പുതിയ ഹൃദയമുള്ള പുതിയ മനുഷ്യരാണ് പന്തക്കുസ്തായുടെ സൃഷ്ടി -മാര്‍പാപ്പ

പുതിയ ഹൃദയമുള്ള പുതിയ മനുഷ്യരാണ് പന്തക്കുസ്തായുടെ സൃഷ്ടി -മാര്‍പാപ്പ

പുതിയൊരു ജനതയെ സൃഷ്ടിക്കുക, ഈ പുതിയ ജനതയിലെ ഓരോ മനുഷ്യനും പുതിയ ഹൃദയങ്ങള്‍ നല്‍കുക എന്നീ രണ്ടു കാര്യങ്ങളാണ് പന്തക്കുസ്താദിനത്തില്‍ സംഭവിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ സെ. പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

വിശ്വാസികളുടെ മേല്‍ ആവസിക്കുന്ന പരിശുദ്ധാത്മാവ് അവരെ ഒരു കൂട്ടായ്മയിലേയ്ക്കു നയിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. താന്‍ സൃഷ്ടിച്ച ഈ പുതിയ കൂട്ടായ്മയുടെ നന്മയ്ക്കാവശ്യമായ ദാനങ്ങള്‍ ഓരോ വിശ്വാസിക്കും പരിശുദ്ധാത്മാവ് നല്‍കുന്നുണ്ട്. വൈവിധ്യവും ഏകത്വവും സൃഷ്ടിക്കുന്നത് ഒരേ പരിശുദ്ധാത്മാവാണ്. ഇത്തരത്തില്‍ നവവും വൈവിധ്യപൂര്‍ണവും ഏകവുമായ ഒരു ജനതയെ പരിശുദ്ധാത്മാവ് സൃഷ്ടിക്കുന്നു. അതാണ് സാര്‍വ്വത്രിക സഭ – മാര്‍പാപ്പ വിശദീകരിച്ചു.

പരിശുദ്ധാത്മാവ് നമുക്കു നല്‍കുന്ന ദാനങ്ങളെ സ്വീകരിക്കുന്നതിനു നാം ഒഴിവാക്കേണ്ട രണ്ടു പ്രലോഭനങ്ങളുണ്ട്, – മാര്‍പാപ്പ തുടര്‍ന്നു. ഐക്യമില്ലാത്ത വൈവിധ്യം തേടുന്നതിനുള്ളതാണ് ഒന്നാമത്തെ പ്രലോഭനം. ഇതിനു നേര്‍ വിരുദ്ധമായതാണ് രണ്ടാമത്തെ പ്ര ലോഭനം. വൈവിധ്യമില്ലാത്ത ഏകത്വത്തെ അന്വേഷിക്കുക. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ മാറ്റി വച്ച് സഭയെ സ്നേഹത്തില്‍ ആശ്ലേഷിക്കുന്നതിനുള്ള ആത്മാവിന്‍റെ ഐക്യം ലഭിക്കുന്നതിനായി നാം പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിക്കണം. സഭയെ മാതാവായും ഭവനമായും കരുതാന്‍ കഴിയുന്ന ഒരു ഹൃദയത്തിനായും പ്രാര്‍ത്ഥിക്കണം. പീഡാനുഭവവേളയില്‍ തന്നെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്ത ശിഷ്യരെ യേശു ശപിക്കുന്നില്ല. മറിച്ച് അവര്‍ക്കു ക്ഷമയുടെ ആത്മാവിനെ നല്‍കുകയാണു ചെയ്തത്. ക്ഷമയാണ് ഏറ്റവും ഉന്നതമായ സമ്മാനം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org