നാഗസാക്കി കത്തീഡ്രല്‍ യുനെസ്കോ പൈതൃക പട്ടികയില്‍

നാഗസാക്കി കത്തീഡ്രല്‍ യുനെസ്കോ പൈതൃക പട്ടികയില്‍

ജപ്പാനിലെ നാഗസാക്കി മേഖലയില്‍ മതമര്‍ദ്ദനങ്ങളെ ഭയന്നും അതിജീവിച്ചും ക്രൈസ്തവരായി ഒളിച്ചു ജീവിച്ച ചരിത്രത്തിന് ഒടുവില്‍ യുനെസ്കോയുടെ അംഗീകാരം. നാഗസാക്കിയില്‍ 26 രക്തസാക്ഷികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട കത്തീഡ്രല്‍ ലോക പൈതൃകപട്ടികയില്‍ യുനെസ്കോ ഉള്‍പ്പെടുത്തി. പതിനേഴാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെ മതനിരോധനം നിലവിലിരുന്ന കാലത്ത് രഹസ്യമായി തലമുറകളിലേയ്ക്കു വിശ്വാസം കൈമാറുകയും വളര്‍ത്തുകയും ചെയ്ത ക്രൈസ്തവരുടെ ചരിത്രമാണ് നാഗസാക്കിയിലെ കത്തീഡ്രല്‍ ഓര്‍മ്മിപ്പിക്കുന്നത്.

1597-ലാണ് ജപ്പാന്‍ ഭരണാധികാരികള്‍ ജപ്പാന്‍കാരായ 20 ഉം വിദേശികളായ 6 ഉം ക്രൈസ്തവരെ കൊല ചെയ്തത്. 600 മൈല്‍ കാല്‍നടയായി കൊണ്ടു പോയി കുരിശില്‍ തറച്ചും കുന്തത്താല്‍ കുത്തിയുമാണ് ഇവരെ കൊലപ്പെടുത്തിയത്. യാത്രാവേളയില്‍ ജനങ്ങളുടെ പരസ്യമര്‍ദ്ദനങ്ങള്‍ക്കും രക്തസാക്ഷികള്‍ ഇരകളായി. പക്ഷേ ഇതിലൊന്നും തളരാതെ സ്തോത്രഗീതങ്ങള്‍ പാടിക്കൊണ്ടാണ് ഇവര്‍ മരണത്തെ പുല്‍കിയത്. ഇവരുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ നിര്‍മ്മിച്ചത് 1864-ല്‍ ഫ്രഞ്ച് വൈദികരാണ്. 1933-ല്‍ ഇത് ദേശീയ സമ്പത്തായി ജാപ്പനീസ് ഭരണകൂടം പ്രഖ്യാപിച്ചു. 1945-ലെ അമേരിക്കയുടെ ആണവാക്രമണത്തെ തുടര്‍ന്ന് കത്തീഡ്രലിനു കേടുപാടുകള്‍ പറ്റിയിരുന്നു.

1549-ല്‍ വി. ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ ക്രിസ്തുമതം എത്തിച്ചത്. പക്ഷേ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ ശക്തമായ മതമര്‍ദ്ദനങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ആരംഭിച്ചതിനെ തുടര്‍ന്ന് ക്രൈസ്തവര്‍ ഒളിവിലാണ് ഏറെക്കാലം വിശ്വാസജീവിതം തുടര്‍ന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org