Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 18

ന്യായാധിപന്‍ – 18

Sathyadeepam

ജോര്‍ജ് പുളിങ്കാട്

ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയായപ്പോള്‍ ഡോക്ടര്‍ ആന്‍ മേരി മകള്‍ ഫെമി പഠിക്കുന്ന മെഡിക്കല്‍ കോളജിന്‍റെ ഹോസ്റ്റലിലെത്തി. മേട്രണ്‍ സൂസന്‍ തോമസ് ആദരവോടെയാണു സ്വീകരിച്ചത്. ഫെമിയെപ്പറ്റി ഞാനറിഞ്ഞ വസ്തുതകള്‍ മേട്രണ്‍ വിശദമായി പറഞ്ഞു. ഡോക്ടര്‍ ആന്‍ മേരി മരവിച്ചിരുന്നുപോയി.

“സൂസന്‍, എന്തേ ഇതൊക്കെ എന്നെ അറിയിക്കാന്‍ വൈകി?”

“ആരു പറയും? എങ്ങനെ പറയും എന്ന ബുദ്ധിമുട്ടിലായിരുന്നു ഞങ്ങള്‍.”

നിങ്ങളെയൊക്കെ വിശ്വസിച്ചല്ലേ, ഇത്രയുമകലെ അവളെ പഠനത്തിനു ചേര്‍ത്തത്. പെണ്‍കുട്ടികള്‍ വഴിതെറ്റുന്നു എന്നു കാണുമ്പോഴേ കണ്ടെത്തി തിരുത്തിയെങ്കിലല്ലേ പ്രയോജനമുള്ളൂ?” ചില ബന്ധങ്ങളില്‍ കുടുങ്ങിപ്പോയാല്‍ പിന്നെ രക്ഷിക്കാന്‍ ബുദ്ധിമുട്ടാവില്ലേ?”

“ഞാനവളെ ഉപദേശിക്കുന്നുണ്ടായിരുന്നു. വകവയ്പ് ഒട്ടുമില്ല. ധിക്കാരമേ പറയൂ. പഠനത്തില്‍ തീരെ പിന്നാക്കം പോകുന്ന വിവരം പ്രഫസ്സര്‍ പറഞ്ഞു. വീട്ടിലേക്കെന്തെങ്കിലും അറിയിച്ചാല്‍ തൂങ്ങിമരിക്കുമെന്നാണു ഭീഷണി; എന്തു ചെയ്യും?”

“സൂസന്‍ അവളെ ഇങ്ങോട്ടു വിളിക്ക്.”

മേട്രന്‍ പെട്ടെന്നു സൂസന്‍ സുരേഷിനെ കൂട്ടിക്കൊണ്ടുവരാനായിപ്പോയി. മുഖം കൈകളില്‍ താങ്ങി ദുഃഖിതയായി ഡോക്ടര്‍ ആന്‍ മേരി കസേരയിലിരുന്നു. കാല്‍ മണിക്കൂര്‍ നേരം കാത്തിരുന്നതിനുശേഷമാണു സൂസനോടൊപ്പം ഫെമി അവിടെയെത്തിയത്. ജീന്‍സും ബനിയനും ധരിച്ച അവള്‍ തികച്ചും നിഷേധഭാവത്തില്‍ അമ്മയുടെ നേരെപോലും നോക്കാതെ നിന്നു.

“വരില്ലായിരുന്നു ഡോക്ടര്‍ എന്‍റെ കൂടെ. ഒരുവിധത്തിലാണിവിടെയെത്തിയത്” – സൂസന്‍ പറഞ്ഞു.

ഫെമി അതി രൂക്ഷമായി മേട്രനെ നോക്കി. പിന്നെ കാട്ടിത്തരാമെന്ന ഭാവത്തില്‍ പല്ലിറുമ്മി.

“ഫെമീ… എന്താടീ ഇങ്ങനെയൊക്കെ?”

“തിരക്കില്ലേ, ഹോസ്പിറ്റലില്‍? ഓപ്പറേഷനില്ലേ? എന്തിനാ ബുദ്ധിമുട്ടി വന്നത്? ഞാനിങ്ങനെയൊക്കെയാ ഇപ്പം.”

“നിനക്കെന്തു പറ്റി മോളേ? ഇങ്ങനെ ധിക്കാരം പറയാറില്ലായിരുന്നല്ലോ?”

“ഈ നില്ക്കുന്ന സ്ത്രീ മമ്മിയോട് അതുമിതുമൊക്കെ പറഞ്ഞിട്ടുണ്ടായിരിക്കും. അതുകേട്ടു എന്നെ ഉപദേശിക്കരുത്. ഇവരുടെ പീഡനം മൂലം സഹികെട്ടാ ഞാന്‍ ജീവിക്കുന്നേ?”

നിന്‍റെ നന്മയ്ക്കുവേണ്ടിയല്ലേടീ ഉപദേശിക്കുന്നത്.

‘ങ്ഹും. എന്‍റെ നന്മ! ഇവരു ശിലായുഗത്തില്‍ ജീവിക്കേണ്ടയാളാ. ഒരു കള്‍ച്ചറുമില്ലാത്ത ജീവി. ലോകം കണ്ടിട്ടില്ല. മനുഷ്യനെ കണ്ടിട്ടില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്താനും വെറുപ്പിക്കാനും മാത്രമുള്ളതാ ഇവരുടെ ജീവിതം.”

“നീയൊരു എംബിബിഎസ് സ്റ്റുഡന്‍റാണ്! പഠിക്കുന്നുണ്ടോ?”

“ഇവരു പറഞ്ഞുകാണുമല്ലോ?”

“നിന്നോടാ ഞാന്‍ ചോദിച്ചത്. പഠിക്കാന്‍ താത്പര്യമില്ലെങ്കില്‍ നിര്‍ത്തി വീട്ടിലേക്കു കൊണ്ടുപോകാനാ.”

“നല്ലൊരു വീട്. സദാ പപ്പയെ കുറ്റപ്പെടുത്തലല്ലേ മമ്മിയുടെ ജോലി? എന്‍റെ പപ്പയെ സകലരും ബഹുമാനിക്കുന്നു, ആദരിക്കുന്നു. ചാനലുകളും പത്രങ്ങളുമൊക്കെ പപ്പ നടത്തുന്ന വിധിന്യായങ്ങളെ പുകഴ്ത്തുകയാണ്. എന്നിട്ടും മമ്മി ഒളിഞ്ഞും തെളിഞ്ഞും പപ്പയെ ദ്രോഹിക്കുകയാണ്. പപ്പയ്ക്കെതിരെ ആരൊക്കെയോ ചേര്‍ന്നു കെട്ടിച്ചമച്ച ‘ഗോസിപ്പു’കള്‍ ശരിയാണെന്നു വിശ്വസിക്കുന്നവളല്ലേ മമ്മി? പപ്പയുടെ ഒരു രോമത്തിന്‍റെ വിലയുണ്ടോ മമ്മിക്ക്? നിങ്ങള്‍ തമ്മിലുള്ള വ്യത്യാസം ആനയും കൊതുകും പോലെയാ. എന്‍റെ പപ്പയുടെ ശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടമായ നിങ്ങളെ എനിക്കിഷ്ടമല്ല.”

മകളുടെ അപ്രതീക്ഷിതമായ കടന്നാക്രമണത്തില്‍ ഡോക്ടര്‍ ആന്‍ മേരിയുടെ ഹൃദയത്തില്‍ ചോര പൊടിഞ്ഞു. എന്തെങ്കിലും പറഞ്ഞാല്‍ മേട്രന്‍റെ മുമ്പില്‍ വച്ചു ഫെമി ഇനിയും തന്നെ ആക്ഷേപിച്ചേക്കുമെന്നു തോന്നി.

“മോളേ, നിനക്കു മമ്മിയെ ഒട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നെങ്കിലും തിരിച്ചറിഞ്ഞേക്കും. ഇല്ലെങ്കിലും എനിക്കു പ്രശ്നമില്ല. നീ പൊയ്ക്കോ” – ഡോക്ടര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

ഒരു മഹാവിജയിയെപ്പോലെ ഫെമി വെട്ടിത്തിരിഞ്ഞ് അവിടെനിന്നു പോയി.

മേട്രന്‍ സൂസന്‍ സ്തബ്ധയായി നില്ക്കുകയായിരുന്നു. ഡോക്ടറുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് അവര്‍ കണ്ടു.

“സൂസന്‍, ഫെമിയുടെ പപ്പാ അവളെ കാണാന്‍ ഇവിടെ വന്നിരുന്നോ?”

“വന്നിരുന്നു. മിക്കവാറും എല്ലാ മാസവും വരുന്നുണ്ട്. അദ്ദേഹത്തെപ്പോലെ വലിയ ആളോടു മകളുടെ കുറ്റം പറയാന്‍ ഞങ്ങള്‍ക്കെല്ലാം മടിയാണ്. വരുമ്പോഴൊക്കെ ആവശ്യത്തിലധികം പണം കൊടുക്കുന്നുണ്ടെന്നു തോന്നുന്നു. അവള്‍ വല്ലാത്ത ധൂര്‍ത്താണിവിടെ നടത്തുന്നത്. പെണ്‍കുട്ടികള്‍ ഒരു ഗ്യാങ്ങായി മാറിയിരിക്കുന്നു. അനുസരണ കുറയുകയും ചെയ്യുന്നു.”

“സൂസന്‍, അദ്ദേഹം മകളെ എനിക്കെതിരാക്കുന്നുണ്ട്. എന്തിനു മറച്ചുവയ്ക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒട്ടും സ്വരച്ചേര്‍ച്ചയിലല്ല.”

“ഹൊ! അദ്ദേഹം വളരെ മാന്യനും ശാന്തനും സത്സ്വഭാവിയുമാണല്ലോ; എന്നിട്ടും?”

“എന്‍റെ സ്വഭാവത്തിന്‍റെ വൈകല്യമായിരിക്കും.”

“കുടുംബത്തിന്‍റെ സ്വരച്ചേര്‍ച്ചയില്ലായ്മ മക്കളെ ബാധിക്കും. ഇപ്പോള്‍ തോന്നുന്നു, ഡോക്ടറേക്കാള്‍ ഫെമിയെ സ്വാധീനിക്കാന്‍ കഴിയുക, എനിക്കായിരിക്കുമെന്ന്.”

“ആയിരിക്കും. ശ്രദ്ധിക്കണം. അവളെ ഇത്തിരി ശുണ്ഠിക്കാരിയായ സ്വന്തം മകളെപ്പോലെ സൂസന്‍ കരുതണം.”

“ശ്രദ്ധിക്കുന്നുണ്ട്. ഫെമിയെ ഒരു കൗണ്‍സലിംഗിനു വിടുന്നതില്‍ എതിര്‍പ്പില്ലല്ലോ?”

“ഒരെതിര്‍പ്പുമില്ല. പക്ഷേ, അറിവുള്ളയാളിന്‍റെയടുത്തേക്കേ വിടാവൂ. ചില കുട്ടികള്‍ കൗണ്‍സിലിംഗിനുശേഷം മെന്‍റല്‍ പേഷ്യന്‍റായ സംഭവങ്ങളുമുണ്ട്.”

“അയ്യോ, അങ്ങനെയൊന്നുമുണ്ടാവില്ല. ഞങ്ങളിവിടത്തെ ചീഫ് സൈക്യാട്രിസ്റ്റ് രാജന്‍വര്‍മയുടെയടുത്താണു കുട്ടികളെ അയയ്ക്കുന്നത്. അദ്ദേഹം കേരളത്തിലെ തന്നെ എണ്ണപ്പെട്ടയാളാണ്.”

“സൂസന്‍, ഇനി അവളുടെ പപ്പാ കാണാനെത്തുമ്പോള്‍ പെട്ടെന്നുണ്ടായിരിക്കുന്ന സ്വഭാവവ്യത്യാസത്തെപ്പറ്റി സൂചന കൊടുക്കണം. ഞാന്‍ വന്നതും കണ്ടതുമൊന്നും പറയണ്ട.”

“അതു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്രയും മഹാനായ ഒരാളുടെ കുട്ടി ഇവിടെ പഠിക്കുന്നതു മാനേജുമെന്‍റിന് അഭിമാനമാണ്. അദ്ദേഹത്തിന് അനിഷ്ടം തോന്നിക്കുന്ന ഒരു കാര്യം പറയുക ബുദ്ധിമുട്ടാണ്.”

“ഇവിടെ വരുമ്പോള്‍ അദ്ദേഹവും ഒരു പേരന്‍റാണ്. മകളുടെ ഗുണവും ദോഷവും പേരന്‍ററിയണം. അറിയേണ്ട അവകാശം അദ്ദേഹത്തിനുണ്ട്. പറയേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുമുണ്ട്.”

“അറിയിക്കാം ഡോക്ടര്‍” – സൂസന്‍ തോമസ് പറഞ്ഞു.

ഡോക്ടര്‍ ആന്‍ മേരി യാത്ര പറഞ്ഞുഴുന്നേറ്റു.

***********

ആദ്യമായിട്ടായിരുന്നു ശരത് താമസിക്കുന്നിടത്ത് അഖിലയെത്തിയത്. ക്രിസ്മസ് പ്രമാണിച്ചുള്ള അവധി ദിവസമായിരുന്നു അന്ന്. യഥാര്‍ത്ഥ സംഭവങ്ങള്‍ കഥാ സംഭവങ്ങളാവുകയും ജീവിക്കുന്ന വ്യക്തികള്‍ അവരുടെ സ്വഭാവപ്രത്യേകതകളോടെ കഥാപാത്രങ്ങളാകുകയും ചെയ്യുന്ന ഒരു വ്യത്യസ്ത നോവലിന്‍റെ രചന, അഖില തുടങ്ങിവച്ചിരുന്നു. അതിനുള്ള പ്രേരണയും പ്രോത്സാഹനവും ശരത് നല്കിയിരുന്നു. എഴുതി പൂര്‍ത്തിയാക്കിയ ആദ്യത്തെ അദ്ധ്യായം അവള്‍ ശരത്തിന്‍റെ കയ്യില്‍ക്കൊടുത്തു.

“ഇത് എത്ര അദ്ധ്യായമുണ്ട്” – താത്പര്യപൂര്‍വം അതു വാങ്ങിക്കൊണ്ടു ശരത് അവളോടു തിരക്കി.

“ആദ്യത്തെ അദ്ധ്യായം മാത്രം. ശരത് ഇത് ഇപ്പോള്‍ ത്തന്നെ വായിക്കണം. സത്യസന്ധമായ അഭിപ്രായമാണ് എനിക്കു വേണ്ടത്. കൊള്ളില്ലെങ്കില്‍ അങ്ങനെതന്നെ പറയണം. ഞാനിതു നിര്‍ത്തണോ വേണ്ടയോ എന്നു തീരുമാനിക്കാനാണ്.”

അഖിലാ, അങ്ങനെ പറയരുത്. എനിക്കിഷ്ടപ്പെട്ടില്ലെന്നു പറഞ്ഞതുകൊണ്ട് അതു ചീത്തയാകുന്നില്ല. ഓരോ മനുഷ്യര്‍ക്കും പ്രത്യേക അഭിരുചികളും താത്പര്യങ്ങളുമാണ്. അതുകൊണ്ട് ആരെന്തു പറഞ്ഞാലും ഇതിന്‍റെ അവസാനംവരെ എഴുതിത്തീര്‍ക്കുമെന്ന ദൃഢനിശ്ചയം വേണം. നമ്മള്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ നടത്തുന്ന നോവല്‍ രചനയാണിത്.”

“ശരി. വായിക്ക്; എന്നിട്ട് പറയ്.”

“അഖിലാ, ഇപ്പഴെനിക്കൊന്നും വായിക്കാനുള്ള മൂഡില്ല. നമുക്കെന്തെങ്കിലും വര്‍ത്തമാനം പറയാം. താന്‍ പോയിക്കഴിഞ്ഞു ഞാന്‍ തനിച്ചിരുന്നു ഏകാഗ്രതയോടെ വായിക്കാം. ഉടനെതന്നെ അഭിപ്രായം അറിയിക്കുകയും ചെയ്യാം.”

“മതി; സമ്മതിച്ചിരിക്കുന്നു” – അഖില പുഞ്ചിരിയോടെ പറഞ്ഞു. ശരത് നോവലിന്‍റെ കയ്യെഴുത്തു പ്രതി മേശപ്പുറത്തു വച്ചു.

“എന്‍റെയീ റൂം കണ്ടിട്ട് അഖിലയ്ക്ക് അറപ്പു തോന്നുന്നുണ്ടാകും. എല്ലാം വൃത്തിയില്ലാതെ അലങ്കോലപ്പെട്ടു കിടക്കുകാ.”

“ഒരു ഭാര്യയില്ലാത്തതിന്‍റെ കുഴപ്പമാണ്” – അഖില പറഞ്ഞു.

“പറഞ്ഞുതു ശരിയാ. ഭാര്യയില്ലാത്തതിന്‍റെ കുഴപ്പവും ഗുണവും ഞാനനുഭവിക്കുന്നുണ്ട്. റൂം അടിച്ചുവാരി എല്ലാം അടുക്കിവയ്ക്കാന്‍ ഞാന്‍ നോക്കിയാലും പറ്റും. അതിനൊരു മനസ്സു വരാഞ്ഞിട്ടാണ്. ഭാര്യയില്ലാത്തതുകൊണ്ട് ഒത്തിരി സ്വാതന്ത്ര്യമുണ്ട്. ആരും ചോദ്യം ചെയ്യാനും കുറ്റപ്പെടുത്താനുമില്ല.”

“ചോദ്യം ചെയ്യുന്നതും കുറ്റപ്പെടുത്തുന്നതുമൊക്കെ നന്നാവനല്ലേ. അതു സഹിഷ്ണുതയോടെ നേരിടണം.”

“കഴിഞ്ഞ ദിവസം അഖിലയുടെ അച്ഛന്‍ ഒരു തമാശ പറഞ്ഞു.”

“എന്‍റച്ഛന്‍ തമാശ പറഞ്ഞെന്നോ? അതിനൊരു സാദ്ധ്യതയുമില്ല.”

“നിന്നെ എനിക്കു വിവാഹം ചെയ്തു തരാമെന്നു പറഞ്ഞതു തമാശയല്ലെന്നാണോ?”

“അല്ല. അച്ഛന് എന്നോടും അമ്മയോടും ചോദിച്ച് അഭിപ്രായം കേട്ടതിനുശേഷമാണു ശരത്തിനോടു പറഞ്ഞത്; ശരത്തിന് എന്നെ ഇഷ്ടമല്ലല്ലോ?”

“ഇഷ്ടമാണ്; നൂറിഷ്ടമാണ്. അഖിലയ്ക്കും സുഗതടീച്ചര്‍ക്കും എന്നെയിഷ്ടപ്പെട്ടില്ലെന്നു തന്നെയാ കരുതിയത്.”

“സത്യം ചോദിച്ചു മനസ്സിലാക്കാതെ കരുതിയതാരുടെ കുറ്റം?”

“എന്‍റെ കുറ്റം.”

“അച്ഛനു ശരത്തിനെ വലിയ ഇഷ്ടമാണ്. അമ്മയുമായി ശരത് മിണ്ടിയിട്ടുകൂടിയില്ല. എന്‍റെ താത്പര്യത്തിലുള്ള വിവാഹം എന്നാണ് അമ്മയുടെ ഉറച്ച തീരുമാനം. ഞാനാരെ കണ്ടെത്തിയാലും അയാളെ എന്‍റെ അച്ഛനുമംഗീകരിക്കും, അമ്മയുമംഗീകരിക്കും.”

ശരത് വിസ്മയിച്ചു. നന്നേ ചെറുപ്പക്കാരിയും സുന്ദരിയും പ്രാപ്തയുമായ പെണ്ണാണ് അഖില. പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍റെയും അദ്ധ്യാപികയുടെയും ഏകസന്തതി. അവള്‍ക്കു തന്നേക്കാള്‍ ഭേദപ്പെട്ട ഒരുവനെ നിശ്ചയമായും ലഭിക്കും. അഖിലയെക്കുറിച്ച് ഇത്തരത്തില്‍ ചിന്തിക്കാന്‍പോലും തന്‍റെ മനസ്സ് തയ്യാറായിട്ടില്ല.

“അഖിലാ, ഞാനൊരു വിവാഹം ഫെയിലിയറായവനാണ്.”

“അതു മുമ്പു പറഞ്ഞു കാര്യങ്ങളാണ്. എന്‍റച്ഛനു കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ഒരറ്റാക്കുണ്ടായി. കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ഇനിയും അതുപോലൊന്ന് ഉണ്ടാകുമെന്നും അതിനെ അതിജീവിക്കില്ലെന്നുമാണ് അച്ഛന്‍റെ വിചാരം. അതുകൊണ്ടാ എന്‍റെ വിവാഹത്തിനു ധൃതി കൂട്ടുന്നത്.”

“എനിക്കു വളരെ സന്തോഷമാണ്. എന്തോ വലിയ ഒരു ഭാഗ്യം വന്നു കയറിയതുപോലെ” – തെളിഞ്ഞ മുഖത്തോടെ ശരത് പറഞ്ഞു.

അഖില അയാളുടെ മേശയിലെ പുസ്തകങ്ങളും മറ്റും അടുക്കിവച്ചു. പിന്നെയവള്‍ ആ മുറി ചൂലെടുത്ത് അടിച്ചുവാരി. കലണ്ടര്‍ ക്രമപ്പെടുത്തി.

“ഇവിടെ ഞാന്‍ പ്രതീക്ഷിച്ച ഒരു കൂട്ടം മാത്രം കണ്ടെത്താനായില്ല” – അഖില പറഞ്ഞു.

“അതെന്താണ്? പാമ്പോ തേളോ എലിയോ മറ്റോ ആണോ?”

“അല്ല; മദ്യക്കുപ്പികള്‍.”

“അതു കാണില്ല. മുമ്പു ഞാന്‍ കഴിക്കുമായിരുന്നു; ഇപ്പോഴില്ല.”

“മുഷിച്ചിലും ടെന്‍ഷനുമൊക്കയുണ്ടാകുമ്പോള്‍?”

“അതിനാണു ദസ്തയ്വ്സ്കിയുടെ നോവലുകള്‍. അടുക്കിവച്ചിരിക്കുന്നതു കണ്ടില്ലേ? തികഞ്ഞ മദ്യപനും ചൂതുകളിക്കാരനും ചുഴലിദീനക്കാരനുമായിരുന്ന അദ്ദേഹം എഴുതിക്കൂട്ടിയതു കുറച്ചു വായിച്ചാല്‍ ഏതൊരുത്തന്‍റെയും അസ്വസ്ഥതകള്‍ മാഞ്ഞുപോകും. മാനസികസമ്മര്‍ദ്ദത്തിന്‍റെ തീക്കുണ്ഠത്തിലൂടെ കടന്നുപോയ ഒരാളാണദ്ദേഹം.”

“എന്‍റെച്ഛന്‍റെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ ദസ്തയ്വ്സ്കിയാണ്” – അഖില പറഞ്ഞു.

“അഖിലയ്ക്ക് ഒരു ചായയിട്ടു തരാന്‍പോലും പറ്റിയില്ല.”

“വേണ്ടാ… ഞാനിനി പോകുകയാണ്.”

“ശരി. ഞാന്‍ അഖിലയുടെ രചന വായിച്ചിട്ട് വിളിക്കാം” – ശരത് പറഞ്ഞു.

അവള്‍ തിരിച്ചുപോയി.

(തുടരും)

Leave a Comment

*
*