മതിലുകള്‍ക്കു പകരം പാലങ്ങളുടെ നിര്‍മ്മാണം തുടരുമെന്ന് മെക്സിക്കന്‍-യുഎസ് മെത്രാന്മാര്‍

അകറ്റി നിറുത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന മതിലുകള്‍ക്കു പകരം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതൃക പിന്തുടര്‍ന്നുകൊണ്ട് പരസ്പരം ബന്ധപ്പെടുത്തുന്ന പാലങ്ങള്‍ നിര്‍മ്മിക്കുന്ന രീതി തുടരുമെന്ന് മെക്സിക്കന്‍ – അമേരിക്കന്‍ അതിര്‍ത്തിപ്രദേശത്തുള്ള ഇരുരാജ്യങ്ങളിലെയും രൂപതകളുടെ മെത്രാന്മാര്‍ പറഞ്ഞു. കുടിയേറ്റക്കാരുടെയും രേഖകളില്ലാത്ത സ്ഥിരവാസക്കാരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു സഹായകരമായ നയങ്ങള്‍ സ്വീകരിക്കണമെന്നു ഭരണകൂടങ്ങളോടു മെത്രാന്മാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിരൂപതകളിലെ മെത്രാന്മാരുടെ സംഘടന നേരത്തെയുള്ളതാണ്. 1986 മുതല്‍ ഇവര്‍ ദ്വൈവാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് ഇപ്പോഴത്തെ പ്രസ്താവന. അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്നും കുടിയേറ്റം നിരോധിക്കുമെന്നും ഉള്ള പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെയും അനുബന്ധനടപടികളെയും തുടര്‍ന്നാണ് മെത്രാന്മാര്‍ നിലപാട് വിശദമാക്കിയത്. ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പയും ശക്തമായി വിമര്‍ശിച്ചിരുന്നു.

ചരിത്രത്തിന്‍റെ ഈ ദുര്‍ഘട സന്ധിയില്‍ കുടിയേറ്റക്കാരായ സഹോദരങ്ങളുടെ കരച്ചില്‍ തങ്ങള്‍ കേള്‍ക്കുന്നുവെന്നും ക്രിസ്തുവിന്‍റെ തന്നെ കരച്ചിലാണ് അതെന്നും മെത്രാന്മാര്‍ പറഞ്ഞു. യേശുവും മറിയവും ജോസഫും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായി അലഞ്ഞവരാണ്. മനുഷ്യത്വത്തോടെയുള്ള ഒരു പ്രതികരണമാണ് അന്ന് അവര്‍ തേടിയത്. ഇന്ന് ഈ ചരിത്രമാവര്‍ത്തിക്കുന്നു. നിയമവിരുദ്ധരെന്ന പേരില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഞാന്‍ അപരിചിതനായിരുന്നു, നിങ്ങളെനിക്കു സ്വാഗതമരുളി എന്ന സുവിശേഷാഹ്വാനം നാമിപ്പോള്‍ ശ്രവിക്കേണ്ടതുണ്ട് – മെത്രാന്മാര്‍ വ്യക്തമാക്കി.

സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളും ദാരിദ്ര്യവും മൂലം ഉണ്ടാകുന്ന ഒരു ആഗോളപ്രതിഭാസമാണ് കുടിയേറ്റമെന്നും അതിജീവിക്കാനുള്ള ഏകമാര്‍ഗം കുടിയേറ്റമാണെന്നു മനസ്സിലാകുമ്പോഴാണ് കുടുംബങ്ങള്‍ അതിനു തയ്യാറാകുന്നതെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. മനുഷ്യനെന്നുള്ള അടിസ്ഥാനപരമായ അന്തസ്സ് ഏതവസ്ഥയിലുമുള്ള കുടിയേറ്റക്കാര്‍ക്കു നല്‍കാതിരിക്കാനാവില്ല. പുറപ്പെടുന്ന രാജ്യത്തും കടന്നുപോകുന്ന രാജ്യത്തും ചെന്നെത്തുന്ന രാജ്യത്തും ഇവരെ കുറ്റവാളികളായി കണ്ടു ശിക്ഷിക്കുന്നു. ഇതിനു മാറ്റമുണ്ടാകണം. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങളാണ് പട്ടണങ്ങള്‍ തമ്മിലുള്ള സൗഹൃദമായും പട്ടണങ്ങള്‍ തമ്മിലുള്ള സൗഹൃദം രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദമായും മാറുന്നത് – മെത്രാന്മാര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org