Latest News
|^| Home -> International -> നന്മതിന്മകളുടെ അതിര്‍ത്തി നമ്മുടെ ഹൃദയത്തില്‍ -മാര്‍പാപ്പ

നന്മതിന്മകളുടെ അതിര്‍ത്തി നമ്മുടെ ഹൃദയത്തില്‍ -മാര്‍പാപ്പ

Sathyadeepam

നന്മതിന്മകളുടെ അതിര്‍ത്തി നമ്മുടെ ഓരോരുത്തരുടേയും ഹൃദയങ്ങളിലൂടെയാണു കടന്നു പോകുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ കളയുടെയും വിളയുടെയും ഉപമ വ്യാഖ്യാനിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കളകള്‍ വിളവെടുപ്പു വരെ വിളയോടൊപ്പം വളരട്ടെയെന്ന യജമാനന്‍ നിര്‍ദേശിക്കുന്ന പ്രതീകത്തിലൂടെ ക്രിസ്തു പറഞ്ഞത് എല്ലാ തിന്മയേയും നശിപ്പിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്ന സത്യമാണെന്നു മാര്‍പാപ്പ വ്യക്തമാക്കി. തിന്മയും നന്മയും അത്രമാത്രം ഇടകലര്‍ന്നാണു കിടക്കുന്നത്. ദൈവത്തിനു മാത്രമേ അതു വേര്‍തിരിച്ച് തിന്മയെ എന്നേയ്ക്കുമായി നശിപ്പിക്കാന്‍ കഴിയൂ. അന്ത്യവിധിയില്‍ അവിടുന്ന് അതു ചെയ്യും – മാര്‍പാപ്പ വിശദീകരിച്ചു.

അതേസമയം ഈ സങ്കീര്‍ണതകളെല്ലാമുണ്ടെങ്കിലും നന്മതിന്മകളെ വിവേചിച്ചറിയാന്‍ നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. അതിനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. സ്വയം ഒരു വിളയാകാന്‍ ശ്രമിക്കണമെന്നും ഈ ഉപമ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. തിന്മയുടെ പ്രലോഭനങ്ങളില്‍ നിന്നു നാം സ്വയം അകന്നു നില്‍ക്കണം. നാമെല്ലാം പാപികളാണ്. പക്ഷേ, സഭയുടെ ഭാഗമായിരിക്കാന്‍ നമുക്കു സാധിക്കണം. തിന്മയുടെ അഴുക്കു പറ്റിയിരിക്കുന്നവരെ പോലും സ്വന്തം കൈയില്‍ അഴുക്കാകുമോ എന്നു ഭയപ്പെടാതെ ചേര്‍ത്തുനിര്‍ത്തുന്ന അമ്മയാണു സഭ. അല്ലാതെ, സമയമെത്തുന്നതിനു മുമ്പു വിധി പ്രസ്താവിക്കുന്ന സംവിധാനമല്ല. പുനരുത്ഥാനത്തിലൂടെ യേശു നമ്മെ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുകയും നവജീവിതം നയിക്കുന്നതിനുള്ള കൃപ നമുക്കു നല്‍കുകയും ചെയ്തിട്ടുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Leave a Comment

*
*