ആര്‍ച്ചുബിഷപ്പിന് തിരഞ്ഞെടുപ്പു കമ്മീഷന്‍റെ നോട്ടീസ്

ഗുജറാത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ ആര്‍ച്ചു ബിഷപ് തോമസ് മക്വാന് തിരഞ്ഞെടുപ്പു കമ്മീഷന്‍ കാരണംകാണിക്കല്‍ നോട്ടീസയച്ചു. 'ദേശീയവാദ ശക്തികളില്‍'നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്ന ആര്‍ച്ചുബിഷപ്പിന്‍റെ ആഹ്വാനത്തെക്കുറിച്ചാണ് കമ്മീഷന്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിനു മുന്നോടിയായി ആര്‍ച്ചുബിഷപ് ക്രൈസ്തവര്‍ക്കായി നല്‍കിയ സന്ദേശത്തിലാണ് രാജ്യത്തെ ദേശീയവാദികളില്‍ നിന്നു രക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കപ്പെടാനും പ്രാര്‍ത്ഥിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് ബിജെപിക്ക് എതിരെ വോട്ടു ചെയ്യണമെന്ന പരോക്ഷ സൂചനയാണെന്ന വ്യഖ്യാനമാണ് ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ സതീഷ് പട്ടേല്‍ ആര്‍ച്ച്ബിഷപ്പിനോട് വിശദീകരണം ചോദിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം കിട്ടിയ ആര്‍ച്ചുബിഷപ്പിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള വ്യക്തത വരുത്താനാണ് അദ്ദേഹത്തിനു നോട്ടീസ് നല്‍കിയതെന്ന് കളക്ടര്‍ പറഞ്ഞു. മറുപടി ലഭിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞടുപ്പിനോടനുബന്ധിച്ച് ഇടവകതലത്തിലും മഠങ്ങളിലും പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും ഗുജറാത്ത് അസംബ്ലിയിലേക്ക് ഇന്ത്യന്‍ ഭരണഘടനയോട് വിശ്വസ്തത പുലര്‍ത്തുന്നവര്‍ തിരഞ്ഞെടുക്കപ്പെടാന്‍ അതിലൂടെ സാധിക്കുമെന്നും ആര്‍ച്ചുബിഷപ് സൂചിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org