എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 17

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 17

മാത്യൂസ് ആര്‍പ്പൂക്കര

"അമ്മ കരയുകയാണോ?… എന്ത്?… എന്തുപറ്റി?…" ഉദ്വേഗപൂര്‍വ്വം കിഷോര്‍ വീണ്ടും ചോദിച്ചു.
"ആ പെങ്കൊച്ച്, അപര്‍ണമോള് അടുത്തെങ്ങാനുമൊണ്ടോ മോനേ!…" അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന മറുചോദ്യം.
"ഇല്ല… അമ്മ കാര്യം പറയ്…" അവന്‍ അറിയിച്ചപ്പോള്‍ അമ്മ തുടര്‍ന്നു: "മോനേ!… നമ്മുടെ അപ്പന്‍ ഇന്നു രാവിലെ തിണ്ണേല്‍ ഒറ്റയ്ക്കിരുന്നു കരേണു!… ഞാനൊരിക്കലും അപ്പന്‍ അങ്ങനെ കണ്ണീര്‍വാര്‍ക്കുന്നതു കണ്ടിട്ടില്ല!…"
"അമ്മ പറഞ്ഞു വരണത്?…" കിഷോറിന്റെ ആകാംക്ഷ വര്‍ദ്ധിച്ചു.
"നീ നഴ്‌സിംഗ് പഠിച്ച് ന്യൂസിലന്റിലോ അയര്‍ല ന്റിലോ പോയിട്ട് നമുക്കൊ രു മാറ്റം അപ്പന്റെ വല്യ സ്വപ്നമാര്‍ന്നു… ഇല്ലാത്ത കാശുണ്ടാക്കി നിന്നെ പഠിപ്പിച്ചതു ആ സ്വപ്നത്തിലാര്‍ന്നു. ഇനിയിപ്പോ, അതു വല്ലതും നടക്കോ?…"
"അമ്മേം അപ്പനും അനാവശ്യകാര്യങ്ങള്‍ ചി ന്തിച്ചു തലപുണ്ണാക്കണ്ടാ…" കിഷോറിനു ശുണ്ഠി തോന്നി.
"മോനേ, കുറ്റപ്പെടുത്താനല്ല… ഇവിടുത്തെ സ്ഥിതിയൊക്കെ നിനക്കറിയാല്ലോ…" കത്രീന കണ്ണീരോ ടെ തുടര്‍ന്നു: "അവസാനം എന്റെ താലിമാല വരെ പണയം വച്ചാണ് ഇവിടത്തെ കാര്യങ്ങള്‍ നടത്തിവിട്ടത്. ഇനി പണയം വയ്ക്കാന്‍ കൂടി ഒന്നുമില്ല. എന്റെ കമ്മലും നിമിഷേടെ കാതിലെ ജിമുക്കിക്കമ്മലുമൊണ്ട്… അപ്പന്‍ കൂലിപ്പണിക്കും ഞാന്‍ ഹോട്ടല്‍ പാചകത്തിനും പോയേ പറ്റൂ… സ്വര്‍ഗ്ഗംപോലൊരു വീട്ടീന്നു മാലാഖപോലൊരു പൊങ്കൊച്ചിനെ മോന്റെ ജീവിതത്തിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നേ?… അതിന്റെ അന്തസ്സിനൊത്തു ജീവിതം കൊടുക്കാന്‍ ഞങ്ങളെക്കൊണ്ടാകില്ലല്ലോ! അതോര്‍ത്താ അപ്പന്റെ വിഷമം! നിനക്ക് എത്രത്തോളമാകും?… എങ്ങനെ ജീവിക്കേണ്ട പെങ്കൊച്ചാ?… നിനക്കതിനെ സംതൃപ്തയാക്കാന്‍ പറ്റ്വോ?.. പഴമക്കാര്‍ പറഞ്ഞിട്ടൊണ്ട്… കൊക്കിലൊതുങ്ങുന്നതേ കൊത്താവൂന്ന്. തന്നിലെളിയ ബന്ധുതയേ നിലനില്‍ക്കൂ… താണനിലത്തേ നീരോടൂ… ജാസ്തി ഫലം ചൂടത്തൊള്ളൂ എന്നൊക്കെ…"
"അമ്മ പറഞ്ഞു തീര്‍ന്നോ?…" കിഷോര്‍ ദേഷ്യപ്പെട്ടു. "വായില്‍ വരുന്നതൊക്കെ തുന്നുവിടാത്… സമാധാനപ്പെട്… ഞങ്ങള്‍ ക്കു രണ്ടാള്‍ക്കും ജോലിയൊണ്ട്… അന്തസ്സായി ജീവിക്കും. അതോര്‍ത്ത് അപ്പനും അമ്മേം ബേജറാവണ്ടാ… ഭാവി കാര്യങ്ങള്‍ വരുന്നതുപോലെ അനുഭവിക്കും… അമ്മേ, രണ്ടാളും വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടണ്ടാ…"
"ഇല്ല മോനെ… നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല…" കത്രീന ഗദ്ഗദകണ്ഠയായി പറഞ്ഞു. "നമ്മുടെ കാര്യങ്ങളൊക്കെ ഓര്‍ത്ത പ്പം അപ്പനും എനിക്കും സങ്കടം വന്നു. ആ പെങ്കൊച്ചിനെ നീ ഒരിക്കലും വിഷമിപ്പിക്കരുത്. നിന്നെ വിശ്വസിച്ചു കൊട്ടാരംവീട് വിട്ടിറങ്ങിപ്പോന്നതാ…"
വാസ്തവത്തില്‍ അമ്മയുടെ പരിദേവനം പറച്ചില്‍ അവന്റെ ഉള്‍ക്കാമ്പില്‍ കല്ലുമഴ പെയ്യിച്ചു. നനവിറങ്ങി. അപര്‍ണയുടെ വയറ്റില്‍ പിറവിയെടുത്ത ആ സന്തോഷവാര്‍ത്തപോലും പറയാന്‍ മറന്നു. അഥവാ പറയാന്‍ തോന്നിയില്ല.
രണ്ടുപേര്‍ക്കും ശമ്പളം കിട്ടിയ ദിവസം കിഷോറിനു അത്ഭുതമുളവാക്കിയ സംഭവമുണ്ടായി.
"കിഷോര്‍, നിന്റെ ശമ്പളം ഞായറാഴ്ച തന്നെ പോയി വീട്ടില്‍ കൊട്… അപ്പനും അമ്മയ്ക്കും പണം വേണ്ടേ?…" അപര്‍ണ പറഞ്ഞു.
"വീട്ടിലിപ്പം പണത്തിന്റെ ആവശ്യമില്ല. അപര്‍ണയുടെ ശമ്പളം കൊണ്ടുമാത്രം നമുക്കു ജീവിക്കാനാകുമോ?… വാടക കൊടുക്കണ്ടേ?…" കിഷോര്‍ അനുനയത്തില്‍ അവളോട് പറഞ്ഞു.
"ഒള്ളതുകൊണ്ട് ജീവിക്കാനാകണം. മാതാപിതാക്കളെ സഹായിക്കണ്ടേ?…. അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകരുത്… നമ്മുടെ കാര്യങ്ങള്‍ എങ്ങനെയും നടക്കും… മാതാപിതാക്കളെയും നിന്റെ അനിയത്തി നിമിഷയേയും മറന്നുകൊണ്ട് നീ ജീവിക്കരുത്…"
വെള്ളപ്രാവിന്റെ ചിറകടിയൊച്ച കാതുകളില്‍ ഉയര്‍ന്നു. സമാധാനത്തിന്റെ, സന്തോഷത്തിന്റെ തൂവെള്ള പ്രാവ്! അവന്റെ മനസ്സ് ഇലപൊഴിച്ചു നില്‍ക്കുന്ന പ്ലാമരമായിരുന്നു. അതിപ്പോള്‍ നിറയേ പൂവിട്ടു നില്‍ക്കുന്നു!…
ഞായറാഴ്ച രാവിലെ തന്നെ അവന്‍ യാത്രയായി. അതിനിടയില്‍ ഒരു കാര്യമോര്‍ത്തു. ഇന്നു ദളിത് ക്രിസ്ത്യന്‍ സംസ്ഥാന സമ്മേളനമാണ്. ചങ്ങനാശ്ശേരി എസ്ബി സ്‌കൂള്‍ ഹാളില്‍ വച്ചാണു നടക്കുന്നത്. വീട്ടുകാര്‍ മുന്നു പേരും അവിടെയായിരിക്കും. അവന്‍ ബൈക്ക് റോഡ്‌സൈഡില്‍ ചേര്‍ത്തുനിര്‍ത്തിയിട്ട് അപ്പനെ ഫോണ്‍ ചെയ്തു. വിവരങ്ങള്‍ തിരക്കി. അപ്പന്‍ തന്മയത്വത്തോടെ അറിയിച്ചു.
"മോനേ നീ, വാകത്താനത്തിനു വരണ്ടാ… തിരുവല്ലയില്‍ നിന്നും നേരേ ചങ്ങനാശ്ശേരിക്കു വന്നാല്‍ മതി. എസ്ബി സ്‌കൂളിന്റെ ഗേറ്റിങ്കല്‍ വരുമ്പം വിൡാമതി. കണ്ടു സംസാരിച്ചിട്ടു പോകാമല്ലോ…"
കിഷോര്‍ ബൈക്കില്‍ സ്‌കൂള്‍ഗേറ്റ് കടന്നുചെന്നു. സംസ്ഥാന സമ്മേളന നഗരിയില്‍ നിറഞ്ഞിരിക്കുന്ന പ്രതിനിധികളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തുകൊണ്ട് കലൂര്‍ മരിയദാസിന്റെ പ്രസംഗം. ഉച്ചഭാഷിണിയിലൂടെ ഒഴുകി. "ഒരു ജസ്റ്റീസ് സണ്‍ഡേ കൂടി കടന്നുപോയി. ഓഗസ്റ്റ് 19 നീതി ഞായര്‍. നീതി തേടുന്ന ദളിത് ക്രൈസ്ത വര്‍ ഭാരത സഭയിലും സൊസൈറ്റിയിലും നേരിടുന്ന അവഗണനയ്ക്കും അന്യായങ്ങള്‍ക്കും ഒരു ഓപ്പണ്‍ വിചാരണയാണീ വലിയ സമ്മേളനത്തില്‍ അരങ്ങൊരുക്കുക… എല്ലാ വര്‍ഷവും നീതി ഞായര്‍ ആചരണത്തിലൂടെ ദലിത് ക്രൈസ്തവരുടെ തീരാത്ത പ്രശ്‌നങ്ങള്‍ കത്തോലിക്കാ മനസ്സുകളില്‍ സജീവമാക്കിത്തീര്‍ക്കുന്നു. സത്യത്തില്‍ ദളിതര്‍ ഇന്നെവിടെയാണ്? അവരുടെ ഉന്നമനം എവിടെ നില്‍ക്കുന്നു?… ഭാരതത്തില്‍ ജാതി വ്യവസ്ഥയുടെ ഇരകള്‍ക്ക് "ദലിത്" എന്ന പദം ജനകീയമാക്കിയ ആ മഹാമനുഷ്യനെ ഡോ. ബി.ആര്‍. അംബേദ്കറെ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍ത്തുപോകുന്നു…." കലൂര്‍ മരിയദാസിന്റെ കാര്യമാത്ര പ്രസക്തമായ വാക്കുകള്‍ നീണ്ടു. പിന്നേ പ്രസംഗിച്ചത് ദേവലോകം കുട്ടന്‍ ജോസഫാണ്. കിഷോറിന്റെ മാമന്‍.
ഹാളിനുവെളിയില്‍ വരാന്തയില്‍ കിഷോര്‍ മാതാപിതാക്കളുമായി സംസാരിച്ചു. മകന്‍ പണം നല്കിയപ്പോള്‍ കുട്ടച്ചി വാ ങ്ങാന്‍ മനസ്സ് കാണിച്ചില്ല.
"നിങ്ങള് സുഖമായി ജീവിക്കാന്‍ നോക്ക്… ആ പൊങ്കൊച്ചിനെ നീ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുത്… ഞങ്ങള്‍ക്കിപ്പം പണമൊന്നും വേണ്ടാ… നിന്റെ കൈവശമിരിക്കട്ടെ…"
എങ്കിലും അവന്‍ നിര്‍ബന്ധിച്ച് അപ്പനെ പണം ഏല്പിച്ചു.
"നിന്റെ കല്യാണക്കാര്യങ്ങളാ ഇവിടെ എല്ലാവരും ചോദിക്കണേ…" അമ്മ അറിയിച്ചു. "നിമിഷേടെ മൊബൈല്‍ ഫോണില്‍ അപര്‍ണമോടെ ഫോട്ടോ കാണാന്‍ തിരക്കാര്‍ന്നു!…"
ഇതിനിടയില്‍ കിഷോറിനു കൂട്ടുകാരുടെ നിരന്തരമായ ഫോണ്‍കോള്‍. അവരൊക്കെ പറഞ്ഞ സമയത്തിനകം ചങ്ങനാശ്ശേരിയിലെത്തി.
"ഇന്നു ചെലവാഘോഷിക്കാന്‍ പറ്റിയ ദിവസം." കൂട്ടുകാര്‍ അവനെ കൂട്ടിപോയി.
ഉച്ചയായപ്പോള്‍ അപര്‍ണ വാടകവീട്ടില്‍ നിന്നും പുറത്തുപോയി. ഉച്ചഭക്ഷണം പാഴ്‌സല്‍ വാങ്ങിക്കൊണ്ടു വന്നു കഴിച്ചു. പിന്നെ ബാഗെടുത്തു നോക്കി. അതില്‍ കുറേ ഉടുതുണികളും സ്വര്‍ണാഭരണങ്ങളും. അവളുടെ സ്വര്‍ണാഭരണങ്ങള്‍.. എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ കൊണ്ടുപോന്നത്. ബാഗിന്റെ ഇന്നര്‍ കള്ളിയില്‍ കിടന്ന ഡയറിയില്‍ നിന്നും അതേ പഴയ ഫോട്ടോ താഴേയ്ക്കു ഊര്‍ന്നുവീണു.
ഗബ്രിയേല്‍ മാലാഖയും മിഖായേല്‍ മാലാഖ യും റപ്പായേല്‍ മാലാഖയും വര്‍ണച്ചിറകു വിരിച്ചു നില്‍ക്കുന്ന വടക്കേടത്ത് തറവാടിന്റെ എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ ചിത്രം. പപ്പയുടെ മുത്തച്ഛന്‍ രൂപകല്പന ചെയ്ത എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ മുഖച്ചിത്രം!… ക്രോവേന്‍മാരും സ്രാപ്പേന്മാരും എവിടെ?… അപര്‍ണ വെറുതെ ആലോചിച്ചിരുന്നു.
"എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ മാലാഖമാര്‍ അവളെ തെരുവിലെറിഞ്ഞിട്ടുപോയി… ഇപ്പോളവള് ലൂസിഫറിന്റെ കൈപ്പിടിയിലാ… ആ ദുഷ്ടാത്മാക്കളാ അവള്‍ക്കു ചുറ്റും!…" ഹൈക്കോടതി വളപ്പില്‍ വച്ച് വിനോദ്‌ചേട്ടന്റെ ആക്രോശം ഇപ്പോളും കാതുകളില്‍ മുഴങ്ങുമ്പോലെ!…
ചേങ്ങിലയുടെ മുഴക്കം! നിലയ്ക്കാത്ത മുഴക്കം!!…
മൊബൈല്‍ ഫോണില്‍ മെസേജിന്റെ ബീപ് സൗണ്ട്!… അവള്‍ നോക്കി. കിഷോറിന്റെ മെസേജ്… കൂട്ടുകാര്‍ പിടികൂടി… ഞാന്‍ വരാന്‍ അല്പം താമസിക്കും…. മനസ്സില്‍ ഈര്‍ഷ്യ പതയുമ്പോള്‍ പെരുമ്പാവൂരില്‍ നിന്നും ബെറ്റിയാന്റിയുടെ ഫോണ്‍കോള്‍.
"അപര്‍ണമോളെന്തെടുക്കുന്നു?… സുഖാണോ?…" കുഞ്ഞാന്റീ വാത്സല്യത്തോടെ ചോദിക്കുന്നു. "ഹണിമൂണൊക്കെ നന്നായി പോകുന്നോ?… മൂന്നാറിലോ, ഊട്ടിയിലോ, ബാംഗ്ലൂരിലോ, നൈനിറ്റാളിലോ, എന്തിനു വിദേശത്തു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സെലക്ട് ചെയ്തു ഹണിമൂണാഘോഷിച്ചിട്ടുള്ളവരാണല്ലോ എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ പെണ്‍കുട്ടികള്‍?…"
"കുഞ്ഞാന്റീ, ഞാനായിട്ട് അതിനൊരു ചേഞ്ചായിക്കോട്ടെ… കാലത്തിനും ജീവിതത്തിനുമൊക്കെ മാറ്റം വേണമല്ലോ… ഹണിമൂണൊക്കെ ഞങ്ങടെ ഓള്‍ റെഡി ഓവര്‍… ഇനി പച്ചയായ ജീവിതം!… പരുക്കന്‍ ജീവിതം!… ഇനി ഞങ്ങടെ ആകാശത്തിനു താഴെ തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം. അത്രമാത്രം!…."
"കിഷോര്‍ എന്തെടുക്കുന്നു മോളെ…."
"കിഷോര്‍ വാകത്താനം വരെ പോയിരിക്കയാ… പേരന്റ്‌സിനെ കാണാന്‍… സന്ധ്യയ്ക്കു മുമ്പേ എത്തും" അവളറിയിച്ചു. "ഞാന്‍ ടിവി കണ്ടിരിക്കയാര്‍ന്നു…"
"മോളേ പെരിയാറ്റിലൂടെ ഇതിനകം ഒരുപാട് വെള്ളം ഒഴുകിപ്പോയി… എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലും കുറേ കാര്യങ്ങളൊക്കെ സംഭവിച്ചു!…"
"എന്താ കുഞ്ഞാന്റീ… ഡീറ്റൈലായിട്ട് പറയ്… ഞാനറിയട്ടെ…" അപര്‍ണ യ്ക്കു ആകാംക്ഷയേറി.
"നിന്റെ പപ്പ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയിട്ടും ഹെല്‍ത്ത് കണ്ടീഷന്‍ ശരിയായിട്ടില്ല. ഇടയ്ക്കിടേ ഹോസ്പിറ്റലില്‍ പോകുന്നൊണ്ട്. ഒരസുഖോമില്ലാതിരുന്ന ജോര്‍ജിക്കിപ്പം രോഗങ്ങളുടെ ബഹളം! പരിശോധനകളുടെ ബഹളം! എന്തെല്ലാം സ്‌കാനിംഗ്! ജോര്‍ജി ഇപ്പോള്‍ അസുഖങ്ങളുടെ മനുഷ്യരൂപമായിരിക്കുകയാണ്. ലിവറും കിഡ്‌നിയും അത്ര നല്ല ഫങ്ഷനിങ്ങിലല്ല. ഷുഗര്‍ ലെവല്‍ ഹൈയാണ് എന്നുവേണ്ട ഹെല്‍ത് കംപ്ലയ്ന്റ്‌സ് മാത്രം!…."
"പപ്പേടെ കാര്യമോര്‍ത്തു ഞാന്‍ തന്നെയിരുന്നു കരയാറുണ്ട്. കുഞ്ഞാന്റീ…"
"മോളറിഞ്ഞോ?…" ബെറ്റിയാന്റി അറിയിച്ചു. "ജോര്‍ജി ഇനി ജോലിക്കു പോണില്ല. വിആറെസെടുത്തു…" നിമിഷനേരം കഴിഞ്ഞ് ബെറ്റിയാന്റി തുടര്‍ന്നു: "ജിമ്മീം നിമ്മീം അമേരിക്കേന്നു വന്നിട്ടൊണ്ട്…? മോളെ വിളിച്ചാര്‍ന്നോ?"
"അവര്‍ കാലിഫോര്‍ണിയായില്‍നിന്നും പുറപ്പെടുംമുമ്പേ എന്നെ വിളിച്ചിരുന്നു. ഞാന്‍ പ്രഗ്‌നന്റാണെന്നറിഞ്ഞ് രണ്ടുപേരും കണ്‍ഗ്രാറ്റ്‌സ് അറിയിക്കുകയും ചെയ്തു…"
"അവരുടെ പുതിയ വീടിന്റെ ബ്ലസിങ്ങും വാസ്‌തോലിയുമൊക്കെ ഉടനുണ്ടാകും. കോണ്‍ട്രാക്ടര്‍ താക്കോല് കൈമാറാറായെന്നാ കേട്ടത്. ഒരേക്കറിലൊരു സ്റ്റൈലന്‍ വീട്!… മോളേ, അവിടെ അടുത്താണല്ലോ. ചങ്ങനാശ്ശേരിയില്‍ കുരിശുംമൂടിനടുത്താണ്…"
"എനിക്കറിയാം കുഞ്ഞാന്റീ… കഴിഞ്ഞവര്‍ഷം ജിമ്മിച്ചാച്ചനും നിമ്മയാന്റിം വന്നപ്പള് ഞാന്‍ പോയി ക ണ്ടായിരുന്നു… മെയ്ന്‍ റോഡ്‌സൈഡ് നല്ല പ്ലോട്ട്…"
"മോളെ മറ്റൊരു പ്രധാന കാര്യം കൂടി പറയാനൊണ്ട്… ജോര്‍ജി കുടുംബസ്വത്തുക്കള്‍ ഷെയര്‍ ചെയ്യുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്‌തെന്നറിഞ്ഞു. ഭൂസ്വത്ത് ഷൈനിക്കും നവോമിക്കുമൊക്കെയുണ്ട്. അപര്‍ണമോള്‍ക്കു ഒരഞ്ചുസെന്റ് സ്ഥലം പോലും വയ്ക്കാന്‍ വിനോദ് സമ്മതിച്ചില്ല. നിനക്കു ഭൂസ്വത്ത് വീതം വച്ചാല്‍ അവന്‍ എയയ്ഞ്ചല്‍ ഗാര്‍ഡന്‍സിലുണ്ടാവില്ലെന്നു തീര്‍ത്തു പറഞ്ഞിരിക്കയാ… അവനത്ര വാശിയിലാ… എയ്ഞ്ചല്‍ ഗാര്‍ഡന്‍സീന്ന് അപര്‍ണമോള് ചത്തുപോയെന്നാ അവന്റെ ഭാഷ്യം… മോളെപ്പറ്റി അവിടെ ആര്‍ക്കും മിണ്ടാന്‍പോലും പറ്റില്ലത്രേ…"
"കുഞ്ഞാന്റീ, ഞാന്‍ തല്ക്കാലം വഴക്കിനൊന്നിനുമില്ല. ഞാനും കിഷോറും സ്‌തേഫാനോസച്ചനെ കാണാന്‍ പോണൊണ്ട്…"
അപര്‍ണ ശാന്തമായി അറിയിച്ചു. അവള്‍ തുടര്‍ന്നു, "വിനോദ് ചേട്ടന്‍ എല്ലാം വെട്ടിപ്പിടിച്ചു ജീവിക്കട്ടെ.. ഞാനിങ്ങനെ ഇറങ്ങിപ്പോന്നതിന്റെ ദുര്‍വവാശി!… എനിക്കു പപ്പ സമ്മതത്തോടെ തരുന്നതെന്താന്നു വച്ചാലതു മതി…"
"ജിമ്മിയുമായി ജോര്‍ജി, അപര്‍ണമോടെ കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തതായി അറിയാന്‍ കഴിഞ്ഞു. എന്താന്നു കാത്തിരിക്കാം…"
ബെറ്റി ഫോണ്‍ കോള്‍ അവസാനിപ്പിച്ചപ്പോളേയ്ക്കും അപര്‍ണയ്ക്കു വിഷമം തോന്നി. സമ്മിശ്ര വിചാരങ്ങള്‍ മനസ്സിലേക്കു കുത്തിയൊഴുകി. മലവെള്ളം പോലെ. വല്ലാത്തൊരു ഏകാന്തത!… ഏകാന്തതയെ വിഴുങ്ങുന്ന ദുഃഖങ്ങള്‍!… കൊട്ടാരം വീട്ടിലെ കാര്യങ്ങളോര്‍ത്ത് അവള്‍ മുഖംപൊത്തി പൊട്ടിക്കരഞ്ഞു.
പകലിനെ ഇരുള്‍ വിഴുങ്ങുകയാണ്. സ്വന്തം കുഞ്ഞുങ്ങളെ വിഴുങ്ങുന്ന ആമസോണ്‍ നദിയിലെ അനക്കോണ്ടപ്പാമ്പുകള്‍ ഇരുളില്‍ ഇഴഞ്ഞിറങ്ങി. കിഷോര്‍ ഇനിയും എത്തിയില്ല! എന്തേ താമസിക്കുന്നു?… ഇമ്മാതിരി താമസിക്കുക പതിവില്ലല്ലോ?… അവള്‍ ഫോണ്‍ ചെയ്തു. സ്വിച്ചോഫ്!… മനസ്സില്‍ നൂറായിരം വേവലാതികള്‍ അനക്കോണ്ടകളെപ്പോലെ ഇഴഞ്ഞിറങ്ങി.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org