നിര്‍ധനര്‍ക്കായി ന്യൂയോര്‍ക്ക് അതിരൂപത ചിലവു കുറഞ്ഞ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നു

നിര്‍ധനകുടുംബങ്ങള്‍ക്കായി അടുത്ത പത്തു വര്‍ഷം കൊണ്ട് 2000 പാര്‍പ്പിടങ്ങള്‍ അടങ്ങുന്ന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ ന്യൂയോര്‍ക്ക് അതിരൂപത തീരുമാനിച്ചു. ഇതില്‍ ആദ്യത്തെ സമുച്ചയമായ സെ. അഗസ്റ്റിന്‍ ടെറസ് കാര്‍ഡിനല്‍ തിമോത്തി ദോലന്‍ ആശീര്‍വദിച്ചു. സെ. അഗസ്റ്റിന്‍ ടെറസില്‍ 112 വീടുകളാണ് ഉള്ളത്. ഇതില്‍ 77 എണ്ണം കുടുംബങ്ങള്‍ക്കു നല്‍കും. ബാക്കിയുള്ള 35 എണ്ണം നിത്യരോഗികള്‍ക്കുള്ളവയാണ്. ഇവര്‍ക്കുള്ള ചികിത്സയും പരിചരണവും അതിരൂപത സൗജന്യമായി ഏര്‍പ്പെടുത്തും. വില കുറഞ്ഞ പാര്‍പ്പിടം ഒരെണ്ണത്തിനു വേണ്ടി 700 പേര്‍ അപേക്ഷ അയയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് നഗരത്തില്‍ 60,000 പേര്‍ ഭവനരഹിതരാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് അതിരൂപതയിലെ സെ.അഗസ്റ്റിന്‍ എന്ന ഇടവകപ്പള്ളി നിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ പാര്‍പ്പിടസമുച്ചയം വരുന്നത്. ഈ ഇടവക മറ്റൊരു ഇടവകയുമായി സംയോജിപ്പിച്ചതിനെ തുടര്‍ന്നാണു പള്ളി ആവശ്യമില്ലാതായത്. പള്ളിയുടെ മണി പാര്‍പ്പിടസമുച്ചയത്തില്‍ ഒരു സ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പുതിയ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള 5 സ്ഥലങ്ങള്‍ അതിരൂപത കണ്ടെത്തിക്കഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org