ഈജിപ്ഷ്യന്‍ യാത്രയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനം വേണ്ടെന്നു മാര്‍പാപ്പ

ഈജിപ്ഷ്യന്‍ യാത്രയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനം വേണ്ടെന്നു മാര്‍പാപ്പ

ഈജിപ്തിലേയ്ക്കു നടത്തിയ യാത്രയില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനു സാധാരണ കാര്‍ ഉപയോഗിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം പതിവു പാലിച്ചു. ഈജിപ്തില്‍ ഈസ്റ്ററിനു തൊട്ടുമുമ്പായി ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ പാപ്പയ്ക്കു പിഴവില്ലാത്ത സുരക്ഷ ഉറപ്പാക്കാന്‍ അവിടത്തെ ഭരണകൂടവും മുസ്ലീം മതനേതൃത്വവും സന്നദ്ധമായിരുന്നു. എന്നാല്‍ പ്രത്യേക കവചിത വാഹനങ്ങള്‍ ഉപയോഗിക്കില്ലെന്ന നിലപാടില്‍ പാപ്പ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്ന് വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ കെയ്റോയിലെ കോപ്റ്റിക് കത്തീഡ്രലില്‍ നടന്ന സ്ഫോടനത്തില്‍ 25-ലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. ഓശാന ഞായറാ ഴ്ച രണ്ടു പള്ളികളിലായി നടന്ന ആക്രമണങ്ങളില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്തിരുന്നു. ആക്രമണങ്ങളുണ്ടായെങ്കിലും മാര്‍പാപ്പയുടെ ഈജിപ്ഷ്യന്‍ സന്ദര്‍ശനം നേരത്തെ നിശ്ചയിച്ച രീതിയില്‍ തന്നെ നടത്താമെന്ന തീരുമാനവുമായി വത്തിക്കാനും ഈജിപ്ഷ്യന്‍ അധികൃതരും മുന്നോട്ടു പോകുകയായിരുന്നു. സുന്നി മുസ്ലീങ്ങളുടെ ആഗോള പണ്ഡിതരിലെ പരമാചാര്യനായി പരിഗണിക്കപ്പെടുന്ന ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് എല്‍ തയ്യിബിന്‍റെ പ്രത്യേക ക്ഷണം മാര്‍പാപ്പയ്ക്കുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org