നിലയ്ക്കല്‍ തീര്‍ത്ഥാടന കേന്ദ്രം ക്രൈസ്തവ സാഹോദര്യത്തിന്‍റെ മകുടോദാഹരണം – ബിഷപ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍

നിലയ്ക്കല്‍ തീര്‍ത്ഥാടന കേന്ദ്രം ക്രൈസ്തവ സാഹോദര്യത്തിന്‍റെ മകുടോദാഹരണം – ബിഷപ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍

നിലയ്ക്കല്‍: ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും ശക്തിസ്രോതസും മകുടോദാഹരണവുമാണ് നിലയ്ക്കല്‍ തീര്‍ത്ഥാടനകേന്ദ്രമെന്ന് പുനലൂര്‍ ബിഷപ് മോസ്റ്റ് റവ.സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. വിവിധ ക്രൈസ്തവ അപ്പസ്തോലിക സഭകളുടെ പൊതുവേദിയായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ മാര്‍ത്തോമ്മാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന സെന്‍റ് തോമസ് ദിനാചരണവും മാര്‍ത്തോമ്മാ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയാരിരുന്നു ബിഷപ് മോസ്റ്റ് റവ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍.
ക്രിസ്തുശിഷ്യനും ഭാരതത്തിന്‍റെ പ്രഥമ അപ്പസ്തോലനുമായ മാര്‍ത്തോമ്മാ ശ്ലീഹായിലൂടെ പങ്കുവയ്ക്കപ്പെട്ട സഭാചൈതന്യം അനേകായിരങ്ങള്‍ക്ക് വെളിച്ചംവിതറി വഴികാട്ടുന്നു. സഭാപിതാവിന്‍റെ സ്മരണകളുയരുമ്പോള്‍ ദൈവസ്നേഹത്തില്‍ ആഴപ്പെടുവാനും മറ്റുള്ളവര്‍ക്ക് കൂടുതല്‍ നന്മകള്‍ വര്‍ഷിക്കുവാനും നമുക്കാകണം. ക്രൈസ്തവ മക്കളെ കൂട്ടിച്ചേര്‍ക്കുന്ന സഭയുടെ പൊതുസമ്പത്തായ നിലയ്ക്കല്‍ കേന്ദ്രം ഈ കാലഘട്ടത്തിന്‍റെ അനിവാര്യഘടകമാണെന്ന് ബിഷപ് സില്‍വസ്റ്റര്‍ അഭിപ്രായപ്പെട്ടു.

മാര്‍ത്തോമ്മാ അനുസ്മരണ സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ തുണ്ടിയത്ത്, ഫാ. ഫിലിപ്പോസ് നടമല, ഫാ. ജെസ്മോന്‍, ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ലിജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ബിഷപ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയോടെയാണ് മാര്‍ത്തോമ്മാ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ആഘോഷത്തോട നുബന്ധിച്ച് നേര്‍ച്ചക്കഞ്ഞിയും വിളമ്പി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പങ്കുചേര്‍ന്നു.

രണ്ടു ദിവസമായി നിലയ്ക്കല്‍ മാര്‍ത്തോമ്മാ എക്യുമെനിക്കല്‍ കേന്ദ്രം സന്ദര്‍ശിക്കുവാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത് വരും ദിവസങ്ങളിലും തുടരുമെന്നും തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വടക്കേടം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org