ദേശീയ യുവജന സമ്മേളനം സെക്കന്തരാബാദില്‍

സിബിസിഐയുടെ യൂത്ത് കമ്മീഷനു കീഴിലുള്ള ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റിന്‍റെ (ഐസിവൈഎം) ദേശീയ യുവജന സമ്മേളനം ഒക്ടോബര്‍ 13 മുതല്‍ 17 വരെ സെക്കന്തരബാദില്‍ നടക്കും. സെക്കന്തരാബാദ് ചായ് ട്രെയിനിംഗ് സെന്‍ററില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ഹൈദ്രാബാദ് അതിരൂപത ആതിഥ്യമരുളും. "ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1 : 38) എന്ന തിരുവചനമാണ് മുഖ്യ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. യുവജനങ്ങള്‍ തങ്ങളുടെ വിളി തിരിച്ചറിയാനും ദൈവേഷ്ടമനുസരിച്ചു പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാനും ഈ വചനം യുവാക്കളെ ക്ഷണിക്കുന്നുണ്ടെന്ന് ഐസിവൈഎം പ്രസിഡന്‍റ് പെര്‍സിവല്‍ ഹോള്‍ട്ട് പറഞ്ഞു.

സഭയുമായുള്ള സംഭാഷണത്തിന് യുവാക്കള്‍ക്കു വേദിയൊരുക്കുകയാണ് സമ്മേളനത്തിന്‍റെ ഒരു ലക്ഷ്യമെന്ന് ദേശീയ പ്രസിഡന്‍റ് വ്യക്തമാക്കി. യുവാക്കള്‍ക്ക് തങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും തുറന്നു പറയാനുള്ള വേദിയാകും ചര്‍ച്ചാ സമ്മേളനങ്ങള്‍. വിശ്വാസത്തെയും ജീവിതത്തിലെ പ്രധാന വിഷയങ്ങളെയും സംബന്ധിച്ച അറിവും ഉള്‍ക്കാഴ്ചകളും നല്‍കാനും സമ്മേളനത്തിനു കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സമ്മേളനത്തിനൊടുവില്‍ യുവജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടു തയ്യാറാക്കുന്ന രേഖ ഭാരതത്തിലെ എല്ലാ മെത്രാന്മാര്‍ക്കും നല്‍കും. യുവജന പ്രേഷിതത്വത്തില്‍ രൂപപ്പെടുത്തേണ്ട പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണ മെത്രാന്മാര്‍ക്കു ലഭിക്കാന്‍ ഇതു സഹായിക്കുമെന്ന് ദേശീയ ഭാരവാഹികള്‍ പറഞ്ഞു. വിവിധ രൂപതകളില്‍ നിന്നുള്ള 500 ല്‍പരം പ്രതിനിധികള്‍ക്കു പുറമെ പ്രത്യേക ക്ഷണിതാക്കളും അതിഥികളും സമ്മേളനത്തില്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org