ന്യൂനപക്ഷങ്ങളുടെ ആശങ്കകളിലും കാര്‍ഷിക, മത്സ്യബന്ധന വിഷയങ്ങളിലും പരിഹാരത്തിനു കേന്ദ്രം ഇടപെടണമെന്നു ക്രൈസ്തവ സഭകള്‍

ന്യൂനപക്ഷങ്ങളുടെ ആശങ്കകളിലും കാര്‍ഷിക, മത്സ്യബന്ധന വിഷയങ്ങളിലും പരിഹാരത്തിനു കേന്ദ്രം ഇടപെടണമെന്നു ക്രൈസ്തവ സഭകള്‍

രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ അഭിമൂഖീകരിക്കുന്ന ആശങ്കകളിലും കേരളത്തിലെ കാര്‍ഷിക, മത്സ്യബന്ധന മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളിലും പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടല്‍ ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരും ആവശ്യപ്പെട്ടു. തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷായോടാണു സഭാധ്യക്ഷന്മാര്‍ ഇക്കാര്യം ആവ ശ്യപ്പെട്ടത്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനു കേന്ദ്രം ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നും സഭാധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു.

ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ നടക്കുന്നതില്‍ ക്രൈസ്തവസഭകള്‍ക്ക് ആശങ്കയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കടമയുണ്ട്. ഒരു വര്‍ഷമായി ഭീകരരുടെ പിടിയിലുള്ള ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം. കസ്തൂരിരംഗന്‍, ഗാഗ്ഡില്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം.

മത്സ്യബന്ധന തൊഴിലാളികളുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണം നല്‍കണം. റബറിന്‍റെ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ദളിത് സമൂഹത്തിനു പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും സഭാധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു.
ദരിദ്രരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങളില്‍ എന്നും ക്രിയാത്മകമായി ഇടപെടുന്ന ക്രൈസ്തവസഭകളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അമിത് ഷാ സഭാധ്യക്ഷന്മാരെ അറിയിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജോസഫ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, തൊഴിയൂര്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കൊപ്പം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org