ഒരു കുടുംബകഥ കൂടി… അധ്യായം 26

ഒരു കുടുംബകഥ കൂടി… അധ്യായം 26

വിനായക് നിര്‍മ്മല്‍

അഭിനയം… നാടകം… നടി… നെഞ്ചുവേദന… ഐസിയു…

ഡോക്ടര്‍ ബിന്‍സി പറഞ്ഞ വാക്കുകള്‍ തനിക്ക് ചു റ്റിനും കടന്നലുകളെപ്പോലെ ആര്‍ത്തിരമ്പുന്നതായി ബിനുവിന് തോന്നി. അവ തന്നെ ആക്രമിക്കുന്നതുപോലെയും…

അവന്‍റെ ഓര്‍മ്മയിലേക്ക് അപ്പച്ചന്‍റെയും അമ്മച്ചിയുടെയും വിവാഹവാര്‍ഷിക നിമിഷങ്ങള്‍ കടന്നുവന്നു. ഈ ചടങ്ങ് നടക്കണമെങ്കില്‍ ഇവരെല്ലാം സാക്ഷി നിര്‍ത്തി നീയെനിക്ക് ഒരു വാക്ക് നല്കണം. അമ്മച്ചിയുടെ നിര്‍ദ്ദേശം

എന്ത്? തന്‍റെ ചോദ്യം.

കല്യാണം കഴിക്കാന്‍ സമ്മതമാണെന്ന്…

ഈ അമ്മച്ചിയെന്നതാ ഇപ്പറയുന്നെ… ഞാന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് ഇവരോടെല്ലാം എന്നാത്തിനാ ഞാന്‍ പ്രഖ്യാപിക്കുന്നെ… അതെന്‍റെ വ്യക്തിപരമായ തീരുമാനമല്ലേ…?

അതെ, നിന്‍റെ വ്യക്തിപരമായ തീരുമാനം തന്നെയാ. അതോണ്ടാണല്ലോ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നീയെനിക്ക് വഴങ്ങിത്തരാത്തത്. അതോണ്ടാ ഞാന്‍ പറയുന്നെ, ഇപ്പം നീയെനിക്ക് വാക്ക് തരണമെന്ന്…

ശ്ശോ… താന്‍ നെറ്റിക്കടിക്കുന്നത് ബിനു വീണ്ടും കണ്ടു.

ഈ അമ്മച്ചിക്ക് എന്നാത്തിന്‍റെ കേടാ…

നീ വാക്ക് പറയാതെ ഇവിടെ കേക്ക് മുറിക്കില്ല… ഇവിടെയൊരു ചടങ്ങും നടക്കുകേലാ… ഇവരെയെല്ലാം ഞാന്‍ തിരിച്ചയ്ക്കും. അതിന്‍റെ നാണക്കേട് നമുക്കെല്ലാവര്‍ക്കുമാ… കാരണം നമ്മുടെ ക്ഷണം സ്വീകരിച്ച് വന്നിട്ടുള്ളവരാ ഇവരെല്ലാവരും. അവരെ വെറുതെ പറഞ്ഞയ്ക്കുകാന്ന് വച്ചാ അത് വല്ലാത്ത ക്ഷീണമാ… നിനക്കെന്നെ അറിയാമല്ലോ, പറഞ്ഞാ പറഞ്ഞതാ…

നിസ്സഹായതയോടെയുള്ള തന്‍റെ നോട്ടം. ചടങ്ങ് കഴിയാതെ പോകാന്‍ തയ്യാറെടുക്കുന്ന ക്ഷണിക്കപ്പെട്ടവര്‍. വൈകി ഭക്ഷണം കഴിക്കുന്നതിന്‍റെയും ഗ്യാസിന്‍റെയും പേരില്‍ കലഹിക്കുന്ന ഔതച്ചായന്‍.

നിങ്ങള്‍ അമ്മയും മകനും തമ്മിലുള്ള നാടകത്തിന് ഞങ്ങളെയെന്നാത്തിനാ വിളിച്ചുവരുത്തിയതെന്ന അയാളുടെ ചോദ്യം വീണ്ടും മുഖത്ത് വന്നലയ്ക്കുന്നു.

കേക്ക് മുറിക്കാനുള്ള കത്തി കയ്യിലെടുത്ത് അപ്പനും അമ്മയ്ക്കും നേരേ നീട്ടുമ്പോഴും അത് വാങ്ങാതെ അമ്മച്ചിയുടെ നിര്‍ബന്ധം

നീ സമ്മതിക്ക്… അല്ലെങ്കില്‍ ഞാനിത് വാങ്ങില്ല…

സമ്മതം… വിവാഹം കഴിക്കാന്‍ എനിക്ക് സമ്മതം. തന്‍റെ വാക്കുകള്‍ മാസങ്ങള്‍ക്ക് പിന്നില്‍ നിന്ന് ബിനു വീണ്ടും കേട്ടു.

പിന്നെ ഐസിയു. അമ്മച്ചിക്ക് നെഞ്ചുവേദനയാണ് എന്നറിഞ്ഞ് ഉടലിന് തീപിടിച്ചതുപോലെ പാഞ്ഞുചെന്ന നി മിഷങ്ങള്‍. അമ്മച്ചിയെ മറ്റെവിടേയ്ക്കെങ്കിലും കൊണ്ടുപോകണമോയെന്ന തന്‍റെ ചോദ്യം… എവിടെ പോയാലും നിന്‍റെയൊക്കെ അടുത്തേക്കല്ലേ തിരികെ വരുന്നത്… നീ പേരമ്മയ്ക്ക് മനസ്സമാധാനം കൊടുക്കുമോയെന്ന് ബിന്‍സിയുടെ ചോദ്യം എന്തു സമാധാനമാ ഞാന്‍ അമ്മിച്ചിക്ക് കൊടുക്കേണ്ടത് എന്ന തന്‍റെ ചോദ്യം ഒടുവില്‍ അമ്മിച്ചിയുടെ കരം കവര്‍ന്ന് നെഞ്ചോടു ചേര്‍ത്തുള്ള തന്‍റെ വാഗ്ദാനം.

അമ്മിച്ചി എന്താന്നുവച്ചാ തീരുമാനിച്ചോ… ഞാന്‍…ഞാനായിട്ട് ഇനി ഒരു കാര്യത്തിനും തടസ്സം നില്ക്കുന്നില്ല.

ബിനുവിന്‍റെ മനസ്സിലൂടെ ആ രംഗങ്ങളെല്ലാം ഒരു ചലച്ചിത്രത്തിലെന്നതുപോലെ കടന്നുപോയി… അതെ, അത് കളവായിരുന്നു… അഭിനയമായിരുന്നു… ബിനുവിന് തളര്‍ച്ച തോന്നി… അമ്മിച്ചി തന്നോട് കള്ളം പറയുക… അമ്മിച്ചി തന്‍റെ മുമ്പില്‍ ഇല്ലാത്ത രോഗം അഭിനയിക്കുക.

അപ്പോള്‍ ഇതാണ് കാര്യം… എത്സയ്ക്ക് കാര്യങ്ങള്‍ പിടികിട്ടി. വിവാഹം കഴിക്കാന്‍ മനസ്സില്ലാതെ നടന്നിരുന്ന മകനെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കാന്‍ അമ്മ കണ്ടെത്തിയ മാര്‍ഗ്ഗം… വെറുതെയല്ല ഈ മകന് തന്നോട് സ്നേഹമില്ലാത്തത്… ഇഷ്ടമായതിനെ സ്വന്തമാക്കമ്പോഴേല്ലേ അതിനോട് താല്പര്യം തോന്നൂ… വിവാഹരാത്രിയിലെ പരാക്രമത്തിന് ശേഷം ബിനു തന്നെ ഇതുവരെ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലല്ലോയെന്നും എത്സ ഓര്‍മ്മിച്ചു. അന്ന് മാത്രം അങ്ങനെ സംഭവിച്ചു. അതിന് ശേഷം… ഇതൊക്കെ എന്താണ് അര്‍ത്ഥമാക്കുന്നത്… മറ്റാര്‍ക്കോ വേണ്ടിയുള്ള വിവാഹം… മറ്റാരെയോ സന്തോഷിപ്പിക്കാന്‍… അതിനിടയില്‍ ചതഞ്ഞരഞ്ഞ് പോയത് തന്‍റെ വിവാഹ സ്വപ്നങ്ങളാണ്. എത്സയുടെ ചിന്തകള്‍ ബിനുവിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും ത്രേസ്യാമ്മയെ പ്രതിക്കൂട്ടിലാക്കിയും മുന്നോട്ടുപോയി.

ആ സമയത്താണ് സോജന്‍റെ കാര്‍ ഗെയ്റ്റ് കടന്ന് മുറ്റത്തേയ്ക്ക് വന്നത്.

വീട്ടില്‍ വന്നാ ആളെ കാണാന്‍ കിട്ടില്ലെന്ന് പറഞ്ഞാ അത് വല്ലാത്ത കഷ്ടമാ കേട്ടോ.

ഡോര്‍ തുറന്ന് പുറത്തിറങ്ങിയ ലിസിയോടും പിന്നാലെ ഇറങ്ങിയ സോജനോടുമായി ബിന്‍സി പരിഭവിച്ചു.

അതിനല്ലേടീ ഇത്… സോജന്‍ മൊബൈല്‍ ഉയര്‍ത്തികാണിച്ചു.

നിനക്ക് ഫോണ്‍ വിളിച്ച് ഒരു അപ്പോയ്ന്‍റ്മെന്‍റ് ഫിക്സ് ചെയ്താല്‍ പോരായിരുന്നോ…?

ഓ പിന്നേ എന്നു വച്ചാ ഇങ്ങേര് ആരാ… ബിന്‍സി തമാശ ഭാവത്തില്‍ ചൊടിച്ചു.

അല്ല ഇവനെന്താടീ ഇടിവെട്ടേറ്റതുപോലെ നില്ക്കുന്നെ… ബിനു ഒന്നിനും പ്രതികരിക്കാതെ നില്ക്കുന്നത് കണ്ടപ്പോള്‍ സോജന്‍ ചോദിച്ചു.

അവനിപ്പോ വല്ലാത്തൊരു ഷോക്കിലാ… ബിന്‍സി മുഷ്ടി ചുരുട്ടി ബിനുവിന്‍റെ തോളത്ത് ഇടിച്ചുകൊണ്ട് കളിയായി പറഞ്ഞു.

കല്യാണം കഴിച്ചതിന്‍റെ ഷോക്ക് അവന് ഇതുവരെയും തീര്‍ന്നിട്ടില്ല. സോജന്‍ അറിയാതെ പെട്ടെന്ന് പറഞ്ഞുപോയി… ലിസി അയാളെ രൂക്ഷമായി നോക്കിക്കൊണ്ട് എത്സയെ കണ്ണു കാണിച്ചു. അപ്പോഴാണ് പറഞ്ഞുപോയതിന്‍റെ അബദ്ധം അയാള്‍ക്ക് മനസ്സിലായത്. സോജന്‍ വിളറിയ ഒരു ചിരി എത്സയ്ക്ക് സമ്മാനിച്ചു.

ഞാന്‍ അവനോട് ചില ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പറഞ്ഞു… അതിനാടകീയമായ ചലനങ്ങളായിരുന്നു ബിന്‍സിയുടേത്.

ഇവന്‍ കല്യാണം കഴിക്കാന്‍ ഇടയാക്കിയ ചില സാഹചര്യങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങള്‍…

ഞെട്ടിക്കുന്ന രഹസ്യങ്ങളോ… എന്തു രഹസ്യം…സോജന്‍ ചോദിച്ചു

ഇപ്പോള്‍ ബിന്‍സിക്ക് അങ്കലാപ്പായി. താന്‍ പറഞ്ഞവ അബദ്ധമായോ… അവള്‍ ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് നോക്കി… നടുങ്ങിത്തരിച്ചുനില്ക്കുന്ന മുഖങ്ങള്‍… അമ്പരപ്പ്… ആശങ്ക… തളര്‍ച്ച… ആകാംക്ഷ… വിവിധ ഭാവങ്ങള്‍… താന്‍ ഇപ്പോള്‍ ഭൂമി പിളര്‍ന്നുപോയിരുന്നുവെങ്കിലെന്ന മട്ടിലായിരുന്നു ത്രേസ്യാമ്മ. ബിന്‍സി നോക്കിയപ്പോള്‍ ത്രേസ്യാമ്മ ദയനീയമായി മുഖം ചലിപ്പിച്ചു. ഒന്നും പറയരുതേയെന്ന മട്ടില്‍…

താന്‍ പറഞ്ഞുപോയ വാക്കുകളുടെ ദുരന്തവും നടുക്കവും അപ്പോഴാണ് ബിന്‍സിക്ക് മനസ്സിലായത്… ബിന്‍സി വിയര്‍ത്തു തുടങ്ങി.

എല്ലാവര്‍ക്കും കൂടി പറഞ്ഞുചിരിക്കാവുന്ന ഒരു സംഭവമായി ഇതിനകം ബിനുവിന്‍റെ വിവാഹാലോചനയും വിവാഹവും മാറിക്കഴിഞ്ഞിട്ടുണ്ടാവാം എന്നാണ് ബിന്‍സി കരുതിയിരുന്നത്. പക്ഷേ ത്രേസ്യാമ്മയുടെ പതര്‍ച്ചയും ബിനുവിന്‍റെ അമ്പരപ്പും സോജന്‍റെ ചോദ്യങ്ങളും ഒരു കാര്യം വ്യക്തമാക്കിത്തന്നിരിക്കുന്നു.

ആശുപത്രിയില്‍ നടന്നത് ആരും അറിഞ്ഞിട്ടില്ല… ത്രേസ്യാമ്മ അത് ആരോടും പറഞ്ഞിട്ടുമില്ല.

പറയെടീ എന്നതാ ഇത്ര മാത്രം രഹസ്യം…? സോജന്‍ ചോദിച്ചു

രഹസ്യമോ… ബിന്‍സി പെട്ടെന്ന് പൊട്ടിച്ചിരിച്ചു

ഈ ചേട്ടായിയുടെ ഒരു കാര്യം… ഞാനൊരു തമാശ പറഞ്ഞതല്ലേ… അവള്‍ കൃ ത്രിമമായി ഉറക്കെ ചിരിച്ചു.

ഞാന്‍ യാത്ര പറയാനാ വന്നേ… അപ്പോ ശരി… എല്ലാ വരേം കണ്ടു… എന്നാ ഞാന്‍ വണ്ടി വിടട്ടെ… ബിന്‍സിക്ക് എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നേയുണ്ടായിരുന്നുള്ളൂ. തന്‍റെ നാവുപിഴയെ അവള്‍ പഴിച്ചു. ശപിച്ചു. ബിന്‍സി ഡോര്‍ തുറ ന്ന് അകത്തേ യ്ക്ക് കയറാന്‍ ഭാവിച്ചപ്പോള്‍ ബിനു തടഞ്ഞു.

നീ ബാക്കികൂടി പറഞ്ഞിട്ടു പോയാ മതി…

ബിന്‍സി വീണ്ടും ധര്‍മ്മസങ്കടത്തിലായി… അവള്‍ ദയനീയതോടെ ത്രേസ്യാമ്മയെ നോക്കി. ത്രേസ്യാമ്മ ഒന്നും കാണാന്‍ കരുത്തില്ലാതെ ആകാശത്തിലേക്ക് മുഖമുയര്‍ത്തി നിന്നു. ദൈവമേ ഇപ്പോള്‍ എല്ലാം അവസാനിക്കാന്‍ പോവുകയാണല്ലോ… ഇത്രയും നാള്‍ ആരോടും പറയാതിരുന്നത്… അന്ന് സോജന്‍റെ ദേഷ്യപ്പെടലില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി കളിച്ച നാടകമായിരുന്നു അത്. ഇപ്പോഴത് എല്ലാവരുടെയും മുമ്പില്‍ വച്ച് അനാവരണം ചെയ്യപ്പെടും. എല്ലാവരും തന്നെ കുറ്റപ്പെടുത്തും… താന്‍ ഈ നിമിഷം മരിച്ചുപോയിരുന്നുവെങ്കിലെന്ന് ത്രേസ്യാമ്മ ആഗ്രഹിച്ചു. താന്‍ എന്തെല്ലാം പ്ലാന്‍ ചെയ്തിട്ടും ബിനുവിന് തന്‍റെ ജീവിതത്തില്‍ സന്തോഷിക്കാന്‍ കഴിയുന്നുമില്ലല്ലോ… അതാണ് ത്രേസ്യാമ്മയെ തളര്‍ത്തിക്കളഞ്ഞത്.

ബിനുവും എത്സയും താന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള കുടുംബജീവിതമാണ് നയിച്ചിരുന്നതെങ്കില്‍ ഇതൊന്നും പ്രശ്നമാവില്ലായിരുന്നു. താന്‍ തന്നെ ഇക്കാര്യം അവരോട് തുറന്നുപറയുകയും ചെയ്യുമായിരുന്നു. കല്യാണം കഴിക്കുന്നില്ലെന്ന് പറഞ്ഞുനടന്നിരുന്നവന്‍ ഇപ്പോ കല്യാണം കഴിച്ചിട്ട് എങ്ങനെയുണ്ട് എന്ന് വെല്ലുവിളിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ അതൊക്കെ തന്‍റെ വെറും മോഹങ്ങള്‍ മാത്രമായിരിക്കുന്നു…

താന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. സമര്‍ത്ഥമായി എല്ലാവരും കൂടി തന്നെ തോല്പിച്ചുകളഞ്ഞിരിക്കുന്നു… ബിനുവിന് അങ്ങനെയാണ് തോന്നിയത്. ഇല്ലാത്ത ചങ്കുവേദനയുടെ പേരില്‍ താന്‍ പറഞ്ഞ വാക്ക് മാറ്റാതിരിക്കാന്‍ വേണ്ടി അമ്മച്ചി കളിച്ച നാടകം… അതോ എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടോ? ബിനുവിന് എല്ലാവരോടും ദേഷ്യം തോന്നി… പക തോന്നി… പുച്ഛം തോന്നി. എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്… എന്നിട്ട് എല്ലാവരും എന്തു നേടി… തന്നെ വച്ച് ഓരോരുത്തരും സ്വന്തം ആഗ്രഹം സാധിച്ചിരിക്കുന്നു… ബിനുവിന്‍റെ ചിന്തകള്‍ അങ്ങനെയാണ് കാടുകയറിയത്.

എന്തു പറയാനാടാ… സോജന്‍ ബിനുവിനോട് ചോദിച്ചു.

അപ്പോ ചേട്ടായി ഒന്നും അറിഞ്ഞിട്ടില്ലേ…?

എന്ത്? സോജന് ദേഷ്യം വന്നു.

അമ്മിച്ചീടെ അന്നത്തെ നെഞ്ചുവേദന വെറും നാടകമായിരുന്നുവെന്ന്… എന്നെ കല്യാണം കഴിപ്പിക്കാനും ഞാന്‍ പറഞ്ഞ വാക്ക് മാറ്റാതിരിക്കാനും വേണ്ടിയുള്ള പൊറാട്ട് നാടകം… ത്രേസ്യാമ്മയെ നോക്കിക്കൊണ്ടാണ് ബിനു അത് പറഞ്ഞത്.

എന്‍റെ അരുവിത്തുറ വല്യച്ചാ… ലിസി പെട്ടെന്ന് നിലവിളിച്ചു.

ഈ അമ്മച്ചിക്ക് ഇത് എന്നാത്തിന്‍റെ സൂക്കേടായിരുന്നു… സോജന്‍റെ രൂക്ഷമായ നോട്ടം ത്രേസ്യാമ്മയിലെത്തി. അന്നാദ്യമായി ത്രേസ്യാമ്മ സോജന്‍റെ മുമ്പില്‍ ചുരുങ്ങിപ്പോയി… അവരുടെ ശിരസ് കുനിഞ്ഞുപോയി.

സത്യമാണോടീ… സോജന്‍ ബിന്‍സിയോട് ചോദിച്ചു.

ബിന്‍സിക്ക് ഉത്തരം മുട്ടി. എല്ലാം താന്‍ കാരണമാണ്…

വിട്ടുകള ചേട്ടായീ… ബിന്‍സി അപേക്ഷിച്ചു. പേരമ്മ ഒരു നല്ലകാര്യത്തിന് വേണ്ടിയല്ലേ ഇങ്ങനെയൊക്കെ ചെയ്തെ… അതുകൊണ്ട് ആര്‍ക്കും ദോഷമൊന്നും ഉണ്ടായില്ലല്ലോ… മാര്‍ഗ്ഗം എന്തായാലും ലക്ഷ്യം നന്നായാല്‍ മതിയെന്നല്ലേ… അവള്‍ ചോദിച്ചു.

ഒരു ലക്ഷ്യവും മാര്‍ഗ്ഗവും… സോജന്‍ പല്ലിറുമ്മി.

അമ്മച്ചിക്കൊരു വിചാരമുണ്ട്…അമ്മച്ചി ചെയ്യുന്നത് എല്ലാം ശരിയാണെന്ന്… അന്ന് ആ പ്രോഗ്രാമില്‍ വച്ച് നാടകം കളിച്ചതും അമ്മിച്ചി സ്വന്തം ഇഷ്ടത്തിനല്ലേ… അന്നും ഞാന്‍ പറഞ്ഞു ഇത് കൈവിട്ട കളിയാ എന്ന്… ഇങ്ങനെയാണോ മക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കുന്നത്… ഇതാണോ മക്കളെ പെണ്ണു കെട്ടിക്കാന്‍ കാണുന്ന മാര്‍ഗ്ഗങ്ങള്‍…. അമ്മിച്ചിയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റുകേലല്ലോ… അമ്മിച്ചിയല്ലേ ഇവിടുത്തെ സര്‍വാധിപ… എന്നാലും ഇത് ഭയങ്കര മോശമായി പോയി… സോജന്‍ തല കുടഞ്ഞു.

എത്ര പറഞ്ഞിട്ടും മതിയാവാത്തതുപോലെയായിരുന്നു സോജന്‍റെ വാക്കുകള്‍.

ദോഷം… ബിനു ബിന്‍സി പറഞ്ഞ ആ വാക്കിനെക്കുറിച്ചായിരുന്നു ആലോചിച്ചത്. ദോഷം ആര്‍ക്കും സംഭവിച്ചിട്ടില്ലല്ലോ എന്ന്… തന്‍റെ സ്വാതന്ത്ര്യം… സന്തോഷം… എല്ലാവരെയും സ്നേഹിക്കാനുള്ള കഴിവ്… സര്‍ഗ്ഗാത്മകത… എല്ലാം ഇല്ലാതായത് തന്‍റെ വിവാഹത്തോടെയല്ലേ… താന്‍ മറ്റാരോ ആയിത്തീര്‍ന്നിരിക്കുന്നതുപോലെ… തന്നെ ശപിക്കുന്ന എത്സയുടെ രൂപം പെട്ടെന്ന് ബിനുവിന്‍റെ മനസ്സിലേക്ക് കടന്നുവന്നു. ജീവിതത്തില്‍ എല്ലാവരില്‍നിന്നും അനുഗ്രഹങ്ങളും നല്ല വാക്കുകളുമേ ലഭിച്ചിട്ടുള്ളൂ.

നിനക്ക് നല്ല ഭാവിയുണ്ട്… നീ വലിയവനാകും… നീ ഉയര്‍ന്നുപോകും… പക്ഷേ ആദ്യമായിട്ടൊരാള്‍ തന്നെ ശപിച്ചു. അമ്മച്ചി കാണിച്ചു തന്ന് അള്‍ത്താരയ്ക്ക് മുമ്പാകെ പള്ളിയും പട്ടക്കാരനും ബന്ധുമിത്രാദികളും സാക്ഷിനില്ക്കെ താന്‍ താലി കെട്ടിയ തന്‍റെ ഭാര്യ… അതും എന്തിന്… കുടിച്ചു പൂസായി വന്ന് ശാരീരികോപദ്രവം ഏല്പിച്ചതിനല്ല… അഗമ്യഗമനം നടത്തിയിട്ടല്ല… അവള്‍ പറഞ്ഞ അമാന്യമായ ഒരു വാക്ക് കേട്ടപ്പോള്‍ തനിക്ക് പെട്ടെന്നുണ്ടായ കോപാവേശത്താല്‍ അവളെ അടിച്ചതിനെ പ്രതി…

ഒരു ഭാര്യയില്‍ നിന്നും ഒരു ഭര്‍ത്താവും ആഗ്രഹിക്കാത്തത്… പ്രതീക്ഷിക്കാത്തത്. അതായിരുന്നു എത്സ പറഞ്ഞത്. നല്ലവളെന്ന് പറയപ്പെട്ടിരുന്നവള്‍… പക്ഷേ…

ആ വാക്കുകളില്‍ നിന്ന് ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും തനിക്ക് മോചനം ലഭിച്ചിട്ടില്ലെന്ന് ബിനുവിന് അറിയാമായിരുന്നു. എന്നിട്ട് പറയുന്നത് കേട്ടില്ലേ… ദോഷം സംഭവിച്ചിട്ടില്ലല്ലോ എന്ന്… വിവാഹാനന്തരം ഒരു സ്ത്രീക്കോ പുരുഷനോ ചുറ്റുപാടുമുള്ളവരെ ആദ്യത്തേതുപോലെ സ്നേഹിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല എങ്കില്‍ ഒരു കാര്യം തീര്‍ച്ചയാണ് അവരുടെ ദാമ്പത്യജീവിതത്തില്‍ സ്നേഹത്തിന്‍റെ പരാഗണങ്ങള്‍ നടക്കുന്നില്ല… അവിടെ സ്നേഹത്തിന്‍റെ പൂക്കള്‍ വിരിയുന്നില്ല… അവര്‍ അടുത്തായിട്ടും ഏറെ അകലെയാണ്…

എന്നാ ഇനിയെനിക്ക് ഒരു കാര്യം പറയാനുണ്ട്… ഇത്രയും ആയ സ്ഥിതിക്ക് അതും കൂടി പറഞ്ഞേക്കാം… ലിസി തൊണ്ട തെളിച്ചു. ബിനു ആകാംക്ഷയോടെ ലിസിയെ നോക്കി.

എത്സയെ പെണ്ണ് കാണിക്കാന്‍ തന്നെയാ അന്ന് അമ്മച്ചി നിന്നേം കൊണ്ട് ജോമോന്‍റേം റോസ്മേരീടേം വീട്ടിലേക്ക് പോയത്. അല്ലാതെ ചുമ്മാ ഒരു രസത്തിന് റോസ് മേരിയെ കാണാന്‍ പോയതല്ല… അതിവിടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാ… നിന്നോട് ഇതൊന്നും പറഞ്ഞേക്കരുതെന്നല്ലേ അമ്മച്ചീടെ ഓര്‍ഡര്‍..

ലിസി തനിക്കറിയാവുന്ന രഹസ്യവും പങ്കുവച്ചു.

മല പോലെ ഉയര്‍ന്നുനില്ക്കുകയായിരുന്നു ബിനുവിന്‍റെ മനസ്സില്‍ അമ്മ. പക്ഷേ ഇപ്പോള്‍ അത് തകര്‍ന്നടിയുകയാണ്… ജോമോന്‍… റോസ്മേരി… നാടകത്തിലെ അഭിനേതാക്കളുടെ എണ്ണം പെരുകുന്നു. എല്ലാം തകര്‍ത്തെറിയാന്‍ തോന്നി ബിനുവിന്… എല്ലാം നശിച്ചിരുന്നുവെങ്കിലെന്ന് അവനാഗ്രഹിച്ചു. അവന്‍ സങ്കടം കൊണ്ട് ചിരിച്ചു. ചിരിച്ചുകൊണ്ട് കരഞ്ഞു…

കൊള്ളാം… നന്നായിട്ടുണ്ട്… വളരെ നന്നായി… ബിനു ത്രേസ്യാമ്മയുടെ അടുക്കലെത്തി പറഞ്ഞു.

മോനേ… ബിനുവിനെ നോക്കുമ്പോള്‍ ത്രേസ്യാമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഞാന്‍… ത്രേസ്യാമ്മ എന്തോ പറയാന്‍ ഭാവിച്ചു.

വേണ്ട… ഒന്നും പറയണ്ട… താക്കീത് കണക്കെ ബിനു പറഞ്ഞു

…എനിക്കൊന്നും കേള്‍ക്കണ്ടാ… എല്ലാവരേം വിശ്വസിച്ചു പോയി… സ്നേഹിച്ചും പോയി… അതാ എന്‍റെ തെറ്റ്… അതു മാത്രം… ഇനി… എനിക്കെന്‍റെവഴി… എന്‍റെ വഴി മാത്രം… ബിനു കണ്ണ് തുടച്ചുകൊണ്ട് കാറിലേക്ക് കയറി.

ബിനൂ… എടാ… ബിന്‍സി വിളിച്ചു…

ബിനു അത് ഗൗനിച്ചില്ല.

ബിനു കാര്‍ വളച്ചെടുത്തു.

ഇവനെപ്പഴാ ഡ്രൈവിങ്ങ് പഠിച്ചേ… ലിസി അത്ഭുതപ്പെട്ടു.

മോനേ… ത്രേസ്യാമ്മ നെഞ്ചില്‍ കൈ അമര്‍ത്തി വിളിച്ചു. ചിരപരിചിതനായ ഡ്രൈവറെ പോലെ അ തിവേഗത്തില്‍ ബിനുവിന്‍റെ കാര്‍ ഗെയ്റ്റ് കടന്നു. എത്സയുടെ നെ ഞ്ചില്‍ തീ കത്തി… ബിനുവിന്‍റെ വാക്കുകള്‍…

ഇനി എനിക്കെന്‍റെ വഴി… എന്‍റെ വഴി മാത്രം…

ദൈവമേ… എത്സയ്ക്ക് കരച്ചില്‍ വന്നു… താന്‍ അറിയാത്ത കാര്യങ്ങള്‍… എല്ലാം ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു… ഇതാണ് പറയുന്നത് രഹസ്യങ്ങള്‍ എന്ന ഒന്നില്ല… എല്ലാം പുറമേയ്ക്ക് വെളിപ്പെടുന്ന ഒരു ദിവസമുണ്ട്… ബിനു തന്നോട് എന്തുകൊണ്ടാണ് അകല്‍ച്ച കാണിക്കുന്നതെന്ന് എത്സയ്ക്ക് മനസ്സിലായി… ബിനു തന്നെ ഇഷ്ടമായി വിവാഹം കഴിച്ചതല്ല. ബിനു അവന് വേണ്ടിയുമല്ല തന്നെ വിവാഹം കഴിച്ചിരിക്കുന്നത്…

പൊട്ടിവന്ന കരച്ചില്‍ വായോട് കരം ചേര്‍ത്തമര്‍ത്തി അവള്‍ അകത്തേയ്ക്കോടി…

ആ വിലാപം ത്രേസ്യാമ്മയുടെ നെഞ്ചില്‍ വീണ് ആര്‍ത്തു.

മോളേ… എന്ന് അവര്‍ ശബ്ദം കുറച്ച് വിളിച്ചു.

ഹും… സോജന്‍ പല്ലിറുമ്മിക്കൊണ്ട് അകത്തേയ്ക്ക് നടന്നു. ത്രേസ്യാമ്മയെ നോക്കി വെട്ടിത്തിരിച്ച് ലിസി ഭര്‍ത്താവിനെ പിന്തുടര്‍ന്നു.

പേരമ്മേ… ബിന്‍സി ത്രേസ്യാമ്മയ്ക്ക് നേരെ കരം കൂപ്പി. അത് മാപ്പ് ചോദിക്കലായിരുന്നു.

സാരമില്ല… ത്രേസ്യാമ്മ ആശ്വസിപ്പിക്കും മട്ടില്‍ പറഞ്ഞു… പിന്നെ തന്നോട് തന്നെയെന്നോണം അത് ആവര്‍ത്തിക്കുകയും ചെയ്തു.

സാരമില്ല… നീ പൊയ്ക്കോ…

ഒരു നിമിഷം മടിച്ചുനിന്നതിന് ശേഷം ദീര്‍ഘനിശ്വാസത്തോടെ ബിന്‍സി കാറിലേക്ക് കയറി. അത് പുറത്തേയ്ക്ക് പോയി. മുറ്റത്ത് ത്രേസ്യാമ്മ മാത്രമായി… പെട്ടെന്ന് മഴ പെയ്തുതുടങ്ങി. ത്രേസ്യാമ്മ മാനത്തേക്ക് നോക്കി. മഴത്തുള്ളികള്‍ ത്രേസ്യാമ്മയുടെ മുഖത്തേക്ക് അടര്‍ന്നു വീണു. നന്നായി…ഇനി ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ… ത്രേസ്യാമ്മ മനസ്സില്‍ പറഞ്ഞു. മഴയുടെ ശക്തി വര്‍ദ്ധിച്ചു. ത്രേസ്യാമ്മ നെഞ്ചില്‍ കൈ അമര്‍ത്തി വരാന്തയിലേക്ക് കയറി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org