നവോത്ഥാന ദര്‍ശനങ്ങളുടെ പ്രയോഗത്തില്‍ കേരളം ഭാരതത്തിനു മാതൃകയാവണം -കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: ഇന്നും പ്രസക്തമായ നവോത്ഥാന ദര്‍ശനങ്ങളുടെ പ്രയോഗത്തില്‍ കേരളം ഭാരതത്തിനാകെയും മാതൃകയാവണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ശ്രീനാരായണ സഹോദരസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടന്ന മിശ്രഭോജന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജാതിയും മതവും സമൂഹത്തില്‍ മനുഷ്യനെ നിര്‍വചിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്. ജാതി ഒരുവനെ അവനറിയാതെ ഒരു ഗണത്തില്‍പ്പെടുത്തുന്നു. മതം സ്വന്തമായി തെരഞ്ഞെടുക്കാന്‍ അവനു സ്വാതന്ത്ര്യമുണ്ട്. പാരമ്പര്യം ഏതു മതം സ്വീകരിക്കണമെന്നു തീ രുമാനിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. വ്യക്തികളുടെ ശാക്തീകരണത്തിനും സമുദായങ്ങളുടെ വളര്‍ച്ചയ്ക്കും ഉപകരിക്കേണ്ട ജാതിയും മതവും മനുഷ്യസമൂഹത്തെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളായി മാറുന്നത് അപകടകരമാണ്. കേരളത്തിലും ഭാരതത്തിലും എന്നു മാത്രമല്ല, ലോകം മുഴുവനിലും അത്തരം പ്രതിഭാസങ്ങള്‍ അരങ്ങേറിയിട്ടുണ്ട്; ഇന്നും അരങ്ങേറുന്നുണ്ട്. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള കലഹങ്ങള്‍ മനുഷ്യചരിത്രത്തിന്‍റെ തന്നെ ഭാഗമാണ്. ലോകമതങ്ങള്‍ക്കെല്ലാം തന്നെ സ്ഥാനം ലഭിച്ചിട്ടുള്ള നമ്മുടെ രാജ്യത്ത് മതകലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടല്ലോ. ജാതിയുടെ പേരിലും ഭാരതത്തില്‍ ഭിന്നി പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഭാരതമെന്ന നമ്മുടെ സങ്കല്പത്തില്‍ ഈ രണ്ടു വിധത്തിലുമുള്ള കലഹങ്ങളെ ഒതുക്കുവാനും ഐക്യ ചിന്ത ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുവാനും നമ്മുടെ സമൂഹ മനഃസാക്ഷിക്കു സാധിക്കുന്നുവെന്നതാണു നമ്മുടെ വിജയം.

സമൂഹത്തിന്‍റെ ഐക്യത്തിനു വേണ്ടിയും അതിനു വിരുദ്ധമായ ജാതി ചിന്തക്കെതിരായും ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനുഭാവനാണു സഹോദരന്‍ അയ്യപ്പന്‍. സാമൂഹ്യ അവബോധമുള്ള കേരളീയര്‍ക്കു സുപരിചിതനാണ് അദ്ദേഹം. ദേശീയതലത്തില്‍ ഡോ. ബി.ആര്‍. അംബേദ്കറെപ്പോലെ മലയാളികള്‍ക്കിടയില്‍ നവോത്ഥാനത്തിനു നേതൃത്വം കൊടുത്തവരാണ് ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യപ്പന്‍, അയ്യങ്കാളി എന്നിവര്‍. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ സാമൂഹ്യസമത്വം സാധ്യമാക്കാന്‍ നടത്തിയ ശ്രമങ്ങളിലൂടെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും കേരളത്തിലെ നവോത്ഥാന നായകരുടെ പട്ടികയില്‍ ഇടം പിടിക്കുന്നു.

ചാതുര്‍വര്‍ണ്യ ചിന്തയുടെ ആധിപത്യകാലത്തു പിന്തള്ളപ്പെട്ട ഈഴവ സമുദായത്തിന്‍റെ സമുദ്ധാരണത്തിന് ശ്രീനാരായണഗുരുവിനൊപ്പം ശബ്ദമുയര്‍ത്തിയവരില്‍ ഗണനീയനാണ് സഹോദരന്‍ അയ്യപ്പന്‍. അദ്ദേഹം സ്ഥാപിച്ച സഹോദര സംഘമാണല്ലൊ ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ ഇന്നും അറിയപ്പെടുന്നത്. ശ്രീനാരായണഗുരു ദളിതരെയും ഈഴവര്‍ക്കൊപ്പം ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനെ നിരാകരിച്ചവരുണ്ടായിരുന്നു. അവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാനും ഗുരു മറന്നില്ല – കര്‍ദി. ആലഞ്ചേരി അനുസ്മരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org