നിറഞ്ഞ മനസ്സോടെ അവര്‍ വിളമ്പി, സ്നേഹത്തിന്‍റെ ‘നാടന്‍’ രുചി

നിറഞ്ഞ മനസ്സോടെ അവര്‍ വിളമ്പി, സ്നേഹത്തിന്‍റെ ‘നാടന്‍’ രുചി

അങ്ങാടിപ്പുറം: വിദ്യാലയമുറ്റത്തെ സ്നേഹപ്പന്തലില്‍ ഉണ്ണിയപ്പം മുതല്‍ ചിക്കന്‍ ബിരിയാണി വരെ നാല്തോളം കൊതിയൂറും വിഭവങ്ങള്‍… ക്ഷണിച്ചും ക്ഷണിക്കാതെയുമെത്തിയ അതിഥികള്‍ 'നാടന്‍' നന്മയുടെ രുചിയറിഞ്ഞു. പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ 'രുചിമേളം' ഭക്ഷ്യമേള കൗമാരമനസ്സിന്‍റെ നേരുള്ള കാഴ്ചയായി.

കപ്പ-മീന്‍കറി, പിടി-കോഴിക്കറി ഇനങ്ങള്‍ മേളയിലെ താരങ്ങളായി! അരിയുണ്ടയും അവലോസുണ്ടയും വടയും വട്ടയപ്പവും കലത്തപ്പവും കേക്കും മുറുക്കും പായസവുമെല്ലാം ഇഷ്ടവിഭവങ്ങളായപ്പോള്‍ മണിക്കൂറുകള്‍ക്കകം പാത്രങ്ങള്‍ കാലി.

സ്വന്തം വീടുകളില്‍ തയ്യാറാക്കിയ നാടന്‍വിഭവങ്ങളുമായി വിദ്യാര്‍ഥികളെത്തിയത് കൂട്ടുകാരിയുടെ ബാപ്പയ്ക്ക് സഹായമൊരുക്കാനാണ്. അദ്ദേഹത്തിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ചെലവിലേക്കായി ഭക്ഷ്യമേളയിലൂടെ കൂട്ടുകാര്‍ ഒറ്റദിവസം കൊണ്ടു സമാഹരിച്ചത് അരലക്ഷം രൂപ.

സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ നേതൃത്വത്തില്‍ സ്കൗട്ട് & ഗൈഡ്സിന്‍റെയും വിവിധ ക്ലബ്ബുകളുടെയും സഹകരണത്തോടെ നടത്തിയ 'രുചിയുള്ള നന്മ'യില്‍ അധ്യാപകരും അനധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഒരേ മനസ്സോടെ കരംകോര്‍ത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഒ. കേശവന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും മേളയിലെത്തി.

എന്‍.എസ്.എസ്. ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് കൂത്തൂര്‍ ആധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വര്‍ഗീസ്, പി.ടി.എ. പ്രസിഡന്‍റ് റജി പാണംപറമ്പില്‍, എന്‍. എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേല്‍, സേവ്യര്‍ എം. ജോസഫ്, പോള്‍സണ്‍ പുത്തന്‍പുരക്കല്‍, സാബു കാലായില്‍, മനോജ് കെ. പോള്‍, രാജു പൊരിയന്‍വേലില്‍, സിബി ഓവേലില്‍, ആന്‍ഡ്രൂസ് കെ. ജോസഫ്, കെ.ടി. ജോര്‍ജ്, ജോളി പുത്തന്‍പുരയ്ക്കല്‍, എന്‍.എസ്.എസ്. കണ്‍വീനര്‍മാരായ ഷഹദ് ബിന്‍ ഷുക്കൂര്‍, അബ്ദുള്‍ സല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org