നീതി വിജയിക്കും, നീതിന്യായവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസം: സിസ്റ്റര്‍ പ്രേമ

ജാര്‍ഘണ്ടിലെ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിര്‍മല്‍ ഹൃദയ് എന്ന സ്ഥാപനത്തില്‍ നിന്നും ഒരു ശിശുവിനെ വില്പന നടത്തിയെന്ന ആരോപണത്തില്‍ സത്യവും നീതിയും വിജയിക്കുമെന്നും നിയമത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രേമ പറഞ്ഞു. നീതിന്യായ കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥരിലും തങ്ങള്‍ക്കു വിശ്വാസമാണെന്നും നീതിയും സത്യവും എന്നും നിലനില്‍ക്കുമെന്നും പത്രക്കുറിപ്പില്‍ സിസ്റ്റര്‍ പ്രേമ വ്യക്തമാക്കി.

റാഞ്ചിയിലെ നിര്‍മ്മല്‍ഹൃദയ് കേന്ദ്രത്തില്‍ പ്രസവിച്ച യുവതി തന്‍റെ കുഞ്ഞിനെ ഉത്തര്‍പ്രദേശുകാരായ ദമ്പതികള്‍ക്കു വിറ്റതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ശിശുവ്യാപാരത്തില്‍ നിര്‍മ്മല്‍ ഹൃദയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയും പങ്കാളിയായി. ഇവരെ അറസ്റ്റു ചെയ്ത പൊലീസ് നിര്‍മ്മല്‍ ഹൃദയില്‍ അവിവാഹിതരായ അമ്മമാരുടെ സംരക്ഷണ ചുമതലയുള്ള സിസ്റ്റര്‍ കൊണ്‍സീലയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലില്‍ ഏല്പിക്കാനാണെന്നു പറഞ്ഞാണ് യുവതി കുട്ടിയെ കൊണ്ടുപോയതെന്നാണ് സിസ്റ്റേഴ്സ് പറയുന്നത്. ഇക്കാര്യം സ്ഥാപനത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മഠത്തില്‍ വന്ന് ചോദ്യം ചെയ്തപ്പോഴാണ് സ്ഥാപന അധികാരികള്‍ വിവരമറിയുന്നത്. പിന്നീട് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി സിസ്റ്ററെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സിസ്റ്റര്‍ റിമാന്‍ഡിലാണ്.

ഇതിനിടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംര ക്ഷണ കേന്ദ്രങ്ങളില്‍ മുഴുവനും പരിശോധന നടത്താന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ദാന്ധി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വി. മദര്‍ തെരേസയുടെ ഉപവിയുടെ സഹോദരികള്‍ നടത്തുന്ന സ്ഥാപനങ്ങളെ അവഹേളിക്കാനായുള്ള ശ്രമമായിട്ടാണ് ഈ നടപടിയെ സഭാനേതാക്കള്‍ കാണുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org