ന്യായാധിപന്‍ – 22

ന്യായാധിപന്‍ – 22

ജോര്‍ജ് പുളിങ്കാട്

"ഹലോ, സുധീഷേട്ടാ… കുറേ ദിവസങ്ങളായല്ലോ ഒന്നു വിളിച്ചിട്ട്."

"അതെ. വെറുതെ ബുദ്ധിമുട്ടിക്കണ്ടെന്നു വച്ചിട്ടാ. ഇപ്പോള്‍ അഖില തിരക്കിലാണോ?

"ഇല്ല; പറഞ്ഞോളൂ വിശേഷങ്ങള്‍."

"ബാങ്കുകാരു വീട്ടീന്നിറങ്ങി മാറണോന്നു പറഞ്ഞ കാര്യം ഞാന്‍ സൂചിപ്പിച്ചായിരുന്നു.

"പിന്നെന്താണെന്നു പറഞ്ഞില്ലല്ലോ?"

"ഇറങ്ങേണ്ടി വന്നില്ല; അഖില കാടുത്ത പത്രവാര്‍ത്ത കണ്ടു ഡോ. ആന്‍ മേരി ബാങ്കിലെത്തി മുഴുവന്‍ ബാദ്ധ്യതയും തീര്‍ത്തു. ആധാരം ബാങ്കുകാര്‍ എനിക്കു തിരിച്ചു തരികയും ചെയ്തു.'

"രക്ഷപെട്ടല്ലോ. എന്താ വിവരം ഒന്ന് അറിയിക്കുകപോലും ചെയ്യാത്തത്?"

"ചെയ്തതു വലിയ ഉപകാരമാ; നന്ദിയുണ്ട്. പക്ഷേ, അഖിലാ, എനിക്കുറങ്ങാന്‍ കഴിയുന്നില്ല. വല്ലാത്ത കുറ്റബോധമാ. സ്വപ്നത്തില്‍, ആ കുട്ടി… സാന്ദ്ര എന്നെ അലട്ടുന്നു. പഴയ സംഭവങ്ങളൊക്കെ മനസ്സില്‍ തികട്ടിവരികയാ. ഒരു സമാധാനവുമില്ല. പണം അവര്‍ അടയ്ക്കേണ്ടായിരുന്നു. വീടില്ലാത്തവനായി വെയ്റ്റിംഗ് ഷെഡ്ഡിലോ തെരുവോരത്തോ കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നെന്നു തോന്നിപ്പോകുകാ. എന്‍റെ അനുവാദത്തോടെയല്ല ഡോക്ടര്‍ ഇതൊക്കെ ചെയ്തത്."

കഷ്ടം! സുധീഷേട്ടന് എന്തിന്‍റെ പേരിലാ കുറ്റബോധം? കുറ്റം ചെയ്തവര്‍ക്കല്ലേ കുറ്റബോധം ആവശ്യമുള്ളൂ. മറ്റൊരാള്‍ ചെയ്ത കുറ്റത്തിനു ശിക്ഷ അനുഭവിച്ചതാണോ സുധീഷേട്ടന്‍ ചെയ്ത പാപം?"

"സാന്ദ്രയുടെ പേരിലല്ലേ, ഡോക്ടര്‍ ഇത്രയും പണം ബാങ്കില്‍ കൊടുത്തു കടം വീട്ടിയത്?"

"ആയിരിക്കും. അത് അവര്‍ക്കു മനഃസമാധാനം കിട്ടാനാ, കുറ്റബോധം കുറയ്ക്കാനാ, പാപം പരിഹരിക്കപ്പെടാനാ."

"വേണ്ടായിരുന്നു. ഞാന്‍ വീടുവിട്ടു പോകാന്‍ തയ്യാറായിരുന്നു. ഇന്നിപ്പോള്‍ ഒരാഴ്ചയോളമായി ഉറങ്ങാന്‍ കഴിയാതെ സമാധാനം നഷ്ടപ്പെട്ട് ഒരു തരം ഭ്രാന്തിന്‍റെ വക്കിലെത്തിയിരിക്കുകാ ഞാന്‍."

"ഞാന്‍ വരാം; വന്നു കാണാം. സുധീഷേട്ടന്‍ തീര്‍ത്തും ശുദ്ധനായിപ്പോയി, നല്ലവനായിപ്പോയി. അതുകൊണ്ടാ ഇങ്ങനെയൊക്കെ."

"അഖില വരുന്നതു ഞാന്‍ കാത്തിരിക്കും; നിര്‍ത്തുക"- സുധീഷ് കോള്‍ കട്ടാക്കി.

"അയാളായിരുന്നല്ലേ, സുധീഷ്?" – ശരത് അഖിലയെ നോക്കി.

"അതെ. മഹാമനുഷ്യന്‍റെ ഭാര്യ സുധീഷേട്ടനോട് അല്പം കാരുണ്യം കാട്ടി. വീടിന്‍റെ ജപ്തി ഒഴിവാക്കിക്കൊടുത്തു. അദ്ദേഹത്തിന് പക്ഷേ, അതു വേണ്ടായിരുന്നെന്നാണ്" സാന്ദ്രയുടെ പ്രാണന്‍റെ വിലയാണതെന്ന്!"

ശരത്തിന്‍റെ മുഖത്ത് ഒരു പുച്ഛഭാവം കാണപ്പെട്ടു.

"അഖിലാ, ഞാന്‍ പറഞ്ഞില്ലേ, സുചിത്രയെ കാണാന്‍ പറ്റിയില്ലെന്ന്. അവരെ കാണാന്‍ എന്നെപ്പോലെയോ അഖിലയെപ്പോലെയോ ഒരാള്‍ക്കു സാധിക്കില്ല. ഞാനിനി അതിനു ശ്രമിക്കുന്നുമില്ല. കണ്ടില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും അവളാരാണെന്നു കൃത്യമായി ഞാന്‍ മനസ്സിലാക്കി. 'സാഗര്‍' എല്ലാം പറഞ്ഞുതന്നു; കഞ്ചാവിന്‍റെ ലഹരിയില്‍. കേള്‍പ്പിക്കാം; ശ്രദ്ധിച്ചോളൂ."

ശരത് തന്‍റെ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്തിരുന്ന സാഗറുമായുള്ള സംഭാഷണം അഖിലയെ കേള്‍പ്പിച്ചു.

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവളുടെ മുഖത്തു വിയര്‍പ്പ് പൊടിഞ്ഞിരുന്നു.

"ശരത്… അപ്പോള്‍ നമ്മുടെ രാജ്യത്തു നടക്കുന്നത്?" – അവള്‍ അവനെ ഉദ്വേഗത്തോടെ നോക്കി.

ശരത് പുഞ്ചിരിച്ചു. വിഷാദവും ആത്മനിന്ദയും കലര്‍ന്ന മുഖഭാവം അവനുണ്ടായി.

"അഖിലാ, കേട്ടപ്പോള്‍ നടുക്കമുണ്ടായല്ലേ? നമ്മള്‍ അറിയുന്നതിനേക്കാള്‍ വലിയ കുറ്റകൃത്യങ്ങളും വഞ്ചനയുമാണ് ഉന്നതങ്ങളില്‍ നടക്കുന്നത്. എത്രയോ നിസ്സഹായരാണ് ഇവിടത്തെ സാധാരണ മനുഷ്യര്‍! പത്രപ്രവര്‍ത്തകരാണെങ്കിലും നമ്മള്‍ പലതും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കുന്നതു പറയാനും എഴുതാനുമാവില്ല. നമ്മുടെ കൈകളും ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ അടുക്കള ജോലിക്കാരിയായിരുന്ന സുചിത്ര വളരെയേറെ വളര്‍ന്നിരിക്കുന്നു. ഏകമകളുടെ പ്രാണനെടുത്തവനുമായാണ് അവളുടെ ചങ്ങാത്തം. അയാളിലേക്കുള്ള വമ്പന്മാരുടെ പാലമാണവള്‍. ഉന്നതങ്ങളിലിരുന്നു ചെയ്യുന്ന നീതികേടിന്‍റെ വില എണ്ണിവാങ്ങി അവള്‍ അയാളുമായി പങ്കുവയ്ക്കുന്നു. നഗരങ്ങളില്‍ സ്ഥലം വാങ്ങുന്നു, ഫ്ളാറ്റുകള്‍ കെട്ടുന്നു. അധികാരത്തിന്‍റെ സംരക്ഷണയില്‍ സുരക്ഷിതയായിരുന്നാണു സുചിത്ര സമൂഹമനഃസാക്ഷിയെ കശാപ്പു ചെയ്യുന്നവന്‍റെ ദല്ലാള്‍പ്പണി ചെയ്യുന്നത്."

അഖില നിശ്ശബ്ദമായി സ്തംഭിച്ചിരുന്നു.

"എങ്ങനെ നമ്മള്‍ അയാളെയും അവളെയും പറിച്ചെറിയും? നമ്മുടെ പരിശ്രമങ്ങള്‍ വിജയിക്കുമോ?" – അഖില ചോദിച്ചു.

"തീര്‍ച്ച പറയാനാവില്ല. നമ്മുടെ സഞ്ചാരം അപകടകരമായ വഴികളിലൂടെയാണ്. എന്തെങ്കിലും സൂചന കിട്ടിയാല്‍ നിശ്ചയമായും നമ്മള്‍ കൊല്ലപ്പെടും. ഭാസുരചന്ദ്രവര്‍മയ്ക്കു സംഭവിച്ചുതറിയാമല്ലോ."

അഖില ശിരസ്സുയര്‍ത്തി ശരത്തിനെ നോക്കി.

"സാഗര്‍ പറഞ്ഞതത്രയും അതേപടി നോവലില്‍ ചേര്‍ക്കട്ടെ ശരത്?"

"തീര്‍ച്ചയായും ചേര്‍ക്കണം. സാഗര്‍ പറഞ്ഞത് അവന്‍റെ ഭാഷ്യത്തില്‍ത്തന്നെ ഉള്‍പ്പെടുത്തണം."

"ഞാനൊരു കാര്യം ചോദിക്കുന്നതില്‍ തെറ്റിദ്ധരിക്കരുത്. സാഗര്‍ കഞ്ചാവിന്‍റെ ലഹരിയില്‍ സങ്കല്പിച്ചു പറഞ്ഞുതായിട്ടു വരുമോ?"

"ഒരിക്കലമല്ല. തുറന്നു പറയാന്‍ കഞ്ചാവ് അവനെ പ്രേരിപ്പിച്ചു, ശക്തി കൊടുത്തു. ലഹരിയില്ലായിരുന്നെങ്കില്‍ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതുമൊക്കെ അവനുളളില്‍ പൂട്ടിവയ്ക്കുമായിരുന്നു."

"ഇതൊക്കെ ലോകമറിഞ്ഞാല്‍ വലിയ വിവാദമായേക്കുമല്ലേ? ആളുകള്‍ ഞെട്ടിത്തരിച്ചേക്കും?"

"നീതിപീഠങ്ങളെയും ന്യായാധിപന്മാരെയും കണ്ണടച്ചു വിശ്വസിച്ചിരുന്ന കാലം പോയിക്കഴിഞ്ഞു. അടുത്തകാലത്തു രാഷ്ട്രീയാധികാരവും ന്യായാസനങ്ങളുമായുള്ള ഒത്തുകളിയുടെ പല വാര്‍ത്തകളും വന്നുകൊണ്ടിരിക്കുകയാണ്. സത്യത്തെ എക്കാലത്തേക്കും ആര്‍ക്കും ഭരണിക്കുളളില്‍ അടച്ചുവയ്ക്കാനാവില്ല. അതു പുറത്തുവരും. അഖില എഴുതുന്ന നോവലിന്‍റെ ഉള്ളടക്കം മറ്റാരോടും വെളിപ്പെടുത്തരുത്. അതറിഞ്ഞാല്‍ പൂര്‍ത്തിയാക്കാന്‍പോലും കഴിഞ്ഞെന്നുവരില്ല."

"പ്രസിദ്ധീകരിക്കാന്‍ പണമെവിടന്നുണ്ടാക്കും ശരത്? എനിക്കൊരു മാര്‍ഗവുമില്ല. എനിക്കു പത്രത്തില്‍ നിന്നു കിട്ടുന്ന ചെറിയ ശമ്പളം മാത്രമേയുളളൂ."

"പേടിക്കണ്ട. പണമുള്ളവനും പേടിയില്ലാത്തവനുമായ ഒരു സ്പോണ്‍സറെ അതിനുവേണ്ടി ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. അഡ്രസ്സുള്ള ഒരു പ്രസാധകന്‍ നോവല്‍ ഏറ്റെടുക്കാമന്നും സമ്മതിച്ചുകഴിഞ്ഞു."

അഖില സ്നേഹാധിക്യത്തോടെ ശരത്തിനെ നോക്കി. രാത്രിയുടെ യാമങ്ങളില്‍ രചനയില്‍ മുഴുകുമ്പോഴൊക്കെ അതിന്‍റെ ഭാവിയെക്കുറിച്ച് അവള്‍ക്കുത്ക്കണ്ഠയായിരുന്നു. തന്‍റെ കൃതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമോയെന്നു ചില വേളകളില്‍ ചിന്തിച്ചുപോയി. ആരു പ്രസിദ്ധീകരിക്കുമെന്നും പണം കണ്ടെത്തുന്നതെങ്ങനെയെന്നും വേവലാതിപ്പെട്ടിരുന്നു. പ്രയത്നം മുഴുവന്‍ പാഴായിപ്പോയേക്കാമെന്ന വിചാരവും ചിലപ്പോഴുണ്ടായി. എന്തായാലും അതിനെല്ലാം പരിഹാരമായിരിക്കുന്നു. എല്ലാം മുന്‍കൂട്ടി കണ്ടു ശരത് പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന തന്‍റെ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

"ശരത്, ഇതുവരെ എഴുതിയതിനേക്കാള്‍ മികച്ചതായിരിക്കും ഇനിയുള്ള എന്‍റെ എഴുത്ത്" – അഖില പറഞ്ഞു.

"എന്താ, അങ്ങനെ പറഞ്ഞത്?"

"എഴുതിക്കൂട്ടിയതെല്ലാം വെറും കയ്യെഴുത്തു പ്രതിയായി ഷെല്‍ഫിലിരുന്നേക്കുമോ എന്നു ഞാന്‍ വല്ലാതെ ഭയന്നിരുന്നു."

"ഒന്നുമില്ല. പെട്ടെന്നുതന്നെ തീര്‍ക്കണം. ക്ലൈമാക്സ്, കൃതി പ്രകാശിതമാകുന്ന ദിവസമാകും സംഭവിക്കുക. അതു സങ്കല്പിച്ചെഴുതണ്ട. തത്ക്കാലം നോവലിന്‍റെ ക്ലൈമാക്സ സമൂഹം തീരുമാനിക്കട്ടെ. രചയിതാവ് കുറേ സത്യങ്ങള്‍ വിളിച്ചുപറഞ്ഞിട്ടു മാറിനില്ക്കാം; എന്താ?"

"എനിക്കു സമ്മതം. ഇനി രംഗത്തുവരാത്ത ഒരു പ്രധാന കഥാപാത്രമുണ്ട്. അനീഷ്! സുധീഷേട്ടന്‍റെ മകന്‍. അവന്‍ ഗള്‍ഫില്‍ പോയതായിട്ടു മാത്രമേ വിവരമുള്ളൂ. എവിടെ, എങ്ങനെ ജീവിക്കുന്നു എന്നറിയില്ല. ഒരിക്കല്‍പ്പോലും നാട്ടില്‍ മടങ്ങിവന്നിട്ടില്ല."

"അവന്‍ നാടിനെയും അച്ഛനമ്മമാരെയും കഠിനമായി വെറുക്കുകയായിരിക്കും. ഒരിക്കലും സ്വന്തം നാട്ടിലേക്ക് അവന്‍ തിരിച്ചുവരാതിരിക്കാനാണു സാദ്ധ്യത."

"ശരിയാണ്. അച്ഛന്‍ മ്ലേച്ഛവും ക്രൂരവുമായി തെറ്റു ചെയ്തു ജയിലില്‍! അമ്മ മറ്റൊരുത്തനൊപ്പം ഒളിച്ചോടിയിരിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു ചെറുപ്പക്കാരന് എങ്ങനെ സ്വന്തം മണ്ണിലേക്കു മടങ്ങിവരാന്‍ തോന്നും? സമൂഹമൊന്നാകെ അവനെ ഒറ്റപ്പെടുത്തുമെന്നു തീര്‍ച്ചയല്ലേ?"

"എഴുത്തില്‍ അനീഷിനെ വിട്ടുകളയരുത്. ഒരു കൊലപാതകം നിരപരാധിയായ ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന് ഉദാഹരണമാണ് അനീഷ്!"

"ശരത്, നമുക്കു സുധീഷേട്ടനെ ഒന്നു പോയി കാണണം. പാപികള്‍ക്കുവേണ്ടി കുരിശു ചുമക്കുകയും മുള്‍ക്കിരീടം ചൂടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്ത മനുഷ്യനാണ്" – അഖില പറഞ്ഞു

വേണം. എനിക്കാ മനുഷ്യനെ കാണാന്‍ വലിയ ആഗ്രഹമുണ്ട്. ലീവെടുത്തു നാളെത്തന്നെ പോയാലോ?"

"എനിക്കു സമ്മതം. ഇന്ന്, ഈ ലോകത്തു സുധീഷേട്ടന് ആത്മബന്ധമുളള വളരെ കുറച്ച് ആളുകളേയുളളൂ. വേദനകള്‍ പങ്കുവയ്ക്കാന്‍ ഒരു മനുഷ്യന് ആരെങ്കിലുമൊക്കെയില്ലെങ്കില്‍ പിടിച്ചുനില്ക്കാനാവില്ലല്ലോ. ജയിലര്‍ ദേവദത്തന്‍ സുധീഷേട്ടന്‍റെ സ്നേഹിതനാണ്. അദ്ദേഹം പക്ഷേ തടവുകാര്‍ക്കൊപ്പം മറ്രൊരു തടവുപുള്ളിയെപ്പോലെ ജീവിക്കുകയാണ്" – അഖില പറഞ്ഞു.

"ഇത്രയും നമ്മള്‍ കണ്ടുമുട്ടാത്ത ഒരാള്‍കൂടിയുണ്ടല്ലോ; ഒരു സുപ്രധാന വ്യക്തി?"

"അതാരാണ്?"

"മഹോന്നത വ്യക്തിയുടെ ഭാര്യ; ഡോ. ആന്‍ മേരി! ഭര്‍ത്താവു ചെയ്ത കൊടുംപാതകത്തിന്‍റെ ശാപം ഭയന്നു സുധീഷിന്‍റെ ബാങ്കിലെ കടം വീട്ടിയ ത്യാഗിനിയായ സ്ത്രീ."

"അവരെയും കാണേണ്ടതായിരുന്നു. നമ്മള്‍ ചെന്നു കണ്ടാല്‍ അവര്‍ അപകടം മണക്കും. സമൂഹത്തിന്‍റെ മുമ്പില്‍ ഭര്‍ത്താവിന്‍റെ മുഖംമൂടി അഴിഞ്ഞുവീണാല്‍ അതവര്‍ക്കും വലിയ അപമാനം വരുത്തും. നമ്മുടെ നീക്കങ്ങള്‍ മഹാന്‍റെ ചെവിയിലെത്തുകയും നമ്മുടെയൊക്കെ ജീവന്‍ തന്നെ അപകടത്തിലാകുകയും ചെയ്തേക്കാം."

"ശരിയാണ്. സുധീഷിനോടു ചോദിച്ച് നമുക്കുവരെക്കുറിച്ചറിയാം" – ശരത് പറഞ്ഞു.

പിറ്റേന്നു രാവിലെ പതിനൊന്നുമണിയായപ്പോള്‍ സുധീഷിന്‍റെ വീടിന്‍റെ സമീപത്തു ശരതും അഖിലയും കാറില്‍ ചെന്നിറങ്ങി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org