പ്രകൃതിദത്ത സാനിറ്റൈസര്‍ വികസിപ്പിച്ച് ഈശോസഭ ഗവേഷണകേന്ദ്രം

തമിഴ്നാട്ടിലെ പാളയംകോട്ടയില്‍ സെന്‍റ് സേവ്യേഴ്സ് കോളജിലെ സേവ്യര്‍ റിസര്‍ച്ചു ഫൗണ്ടേഷന്‍ ചെലവു കുറഞ്ഞ പ്രകൃതിദത്ത സാനിറ്റൈസര്‍ വികസിപ്പിച്ചു നിര്‍മ്മാണത്തിനു കൈമാറി. കൊറോണ 19 ന്‍റെ പശ്ചാത്തലത്തില്‍ സാനിറ്റൈസറിന്‍റെ ഉപയോഗം വ്യാപകമായപ്പോഴാണ് തദ്ദേശീയരായ പാവപ്പെട്ടവര്‍ക്കായി ചെലവു കുറഞ്ഞ സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ പ്രേരണയായതെന്ന് സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ ഫാ. സവരിമുത്തു ഇഗ്നാസിമുത്തു വ്യക്തമാക്കി.

ഫലപ്രദവും ചെലവുകുറഞ്ഞതുമായ പ്രതിരോധ സാനിറ്റൈസര്‍ എന്ന ആശയത്തില്‍ നിന്നാണ് ഗവേഷണം ആരംഭിച്ചത്. ലോകവ്യാപകമായിത്തന്നെ കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സാനിറ്റൈസറിന്‍റെ ഉപയോഗം വര്‍ദ്ധിതമായപ്പോള്‍ സാധാരണക്കാരെ സംബന്ധിച്ചു അതു സ്വരൂപിക്കുക വളരെ പ്രയാസമായിരുന്നുവെന്ന് ഫാ. ഇഗ്നാസിമുത്തു പറഞ്ഞു. കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേ ഴ്സ്റ്റിയുടെയും ചെന്നൈയിലെ യൂണിവേഴ്സിറ്റി ഓഫ് മദ്രാസിലെയും വൈസ്ചാന്‍സലറായിരുന്ന 71 കാരനായ ഫാ. ഇഗ്നാസിമുത്തുവിന്‍റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചടുത്ത സാനിറ്റൈസര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസര്‍ നിര്‍മ്മാണം നടത്തി വിതരണം ചെയ്യാന്‍ പ്രാദേശിക ചെറുകിട കമ്പനിക്കു സാനിറ്റൈസറിന്‍റെ സാങ്കേതിക വിദ്യ കൈമാറിയതായും 60 മില്ലി ലിറ്റര്‍ വീതമുള്ള 350 കുപ്പി സാനിറ്റൈസര്‍ പ്രദേശവാസികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സൗജന്യമായി നല്‍കിയതായും ഫാ. ഇഗ്നാസിമുത്തു അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org