വംശഹത്യ: ഇനിയൊരിക്കലും ആവര്‍ത്തിക്കരുത് ഫ്രാന്‍സിസ് മാര്‍പാപ്പ

വംശഹത്യ: ഇനിയൊരിക്കലും ആവര്‍ത്തിക്കരുത് ഫ്രാന്‍സിസ് മാര്‍പാപ്പ

നാസികള്‍ നടത്തിയ യഹൂദവംശഹത്യ ഒരു മഹാദുരന്തവും ക്രൂരതയുമായിരുന്നുവെന്നും അതിനോടു ഉദാസീനത പുലര്‍ത്താനാവില്ലെന്നും ഈ സംഭവത്തെ ഓര്‍മ്മയില്‍ വയ്ക്കുക സുപ്രധാനമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഇനിയൊരിക്കലും ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കരുതെന്ന നിശ്ചയം ആവശ്യമാണെന്ന് ഓഷ് വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് മോചിപ്പിച്ചതിന്‍റെ 75-ാം വാര്‍ഷികദിനത്തില്‍ മാര്‍പാപ്പ പറഞ്ഞു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ ഓഷ് വിറ്റ്സ് വാര്‍ഷികം അനുസ്മരിപ്പിച്ച മാര്‍പാപ്പ അതിന്‍റെ ഇരകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സന്ദര്‍ശകരോടു നിര്‍ദേശിക്കുകയും ചെയ്തു.

1940 മുതല്‍ 1945 വരെയുള്ള വര്‍ഷങ്ങളില്‍ നാസി ഭരണകൂടം ഓഷ്വിറ്റ്സില്‍ 11 ലക്ഷം യഹൂദരെ കൊന്നൊടുക്കിയെന്നാണു കണക്ക്. ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന യഹൂദ വംശഹത്യയില്‍ ആകെ 60 ലക്ഷം യഹൂദരെയാണു നാസികള്‍ കൊലപ്പെടുത്തിയത്. 2016-ല്‍ ഓഷ്വിറ്റ്സ് ക്യാമ്പ് ഫ്രാന്‍സിസ് മാര്‍ പാപ്പ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച തന്നെ സന്ദര്‍ശിച്ച ഒരു യഹൂദ മനുഷ്യാവകാശ സംഘടനയോട് ഇക്കാര്യം മാര്‍പാപ്പ പങ്കുവച്ചു. "ധ്യാനിക്കാനും നിശബ്ദമായി പ്രാര്‍ത്ഥിക്കാനുമാണ് താന്‍ അവിടെ പോയത്. വ്യഗ്രത നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ ഒന്നു നില്‍ക്കാനും ഉള്ളിലേയ്ക്കു നോക്കാനും സഹിക്കുന്ന മാനവീകതയുടെ വിലാപം നിശബ്ദതയില്‍ ശ്രവിക്കാനും നമുക്കു ബുദ്ധിമുട്ടായിരിക്കുകയാണ്." മാര്‍പാപ്പ പറഞ്ഞു. ഓര്‍മ്മ നഷ്ടപ്പെടുമ്പോള്‍ നമുക്കു ഭാവിയാണു നഷ്ടപ്പെടുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org