ഭരണരംഗത്ത് നിക്ഷിപ്ത താല്പര്യങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകം -കെ സി ബി സി

ഭരണരംഗത്ത് കക്ഷിരാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ചില വകുപ്പുകളില്‍ നടക്കുന്ന വഴിവിട്ട ഇടപെടലുകളും തെറ്റായ സ്വാധീനങ്ങളും തുടര്‍ച്ചയായി വിമര്‍ശനവിധേയമായിട്ടും, വേണ്ട തിരുത്തലുകള്‍ വരുത്താന്‍ ഭരണരംഗത്തുള്ളവര്‍ ശ്രമം നടത്താതിരിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ഭരണകര്‍ത്താക്കള്‍ നിക്ഷിപ്ത താത്പര്യങ്ങളോടെ തങ്ങളുടെ അധികാരവും പദവിയും ദുരുപയോഗിക്കുന്നതായുള്ള ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് നിര്‍ഭാഗ്യകരമാണെന്നും കൊച്ചിയില്‍ സമ്മേളിച്ച കെസിബിസി യോഗം അഭിപ്രായപ്പെട്ടു.

2020 കേരളസഭ, പ്രേഷിതവര്‍ഷമായി ആചരിക്കുമെന്ന് മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസവും പ്രേഷിത ചൈതന്യവും ഓരോ വിശ്വാസിയിലും സഭയൊന്നാകെയും ശക്തിപ്പെടേണ്ടിയിരിക്കുന്നു. ഇതിലേക്കായി വിവിധ പരിപാടികള്‍ക്കു രൂപം നല്കും. കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളുടെ സ്വത്തു സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക നിയമം നിര്‍മ്മിക്കണമെന്നും നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും പ്രചരിപ്പിക്കുന്നവര്‍, ക്രിസ്തീയ സഭകള്‍ക്കോ സര്‍ക്കാരിനോ ഇല്ലാത്ത ചില നിക്ഷിപ്ത താല്പര്യങ്ങളുള്ളവരാണെന്നു കെസിബിസി വ്യക്തമാക്കി. സമൂഹത്തില്‍ മേല്‍ക്കൈ നേടാനായി നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില ശക്തികളും അവരുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നിലുള്ളത്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ സഭയും പൊതുസമൂഹവും തിരിച്ചറിയുന്നുണ്ട്. സഭാവിരുദ്ധ ശക്തികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വിശ്വാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കെസിബിസി വിലയിരുത്തി.

കലാലയ രാഷ്ട്രീയം നടപ്പാക്കുന്നതിനായി നിയമസഭ പരിഗണിക്കാനിരിക്കുന്ന ബില്‍ കലാലയങ്ങളെ വീണ്ടും കലാപകേന്ദ്രങ്ങളാക്കുമെന്ന ആശങ്ക കത്തോലിക്കാ മെത്രാന്മാര്‍ പങ്കുവച്ചു. രാഷ്ട്രീയം അനുദിനം അക്രമാസക്തവും പ്രതിലോമകരവുമായി മാറുന്ന സമീപകാലത്ത് കലാലയങ്ങളെ കലാപ രാഷ്ട്രീയത്തിന്‍റെ പഠനക്കളരികളാക്കാനുള്ള ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ശുഭോദര്‍ക്കമല്ല.

2016 മുതല്‍ കഴിഞ്ഞ 4 വര്‍ഷങ്ങളായി നിയമനാംഗീകാരം കിട്ടാതെ സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കുവാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും 2013-14 വര്‍ഷങ്ങളില്‍ കോളജുകളില്‍ അനുവദിച്ച പുതിയ കോഴ്സുകള്‍ക്കും 2014-15 വര്‍ഷം അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും തസ്തിക നിര്‍ണയം നടത്തി അധ്യാപകരെ നിയമിക്കാനുള്ള സത്വര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ക്രൈസ്തവവിശ്വാസികള്‍ ആരാധനയ്ക്കും മതപഠനത്തിനുമായി പരമ്പരാഗതമായി വിനിയോഗിക്കുന്ന ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി കുട്ടികളുടെ മത്സരങ്ങളും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിവിധങ്ങളായ പരിശീലനങ്ങളും നടത്തുവാനുള്ള ഉദ്യോഗസ്ഥ നിലപാടുകള്‍ ഈ അടുത്ത കാലത്ത് വര്‍ദ്ധിച്ചുവരുന്നതില്‍ കെസിബിസി വലിയ ഉത്കണ്ഠ രേഖപ്പെടുത്തി.

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും വ്യാപാരരംഗത്തെ മാന്ദ്യവും തീരദേശവാസികളുടെ പിന്നോക്കാവസ്ഥയും പരിഗണിച്ച്, ക്രിസ്തീയ സമുദായത്തിന്‍റെ സാമ്പത്തിക പിന്നോക്കാവസ്ഥ സമഗ്രമായി പഠിച്ചു പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനുകളെ നിയമിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു വലിയ സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്ന ആരോപണം തീര്‍ത്തും അവഗണിക്കാവുന്നതല്ലെന്നും ദുര്‍ബലര്‍ അവഗണിക്കപ്പെടുക മാത്രമല്ല, കൂടുതല്‍ ഞെരുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആ രംഗത്ത് നിലവിലുള്ളതെന്നും ഭരണാധികാരികള്‍ മനസ്സിലാക്കണം. ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ- ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണ്. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവുമായി ഈ നീക്കത്തെ കെസിബിസി വിലയിരുത്തുന്നു.

കത്തോലിക്കാസഭയിലെ സന്ന്യസ്തരെയും പുരോഹിതരെയും അവഹേളിക്കുന്ന രീതിയില്‍ വന്‍ തുക മുടക്കി സഭാവിരുദ്ധരും വര്‍ഗീയശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതമായ പ്രചാരണങ്ങളിലും പരിപാടികളിലും കെസിബിസി വേദനയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. മൂന്നു ദിവസത്തെ കെസിബിസി സമ്മേളനത്തില്‍ കേരളസഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org