നവകേരള നിര്‍മിതിയില്‍ കത്തോലിക്കാ സഭയിലെ സമര്‍പ്പിത സമൂഹങ്ങള്‍ സജീവ പങ്ക് വഹിക്കും

കത്തോലിക്കാസഭയുടെ പ്രളയാനന്തര ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കു വഹിക്കാന്‍ സമര്‍പ്പിത സമൂഹങ്ങളുടെ നേതൃസമ്മേളനം തീരുമാനിച്ചു. രൂപതകളും സന്ന്യാസസമൂഹങ്ങളും പ്രാദേശികതലത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. സന്ന്യസ്തര്‍ ഒരു മാസത്തെ ശമ്പളം സഭയുടെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്കും. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്കുന്ന നവകേരളനിര്‍മിതിയില്‍ സഭ സര്‍ക്കാരിനോടു സഹകരിക്കും. കേരളത്തിലെ 32 രൂപതകളിലും പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സന്ന്യാസസമൂഹങ്ങളും സഭയുടെ മറ്റു സന്നദ്ധ സംഘടനകളും കേരളത്തിന്‍റെ പുനര്‍ നിര്‍മിതിയില്‍ സജീവമായി പങ്കുകൊള്ളും.

ഭവനനിര്‍മാണം, വീടുകളുടെ അറ്റകുറ്റപണികള്‍, കക്കൂസ് നിര്‍മാണം, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹനം, കുട്ടികളുടെ വിദ്യാഭ്യാസവും മാനസികാരോഗ്യവും, കാര്‍ഷിക വികസനം എന്നീ മേഖലകളില്‍ സഭയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കത്തോലിക്കാസഭയിലെ സന്ന്യാസസഭകളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസി ഭാരവാഹികളുടെയും പിഒസിയില്‍ ചേര്‍ന്ന സംയുക്ത സമ്മേളനം കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്തു. കെസിഎംഎസ് പ്രസിഡന്‍റ് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിസി അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ ലിസിയ എസ്.എം.ഐ. എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org