അഞ്ചിലൊന്നു വൈദികരേയും നാസികള്‍ പോളണ്ടില്‍ വധിച്ചു

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മ്മന്‍കാരും റഷ്യക്കാരും കീഴടക്കിയ പോളണ്ടിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വച്ച് രൂപതാ വൈദികരില്‍ 20 ശതമാനം പേരെയും കൊന്നുകളയുകയായിരുന്നുവെന്ന് പോളിഷ് മെത്രാന്‍ സംഘത്തിന്‍റെ വക്താവ് അനുസ്മരിച്ചു. നാലു പോളിഷ് മെത്രാന്മാരും ക്യാമ്പുകളില്‍ വച്ചു വധിക്കപ്പെട്ടു. മതത്തിനെതിരായ യുദ്ധം കൂടിയാണ് അന്നു നടന്നത് – രണ്ടാം ലോകമഹായുദ്ധമാരംഭിച്ചതിന്‍റെ 79-ാം വാര്‍ഷിക ദിനത്തില്‍ വക്താവ് ഫാ. പവെല്‍ ആന്‍ഡ്രിയാനിക് ചൂണ്ടിക്കാട്ടി.

വൈദികര്‍ക്കും സന്യസ്തര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരായ വന്‍ മര്‍ദ്ദനപരമ്പരകളാണ് നാസി കാലത്ത് പോളണ്ടിലുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദികരേയും കന്യാസ്ത്രീകളേയും വെടിവച്ചു കൊല്ലുകയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവിലടക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സഭയുടെ സ്വത്തുവകകള്‍ ജര്‍മ്മന്‍കാര്‍ പിടിച്ചടക്കുകയും പള്ളികള്‍ അടച്ചുപൂട്ടുകയും ചെയ്തു. പക്ഷേ ജര്‍മ്മന്‍ നാസി ഭീകരതയുടെ ഈ ഇരുണ്ട കാലഘട്ടത്തെ പോളിഷ് ജനത അതിജീവിച്ചു – അദ്ദേഹം പറഞ്ഞു.

1939-ല്‍ പോളണ്ടിലുണ്ടായിരുന്നത് 10,000 വൈദികരാണ്. ഇതില്‍ രണ്ടായിരം വൈദികരേയും നാസികള്‍ കൊന്നു. 8,000 സന്യാസികളുണ്ടായിരുന്നതില്‍ 370 പേര്‍ കൊല്ലപ്പെട്ടു. 17,000 കന്യാസ്ത്രീകളില്‍ 280 പേര്‍ വധിക്കപ്പെട്ടു. യുദ്ധകാലത്ത് 4,000 വൈദികരും 1,100 കന്യാസ്ത്രീകളും തുറങ്കുകളിലടയ്ക്കപ്പെട്ടു. പൊതു വെ ഈ സമൂഹത്തെയാകെ അടിച്ചമര്‍ത്തുകയും ചെയ്തുവെന്ന് ഫാ. പവെല്‍ പറഞ്ഞു. 21 രൂപതകളില്‍ 9 എണ്ണത്തിനും അന്നു മെത്രാന്മാരില്ലാത്ത സ്ഥിതിയായിരുന്നു. അവരെ ജയിലലടക്കുകയോ നാടു കടത്തുകയോ ചെയ്തിരിക്കുകയായിരുന്നു. ദൈവത്തെ നിഷേധിക്കുന്നതിന്‍റെ അ നന്തരഫലങ്ങള്‍ എത്ര ഭീകരമായിരിക്കുമെന്നു യുദ്ധം കാണിച്ചു തന്നു – ഫാ. പവെല്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org