Latest News
|^| Home -> Novel -> തച്ചനപ്പന്‍ -> തച്ചനപ്പന്‍ – അദ്ധ്യായം 1

തച്ചനപ്പന്‍ – അദ്ധ്യായം 1

സെബാസ്റ്റ്യന്‍ തുമ്പോണത്തുമലയില്‍

നടക്കുന്നതിനിടയില്‍ ആ കാഴ്ചകണ്ടു. ഒരു യുവതി നൃത്തമണ്ഡപത്തിലേക്കുള്ള പാതയോരത്തു കാലില്‍ വ്രണങ്ങളുമായി ഇരിക്കുന്ന ഒരു അനാഥ സ്ത്രീയെ ശുശ്രൂഷിച്ചുകൊണ്ടു നില്ക്കുന്നു.

ജോസഫ് നിദ്ര വിട്ടുണര്‍ന്നു. അവന്‍ ജനലിലൂടെ വീടിനു പുറത്തേയ്ക്കു നോക്കി. പുറത്ത്, ആകാശത്തിനു വെള്ളിനിറം വന്നിരിക്കുന്നു. ഭൂമിയില്‍ പ്രകാശം തെളിയുകയാണ്; സൂര്യനുദിക്കാറായിരിക്കുന്നു. അവന്‍ എഴുന്നേറ്റു വിളക്കു കൊളുത്തി. അവന്‍ കത്തിച്ച വിളക്കു മദ്ധ്യമുറിയില്‍ കൊണ്ടുവന്നു പീഠത്തില്‍ സ്ഥാപിച്ചിരുന്ന വിശുദ്ധ ഗ്രന്ഥചുരുളുകള്‍ക്കരിലില്‍ വച്ച് അതിനടുത്തുനിന്നു കൈകള്‍ കൂപ്പി മൗനമായി പ്രാര്‍ത്ഥിച്ചു. ജോസഫ് പ്രാര്‍ത്ഥിച്ചുകൊണ്ടു നില്‌ക്കെ അപ്പന്‍ യാക്കോബും അനുജന്‍ ശിമയോനും എഴുന്നേറ്റു വന്നു. അവരും ജോസഫിനോടൊപ്പം മൗനപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. അവരുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ വീടിനു പുറത്തുനിന്നൊരു കാലടിശബ്ദം. അതു വീട്ടുമുറ്റത്തു വന്നു നിലച്ചു. തുടര്‍ന്നു വി ളിയൊച്ച.

”ജോസഫേ! തച്ചനപ്പാ!” വീടിനുള്ളില്‍ നിന്നിരുന്ന ജോസഫ് ആളെ തിരിച്ചറിഞ്ഞു.  യാക്കോബ് ജോസഫി നോടു തിരക്കി: ”ആരാ?” ”റൂബനാണ്” – ജോസഫ്പറഞ്ഞു. ശിമയോന്‍ വാതില്‍ തുറന്നു. ജോസഫ് സ്‌നേഹിതനെ അകത്തേയ്ക്കു വിളിച്ചു: ”റൂ ബാ! അകത്തേയ്ക്കു വരൂ.” ”എല്ലാവരുമെത്തിയോ?” – റൂബന്‍ ചോദിച്ചുകൊണ്ട് അകത്തേയ്ക്കു വന്നു. ”എന്റെ അനുജനും എന്റെ അളിയനുമേ വരാനുള്ളൂ. അവര്‍ എത്തിയിട്ടില്ല” – യാക്കോബ് പറഞ്ഞു.
”അതിനിനിയും സമയമുണ്ടല്ലോ; അവര്‍ വരും” – ശിമയോന്‍ അറിയിച്ചു.

”ഇടക്കാരന്‍ സെബദിച്ചേട്ടന്‍ വന്നില്ലേ?” – റൂബന്‍ ചോദിച്ചു. ”സെബദി പെണ്ണിന്റെ വീട്ടിലേക്കു വരും. സെബദിയുടെ വീട് അവിടെ അടുത്താണല്ലോ” – യാക്കോബ് പറഞ്ഞു. ”നിങ്ങള്‍ ഇരുന്നു സംസാരിക്ക്. ഞാനല്പം ചായയുണ്ടാക്കാം” – ജോസഫ് അതു പറഞ്ഞ് അടുക്കളയിലേക്കു പോയി. അവന്‍ ചായയിട്ടു. യാക്കോബും റൂബനും പീഠങ്ങളിലിരുന്നു. ശിമയോന്‍ അവര്‍ക്കരികില്‍ നിന്നു. റൂബന്‍ പറഞ്ഞു: ”ജോസഫും മറിയവും തമ്മിലുള്ള ഈ വിവാഹാലോചന യഷുവാചേട്ടന്റെ വീട്ടില്‍വച്ചു നടത്തിയപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നു. അന്നു യഷുവാചേട്ടന്റെ വീടു നിര്‍മിക്കാന്‍ ജോസഫിനൊപ്പം ഞാനും മേസ്തിരിപ്പണി ന ടത്തുകയാ.”

യഷുവാചേട്ടന്റെ വീടു മ റിയത്തിന്റെ വീടിനടുത്താ. അന്നു യഷുവാചേട്ടനും അയല്‍ക്കാരന്‍ സെബദിച്ചേട്ടനും തമ്മില്‍ സംസാരിച്ചു നില്ക്കുകയായിരുന്നു. അപ്പോള്‍ മറിയം യഷുവാചേട്ടന്റെ വീടിനുവേണ്ടി തയ്ച്ച ഏതാനും കര്‍ട്ടന്‍ തുണികളുമായി അവിടേയ്ക്കു വന്നു. മറിയത്തെ കണ്ടു സെബദിച്ചേട്ടന്‍ യഷുവയോടു പറഞ്ഞു: ”നമ്മുടെ അയല്‍വക്കങ്ങളില്‍ ഇത്രയും നല്ല സ്വഭാവമുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ വേറെ കണ്ടിട്ടി ല്ല. അവള്‍ക്കു ചേരുന്ന ഒരു നല്ല ചെറുക്കനെ നമുക്കു കണ്ടെത്തി കൊടുക്കണം.”

അതു കേട്ടപ്പോള്‍ യഷുവാചേട്ടന്‍ പ്രതിവചിച്ചു: ”ഞാന്‍ ഒരു നല്ല ചെറുക്കനെ കണ്ടിട്ടുണ്ട്; സെബദിക്കൊന്ന് ആലോചിക്കാമോ?” ”ഉം. ആരാ അത്?” – സെബദിച്ചേട്ടന്‍ മറുചോദ്യമിട്ടു. ”ഇതാ ഈ ജോസഫ് തന്നെ” – യഷുവാച്ചേട്ടന്‍ ഉത്തരം നല്കി.” ”അങ്ങനെയാണ് ഈ കല്യാണാലോചന വന്നത്.”റൂബനിതറിയിച്ചപ്പോള്‍ യാക്കോബ് പറഞ്ഞു: ”മറിയം എന്ന വാക്കിന്റെ അര്‍ത്ഥം ഉത്കൃഷ്ടമായത് എന്നാണ്. അവളുടെ പേരുപോലെ അവള്‍ ഉത്കൃഷ്ടയായിരുന്നെങ്കില്‍ മതിയായിരുന്നു.”

”അറിഞ്ഞിടത്തോളം മറിയം നല്ലവള്‍ തന്നെ”-റൂബന്‍ അറിയിച്ചു. ”മറിയംചേച്ചി നല്ല ദൈവഭക്തയാണ്. ചേട്ടനു ചേരും” – ശിമയോന്‍ അഭിപ്രായം പറഞ്ഞു. ശിമയോന്‍ അതു പറഞ്ഞപ്പോള്‍ ജോസഫ് തന്റെ വിവാഹമുറപ്പിക്കാന്‍ പോയ ദിവസത്തെക്കുറിച്ച് ഓര്‍ത്തു. വിവാഹമുറപ്പിച്ച ദിവസം അഹറോനപ്പൂപ്പന്‍ പറഞ്ഞു: ”എന്റെ മക്കളും പേരക്കുട്ടികളും നല്ല ദൈവഭക്തരാ. എന്റെ മൂത്ത മകള്‍ അന്നയുടെ ഭര്‍ത്താവു യോവാക്കീം മരിച്ചുപോയി. അന്നയും അവളുടെ മക്കളായ മറിയവും സലോമിയും എന്നോടൊപ്പമാണു താമസിക്കുന്നത്. ഞങ്ങള്‍ ലേവിഗണത്തില്‍പ്പെട്ടവരാണ്. എന്റെ ഇളയ മകളായ എലിസബത്തിനെ കെട്ടിയിരിക്കുന്നത് അബിയാഗണത്തില്‍പ്പെട്ട സഖറിയാ അച്ചനാ. ജെറുസലേം ദേവാലയത്തില്‍ ധൂപാര്‍പ്പണച്ചുമതലയുണ്ടായിരുന്ന സഖറിയാ അച്ചന്‍.

അഹറോനപ്പൂപ്പന്‍ അതു പറഞ്ഞപ്പോള്‍ യാക്കോബപ്പന്‍ തെല്ലഭിമാനത്തോടെ പറഞ്ഞു: ”ഞങ്ങള്‍ യൂദയാ വംശത്തിലെ ദാവീദിന്റെ ഗോത്രത്തിലുള്ളവരാണ്.” ജോസഫ് യൂദയാ ഗോത്രത്തിലുള്ളവനാണെന്നറിഞ്ഞപ്പോള്‍ അഹറോനപ്പൂപ്പനു സന്തോഷമായി. പുറത്തെ വഴിയില്‍ നിന്നൊരു കുതിരക്കുളമ്പടിയൊച്ച കേട്ടു ജോസഫ് ഓര്‍മകളില്‍നിന്ന് ഉണര്‍ന്നു. അവന്‍ ഇറങ്ങി വന്നു പുറത്തേയ്ക്കു നോക്കി. ഒരു മനുഷ്യന്‍ കുതിരപ്പുറത്തു വീടിനെ ലക്ഷ്യമാക്കി വരികയാണ്.
പ്രതീക്ഷിച്ച ആളുതന്നെ; ക്ലോപ്പാസ് ചിറ്റപ്പന്‍. ക്ലോപ്പാസ് കുതിരപ്പുറത്തു നിന്നിറങ്ങി. കുതിരയെ ഒരു സിക്കേമൂര്‍ മരത്തില്‍ കെട്ടി. ”വരൂ. ഇരിക്കൂ”- യാക്കോബ് വാതില്ക്കലെത്തി അനുജനെ ആതിഥ്യമര്യാദയോടെ ക്ഷണിച്ചു. ”ചിറ്റപ്പാ! യാത്രയൊക്കെ സുഖമായിരുന്നോ?” – ജോസഫ് ക്ലോപ്പാസിനോടു ചോ ദിച്ചു. ”അതെ.” ”നീ രാത്രിയിലും സഞ്ചരിക്കുകയായിരുന്നോ?”- യാക്കോബിന്റെ ചോദ്യം. ‘രാത്രിയില്‍ കുറച്ചു സമയം സത്രത്തില്‍ തങ്ങി. പിന്നീടു യാത്ര ചെയ്തു” – ക്ലോപ്പാസ് പറഞ്ഞു.

thachanappan 1

”ഇക്കാലത്തു രാത്രി സഞ്ചാരം അത്ര നല്ലതല്ല”-യാക്കോബ് അഭിപ്രായപ്പെട്ടു. ”അതെന്താ?”-ശിമയോന്‍ ചോദിച്ചു. ”ഞാനൊരിക്കല്‍ താബോറിലെ തച്ചു പണി കഴിഞ്ഞു നസ്രത്തിലേക്കുള്ള നടപ്പാതയിലൂടെ നിലാവെളിച്ചത്തില്‍ വീട്ടിലേക്കു നടന്നുപോരികയായിരുന്നു. കുറച്ചു ദൂരം വന്നപ്പോള്‍ രണ്ടുപേരു കൂടി എന്തോ ചാക്കുകെട്ടു ചുമന്നുകൊണ്ടു പോകുന്നതു കണ്ടു. ഞാന്‍ അടുത്തെത്താറായപ്പോള്‍ അവരതു വഴിവക്കിലെ മരങ്ങളുടെ നിഴലിലേക്കു മാറ്റിവച്ചു. അവര്‍ ഇരുട്ടിന്റെ മറവില്‍ ഒളിച്ചുനിന്നു. അടുത്തെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു: ”ആരാ?” മറുപടിയില്ല. ഞാന്‍ സൂക്ഷിച്ചുനോക്കി. ഞാനവരെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി അവര്‍ ശിരോവസ്ത്രംകൊണ്ടു മുഖം മറച്ചിരിക്കുന്നു. ഒരുത്തന്റെ കയ്യില്‍ ഊരിപ്പിടിച്ച കഠാര. ഞാന്‍ നില്ക്കാതെ നടന്നു. പിറ്റേദിവസം അതുവഴി തന്നെയാ ഞാന്‍ പണിസ്ഥലത്തേയ്ക്കു പോയത്. മുന്‍ പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഒരാള്‍ക്കൂട്ടം.”

”എന്തായിരുന്നത്?”- ക്ലോ പ്പാസ് തിരക്കി. ”ചെന്നു നോക്കിയപ്പോള്‍ ഒരു മരക്കൊമ്പില്‍ ഒരാളുടെ ജഡം. ആളിനെ കൊന്നു കൊണ്ടുവന്നു കെട്ടിത്തൂക്കിയതാ. ഞാന്‍ രാത്രിയില്‍ കണ്ടതു പ്രേതവും ചുമന്നു വന്നവരെയാ. നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ”നേരുതന്നെ” – ക്ലോപ്പാസ് ശരി വച്ചു. ”ചിറ്റപ്പനെന്താ ഇളയമ്മയെ കൊണ്ടുവരാത്തത്?” – ശിമയോന്‍ ചോദിച്ചു. ”ജോസഫിന്റെ കല്യാണത്തിന് എല്ലാവരുംകൂടി വരും” – ക്ലോപ്പാസ് പ്രതിവചിച്ചു. ”വന്നിരിക്കൂ ചിറ്റപ്പാ” – ജോസഫ് ക്ലോപ്പാസിനിരിക്കന്‍ ഒരു പീഠം നീക്കിവച്ചു. ക്ലോപ്പാസ് കയറിവന്നു പീഠത്തിലിരുന്നു. അപരിചിതനായ ഒരു യുവാവ് അടുത്തിരിക്കുന്നതു കണ്ടു ക്ലോപ്പാസ് യുവാവിനോടു ചോദിച്ചു: ”മോന്റെ പേരെന്താ?”

”റൂബന്‍” – യുവാവ് പറഞ്ഞു. ”ജോസഫിന്റെ സ്‌നേഹിതനാ. ഇവരൊന്നിച്ചു മേസ്തിരിപ്പണിക്കു പോകാറുണ്ട്” – യാക്കോബ് പരിചയപ്പെടുത്തി. അവര്‍ പറഞ്ഞിരിക്കേ യാക്കോബിന്റെ അളിയന്‍ അബിയൂദുമെത്തി. അബിയൂദ് വരുന്നതു കണ്ടു യാക്കോബ് എഴുന്നേറ്റു ചെന്ന് അയാളെ സ്വീകരിച്ചുകൊണ്ടു പറഞ്ഞു: ”അളിയന്‍ വരാന്‍ താമസിക്കുമോയെ ന്നു ഞാന്‍ ഭയന്നു. ഒത്തുകല്യാണം നടത്താന്‍ ഇന്നു രാവിലെ ചെല്ലാമെന്നാ ഞാന്‍ പറഞ്ഞിരിക്കുന്നത്.” ”ഞാനതിനു പോകുന്നതിനുമുമ്പേ വന്നില്ലേ?” – അബിയൂദ് ചിരിച്ചുകൊണ്ട് ആശ്വാസവാക്കുകള്‍ പറഞ്ഞു. ”ചേട്ടന്‍ പെണ്ണിനെ നേരത്തെ അറിയുമോ?” – ക്ലോപ്പാസ് തിരക്കി.

”ഞാന്‍ അവളെ മുമ്പു കണ്ടിട്ടുണ്ട്. സഖറിയാ പുരോഹിതന്റെ ചേട്ടത്തിയുടെ മകളാ. ഇടക്കാരന്‍ സെബദി പറഞ്ഞതു ദൈവഭക്തിയും മൂത്തവരോടു ബഹുമാനവുമുള്ള ലക്ഷണമൊത്ത പെണ്‍ കുട്ടിയാണെന്നാ. എന്നാലും എന്തെങ്കിലും ന്യൂനതകളുണ്ടോയെന്ന് ഒത്തുകല്യാണത്തിനുമുമ്പേ നിങ്ങളും ഒന്നു നോക്കിക്കൊള്ളണം” – യാക്കോബ് ഓര്‍മിപ്പിച്ചു.
യാക്കോബ് പറഞ്ഞതു കേട്ടപ്പോള്‍ ക്ലോപ്പാസ് പറഞ്ഞു: ”നമ്മുടെ കുടുംബാംഗമായി വരുന്ന പെണ്‍കുട്ടി നമ്മുടെ കുടുംബത്തിന് അനുയോജ്യയാകണമെന്നുതന്നെയല്ലേ ഞങ്ങളുടെ ആഗ്രഹം. പെണ്ണിന്റെ സ്വഭാവം നല്ലതല്ലെങ്കില്‍ കുടുംബം തകര്‍ന്നതുതന്നെ.” അബിയൂദ് യാക്കോബിനോടായി സുഭാഷിതങ്ങളിലെ വചനങ്ങള്‍ ഓര്‍ത്തു പറഞ്ഞു: ”ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്കു കഴിയും? ഭര്‍ത്താവിന്റെ ഹൃദയം അവളില്‍ വിശ്വാസം അര്‍പ്പിക്കുന്നു. അവന്റെ നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അവള്‍ ആജീവാനന്തം ഭര്‍ത്താവിനു നന്മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല. അവള്‍ അരമുറുക്കി കൈച്ചുറുക്കോടെ ജോലി ചെയ്യുന്നു. ശ്രേഷ്ഠരോടൊത്തിരിക്കുമ്പോള്‍ നഗരകവാടത്തില്‍ അവളുടെ ഭര്‍ത്താവ് ശ്രദ്ധേയനാകുന്നു. അവളുടെ പ്രവൃത്തികള്‍ നഗരകവാടത്തില്‍ അവള്‍ക്കു പ്രശംസയാകട്ടെ. എന്നിങ്ങനെയാണു സുഭാഷിതങ്ങളില്‍ പറഞ്ഞിരിക്കുന്നത്.”

അബിയൂദ് അല്പം നിര്‍ത്തിയിട്ടു തുടര്‍ന്നു: ”മറിയത്തെപ്പറ്റി ഞാന്‍ തിരക്കി. അവള്‍ ഉത്തമയായ യുവതിയാണ്.”
അബിയൂദ് പറഞ്ഞപ്പോള്‍ ജോസഫ് ഓര്‍ത്തു: മാസങ്ങള്‍ക്കുമുമ്പു പാലസ്തീനായിലെ വിളവെടുപ്പ് ഉത്സവത്തിന്റെ അവസാന ദിവസം. സമയം സായാഹ്നം. ജെറുസലേം ദേവാലയത്തിനു സമീപം പുതിയതായി നിര്‍മിച്ച നൃത്തമണ്ഡപത്തിന്റെ ഉദ്ഘാടനം ആഘോഷപൂര്‍വം നടത്തപ്പെടുകയായിരുന്നു. ഉദ്ഘാടകന്‍ ഹേറോദേസ് രാജാവായിരുന്നു. രാജാവ് ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചശേഷം നൃത്തമണ്ഡപത്തില്‍ എഴുന്നെള്ളിയിരുന്നു.
നൃത്തം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. രാജാവിനു മുമ്പില്‍ നര്‍ത്തകികള്‍ നൃത്തമാടി. നൃത്തമണ്ഡപത്തിനു മുമ്പിലിരുന്നു ജനം നൃത്തം കണ്ടു.

ജനക്കൂട്ടത്തിലൊരുവനായി താനും നൃത്തം കാണുകയെന്ന ലക്ഷ്യത്തോടെ നൃത്തമണ്ഡപത്തിനരുകിലേക്കു നടന്നു. നടക്കുന്നതിനിടയില്‍ ആ കാഴ്ചകണ്ടു. ഒരു യുവതി നൃത്തമണ്ഡപത്തിലേക്കുള്ള പാതയോരത്തു കാലില്‍ വ്രണങ്ങളുമായി ഇരിക്കുന്ന ഒരു അനാഥ സ്ത്രീയെ ശുശ്രൂഷിച്ചുകൊണ്ടുനില്ക്കുന്നു. ജനങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു കടന്നുപോയ അനാഥയെ ശുശ്രൂഷിക്കുന്നതാരാണ്? ശ്രദ്ധിച്ചുനോക്കി. തനിക്കിപ്പോള്‍ വിവാഹം പറഞ്ഞുറപ്പിച്ചിരിക്കുന്ന മറിയം! ”ഞാനും ചേട്ടനും നസ്രത്തിലെ സിനഗോഗില്‍ പഠിക്കാനും പ്രാര്‍ത്ഥിക്കാനും പോയിരുന്നപ്പോള്‍ മറിയംചേച്ചിയും ചേച്ചിയുടെ അനുജത്തി സലോമിയും പഠിക്കാനും പ്രാര്‍ത്ഥിക്കാനും വന്നിരുന്നു” – ശിമയോന്‍ പറഞ്ഞു.

ശിമയോന്റെ ശബ്ദം കേട്ടു ജോസഫിന്റെ ഓര്‍മകള്‍ മുറിഞ്ഞു. ”ഞാനറിയുന്ന പെണ്ണാ. നല്ല ദൈവവിചാരമുളളവള്‍. ജോസഫിനു ചേരും”-അബിയൂദ് അറിയിച്ചു. ”രാവിലെ പത്തു മണിക്കുമുമ്പേ മറിയത്തിന്റെ വീട്ടിലെത്തണം. ഉച്ചയ്ക്കു മുമ്പേ തിരിച്ചുപോരണം”-ജോസഫ് മനസ്സിലോര്‍ത്തു. അവന്‍ പുറത്തേയ്ക്കു നോക്കി. പുറത്തു പകല്‍വെളിച്ചം നന്നായി തെളിഞ്ഞിരിക്കുന്നു. സൂര്യന്‍ ഒരു ചുവന്ന തളികപോലെ ആകാശത്തു തെളിഞ്ഞു നില്പുണ്ട്. ”ജോസഫ്! പോകാനൊരുങ്ങ്. ശിമയോനേ കുതിരവണ്ടിയൊരുക്ക്” – യാക്കോബ് മക്കളോടായി നിര്‍ദ്ദേശിച്ചു. ജോസഫ് ആദ്യം അടുക്കളയില്‍ ചെന്നു ചായയുണ്ടാക്കി കൊണ്ടുവന്ന് എല്ലാവര്‍ക്കും നല്കി. പിന്നീടു യാത്രയ്‌ക്കൊരുങ്ങി. ശിമയോനും റൂബനും യാത്രയ്ക്കുള്ള കുതിരവണ്ടിയൊരുക്കി ക്ലോപ്പാസ് ചായ കുടിക്കുന്നതിനിടയില്‍ ചേട്ടനോടു തിരക്കി: ”ചെറുക്കനും പെണ്ണും തമ്മില്‍ എന്തു പ്രായവ്യത്യാസമുണ്ട്?” യാക്കോബ് പറഞ്ഞു: ”ജോസ ഫിന് 26 വയസ്സായി. മറിയത്തിന് 20 വയസ്സ്.” ”ചേര്‍ച്ചയുണ്ട്” – ക്ലോപ്പാസ് അഭിപ്രായപ്പെട്ടു. ”കുതിരവണ്ടിയൊരുക്കി” – ശിമയോന്‍ യാക്കോബിനോടായി വന്നു പറഞ്ഞു. ”ഇനി അധികം താമസിക്കേണ്ട. നമുക്ക് ഉടനെ പോയേക്കാം” – യാക്കോബ് എല്ലാവരോടുമായി പറഞ്ഞു. അവര്‍ വേഗം യാത്രയ്‌ക്കൊരുങ്ങി. എല്ലാവരും കുതിരവണ്ടിയില്‍ കയറി. ജോസഫാണു കുതിരവണ്ടിയോടിച്ചത്. യാത്രയ്ക്കിടയില്‍ ക്ലോപ്പാസ് ചോദിച്ചു: ”നമ്മള്‍ മറിയത്തിന്റെ വീട്ടിലെത്താന്‍ ഒരുപാടു സമയമെടുക്കുമോ?” ”ഇല്ല. കൂടിയാല്‍ അര മണിക്കൂര്‍. നമ്മള്‍ പുതിയതായി വാങ്ങാന്‍ ഉദ്ദേശിച്ചിരിക്കുന്ന പറമ്പിനടുത്താണ് മറിയത്തിന്റെ വീട്” – ജോസഫ് പറഞ്ഞു. അവര്‍ യാത്ര ചെയ്ത് ഒലിവ്മരങ്ങള്‍ നിരന്നുനില്ക്കുന്ന ഒരു പറമ്പിനടുത്തെത്തിയപ്പോള്‍ ജോസഫ് വണ്ടി നിര്‍ത്തി.

മുമ്പില്‍ മുന്തിരിവള്ളികള്‍ പടര്‍ത്തിയ വേലിക്കെട്ടിനുള്ളില്‍ തലയെടുപ്പോടെ ഒരു കൊച്ചുവീട്. വീട്ടുമുറ്റത്തോടു ചേര്‍ന്നു പഴുത്ത ഈന്തപ്പനക്കുലകളുമായി ഒരു ഈന്തപ്പന. മുറ്റത്തരികില്‍ റോസും ലില്ലിയും ഓര്‍ക്കിഡുകളും പൂത്തുനില്ക്കുന്ന ഒരു കൊച്ചു പൂന്തോട്ടം. പൂന്തോട്ടത്തിന്റെ ഒരരികില്‍ നിറയെ വെള്ളപ്പൂക്കളുമായി ഒരു അരുളിച്ചെടി വളര്‍ന്നു നില്പുണ്ട്. വീടു പാതയോരത്താണ്. ”അതാണു മറിയത്തിന്റെ വീട്” – യാക്കോബ് വീടു ചൂണ്ടിക്കാണിച്ചുകൊണ്ടു ക്ലോപ്പാസിനോടു പറഞ്ഞു. ‘വണ്ടി വീട്ടുമുറ്റത്തേയ്ക്ക് കയറ്റിയിട്” – അബിയൂദ് നിര്‍ദ്ദേശിച്ചു.
ജോസഫ് അനുസരിച്ചു. അഹറോന്‍ വീടിന്റെ മുന്‍തിണ്ണയിലെ പീഠത്തിലിരുപ്പുണ്ട്. ഏതാനും ബന്ധുക്കള്‍ അവരുടെ വരവും പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ടായിരുന്നു. അവരോടൊപ്പം സെബദിയുമുണ്ട്. ”കയറി വരൂ” – അഹറോനെഴുന്നേറ്റു വിരുന്നുകാരെ അകത്തേയ്ക്കു ക്ഷണിച്ചു. അതിഥികള്‍ വീട്ടുമുറ്റത്തു ചെരുപ്പുകളഴിച്ചുവച്ചു പതിവുപോലെ കാലുകള്‍ കഴുകി തിണ്ണയില്‍ കയറി.

”വരൂ. അകത്തിരിക്കാം” – അഹറോന്‍ പറഞ്ഞു. അവര്‍ അനുസരിച്ചു. രണ്ടുകൂട്ടരും അന്യോന്യം പരിചയപ്പെടുത്തി. വന്നവര്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞു പീഠങ്ങളില്‍ വന്നിരുന്നപ്പോള്‍ അഹറോന്‍ പറഞ്ഞു: ”നമ്മുടെ ദേവാലയവും സോളമന്റെ ബലിക്കല്ലുമുള്ള ജെറുസലേം പട്ടണത്തിലാ മറിയം ജനിച്ചത്. എന്റെ മകള്‍ എലിസബത്തും യോവാക്കീ മും അവിടെയായിരുന്നു താമസം.” യാക്കോബ് അപ്പോള്‍ പറഞ്ഞു: ”ഞങ്ങളും കുറച്ചുകാലം ജറുസലേമില്‍ താമസിച്ചിട്ടുണ്ട്. ഞങ്ങള്‍ ആദ്യം ബേത്‌ലഹേമിലും പിന്നീടു ജോസഫിന്റെ പഠനകാലത്തു ജെറുസലേമിലും താമസിച്ചു. പിന്നീടു ഞാനും കുടുംബവും നസ്രത്തിലേക്കും എന്റെ അനുജനും കുടുംബവും ജറീക്കോയിലേക്കും മാറി. എനിക്കിപ്പോഴും ജറുസലേമില്‍ കുറച്ചുഭൂമിയുണ്ട്.” ”അപ്പോള്‍ പെണ്ണും ചെറുക്കനും ഒരേ ദേശത്തുനിന്നു വന്നവരാണല്ലോ” – അബിയൂദ് പറഞ്ഞു. ”അവര്‍ ഇവിടെയും ഒരേ ദേശത്തായി താമസം” – റൂബന്‍ കൂട്ടിച്ചേര്‍ത്തു.
”മറിയത്തെ ഒന്നു വിളിക്കൂ” – അബിയൂദ് നിര്‍ദ്ദേശിച്ചു. ”മോളേ! മറിയം. ഇങ്ങു വരൂ”- അഹറോന്‍ മറിയത്തെ വിളിച്ചു.
മറിയം ഇറങ്ങി വന്നു. ക്ലോപ്പാസ് പൊതുവായി പറഞ്ഞു: ”ജോസഫും മറിയവും തമ്മില്‍ അറിയുന്നവരാണല്ലോ. വിവാഹത്തിനു രണ്ടു പേര്‍ക്കും സമ്മതവുമാണല്ലോ. അതുകൊണ്ടു നമുക്കു കാര്യങ്ങളിലേക്കു കടക്കാം.” ”വിവാഹനിശ്ചയത്തിനു മാറ്റമില്ലെങ്കില്‍ നമുക്കു ചടങ്ങുകളിലേക്കു കടക്കാം” – യാക്കോബ് പിന്താങ്ങി. ”ശരി. ആയിക്കോട്ടെ” – അഹറോന്‍ സമ്മതിച്ചു.

”ജോസഫ് കഫര്‍ണാമില്‍ ഒരു പുതിയ വീടിന്റെ പണി ഏറ്റിട്ടുണ്ട്. പണി തീരാന്‍ രണ്ടുമാസം പിടിക്കും. നമുക്കു മൂന്നു മാസം കഴിഞ്ഞു വരുന്ന സാബത്തിന്റെ പിറ്റേദിവസം വിവാഹം നടത്താം.” ”അങ്ങനെയാകാം” – അഹറോന്‍ സമ്മതിച്ചു.
”എന്നാല്‍ മുറിയില്‍ കെടാവിളക്കു കൊളുത്ത്”- ക്ലോപ്പാസ് നിര്‍ദ്ദേശിച്ചു. മറിയം കുളിച്ചൊരുങ്ങി വന്നു മറിക്കുള്ളില്‍ ദീപം കൊളുത്തി. ”നിങ്ങളുടെ വിവാഹം കഴിയുന്നതുവരെ ഈ വിളക്ക് അണയാതെ സൂക്ഷിച്ചുകൊള്ളണം” യാക്കോബ് മറിയത്തോടു പറഞ്ഞു. ”ഉം” – മറിയം സമ്മതാര്‍ത്ഥത്തില്‍ തലകുലുക്കി. അവള്‍ ദീപം മുറിയില്‍ ഒരു പീഠത്തില്‍ സ്ഥാപിച്ചു. ജോസഫിന്റെ മനസ്സിലപ്പോള്‍ മറിയം ഒരു കെടാവിളക്കുപോലെ സ്ഥാനം പിടിച്ചു.
(തുടരും)…….

Leave a Comment

*
*