|^| Home -> Novel -> Novel -> ന്യായാധിപന്‍ – 15

ന്യായാധിപന്‍ – 15

Sathyadeepam

ജോര്‍ജ് പുളിങ്കാട്

“സുരേന്ദ്രാ… ഇങ്ങോട്ടു കയറിപ്പോരെ…”- ആനന്ദ്മേനോന്‍ വിളിച്ചു പറഞ്ഞു. മുടിയും താടിയും നീട്ടിവളര്‍ത്തിയ മെലിഞ്ഞുനീണ്ട മദ്ധ്യവയസ്കന്‍ മുറിയിലേക്ക് കയറി. കാവിജുബ്ബയും കറുത്ത മുണ്ടുമായിരുന്നു വേഷം. മുറിയില്‍ അപരിചിതനെ കണ്ടു സുരേന്ദ്രന്‍ അല്പം വിളറി.

“സുരേന്ദ്രാ, അത് അഖിലമോളുടെയൊപ്പം മലയാളം ഡെയ്ലിയില്‍ വര്‍ക്കു ചെയ്യുന്ന ശരത്താണ്” – മേനോന്‍ പരിചയപ്പെടുത്തി. സുരേന്ദ്രന്‍ ശരത്തിനു നേരെ കൈകൂപ്പി നമസ്കാരം പറഞ്ഞു.

“ചെങ്ങന്നൂരാ” – അയാള്‍ പറഞ്ഞു.

“ശരത്, ചെങ്ങന്നൂര്‍ സുരേന്ദ്രനെന്നു കേട്ടിട്ടില്ലേ?”

“ഉണ്ട്. മനുഷ്യാവകാശപ്രവര്‍ത്തകന്‍. അദ്ദേഹമാണോ ഇത്?”- ശരത് അതിശയിച്ചു.

“അദ്ദേഹംതന്നെ.”

“ഞാനൊത്തിരി കേട്ടിട്ടുണ്ട്; കാണാന്‍ പറ്റിയതിപ്പോഴാണ്” – ശരത് പറഞ്ഞു.

“2007-ല്‍ ആനന്ദ്മേനോന്‍ വധശ്രമക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പറഞ്ഞു ഇരുപത്തിനാലു ദിവസം നിരാഹാരമനുഷ്ഠിച്ച മനഷ്യനാ” – മേനോന്‍ പറഞ്ഞു.

“സാര്‍, നിങ്ങള് എന്തോ ഗൗരവമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ശല്യം ചെയ്യുന്നില്ല. പോയേക്കുകാ. പിന്നെ വരാം” – സുരേന്ദ്രന്‍ പിന്തിരിയാന്‍ ഭാവിച്ചു.

“നില്ക്ക്. മോളേ, അഖിലാ…”- മേനോന്‍ മകളെ വിളിച്ചു. അഖില പെട്ടെന്ന് അടുത്തെത്തി. അഖിലയ്ക്കു കാര്യം മനസ്സിലായി. അവള്‍ അകത്തു ചെന്നു തന്‍റെ ബാഗില്‍ നിന്നും 500 രൂപായെടുത്തു കൊണ്ടുവന്ന് അച്ഛന്‍റെ കയ്യില്‍ കൊടുത്തു.

“സുരേന്ദ്രാ… ഇതാ… ആനന്ദ്മേനോന്‍ 500 രൂപാ നോട്ട് അയാള്‍ക്കു നേരെ നീട്ടി. അതു രണ്ടു കയ്യും നീട്ടി വാങ്ങിച്ചു. ഉടനെ തന്നെ മടങ്ങിപ്പോകുകയും ചെയ്തു.

ശരത് തികഞ്ഞ കൗതുകത്തോടെയാണ് ആ മനുഷ്യന്‍റെ പ്രവൃത്തികള്‍ നോക്കിക്കണ്ടത്.

“ഇപ്പോള്‍ മാസത്തില്‍ ഒരു തവണയെങ്കിലും ചെങ്ങന്നൂര്‍ സുരേന്ദ്രന്‍ എന്നെ കാണാന്‍ വരുന്നുണ്ട്. കുറെയേറെ നേരം വര്‍ത്തമാനം പറഞ്ഞിരിക്കും. എന്തെങ്കിലും കൊടുത്താല്‍ അതു വാങ്ങും. ഇല്ലെങ്കിലും പരിഭവമില്ല, സ്നേഹക്കുറവുമില്ല.”

“സാന്ദ്രാവധക്കേസില്‍ ശക്തിയായി പ്രതികരിച്ച സുരേന്ദ്രനെതിരെ എതിരാളിയുടെ പരാക്രമമൊന്നുമുണ്ടായില്ലേ?”

“ഉണ്ടായല്ലോ. ഇരുപത്തിനാലു ദിവസം നിരാഹാരം കിടന്ന സുരേന്ദ്രനെ സര്‍ക്കാരിടപെട്ട് അറസ്റ്റ് ചെയ്തു ഹോസ്പിറ്റലിലേക്കു മാറ്റി. അവിടുന്നു തിരിച്ചിറങ്ങിയ സുരേന്ദ്രന്‍ മറ്റൊരാളായിപ്പോയി. വീറും വാശിയും കൂര്‍മബുദ്ധിയുമൊക്കെ നിര്‍വീര്യമാക്കി. അയാളെന്നോട് സംസാരിക്കുമെന്നു പറഞ്ഞതു പരസ്പര ബന്ധമില്ലാത്ത ഓരോ കാര്യങ്ങളാണ്.”

“ഹൊ! അപ്പോള്‍ ചെങ്ങന്നൂര്‍ സുരേന്ദ്രനും നമ്മുടെ എഴുത്തില്‍ നിര്‍ണായകസ്ഥാനം കൊടുക്കണമല്ലോ. നല്ല മിഴിവുള്ള ഒരു വ്യക്തിത്വമാണു ഞാനയാളില്‍ കണ്ടത്. യഥാര്‍ത്ഥ സുരേന്ദ്രനെ അവര്‍ ‘കൊന്നുകളഞ്ഞു’ അല്ലേ ആനന്ദ് സാര്‍?”

“സത്യം. അതാണു സംഭവിച്ചത്. നമ്മള്‍ കണ്ടതു ചെങ്ങന്നൂര്‍ സുരേന്ദ്രന്‍റെ ഒരു ‘പ്രതിമ’യാണെന്നു കരുതിയാല്‍ മതി.”

“സാന്ദ്രയ്ക്കൊപ്പം ഇല്ലാതാക്കപ്പെട്ടവരുടെ കണക്കെടുത്താല്‍ അതറിയുന്നവര്‍ നടുങ്ങും. ജീവന്‍ നഷ്ടപ്പെട്ടവരും ജീവിതം നഷ്ടപ്പെട്ടവരുമുണ്ടല്ലോ, അക്കൂട്ടത്തില്‍.”

“ശരത്, ഒരു പാതകം മൂടിയ്ക്കാന്‍ പല പാതകങ്ങള്‍ ചെയ്യേണ്ടിവരുന്നതു സ്വാഭാവികമാണ്. സുരേന്ദ്രന്‍ കടന്നുവരുമ്പോള്‍ നമ്മള്‍ പറഞ്ഞുവന്ന കാര്യം മുറിഞ്ഞല്ലോ” – ആനന്ദ്മേനോന്‍ പ റഞ്ഞു.

“മേനോന്‍ സാറേ, പെണ്ണിനെപ്പറ്റിയും വിവാഹത്തെപ്പറ്റിയുമൊക്കെ ജീവിതത്തില്‍ നിന്നു ‘കണ്ടും കൊണ്ടു’മറിഞ്ഞ ചില സത്യങ്ങളുണ്ട്; ഞാന്‍ പറയട്ടെ?”

“പറഞ്ഞോളൂ… ഇവിടെയിപ്പോള്‍ നമ്മള്‍ രണ്ടുമേയുള്ളൂ; അഖില കിച്ചനിലെന്തോ ജോലിയിലാണ്.”

“ഒരു പെണ്ണുമായുള്ള സൗഹൃദം, പ്രണയം ഇതൊക്കെ ആണിന്‍റെ ജീവിതത്തില്‍ ഒത്തിരി ആനന്ദം നല്കുന്ന കാര്യങ്ങളാണ്. എന്നെപ്പോലെ സാറിനും അങ്ങനെയുള്ള അനുഭവമുണ്ടാകും. പ്രണയത്തിന്‍റെ ക്ലൈമാക്സാണു വിവാഹം! പിന്നെയാണു പ്രശ്നങ്ങള്‍. ആണിന്‍റെ സകല സ്വാതന്ത്ര്യങ്ങള്‍ക്കും കടിഞ്ഞാണിട്ടുകൊണ്ട് അവനെ ഒരു അടിമയെപ്പോലെ ജീവിപ്പിക്കാനുള്ള ശ്രമമാകും പിന്നീട്. അവളുടെ നോട്ടത്തില്‍ നമുക്കു സകലതും കുറുവുകളും കുറ്റങ്ങളുമാണ്. ഞാനും ലാവണ്യയും തമ്മില്‍ മൂന്നു വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായതാണ്. അഭിപ്രായവ്യത്യാസം കലശലായപ്പോള്‍ പിരിഞ്ഞു. അവള്‍ മറ്റൊരുത്തനെ കെട്ടി, മക്കളുമായി. ഇക്കഴിഞ്ഞ ദിവസം എനിക്കു ബെര്‍ത്ത് ഡേ ആശംസ പറയാനായി വിളിച്ചു. അപ്പോള്‍ പറയുകയാണ് ഇപ്പോഴത്തെ ഭര്‍ത്താവിനേക്കാള്‍ സ്നേഹവും പരിഗണനയുമൊക്കെ എനിക്കുണ്ടായിരുന്നെന്ന്!”

ആനന്ദ്മേനോന്‍ വിരസമായി പുഞ്ചിരിച്ചു.

“ശരത്, എല്ലാ പെണ്ണുങ്ങളും ലാവണ്യയെപ്പോലെയാണെന്നു കരുതരുത്. നമ്മള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ വാഴ്ത്തുന്ന സ്ത്രീരത്നങ്ങളെപ്പോലുള്ളവരും പെണ്ണുങ്ങളിലുണ്ട്. എന്‍റെ ഭാര്യ സുഗത തന്നെ ഉദാഹരണം. ഒരു അദ്ധ്യാപികയും പത്രപ്രവര്‍ത്തകനും തമ്മില്‍ ഒരിക്കലും വിവാഹം കഴിക്കരുതാത്തതാണ്. കാരണം, രണ്ടു പ്രൊഫഷനും തമ്മില്‍ അത്രയ്ക്കുണ്ടു പൊരുത്തക്കേടുകള്‍ സുഗത എന്നെ സഹിച്ചു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും എനിക്കു പ്രൊഫഷണില്‍ അവളുണ്ടാക്കിയിട്ടില്ല. പത്തുപന്ത്രണ്ടു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന ഒരു യൂസ്ലെസ് ഭര്‍ത്താവല്ലേടോ ഞാന്‍?”

“ശരിയാണ്. ഞാന്‍ സാറിന്‍റെയും ടീച്ചറിന്‍റെയും ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ട്. അതിശയം തോന്നിയിട്ടുണ്ട്.”

“സുഗതയ്ക്ക്, മകളെ ടീച്ചിംഗ് പ്രൊഫഷനിലേക്കു കൊണ്ടുവരണമെന്നുണ്ടായിരുന്നു. അവള്‍ ശാന്തസുന്ദരമായ ഒരു ജീവിതം നയിക്കുന്നതു കാണാനാഗ്രഹിച്ചു. പറ്റിയില്ല. അവള്‍ക്കു ജേര്‍ണലിസത്തോടായിരുന്നു ക്രേസ്; എന്‍റെ വിത്തല്ലേ?”

“ആനന്ദ് സാറേ, അഖിലയ്ക്കു പ്രൊഫഷണില്‍ വലിയ സാദ്ധ്യതകള്‍ ഞാന്‍ കാണുന്നുണ്ട്. അതിനൊപ്പം സാഹിത്യത്തിലും വലിയ വാസനയുളള കുട്ടിയാണ്. അത്യാകര്‍ഷകമായ ഒരു രചനാശൈലിയവള്‍ക്കുണ്ട്. എനിക്ക് അഖിലയെ ഇഷ്ടമാണ്. ആദരവാണ്. പക്ഷേ, അവളെ വിവാഹം കഴിക്കാനിഷ്ടപ്പെടുന്നില്ല. ഞാനതിനൊട്ടും യോഗ്യനല്ലാത്തതുകൊണ്ടാണ്. അവള്‍ക്ക് എന്നെപ്പോലൊരു രണ്ടാംകെട്ടുകാരനെ വേണ്ട. ടീച്ചറിനും അതൊട്ടുമിഷ്ടമാകില്ല.”

“ഞാന്‍ മനസ്സില്‍ തോന്നിയ ഒരാഗ്രഹം പറഞ്ഞന്നേയുളളൂ. ഇത്തരം കാര്യങ്ങളില്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലല്ലോ” – ആനന്ദ് മേനോന്‍ പറഞ്ഞു

അപ്പോള്‍ അഖില അങ്ങോട്ടു കടന്നുവന്നു. അവള്‍ അടുക്കളയില്‍ തിരക്കിട്ട ജോലിയിലായിരുന്നു.

“അച്ഛാ… ഊണ് റെഡിയായി. അമ്മയെ വിളിച്ചു; വൈകിയേക്കുമെന്നു പറഞ്ഞു. നമുക്കു മൂന്നു പേര്‍ക്കും ഒരുമിച്ചു കഴിക്കാം”- അവള്‍ പറഞ്ഞു.

“ശരി, ശരത്തിനെ ഡൈനിംഗ് റൂമിലേക്കു കൂട്ടിക്കൊണ്ടു പൊയ്ക്കോ; ഞാന്‍ വന്നേക്കാം” – മേനോന്‍ പറഞ്ഞു.

അഖില ശരത്തിനെ ഡൈനിംഗ് റൂമിലേക്കാനയിച്ചു. ആനന്ദ് മേനോന്‍ വീല്‍ച്ചെയറില്‍ അവിടെക്കെത്തി. ടേബിളില്‍ ചൂടുചോറും അവിയലും പപ്പടം പൊരിച്ചതും ഉള്ളിത്തീയ്യലുമൊക്കെയുണ്ടായിരുന്നു. സന്തോഷത്തോടെ അവര്‍ ഉച്ചുഭക്ഷണം കഴിച്ചു. സുഗത ടീച്ചര്‍ കൂടി ഒപ്പമുണ്ടായിരുന്നെങ്കിലെന്ന ഒരു ഇച്ഛാഭംഗം ബാക്കിനിന്നു.

പത്രപ്രവര്‍ത്തനത്തിന്‍റെ ഇന്നത്തെ പ്രതിസന്ധികളെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചുമൊക്കെ ആനന്ദ് മേനോനും ശരത്തും അഖിലയും ഒന്നിച്ചിരുന്ന് ഏറെ നേരം സംസാരിച്ചു. മൂന്നു മണി കഴിഞ്ഞപ്പോഴാണു ശരത് മടങ്ങിപ്പോയത്.

*  *  *

സ്വന്തം വീടിന്‍റെ മേല്‍ തന്‍റെ അവകാശം പൂര്‍ണമായി നഷ്ടപ്പെട്ടതു സുധീഷിനെ വല്ലാതെ ദുഃഖിപ്പിച്ചു. ഇറങ്ങിമാറാതെ തരമില്ല. വെറും രണ്ടു ദിവസത്തെ സാവകാശമാണു ബാങ്കുകാര്‍ നല്കിയിരിക്കുന്നത്. ശിവരാമേട്ടന്‍റെ കടയിലേക്ക് ഇനിയും താമസത്തിനു ചെല്ലേണ്ടി വരുമോ? നാട്ടിന്‍പുറത്തു ചെറിയ വാടകയ്ക്കു കിട്ടുന്ന വീടുകളൊന്നുമില്ല. അതല്ലെങ്കില്‍ നാടുവിടണം. അഖില പറഞ്ഞ ഹോട്ടല്‍ ജോലി സ്വീകരിച്ചു തിരുവനന്തപുരത്തിനു പോയാല്‍ മതി. കുക്കിന്‍റെ പണി തടവുജീവിതംപോലെയാണെന്നൊക്കെ പറഞ്ഞ് ഒരിക്കല്‍ തിരസ്കരിച്ചതായിരുന്നു. ഇപ്പോള്‍ താന്‍ നിവൃത്തികേടിലായിരിക്കുന്നു.

സുധീഷ് രണ്ടും കല്പിച്ച് അഖിലയുടെ നമ്പര്‍ ഡയല്‍ ചെയ്തു. രണ്ടു പ്രാവശ്യം ട്രൈ ചെയ്തെങ്കിലും അവളെടുത്തില്ല. നിരാശയോടെ അവന്‍ ഫോണ്‍ ഓഫാക്കി ഷര്‍ട്ടിന്‍റെ പോക്കറ്റിലിട്ടു. അപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. എടുത്തു നോക്കിയപ്പോള്‍ അഖില തന്നെ.

“ഹലോ, സുധീഷേട്ടാ…”

“അഖില തിരക്കിലാണോ?”

“ചെറിയ തിരക്കൊക്കെയുണ്ട്. സുധീഷട്ടന്‍ വിളിച്ചതെന്താണെന്നു പറയ്.”

സുധീഷ് തന്‍റെ കിടപ്പാടം നഷ്ടപ്പെട്ട കാര്യം ചുരുക്കമായി അവതരിപ്പിച്ചു. ഹോട്ടല്‍ ജോലി ഏറ്റെടുക്കാന്‍ സമ്മതമാണെന്നും അഖിലയെ അറിയിച്ചു.

“സുധീഷട്ടാ, ഹോട്ടലിലെ ജോലി ഇഷ്ടമല്ലെന്നു പറഞ്ഞതുകൊണ്ടു വേറെ ആളെ നോക്കിക്കോളാന്‍ ഞാനവരോടു പറഞ്ഞുപോയല്ലോ.”

“എങ്കില്‍ സാരമില്ല; ഇനിയവരോടു ചോദിക്കുകയൊന്നും വേണ്ട കേട്ടോ.”

“ഇല്ല. ചോദിക്കുന്നില്ല. സഹകരണബാങ്കുകാരു ജപ്തി നടപടികളൊക്കെ നിര്‍ത്തിവച്ചിരിക്കുമ്പം സുധീഷേട്ടന്‍റെ വീടുമാത്രമെന്താ ഇങ്ങനെ? കിടപ്പാടം പിടിച്ചെടുക്കാന്‍ ഒരുതരത്തിലും നിയമമില്ലല്ലോ.”

“വീട് ആള്‍ത്താമസമില്ലാതെ അടഞ്ഞുകിടന്ന സമയത്താ ജപ്തി ചെയ്തു ബാങ്കിന്‍റെ ആസ്തിയാക്കിയത്. സ്ഥലം സുലേഖയുടെ പേരിലായിരുന്നു. അവളാണു വസ്തുവിന്‍റെ ആധാരം ബാങ്കില്‍ ഈടുവച്ചു പണമെടുത്തത്.”

“ശ്ശൊ! സുധീഷേട്ടന്‍ ആകെ കഷ്ടത്തിലായല്ലോ.”

“ഒന്നും സാരമില്ല അഖിലാ. ശിവരാമേട്ടന്‍റെ കടയില്‍ ഇടം കിട്ടും. അവിടെ പക്ഷേ, ഒട്ടും സുരക്ഷിതമല്ല. ഒരു മാര്‍ഗവുമില്ലാതെ വന്നാല്‍ വെയ്റ്റിംഗ് ഷെഡ്ഡുണ്ട്, ജംഗ്ഷനില്‍; ഞാനവിടെ കൂടും.”

“ഞാന്‍ എന്തെങ്കിലും ചെയ്യാമോ എന്നു നോക്കട്ടെ.”

“ഞാനിതു പറഞ്ഞെന്നു കരുതി അഖില ഒട്ടും വിഷമിക്കണ്ട. നിര്‍ത്തുകാ” – സുധീഷ് ഫോണ്‍ കട്ടാക്കി.

അഖില പാവം പെണ്‍കുട്ടി! അവള്‍ എങ്ങനെ തന്നെ സഹായിക്കാനാണ്. തന്നോട് അലിവും സ്നേഹവും കരുതലും അവള്‍ക്കുണ്ട്. ഇപ്പോഴത്തെ അവസ്ഥ പറയണ്ടായിരുന്നു; സുധീഷ് ചിന്തിച്ചു.

പിറ്റേന്ന് സുധീഷ് ചായക്കടപ്പണിക്കു പോയില്ല. തന്‍റെ വീട്ടില്‍ കുറേ മണിക്കൂറുകള്‍ കൂടി തനിച്ചിരിക്കണമെന്നു തോന്നി. കടുംചായയുണ്ടാക്കിക്കുടിച്ചതല്ലാതെ ഒന്നും കഴിച്ചില്ല. ഒരിക്കല്‍ വളരെ കഷ്ടപ്പെട്ട്, വലിയ ആഗ്രഹത്തോടെ താന്‍ പണിയിച്ച വീടാണ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാനായിരുന്നു മോഹം; കഴിഞ്ഞില്ല. വിധി നിശ്ചയം ജയിലില്‍ കിടക്കാനായിരുന്നു. കുടുംബം ചിതറിപ്പോകുകയും ചെയ്തു. ഇന്ന് ഇവിടെനിന്നിറങ്ങണം. ഇല്ലെങ്കില്‍ ഇറക്കിവിടാനാളെത്തും. വീടു ബാങ്കിന്‍റേതാണ്. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു. പത്തരയായപ്പോള്‍ അയല്‍ക്കാരനായ സുധാകരന്‍ കയറിവന്നു.

“സുധീഷേ, നീയിന്നു ചായക്കടേല്‍ പോയില്ലേ?” – സുധാകരന്‍ തിരക്കി.

“ഇല്ല.”

“എന്താ… അസുഖം വല്ലതുമാണോ?”

“ഒന്നുമില്ല.”

“എന്തു പറ്റിയെടാ, ഇങ്ങനെ വിഷമിച്ചിരിക്കുന്നേ?”

“ഇന്നു വീട്ടിന്നെറങ്ങി മാറണം. ബാങ്കുകാര് ജപ്തി ചെയ്തു പേരില്‍ക്കൂട്ടിയ വീടും സ്ഥലവുമാ ഇത്.”

“ഹൊ! അതാ കഴിഞ്ഞ ദവസം ബാങ്കുകാരും പൊലീസുമൊക്കെ ഇങ്ങോട്ടു വന്നത്?”

“അതെ.”

“ഇനിയിപ്പഴെങ്ങോട്ടു മാറും നീ?”

“അറിയില്ല. ഞാന്‍ സുധാകരന്‍റെ വീട്ടിലോട്ടു വരട്ടേ?” – സുധീഷ് ചോദിച്ചു.

“അയ്യോ അതെങ്ങനെയാ? അവിടെയുള്ളോര്‍ക്കൊക്കെ നിന്നെ കാണുന്നതുപോലും പേടിയാ.”

“വരില്ല; വെറുതെ പറഞ്ഞതാ.”

സുധാകരന്‍ യാത്ര പോലും പറയാതെ അവിടെനിന്നു പോയി. അല്പം കഴിഞ്ഞപ്പോള്‍ ഒരു കാര്‍ വീടിനടുത്തെത്തി നിന്നു. ബാങ്കു സെക്രട്ടറിയും മറ്റൊരാളും അതില്‍നിന്നിറങ്ങി വീട്ടുമുറ്റത്തേയ്ക്കു വന്നു സുധീഷ് മെല്ലെ എഴുന്നേറ്റു.

“ഞാന്‍ ഇറങ്ങിപൊയ്ക്കോളാം സാറെ. കുറച്ചു നേരം കൂടി ഇവിടെയിരിക്കണമെന്നു തോന്നിയതുകൊണ്ടാ” – സുധീഷ് വിഷമത്തോടെ പറഞ്ഞു.

“സുധീഷേട്ടാ, ചേട്ടനിവിടുന്നു പോകണ്ടാന്നു പറയാന്‍ വന്നതാ. ഇന്നു രാവിലെ ഒരു സ്ത്രീ, ബാങ്കില്‍ വന്ന് എന്നെയും പ്രസിഡന്‍റിനെയും കണ്ടു. സുധീഷേട്ടന്‍റെ ഭാര്യ വീടും പറമ്പും ജാമ്യം തന്നെടുത്ത പണവും പലിശയുമെല്ലാം അവര്‍ ബാങ്കിലടച്ചു. ഇതു വിറ്റാല്‍ ബാങ്കിനു കിട്ടുന്നതിനേക്കാള്‍ പണം കിട്ടി. വസ്തുവിന്‍റെ ആധാരം തിരിച്ചുതരാന്‍ വന്നതാ. ഇതാ വാങ്ങിച്ചുവയ്ക്ക്” – ബാങ്ക് സെക്രട്ടറി ആധാരം നീട്ടിക്കൊണ്ടു പറഞ്ഞു.

“ഏതു സ്ത്രീയാ വന്നത്? പേരു പറഞ്ഞില്ലേ?” – സുധീഷ് അതിശയത്തോടെ തിരക്കി.

“പേരു പറഞ്ഞില്ല; ഒരു ഡോക്ടറാ.”

“ഹൊ! ആളെ മനസ്സിലായി. ഈ വിവരമൊക്കെ അവരെങ്ങനെയറിഞ്ഞെന്നു പിടികിട്ടുന്നില്ല.”

“പത്രത്തില്‍ വാര്‍ത്ത വന്നല്ലോ. ബാങ്കുകാര് സുധീഷേട്ടനെ ഇറക്കിവിടാന്‍ പോകുന്നെന്നൊക്കെപ്പറഞ്ഞ്. ഞങ്ങളാകെ വിഷമിച്ചു. അപ്പഴാ ഇങ്ങനെയൊരു സംഭവമുണ്ടായത്; ആധാരം പിടിക്ക്.”

സുധീഷ് ഇരുകൈകളും നീട്ടി ആധാരം വാങ്ങി.

(തുടരും)

Leave a Comment

*
*