശയവുമായി മുംബൈ അതിരൂപത

മുംബൈ അതിരൂപത ഇനി "ഹരിത രൂപത"യായി പരിസ്ഥിതി സൗഹൃദമാകുന്നു. ഈ രംഗത്തു കൂടുതല്‍ ജാഗ്രതയാര്‍ന്ന പ്രവര്‍ത്തനം നടത്തി ബോധവത്കരണത്തിലൂടെയും മറ്റും പരിസ്ഥിതി സ്നേഹം വളര്‍ത്താനുള്ള യത്നത്തിലാണ് മുംബൈ അതിരൂപത. ഇതു സംബന്ധിച്ച പ്രഖ്യാപനം ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് നടത്തി. ലോകം വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തില്‍ കാലത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കി സഭ പ്രവര്‍ത്തിക്കേണ്ടതുണ്ട് – കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങള്‍ കത്തോലിക്കരെ സംബന്ധിച്ചു ഒരു ധാര്‍മ്മിക വിഷയമാണെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് സൂചിപ്പിച്ചു.

ഇത്തരത്തില്‍ മുംബൈ അതിരൂപത ഹരിത രൂപതയായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചും മറ്റും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും നാം അതിന്‍റെ ഇരകളായി തീര്‍ന്നിരിക്കുകയാണെന്നും മുംബൈ സഹായ മെത്രാനും ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്‍റെ കലാവസ്ഥ വ്യതിയാന ഡെസ്ക്കിന്‍റെ സെക്രട്ടറിയുമായ ബിഷപ് ആല്‍വിന്‍ ഡിസൂസ വിശദീകരിച്ചു. മുംബൈ അതിരൂപതയിലെ ഹരിത പരിപാടികള്‍ ആവിഷ്ക്കരിക്കാനും നടപ്പിലാക്കാനുമുള്ള ചുമതല ഇദ്ദേഹത്തിനാണ് നല്‍കപ്പെട്ടിരിക്കുന്നത്.

ആഗോളസഭ മുഴുവനായി വളരെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് പരിസ്ഥിതി സംരക്ഷണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതികഠിനമായ ചൂടാണ്. 2008 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും അതികഠിനമായ ചൂട് അനുഭവപ്പെട്ടു. ജലസംഭരണികളുടെ ദുര്‍വിനിയോഗം മൂലം ജലദൗര്‍ലഭ്യവും വരള്‍ച്ചയും വ്യാപകമാകുന്നു. അന്തരീക്ഷ മലിനീകരണം പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നു. വായു മലിനീകരണം മൂലം നിരവധി ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിലപാടുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണ – സൗഹൃദ പരിപാടികള്‍ ആവിഷ്ക്കരിച്ചു ഹരിത രൂപതയെന്ന ആശയം പ്രാവര്‍ത്തികമാക്കാനാണു മുംബൈ അതിരൂപത ലക്ഷ്യമിടുന്നതെന്ന് ബിഷപ് ആല്‍വിന്‍ ഡിസൂസ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org