ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ നൈജീരിയയെ US പ്രസിഡന്‍റ് ആശങ്കയറിയിച്ചു

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ നൈജീരിയയെ US പ്രസിഡന്‍റ് ആശങ്കയറിയിച്ചു

നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ സമീപകാലത്തു നടന്ന അക്രമങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശങ്കയറിയിച്ചു. നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയോടു നേരിട്ടാണ് ട്രംപ് ഇതേക്കുറിച്ചു പറഞ്ഞത്. നൈജീരിയന്‍ പ്രസിഡന്‍റ് അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഇരുവരുടെയും സംഭാഷണം.

നൈജിരിയന്‍ പ്രസിഡന്‍റിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ രണ്ടു ദിവസം മുമ്പാണ് നൈജീരിയായിലെ ഒരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ രണ്ടു കത്തോലിക്കാ പുരോഹിതരടക്കം 15 പേര്‍ കൊല്ലപ്പെട്ടത്. ഇതിന്‍റെ ഉത്തരവാദിത്വമേറ്റെടുത്തു പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് നൈജീരിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടിരുന്നു. പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ പ്രസിഡന്‍റ് പദവിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു മെത്രാന്മാര്‍ അഭിപ്രായപ്പെട്ടു. നിരായുധരും നിസ്സഹയരുമായ മനുഷ്യരുടെ നിലവിളികള്‍ക്കെതിരെ കാതും കണ്ണും കൊട്ടിയടയ്ക്കുകയാണ് നൈജിരിയന്‍ ഗവണ്‍മെന്‍റും സുരക്ഷാ ഏജന്‍സികളും ചെയ്യുന്നത്. 2017- ല്‍ മധ്യ നൈജീരിയായിലെ ബെന്യുവില്‍ 140 ക്രൈസ്തവരെ കൊലപ്പെടുത്തിയ സംഭവത്തിലും പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി നിസംഗതയാണു സ്വീകരിച്ചതെന്നു മെത്രാന്മാര്‍ വിമര്‍ശിച്ചു.

നാടുകള്‍ ചുറ്റി കാലിക്കൂട്ടങ്ങളെ മേയിക്കുന്ന നാടോടികളായ മുസ്ലീം വര്‍ഗീയവാദികളാണ് കര്‍ഷകരായ ക്രൈസ്തവരെ ആക്രമിക്കുന്നത്. കാലികളുമായി ഓരോ ഗ്രാമങ്ങളിലേയ്ക്കുമെത്തുന്ന ഇവര്‍ അവിടങ്ങളിലെ കൃഷിയിടങ്ങള്‍ പിടിച്ചടക്കുകയും ക്രൈസ്തവരെ ആക്രമിച്ചോടിക്കുകയുമാണു ചെയ്യുന്നത്. യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ആയുധസാമഗ്രികളുമായാണ് ഈ കാലിമേച്ചിലുകാര്‍ വരുന്നത്. ഇസ്ലാമിക ഭീകര സംഘടനകളില്‍ നിന്നാണ് ഇവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org