ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്നു സിമ്പോസിയം

ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്നു സിമ്പോസിയം

വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വിഖ്യാത ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജോണ്‍ ഹെന്‍റി ന്യൂമാനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനില്‍ നടന്ന ഒരു സിമ്പോസിയം ആവശ്യപ്പെട്ടു. ദൈവശാസ്ത്രത്തിനും ആദ്ധ്യാത്മികതയ്ക്കും വലിയ സംഭാവനകള്‍ നല്‍കുന്ന വിശുദ്ധരെയാണ് വേദപാരംഗതര്‍ (ഡോക്ടര്‍ ഓഫ് ചര്‍ച്ച്) ആയി പ്രഖ്യാപിക്കാറുള്ളത്. ഇപ്പോള്‍ ഏകദേശം മൂന്നു ഡസന്‍ വേദപാരംഗതരാണ് സഭയിലുള്ളത്. ജോണ്‍ ക്രിസോസ്ത്രം, അഗസ്റ്റിന്‍, തോമസ് അക്വീനാസ്, സിയെന്നായിലെ വി.കത്രീന, വി. കൊച്ചുത്രേസ്യ തുടങ്ങിയവര്‍ വേദപാരംഗതരില്‍ ചിലരാണ്.

ന്യൂമാനെന്ന ദൈവമനുഷ്യന്‍റെ ആഴവും കത്തോലിക്കാസഭയില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും മനസ്സിലാക്കിയാല്‍, അദ്ദേഹത്തിന്‍റെ അഭാവം സഭയിലുണ്ടാക്കുമായിരുന്ന ശൂന്യത തിരിച്ചറിയാന്‍ കഴിയുമെന്നു കാര്‍ഡിനല്‍ മാര്‍ക് ഔലെറ്റ് സിമ്പോസിയത്തില്‍ പറഞ്ഞു. സാംസ്കാരിക വെല്ലുവിളികള്‍ക്കനുസരിച്ച് വിശ്വാസത്തിന്‍റെ ഭാഷയെ സഭ അനുരൂപണപ്പെടുത്തണമെന്നു ന്യൂമാന്‍ വാദിച്ചു. വിശ്വാസനിക്ഷേപത്തിനു മാറ്റം സംഭവിക്കുന്നില്ല. എന്നാല്‍ അതിനെ കുറിച്ചുള്ള സഭയുടെ അറിവു പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അത് ആഴപ്പെടുകയും പുതിയ മാര്‍ഗത്തിലൂടെ പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം എല്ലായ്പോഴും അത് വിശ്വാസത്തിന്‍റെ മൗലികതയോടും വിശ്വസ്തവുമായിരിക്കും. ന്യൂമാന്‍റെ ഈ പ്രബോധനം വളരെ പ്രധാനമാണ്. അദ്ദേഹം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ദൈവശാസ്ത്രജ്ഞരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് കൗണ്‍സിലിനു ശേഷം വേദപാരംഗതനായി പ്രഖ്യാപിക്കാവുന്ന വിശുദ്ധനാണ് ന്യൂമാന്‍ – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org