തച്ചനപ്പന്‍ അദ്ധ്യായം – 2

തച്ചനപ്പന്‍  അദ്ധ്യായം – 2

"ദൈവകൃപ നിറഞ്ഞവളെ സ്വസ്തി! അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അതു കേട്ടപ്പോള്‍ ഞാന്‍ താഴ്മയോടെ മറുപടി കൊടുത്തു. ഇതാ നിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ."

ജീവിതമാകുന്ന കടല്‍ ശാന്തവും വശ്യവുമായിരിക്കുമ്പോള്‍ ദിവാസ്വപ്നങ്ങളുടെ തോണിയിലേറി ആ ഹ്ലാദചിത്തരായിട്ടു സഞ്ചരിക്കാത്തവരാരുണ്ട്? മറിയത്തിന്റെ വീട്ടില്‍നിന്നു മടക്കയാത്രയ്ക്കിറങ്ങുമ്പോള്‍ ജോസഫിന്റെ മനസ്സിലും ആഹ്ലാദം നിറഞ്ഞുനില്ക്കുകയായിരുന്നു. ചന്ദ്രക്കലയെ പാദപീഠമാക്കി, ഏഴു നക്ഷത്രക്കിരീടമണിഞ്ഞ്, സൂര്യശോഭയോടെ പ്രകാശിക്കുന്നവളായി മറിയം അവന്റെ മനസ്സില്‍ വിരുന്നിനെത്തി. അവന്‍ മനോഹരിയായ അവളുടെ കൈപിടിച്ചു ജെറുസലേം ദേവാലയത്തിലേക്കു പോകുന്നത് അവന്‍ സ്വപ്നം കണ്ടു.
താന്‍ നസ്രത്തിലെ പണിശാലയിലിരുന്നു ജോലി ചെയ്തു മടുക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയുമായി ഓറഞ്ചും മുന്തിരിപ്പഴങ്ങളും നല്കി തന്നെ ഊര്‍ജ്ജസ്വലനാക്കുകയും പണികളില്‍ സഹായിക്കുകയും ചെയ്യുന്ന ഒരു നല്ല വീട്ടമ്മയായി മറിയം പ്രവര്‍ത്തിക്കുന്നത് അവന്‍ സങ്കല്പിച്ചു.

ഒത്തുകല്യാണം കഴിഞ്ഞ് മറിയത്തിന്റെ വീട്ടില്‍ നിന്നു പോരുമ്പോള്‍ മറ്റുള്ളവരും സന്തോഷത്തിലായിരുന്നു. ജോസഫിനു ചേരുന്ന വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞു എന്ന ചിന്ത അവരെ സന്തോഷിപ്പിച്ചു. ഒത്തുകല്യാണം കഴിഞ്ഞു വന്നതിനുശേഷം മറിയത്തിന്റെ നേതൃത്വത്തില്‍ വീടിനോടു ചേര്‍ന്ന് ഒരു മുറി കൂടി പണിതെടുത്തു. മണവറയ്ക്കായിട്ട് ആ മുറി അലങ്കരിച്ചെടുത്തു. ജോസഫ് സ്വന്തം വീടിന്റെ മുറി പണി തീര്‍ത്തശേഷം കഫര്‍ണാമിലെ വീടുപണിക്കു പോയി. കഫര്‍ണാമില്‍ പണിയേറ്റ വീടിന്റെ കട്ടിള വച്ചു. ജോസഫ് കഫര്‍ണാമിലാണു പണിയെടുക്കുന്നതെങ്കിലും അവന്റെ മനസ്സില്‍ സ്വന്തം വിവാഹത്തെക്കുറിച്ചുള്ള ചിന്ത ഇടയ്ക്കിടെ കയറിവന്നു. പുതിയ വീടിന്റെ പണി വേഗം പൂര്‍ത്തിയാക്കി നസ്രത്തിലേക്കു മടങ്ങാന്‍ അവന്‍ കൊതിച്ചു. അവനതിനായി പകലും രാത്രിയും കഠിനമായി അദ്ധ്വാനിച്ചു. അന്ന് ഒരു സായന്തനം.

ജോസഫ് വീടിന്റെ മേല്‍ക്കൂരയ്ക്കുള്ള കഴുക്കോലുകളും മോന്തായവും കൂട്ടിയോജിപ്പിക്കുന്നതിന് അവയില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. അപ്പോള്‍ ഇടക്കാരന്‍ സെബദി വന്നു. 'ചേട്ടനെന്തിനാ വന്നത്?" 'ജോസഫിനോട് ഒരു കാര്യം പറയാനാ" – സെബദി പറഞ്ഞു. "എന്താ ചേട്ടാ?" ജോസഫ് അറിയാനുള്ള ആഗ്രഹത്തോടെ മുഖമുയര്‍ത്തി  "ജോസഫിനോടു മറിയത്തിന്റെ വീടുവരെ ഒന്നു ചെല്ലണമെന്ന് അഹറോന്‍ ചേട്ടന്‍ പറഞ്ഞു"- സെബദി അറിയിച്ചു. "എന്താ കാര്യം?" ജോസഫ് ആകാംക്ഷ പൂണ്ടു. "ജോസഫിനോട് എന്തോ അത്യാവശ്യമായി പറയാനുണ്ടുപോലും." "കാര്യമെന്താണെന്നു വല്ലതും സൂചിപ്പിച്ചോ?" "ഇല്ല ജോസഫ് മാത്രം ചെന്നാല്‍ മതി. മറ്റാരെയും കൊണ്ടുചെല്ലേണ്ടായെന്നും പറഞ്ഞു."
അഹറോനപ്പൂപ്പനു തന്നോട് എന്തായിരിക്കും പറയാനുള്ളത്? കല്യാണത്തിന്റെ തീയതി മാറ്റണമെന്നാണോ? അതോ കല്യാണവസ്ത്രമെടുേക്കണ്ടതിനെക്കുറിച്ചോ? ആലോചിച്ചിട്ടവന് ഉത്തരം കിട്ടിയില്ല. അവന്‍ മനസ്സിലുണര്‍ന്ന ചിന്തകളെ പുറത്തു കാണിക്കാതെ സെബദിയെ താമസമുറിയിലേക്കു ക്ഷണgzcat: ിച്ചു. "ചേട്ടന്‍ വരൂ. വന്നു ഭക്ഷണം കഴിക്കൂ." 'വേണ്ട മോനെ! ഞാന്‍ പോന്ന വഴിക്കു സത്രത്തില്‍ നിന്നു ഭക്ഷണം വാങ്ങിക്കഴിച്ചു. ഇപ്പോള്‍ വിശപ്പില്ല" – സെബദി അങ്ങനെ പറഞ്ഞിട്ടു വീടുപണിയൊക്കെ നോക്കിക്കണ്ടു. പിന്നീടു ജോസഫിനോടായി: "ഞാനിനി മടങ്ങുകയാ. എനിക്കു സ്വന്തമായി ഒരു വള്ളോം വലയുമില്ലാതിരുന്ന കാലത്ത് അഹറോന്‍ ചേട്ടന്‍ എനിക്ക് ഒരു വള്ളം വാങ്ങാന്‍ പലിശ കൂടാതെ പണം കടം തന്നവനാ. ഇന്നെനിക്കു വള്ളോം വലയുമുണ്ട്. അല്ലല് കൂടാതെ ജീവിക്കാനുള്ള പണവുമായി. അഹറോന്‍ ചേട്ടന്‍ ചെയ്തു തന്ന ഉപകാരം ഞാനൊരിക്കലും മറക്കില്ല. അതാ ചേട്ടന്‍ പറഞ്ഞതേ ഞാന്‍ പോന്നത്."

സെബദിയുടെ വാക്കുകളില്‍ നിഷ്കളങ്കത നിഴലിച്ചു. "ഞാന്‍ നാളെ വരാം. ഈ പണിയൊക്കെ ഒന്നു ക്രമപ്പെടുത്തി പണിക്കാരെ ഏല്പിക്കട്ടെ" – ജോസഫ് മറുപടി കൊടുത്തു. സെബദി അതു കേട്ടുതിരിച്ചുപോയി. ജോസഫ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. ശിമയോനെ വീടുപണിക്കു നേതൃത്വം കാടുക്കാന്‍ നിയമിച്ചു. താന്‍ വീടുവരെ പോകുകയാണെന്നും താന്‍ വരുന്നതുവരെ അനുജന്‍ കാര്യ ങ്ങള്‍ നടത്തുമെന്നും പറഞ്ഞവന്‍ വീട്ടുടമയോടു യാത്രാനുമതി വാങ്ങി.  ജോസഫ് പിറ്റേദിവസം രാവിലെതന്ന നസ്രത്തിലേക്കു യാത്ര തിരിച്ചു. ജോസഫ് പണിക്കും മറ്റും പോകാറു കുതിരപ്പുറത്താണ്. കുതിരപ്പുറത്താകുമ്പോള്‍ യാത്ര എളുപ്പമാണ്. സമയത്തിനു ചെന്നെത്താന്‍ പറ്റും. അന്നും പതിവുപോലെ അവന്റെ യാത്ര കുതിരപ്പുറത്തായിരുന്നു. ജോസഫ് മറിയത്തിന്റെ വീടിരിക്കുന്ന ഗ്രാമത്തിലെത്തിയപ്പോള്‍ പത്തുമണി പൂക്കള്‍ വിരിഞ്ഞുകഴിഞ്ഞിരുന്നു. അവന്‍ അകലെയിരുന്നുതന്നെ മറിയത്തിന്റെ വീട്ടിലേക്കു നോക്കി. മുറ്റത്താരെയും കാണാനില്ല. ജോസഫ് കുതിരയെ മറിയത്തിന്റെ വീട്ടുമുറ്റത്തേയ്ക്കു കയറ്റി.
അഹറോനപ്പൂപ്പന്‍ കുതിരക്കുളമ്പടി ശബ്ദം കേട്ട് അകത്തുനിന്നു വന്നു. ജ�story-sathyadeepam.log: not in gzip format��സഫ് കുതിരപ്പുറത്തുനിന്നിറങ്ങി. കുതിരയെ മുറ്റത്തെ ഈന്തപ്പനയില്‍ കെട്ടി."വരണം, വരണം" – അ ഹറോന്‍ ജോസഫിനെ അകത്തേയ്ക്കു ക്ഷണിച്ചു.

ജോസഫ് സന്തോഷത്തോടെ അകത്തേയ്ക്കു ചെന്നു. "ഇരിക്കൂ" – അഹറോന്‍ പീഠത്തിനു നേരെ കൈ ചൂണ്ടിക്കാണിച്ചു. അന്ന സ്വീകരണമുറിയിലേക്കു വന്നു ജോസഫി നോടു ചോദിച്ചു: "മോനെന്താ കുടിക്കാന്‍ എടുക്കേണ്ടത്? മധുരവീഞ്ഞോ? ആട്ടിന്‍ പാലോ?" "എനിക്ക് ഒരു ഗ്ലാസ് വെള്ളം മതി." അന്ന കൂജയില്‍നിന്ന് ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തു കൊടുത്തു. അഹറോന്‍ സംഭാഷണത്തിനു തുടക്കമിട്ടു. "എന്റെ മകള്‍ എലിസബത്തിന് 65 വയസ്സു കഴിഞ്ഞു. ഗര്‍ഭിണിയാകാനുള്ള പ്രായം കഴിഞ്ഞിട്ടു പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഒരു അത്ഭുതമുണ്ടായി. സഖറിയാ ദേവാലയത്തില്‍ ധൂപാര്‍ച്ചനയ്ക്കായി ചെന്നപ്പോള്‍ വിശുദ്ധ സ്ഥലത്തിനടുത്ത് ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു. മക്കളില്ലാത്ത സഖറിയായ്ക്കും എലിസബത്തിനും ഒരു കുഞ്ഞിനെ ദൈവം നല്കുമെന്നു പറഞ്ഞു. അച്ചനത് അവിശ്വസിച്ചു. അതുകൊണ്ടു ദൈവം അച്ചന്റെ ശബ്ദം ബന്ധിച്ചു. വൃദ്ധയായ എലിസബത്ത് ഇപ്പോള്‍ ഗര്‍ഭിണിയാണ്. ദൈവത്തിന് അസാദ്ധ്യമായിട്ട് എന്താണുള്ളത്?" കേട്ടതു ദൈവമഹത്ത്വ വാര്‍ത്ത തന്നെ. ഇതു പറയാനാണോ തന്നെ അഹറോനപ്പൂപ്പന്‍ വിളിപ്പിച്ചത്? ജോസഫങ്ങനെ ചിന്തിച്ചു. അവന്‍ ചെറുചിരിയോടെ ചിന്താമൂകനായിരുന്നു.

അഹറോന്‍ തുടര്‍ന്നു: "ജോസഫിനോട് ഞങ്ങള്‍ക്ക് ഒരു കാര്യം പറയാനുണ്ട്. ശ്രദ്ധിച്ചു കേള്‍ക്കണം. അതിനുശേഷം ചിന്തിച്ച് ഒരു തീരുമാനം പറയണം. ഞങ്ങള്‍ക്കും ജോസഫിനും മദ്ധ്യേ ദൈവം നില്ക്കട്ടെ. ഞങ്ങള്‍ക്കു പറയാനുള്ളതു മറിയം പറയട്ടെ" – അഹറോന്‍ അത്രയും പറഞ്ഞിട്ട് അകത്തേയ്ക്കു നോക്കി മറിയത്തെ വിളിച്ചു: "മറിയം!" "എന്തോ!" – മറിയം അകത്തുനിന്നു വിളി കേട്ടു. "നീ ഇങ്ങു വന്നേ ഇറങ്ങി വന്നു. അവള്‍ ഭവ്യതയോടെ ജോസഫിനടുത്തു വന്നുനിന്നു. അഹറോന്‍ മറിയത്തോടുകൂടിയായി പറഞ്ഞു: ജോസഫ് നീയുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന യുവാവാണ്. നിങ്ങള്‍ തമ്മില്‍ വിവാഹം നടക്കുകയാണെങ്കില്‍ ആ വിവാഹജീവിതത്തില്‍ ഒരു കളങ്കവും നിലനില്ക്കാന്‍ പാടില്ല. അതുകൊണ്ടു നീ നിനക്കു പറയാനുള്ളതെല്ലാം ജോസഫിനോടു പറയണം. അവ നെന്താണെങ്കിലും തീരുമാനിക്കട്ടെ. ദൈവം നമ്മുടെ തുണയാകട്ടെ. നിങ്ങളുടെ വിവാഹം ഇനി ഒരു വീണ്ടുവിചാരം കൂടാതെ നടത്തിക്കൂടാ." മറിയത്തിന് എന്താകും പറയാനുള്ളത്? ജോസഫിന്റെ ഹൃദയം ശക്തിയായി തുടിച്ചു.

"മോളെ! പറയൂ" – അന്ന നിര്‍ ദ്ദേശിച്ചു. മറിയം പറഞ്ഞുതുടങ്ങി. "ഞാന്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ കിണറിനടുത്തു നില്ക്കുകയായിരുന്നു. അപ്പോള്‍ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് എന്നോടു പറഞ്ഞു: "ദൈവകൃപ നിറഞ്ഞവളെ സ്വസ്തി! അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേയ്ക്കും ഭരണം നടത്തും. അതു കേട്ടപ്പോള്‍ ഞാന്‍ താഴ്മയോടെ മറുപടി കൊടുത്തു. ഇതാ നിന്റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ. അപ്പോള്‍ ദൂതന്‍ എന്റെ മുമ്പില്‍ നിന്നു മറഞ്ഞു" – മറിയം പറഞ്ഞുനിര്‍ത്തി. അന്ന പറഞ്ഞു: "മറിയം ഇപ്പോള്‍ ഗര്‍ഭിണിയായി കാണപ്പെടുന്നു." ജോസഫ് അതു കേട്ടപ്പോള്‍ ഒരു നിമിഷം സ്തബ്ധനായി ഇരുന്നുപോയി. അവന്റെ തല ചുറ്റി. നാക്കു വരണ്ടു. അവന്‍ ആഞ്ഞടിക്കുന്ന സുനാമിത്തിരകളില്‍ അകപ്പെട്ട ഒരു ചെറുവഞ്ചിപോലെയായി.
നസ്രത്തിനപ്പുറത്ത് മദ്ധ്യധരണ്യാഴിയുടെ തീരത്ത് ഒരു വള്ളത്തിന്റെ കേടുപാടുകള്‍ പോക്കിയിരുന്നപ്പോള്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്നതു കണ്ടതാണ്. ഇന്നിതാ അതിലും വലിയ സുനാമിത്തിരകള്‍ തന്റെ ജീവിതത്തിലും – ജോസഫ് ഓര്‍ത്തു.

മാനുഷിക ചിന്തകളാല്‍ ജോസഫിനു മറിയം പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. താന്‍ മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നപ്പൂക്കളെല്ലാം വാടിക്കൊഴിഞ്ഞു വീഴുന്നത് അവന്‍ കണ്ടു. അഹറോനും അന്നയും ആധിയോടെ ജോസഫിനെ നോക്കി. അവനെന്താണു പറയാനുള്ളത്? അഹറോനും കുടുംബവും യഹൂദനിയമം ശരിക്കും പഠിച്ചവരാണ്. വിവാഹിതയാകാതെ ഒരുവള്‍ ഗര്‍ഭിണിയായാല്‍ തെറ്റവളുടേതാണെന്നു തെളിഞ്ഞാല്‍ അവള്‍ കല്ലെറിയപ്പെട്ടു കൊല്ലപ്പെടും. അഹറോന്‍ നെഞ്ചില്‍ വലതുകരംവച്ചു ധ്യാനനിമഗ്നനായി സ്വര്‍ഗത്തിലേക്കു മിഴികളുയര്‍ത്തി ദീര്‍ഘനിശ്വാസം വിട്ടു. അന്നയുടെ ഇരുമിഴികളും നിറഞ്ഞൊഴുകി. മറിയം ഒരു നിമിഷം ചിന്താമഗ്നയായി ജോസഫിനെ നോക്കി നിന്നു. അതിനുശേഷം അവള്‍ ആത്മധൈര്യത്തോടെ പറഞ്ഞു: "ദൈവസന്നിധിയില്‍ ഞാന്‍ കുറ്റക്കാരിയല്ല. ഞാന്‍ ജഡികാഭിലാഷത്തോടെ ഒരു തെറ്റും ചെയ്തിട്ടില്ല. കന്യകാത്വത്തിന് അന്തരം വരത്തക്കവിധം ഞാന്‍ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല." ജോസഫ് അതു കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ കുഴങ്ങി.

എന്നോടു വിവാഹവാഗ്ദാനം നല്കിയശേഷം ഇങ്ങനെ ചതിക്കേണ്ടിയിരുന്നില്ലെന്നു പറഞ്ഞാലോ? എന്നെ ചതിച്ചിട്ടു വീട്ടില്‍ വിളിച്ചുവരുത്തി അധിക്ഷേപിക്കേണ്ടിയിരുന്നില്ലെന്നു പറഞ്ഞാലോ? അവന്‍ പെട്ടെന്നു മനസ്സിലെ മാനുഷിക ചിന്തകളെ വിലക്കി: "സാത്താനെ ദൂരെ പോകുക." അവന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു: "ദൈവമേ! ശാന്തതയോടെ ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ എനിക്കു ശക്തി നല്കൂ." ജോസഫ് തെല്ലു പാരവശ്യത്തോടെ എഴുന്നേറ്റ് കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു. അഹറോനപ്പൂപ്പന്‍ സ്വന്തം നെഞ്ചു തിരുമ്മി. അപ്പൂപ്പന്‍ ദുഃഖത്തോടെ പറഞ്ഞു: "പെണ്‍മക്കള്‍ പ്രായം തികഞ്ഞു നില്ക്കുമ്പോള്‍ ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. തന്റെ മകള്‍ വിവാഹിതയാകുന്നതിനുമുമ്പു ഗര്‍ഭിണിയാകരുതേ എന്ന്. ഞങ്ങളും അതാഗ്രഹിച്ചു. അതുകൊണ്ടാണു ഞങ്ങള്‍ ഞങ്ങളുടെ മകളുടെ ഭാവി വരനായി ജോസഫിനെ തിരഞ്ഞെടുത്തത്. കാര്യങ്ങള്‍ മാറി വന്നതിനാല്‍ ഞങ്ങള്‍ നിന്നെ ഇനി വിവാഹത്തിനു പ്രേരിപ്പിക്കില്ല. പിന്നെ, ദൈവത്തിന്റെ ഇഷ്ടംപോലെ ബാക്കി കാര്യങ്ങള്‍ നടക്കട്ടെ."

അന്നവിമ്മിഷ്ടത്തോടെ പറഞ്ഞു: "നീയും മറിയവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നതുകൊണ്ടു കാര്യങ്ങള്‍ നിന്നെ അറിയിക്കാതെ ഞങ്ങള്‍ നീയും മറിയവുമായുള്ള വിവാഹം നടത്തുകയോ വിവാഹവാഗ്ദാനത്തില്‍ നിന്നു പിന്‍മാറുകയോ ചെയ്താല്‍ ഞങ്ങള്‍ നിന്റെ മുമ്പില്‍ കുറ്റക്കാരാകും. അതുകൊണ്ടാണു ഞങ്ങള്‍ നിന്നെ നേരിട്ടു വിവരങ്ങള്‍ ധരിപ്പിച്ചത്. നീ ഞങ്ങളെ ശപിക്കരുത്." മുമ്പ് ഒത്തുകല്യാണത്തിനു കെടാവിളക്കു സ്ഥാപിച്ച മുറിയിലേക്കു ജോസഫ് നോക്കി. തങ്ങളുടെ ഒത്തുകല്യാണ ദിവസം കത്തിച്ചുവച്ച വിളക്ക് മുറിക്കുള്ളില്‍ ഇപ്പോഴും കെടാവിളക്കായി ഇരിപ്പുണ്ട്. മറിയം ഇപ്പോഴും അതില്‍ എണ്ണ പകര്‍ന്നു കെടാവിളക്കായി സൂക്ഷിച്ചിരിക്കുന്നു. അവരിപ്പോഴും വിവാഹപ്രതീക്ഷയോടെ കഴിയുകയാണ്. "ജോസഫും മറിയവും തമ്മിലുള്ള വിവാഹം കഴിയുന്നതുവരെ ഈ വിളക്ക് അണയാതെ സൂക്ഷിച്ചുകൊള്ളണം എന്നു യാക്കോബപ്പന്‍ പറഞ്ഞത് അവനോര്‍ത്തു. അഹറോന്‍ ഗദ്ഗദ ശബ്ദത്തില്‍ പറഞ്ഞു: "നമ്മുടെ ദൈവം നമ്മുടെ പിതാവായ അബ്രാഹത്തോടു തന്റെ മകനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ ആ വശ്യപ്പെട്ടു. അദ്ദേഹം അതിനൊരുങ്ങി ഇസഹാക്കിന്റെ കൈകാലുകള്‍ ബന്ധിച്ച് അവനെ ബലിപീഠത്തില്‍ കിടത്തി. അബ്രാഹം സ്വന്തം കയ്യാല്‍ ആ പൊന്നോമന മകനെ വെട്ടാന്‍ വാളെടുത്തു. ഇന്നു ഞങ്ങളും അബ്രാഹത്തെപ്പോലെ ദുഃഖാവസ്ഥയിലാ."

വീര്‍പ്പുമുട്ടുന്ന ആ കുടുംബാന്തരീക്ഷത്തില്‍ അത്രയും നേരം മൗനം ദീക്ഷിച്ചിരുന്ന ജോസഫ് പക്വത വന്ന ഒരു യുവാവിനെപ്പോലെ ചോദിച്ചു: "മറിയം ഗര്‍ഭിണിയാണെന്ന വിവരം ആരൊക്കെ അറിഞ്ഞു?" "ഈ വിവരം ആദ്യമായി അറിയിക്കുന്നതു മോനോടാണ്." ജോസഫ് വീണ്ടും ചോദിച്ചു: "ഈ വിവരം പുറംലോകം അറിഞ്ഞാല്‍ മറിയത്തിന്റെ സ്ഥിതി എന്താകുമെന്നു നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? വ്യഭിചാരിണിയെന്നു മുദ്രകുത്തപ്പെട്ടാല്‍ മറ്റുള്ളവര്‍ കല്ലെറിഞ്ഞു കൊല്ലും." "ദൈവം മറിയത്തിന്റെ ഭാവി നിശ്ചയിച്ചിട്ടുണ്ടാകും"- അഹറോന്‍ പാടുപെട്ടു പറഞ്ഞു. മറിയം ഉറച്ച വിശ്വാസത്തോടെ പറഞ്ഞു: "എന്റെ ഉദരത്തിലുള്ളതു ദൈവത്തിന്റെ അവതാരമാണ്. ദൈവമെന്നെ കാത്തുസംരക്ഷിക്കും." അഹറോന്‍ ജോസഫിനോടായി പറഞ്ഞു: "ജോസഫേ! ഞങ്ങള്‍ ക്ഷണിച്ചതനുസരിച്ചു നീ ഇവിടെ വന്നതിനു ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. ഇനിയും ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതു നിനക്ക് അരോചകമാകുമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടു നമുക്കിത് ഇവിടെവച്ച് അവസാനിപ്പിക്കാം" – അഹറോന്‍ അല്പം നിര്‍ത്തിയിട്ടു ചോദിച്ചു: "അതുപോലെ നീയും മറിയവും തമ്മിലുണ്ടാക്കിയ വിവാഹവാഗ്ദാനവും ഇവിടെവച്ച് അവസാനിപ്പിക്കുകയല്ലേ?"

ജോസഫ് മറുപടി പറയാതെ എഴുന്നേറ്റു. അവന്‍ ചിന്തിച്ചു. എന്തു മറുപടി പറയണം? തനിക്കു വിവാഹത്തിനായി അന്വേഷിച്ചാല്‍ മറ്റൊരു യുവതിയെ വധുവായി ലഭിക്കാന്‍ യാതൊരു വിഷമവും ഉണ്ടാവുകയില്ല. യൂദയാ ദേശത്തും സമരിയായിലും ഗലീലയിലും സമീപസ്ഥലങ്ങളിലും എത്രയോ യഹൂദ യുവതികളുണ്ട്. താന്‍ വീടുപണിക്കു പോയിട്ടുള്ള ദേശങ്ങളില്‍ നിന്നു പല പെണ്‍കുട്ടികളുമായുള്ള വിവാഹാലോചനകള്‍ തനിക്കു വന്നിട്ടുണ്ട്. എല്ലാം താന്‍ ഉപേക്ഷിക്കുകയായിരുന്നു. "ജോസഫ് മറുപടി പറഞ്ഞില്ല" – അഹറോന്‍ ഓര്‍മിപ്പിച്ചു. ജോസഫ് ആരുടെയും മുഖത്തു നോക്കാതെ പറഞ്ഞു: "എനിക്ക് ആലോചിക്കാനല്പം സമയം വേണം. ഞാന്‍ എന്റെ പിതാവിനെ കാണാന്‍ വീട്ടില്‍ പോകുകയാണ്. ഞാന്‍ പിന്നീടു വരാം. അപ്പോള്‍ ഞാന്‍ മറുപടി പറയാം." അഹറോന്‍ നെടുവീര്‍പ്പിട്ടു. ജോസഫ് ചിന്താമൂകനായി വീടുവിട്ടിറങ്ങി. മറിയത്തിന്റെ അവസ്ഥയെക്കുറിച്ചും താനീക്കാര്യത്തിലെടുക്കേണ്ട നിലപാടുകളെക്കുറിച്ചും അവന്‍ ചിന്തിച്ചു. മറ്റുള്ളവര്‍ ഈ വിഷയമറിഞ്ഞാല്‍ അതു രഹസ്യമായിട്ടിരിക്കുമോ? ആരുമായിട്ടാണ് ഇക്കാര്യത്തെക്കുറിച്ചൊന്നു ചര്‍ച്ച ചെയ്യേണ്ടത്? ജോസഫ് ചിന്തകളോടെ മുറ്റത്തിറങ്ങി തന്റെ കുതിരയെ അഴിച്ചു. കുതിരയുടെ ജീനിപിടിച്ചുകൊണ്ടവന്‍ വഴിയിലേക്കിറങ്ങി. "ജോസഫേ! നീ എന്താ വന്നത്?"
ചോദ്യം കേട്ടു ജോസഫ് മുഖമുയര്‍ത്തി. യഷുവായാണ്.

"ഞാന്‍ അഹറോനപ്പൂപ്പനെ കാണാന്‍ വന്നതാ" – ജോസഫ് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.
യഷുവ പറഞ്ഞു: "നിന്റെ വിവാഹം ഇവിടത്തെ മറിയവുമായി ഉറപ്പിച്ചിരിക്കുകയാണല്ലോ. വിവാഹമുറപ്പിച്ചിട്ടു പെണ്ണിന്റെ വീട്ടിലേക്കുള്ള വരവത്ര നല്ലതല്ല. നീ കെട്ടാനിരിക്കുന്ന പെണ്ണു വിവാഹത്തിനുമുമ്പു വല്ല ഗര്‍ഭിണിയുമായാല്‍…! നമ്മുടെ നിയമമറിയാമല്ലോ. കെട്ടാനിരിക്കുന്ന പെണ്ണാണെന്നു പറഞ്ഞിട്ടു കാര്യമില്ല. നാട്ടുകാര്‍ രണ്ടിനെയും കല്ലെറിയും." യഷുവാ പറഞ്ഞതു കേട്ടു ജോസഫ് ഞെട്ടി. ജോസഫിന്റെ മുഖത്തെ ഭാവമാറ്റം കണ്ടു യഷുവാ ഒരു തമാശച്ചിരിയോടെ പറഞ്ഞു: "ഞാനൊരു തമാശ പറഞ്ഞതാണു കേട്ടോ." അയാളങ്ങനെ പറഞ്ഞിട്ടു നടന്നു പോയി. അയാള്‍ നടന്നുപോകുന്നതും നോക്കി ജോസഫ് ചിന്താവിവശനായി നിന്നു വിയര്‍ത്തു.
(തുടരും)…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org