Latest News
|^| Home -> Kerala -> നസ്രാണി പൈതൃക വഴികളറിയാന്‍ പഠനപദ്ധതിയുമായി സുബോധന

നസ്രാണി പൈതൃക വഴികളറിയാന്‍ പഠനപദ്ധതിയുമായി സുബോധന

Sathyadeepam

അങ്കമാലി: കേരള നസ്രാണി സമൂഹത്തിന്‍റെ ശ്രേഷ്ഠമായ പൈതൃകത്തെയും സംസ്കാരത്തെയും കുറിച്ച് അവബോധമുള്ളവര്‍ക്കാണു സഭയെ സ്നേഹിക്കാനും വളര്‍ത്താനും കഴിയുകയെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്. അങ്കമാലി സുബോധനയില്‍ നസ്രാണി പൈതൃകത്തിലുള്ള ഡിപ്ലോമ കോ ഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴ്സിലെ ആദ്യത്തെ ക്ലാസ് 26-നു സുബോധനയില്‍ നടക്കും. കോഴ്സില്‍ ആദ്യത്തെ പത്തു ക്ലാസുകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നവര്‍ക്ക് 1600 രൂപ വിലയുള്ള തോമപീഡിയ പുസ്തകവും 20 ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 3600 രൂപ വിലയുള്ള നസ്രാണീസ് എന്ന പുസ്തകവും സമ്മാനമായി നല്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍നല്കും.

ക്രൈസ്തവസഭയുടെ ചരിത്രവും സംഭാവനകളും സമഗ്രമായി പഠനവിധേയമാക്കുന്ന നസ്രാണി പൈതൃക കോഴ്സ്. തോമസ് എന്‍സൈക്ലോപീഡിയയുടെ സഹകരണത്തോടെയാണു സുബോധനയില്‍ സംഘടിപ്പിക്കുന്നത്.

പത്തു മാസങ്ങളിലായി പണ്ഡിതരുടെ 20 പ്രഭാഷണങ്ങളാണ് പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ കോഴ്സിലുണ്ടാവുക. കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ ക്രൈസ്തവരുടെ പങ്ക്, വിദ്യാഭ്യാസ രംഗത്തു കേരളത്തിലെ ക്രിസ്ത്യാനികള്‍, മലയാള സാഹിത്യവും ക്രൈസ്തവരും, ഉദയംപേരൂര്‍ സൂനഹദോസ് പ്രത്യേകതകളും പ്രസക്തിയും, സുറിയാനി നസ്രാണികളുടെ പുരാതന രേഖകളും ചരിത്രവും, കേരള സഭാചരിത്രത്തില്‍ അങ്കമാലി, ക്രൈസ്തവ ശിലാലിഖിതങ്ങളും ചെപ്പേടുകളും, പാദ്രുവാദോ പ്രൊപ്പഗാന്ത ഭരണം കേരളത്തില്‍, തോമായുടെ നടപടിയും നസ്രാണി സഭയും, ഒന്നാം നൂറ്റാണ്ടിലെ പാഷണ്ഡതകള്‍ക്കെതിരെ സഭാപിതാക്കന്മാര്‍ എന്നീ വിഷയങ്ങളാണ് പഠനവിധേയമാക്കുന്നത്.

കെ.കെ. മുഹമ്മദ്, ഡോ. പി. അനിയന്‍കുഞ്ഞ്, റവ. ഡോ. ജോസ് കുറിയേടത്ത്, ഡോ. കുര്യാസ് കുമ്പളക്കുഴി, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, പോള്‍ മണലേല്‍, റവ. ഡോ. ജോമോന്‍ തച്ചില്‍, ഡോ. എം.കെ. ഫ്രാന്‍സിസ്, റവ. ഡോ. ഫ്രാന്‍സിസ് തോണിപ്പാറ, റവ. ഡോ. ജെയിംസ് പുലിയുറമ്പില്‍, റവ. ഡോ. ജോര്‍ജ് നെടുംപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ആറു വരെയാണു ക്ലാസുകള്‍ നടക്കുക. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കു പങ്കെടുക്കാം. 2020 ഫെബ്രുവരിയില്‍ കോഴ്സ് പൂര്‍ത്തിയാകും.

കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ആത്മാഭിമാനവും സ്വത്വ, ചരിത്രബോധത്തോടെ സഭയോടു ചേര്‍ന്നു നില്ക്കാനും അല്മായ സമൂഹത്തെ രൂപപ്പെടുത്തുന്നതിനു ലക്ഷ്യമിട്ടാണു നസ്രാണി പൈതൃക കോഴ്സ് ഒരുക്കിയിട്ടുള്ളതെന്നു സുബോധന ഡയറക്ടര്‍ ഫാ. രാജന്‍ പുന്നയ്ക്കല്‍, തോമസ് എന്‍സൈക്ലോപീ ഡിയ എഡിറ്റര്‍ പ്രഫ. ജോര്‍ജ് മേനാച്ചേരി എന്നിവര്‍ അറിയിച്ചു. കോഴ്സില്‍ ചേരാന്‍ മേയ് 26 വരെ സൗകര്യമുണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്കു ഫോണ്‍: 9400092982, 9891540075.

Leave a Comment

*
*