സമാധാനം നേടാന്‍ വൈവിദ്ധ്യങ്ങളെ അംഗീകരിക്കുക -നിക്കരാഗ്വന്‍ കാര്‍ഡിനല്‍

സമാധാനം നേടാന്‍ വൈവിദ്ധ്യങ്ങളെ അംഗീകരിക്കുക -നിക്കരാഗ്വന്‍ കാര്‍ഡിനല്‍
Published on

സമാധാനം കരസ്ഥമാക്കുന്നതിനു ജനങ്ങള്‍ തങ്ങള്‍ക്കിടയിലെ വൈവിദ്ധ്യങ്ങളെ അംഗീകരിക്കുകയും ആരേയും ഒഴിവാക്കി നിറുത്താതെയുള്ള സംഭാഷണങ്ങള്‍ വളര്‍ത്താന്‍ സന്നദ്ധരാകുകയും ചെയ്യണമെന്നു നിക്കരാഗ്വയിലെ മനാഗ്വ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ലിയോപോള്‍ദോ ബ്രെനെസ് പ്രസ്താവിച്ചു. പരസ്പാരദരവിന്‍റെ പാത തിരഞ്ഞെടുത്താല്‍ മാത്രമേ പ്രതികാരത്തിന്‍റെ വലയത്തിനു പുറത്തു കടക്കാനാകൂ എന്നദ്ദേഹം വ്യക്തമാക്കി. നിക്കരാഗ്വയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ്, ലോകസമാധാന ദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന.

വൈവിദ്ധ്യത്തോടുള്ള അസഹിഷ്ണുതയില്‍ നിന്നാണ് യുദ്ധം പലപ്പോഴും ആരംഭിക്കുന്നതെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്കുമേല്‍ ആധിപത്യം ചെലുത്താനുള്ള ആഗ്രഹത്തെ ജ്വലിപ്പിക്കുന്നതും ഈ അസഹിഷ്ണുതയാണ്. അഹങ്കാരവും അഹന്തയുമുള്ള മനുഷ്യന്‍റെ ഹൃദയത്തിലാണ് യുദ്ധം ജന്മമെടുക്കുന്നത്. അപരനെ നിഷേധാത്മകമായ ചട്ടക്കൂട്ടിലടയ്ക്കാനും ഒഴിവാക്കാനും ഇല്ലാതാക്കാനും വിദ്വേഷം മനുഷ്യരെ പ്രേരിപ്പിക്കുന്നു. തകര്‍ന്ന ബന്ധങ്ങളും അധികാരദുര്‍വിനിയോഗവും അപരനെ കുറിച്ചുള്ള ഭീതിയും ഇന്ധനമാക്കിയാണ് യുദ്ധങ്ങള്‍ വളരുന്നത്. മനുഷ്യന്‍റെ ഹൃദയപരിവര്‍ത്തനത്തിനു മാത്രമേ യുദ്ധങ്ങളെ ഇല്ലാതാക്കാനാകൂ. അത് അനുരഞ്ജനത്തിനും മനുഷ്യരേയും സമുദായങ്ങളേയും ഐക്യപ്പെടുത്തുന്നതിനുമുള്ള രാഷ്ട്രീയ സന്നദ്ധതയിലേയ്ക്കു നയിക്കുന്നു – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org