തച്ചനപ്പന്‍ – അദ്ധ്യായം – 3

തച്ചനപ്പന്‍ – അദ്ധ്യായം – 3

"നോക്ക്. ഇവള്‍ പറയുമ്പോള്‍ ഇപ്പോഴും അവളെ ന്യായീകരിക്കുന്നു. ഇങ്ങനെയുള്ള ഒരു ഭാര്യയെ എനിക്കെന്തിന്? എന്നെ ചതിച്ചിട്ട് ഇങ്ങനെയുള്ളവള്‍ ജീവിക്കണ്ട" – മന്നാസ് കോപംകൊണ്ടു വിറഞ്ഞു. അവന്‍ ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു: "ഈ തേവിടിശ്ശിയെ ഞാനിന്നു കൊല്ലും."

ഉച്ചവെയിലിനു ശക്തി കൂടി. ഗ്രാമത്തില്‍ ചൂടുകാറ്റു വീശി. വഴിവക്കിലെ മരങ്ങളുടെ നിഴലുകള്‍ മരച്ചുവടുകളിലേക്കു തല വലിച്ചു. ജോസഫിന്റെ ചിന്തകള്‍ അവന്റെ മനസ്സിനെയും സൂ ര്യതാപം ശരീരത്തെയും ചൂടു പിടിപ്പിച്ചു.ജോസഫ് വാടിയ മുഖത്തോടെ കുതിരപ്പുറത്തു കയറി വീടിനെ ലക്ഷ്യമാക്കി നീങ്ങി. യാത്രയ്ക്കിടയില്‍ അവന്റെ മനസ്സില്‍ ചിന്തകളുടെ തിരകളുയര്‍ന്നു: മറിയം തെറ്റുകാരിയാണോ? യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചത്? അവള്‍ സിനഗോഗില്‍ വന്നിരുന്ന നാളുകളില്‍ എത്ര നല്ല ദൈവഭക്തയായി കാണപ്പെട്ടിരുന്നു! സിനഗോഗിനരുകില്‍ ആലംബഹീനരായി കിടന്നിരുന്ന ഭിക്ഷാടകര്‍ക്ക് ആഹാരം തേടിക്കൊണ്ടുവന്നു കൊടുക്കാനും സിനഗോഗിന്റെ അകവും മുറ്റവുമൊക്കെ അടിച്ചുവൃത്തിയാക്കാനും പ്രതിഫേലച്ഛയില്ലാതെ അവള്‍ ചുറു ചുറുക്കോടെ പ്രവര്‍ത്തിച്ചിരുന്നു. സിനഗോഗില്‍ പഠിക്കുന്ന കാലത്തു യുവതീയുവാക്കളില്‍ ചിലര്‍ തെറ്റായ വഴികളിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ മറിയം അതില്‍ നിന്നെല്ലാം മാറിനില്ക്കുകയായിരുന്നു. സിനഗോഗില്‍ മറ്റുള്ളവര്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിച്ചപ്പോള്‍ അതു കേള്‍ക്കാനും തിരുവചനങ്ങള്‍ പഠിച്ചു മറ്റുളവരോടു പറയുന്നതിനും അവള്‍ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു മറ്റു കുട്ടികള്‍ അവളെ വിശുദ്ധ എന്ന ഓമനപ്പേരില്‍ വിളിക്കുന്നതും കേട്ടിട്ടുണ്ട്. അവള്‍ വിശുദ്ധ തന്നെയോ? മറിയത്തെ തന്റെ വധുവായി ആലോചിച്ചപ്പോള്‍ ഇതുപോലെ ഒരു പ്രതിസന്ധിഘട്ടത്തില്‍ താനെത്തിപ്പെടുമെന്നു തെല്ലും കരുതിയിരുന്നില്ല. ഇന്നു തന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞില്ലേ?

താന്‍ അപ്രതീക്ഷിതമായി വീട്ടിലേക്കു ചെല്ലുമ്പോള്‍ അപ്പനെന്തോര്‍ക്കും? മറിയത്തിന്റെ വിശേഷങ്ങളൊക്കെ അപ്പനെ അിയിക്കണോ? വീടിനടുത്തെത്തിയപ്പോള്‍ ജോസഫ് കുതിരയുടെ വേഗം കുറച്ചു. കുതിരക്കുളമ്പടി ശബ്ദം കേട്ടു വീടിനുള്ളില്‍ നിന്നു യാക്കോബ് ഇറങ്ങി വന്നു. ജോസഫ് കുതിരപ്പുറത്തു നിന്നിറങ്ങി. കുതിരയെ ഒരത്തിമരത്തില്‍ കെട്ടിയിട്ടു. യാക്കോബ് ജോസഫി നോടു ചോദിച്ചു: "ജോസഫ് എന്താ ഒറ്റയ്ക്കു വന്നത്?" 'ഞാന്‍ രണ്ടു ദിവസത്തെ വിശ്രമത്തിനു വന്നതാ." അതുകേട്ടു യാക്കോബ് നടന്നുനീങ്ങി.
യാക്കോബിനോടു മറിയത്തിന്റെ അവസ്ഥയെപ്പറ്റി കൂടുലൊന്നും പറയേണ്ടെന്നു ജോസഫിന്റെ മനസ്സ് പറഞ്ഞു. ജോസഫ് മുറിയില്‍ തനിച്ചായപ്പോള്‍ അവന്റെ മനസ്സില്‍ ചില ചീത്ത സ്മരണകള്‍ ഓടിയെത്തി. നസ്രത്തിലെ ഒരു വീട്ടില്‍ വീടുപണി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മന്നാസ് എന്ന മേസ്തിരി പറഞ്ഞു: "ഞാന്‍ കാനായിലെ എന്റെ വീടുവിട്ടു രണ്ടു മാസത്തേയ്ക്കു യൂദയായിലെ ഒരു വീട്ടില്‍ ജോലിക്കു പോയി. എന്റെ വീട്ടില്‍ ഭാര്യയും ഒരു കുട്ടിയുമുണ്ടായിരുന്നു. യൂദയായില്‍ പണിയെടുത്തു കിട്ടിയ പണത്തില്‍ നിന്നു വീട്ടുചെലവിനുള്ളതു ഞാന്‍ യൂദയായില്‍നിന്നു കാനായിലേക്കു പോന്നിരുന്ന പരിചയക്കാരുടെ കയ്യില്‍ കൊടുത്തുവിടുമായിരുന്നു. അവരത് എന്റെ ഭാര്യയെ ഏല്പിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞ് ഒരു സന്ധ്യയ്ക്കു ഞാന്‍ കാനായിലെ എന്റെ വീട്ടിലെത്തി. വട്ടില്‍ വന്നു ഞാന്‍ ഭാര്യയെ വിളിച്ചു. അവള്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു വന്നു. അവളുടെ മുറിയില്‍ അന്ന് അയല്‍വക്കത്തെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അതുകൊണ്ടു ഞാന്‍ അവളെ ഉപേക്ഷിക്കാന്‍ പോകുകയാണ്." "ഒരു സംശയത്തിന്റെ പേരില്‍ മന്നാസ് അവളെ ഉപേക്ഷിക്കരുത്." "എന്നെ വഞ്ചിച്ചു എന്നു ഞാന്‍ കരുതുന്ന ഒരുവളുടെ കൂടെ ഇനിയും ജീവിക്കാന്‍ എന്നോടു പറയുകയാണോ?" – മന്നാസ് ചോദിച്ചു.

"തെറ്റു പറ്റാന്‍ സാദ്ധ്യതയുള്ള ഒരു യുവതിയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ദൈവം നിന്നെ ഏല്പിച്ചിരിക്കുന്നു എന്നു മന്നാസ് ചിന്തിക്കാത്തതെന്ത്?" "ഞാന്‍ ജോസഫിനെപ്പോലെ ഒരു പുണ്യവാളനല്ല. തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനവളെ കല്ലെറിയിച്ചു കൊല്ലുമായിരുന്നു" – മന്നാസ് അവളോടുള്ള വെറുപ്പോടെ പറഞ്ഞു. "മന്നാസ് അവളെ കുറ്റപ്പെടുത്തുംമുമ്പ് അവള്‍ക്കു പറയാനുള്ളതുകൂടി കേള്‍ക്കണം. അവള്‍ക്കു തെറ്റു പറ്റിയെങ്കില്‍ സാഹചര്യമാകും അവളെ തെറ്റില്‍ വീഴിച്ചത്"- ജോസഫ് പറഞ്ഞു. "ജോസഫ് എന്നും ഇങ്ങനെയാ. എന്തു പറഞ്ഞാലും ജോസഫിന് അതിനൊരു ന്യായീകരണമുണ്ട്. ഇതൊക്കെ സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ ആള്‍ക്കാര്‍ അതിന്റെ വിവരമറിയൂ."താനന്നു മന്നാസിനോടു പറഞ്ഞു: "മന്നാസ്! തെറ്റു പറ്റാത്ത മനുഷ്യര്‍ ആരാണുള്ളത്? ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വിട്ടുവീഴ്ചകളില്ലെങ്കില്‍ കുടുംബം നിലനില്ക്കില്ല. തെറ്റു ബോദ്ധ്യമാകുമ്പോള്‍ മനുഷ്യന്‍ സ്വയം നന്നാകും. അതുകൊണ്ടു മന്നാസ് ഭാര്യയോടു ക്ഷമിച്ചു നിങ്ങളൊന്നിച്ചു ജീവിക്കണം."

"ഇതത്ര നിസ്സാര കാര്യമാണോ? ജോസഫ് വലിയ അറിവുളളവനല്ലേ? നീ അവളോട് ഇക്കാര്യത്തെപ്പറ്റി ഒന്നു ചോദിച്ചുനോക്ക്. എന്നിട്ടാകാം ഞാന്‍ എന്തു ചെയ്യണമെന്നു നിശ്ചയിക്കാന്‍." "ശരി, മന്നാസിനോടൊപ്പം ഞാന്‍ വരാം" – താന്‍ പറഞ്ഞു. മന്നാസ് തന്റെ കൂട്ടുപണിക്കാരനായതുകൊണ്ട് അവനെയും ഭാര്യയെയും തനിക്കു മുമ്പേ പരിചയമുണ്ട്. അതുെകാണ്ട് അവനോടൊപ്പം അവന്റെ വീട്ടില്‍ ചെന്നു. മന്നാസിന്റെ ഭാര്യയായ വേറോനിക്കയെ വിൡു വരുത്തി ചോദിച്ചു: "വേറൊനിക്ക! നിന്നെപ്പറ്റി മന്നാസ് പലതും പറയുന്നു. മന്നാസ് നിന്നോടൊപ്പം വേറെയാരെയോ സംശയാസ്പദമായി കണ്ടെന്ന്. നിനക്കു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം. മന്നാസിനോടു ക്ഷമ ചോദിക്കണം." "ഇയാളെ എനിക്ക് വേണ്ട എന്റെ എല്ലാ വിഷമങ്ങള്‍ക്കും കാരണക്കാരന്‍ ഈ മനുഷ്യനാ. ഇപ്പോള്‍ കള്ളം പറഞ്ഞ് എന്നെ കൊല്ലിക്കാനും നോക്കുന്നു" – അവള്‍ കുറ്റപ്പെടുത്തി. "ഞാന്‍ വന്നപ്പോള്‍ ഈ മുറിക്കുള്ളില്‍ നിന്നോടൊപ്പം മര്‍ക്കോസിനെ കണ്ടത് എന്റെ മായക്കാഴ്ചയാണോ?" – മന്നാസ് പൊട്ടിത്തെറിച്ചു. "അന്നു സന്ധ്യയ്ക്കു തലവേദനമൂലം ഞാനിവിടെ കിടക്കുകയായിരുന്നു. അപ്പോള്‍ അയല്‍വക്കത്തെ ചെറുക്കന്‍ ഒരല്പം മരുന്നു കൊണ്ടുവന്ന് എന്റെ നെറ്റിയില്‍ പുരട്ടിത്തന്നു. ആ നേരത്താണ് ഇയാള്‍ വരുന്നത്. ആ സന്ധ്യയ്ക്ക് ഇയാള്‍ എന്നെ ഒരുപാടു ചീത്ത പറയുകയും തല്ലുകയും ചെയ്തു. ഇയാള്‍ എന്നെ ഒരു വളര്‍ത്തുനായയെപ്പോലെ ഇവിടെ തളച്ചിട്ടിരിക്കുകയാ. എന്നിട്ടിയാള്‍ ദേശാടനം നടത്തുന്നു. പിന്നെ വരുമ്പോള്‍ എന്റെ മേല്‍ ഇല്ലാത്ത കുറ്റമെല്ലാം കെട്ടിവയ്ക്കുകയും എന്നെ തല്ലുകയും ചെയ്യുകയാ. ഞാന്‍ മടുത്തു. ഇയാളെ എനിക്കു വേണ്ട.

"നോക്ക്. ഇവള്‍ പറയുമ്പോള്‍ ഇപ്പോഴും അവളെ ന്യായീകരിക്കുന്നു. ഇങ്ങനെയുള്ള ഒരു ഭാര്യയെ എനിക്കെന്തിന്? എന്നെ ചതിച്ചിട്ട് ഇങ്ങനെയുള്ളവള്‍ ജീവിക്കണ്ട" – മന്നാസ് കോപംകൊണ്ടു വിറച്ചു. അവന്‍ ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു: "ഈ തേവിടിശ്ശിയെ ഞാനിന്നു കൊല്ലും." മന്നാസ് കലിപൂണ്ട് ഓടിച്ചെന്ന് ഒരു വീതുളി എടുത്തുകൊണ്ടുവന്ന് അവളെ കുത്താന്‍ ആഞ്ഞു. അന്നു താനതു തടഞ്ഞു. "മന്നാസ് നീ ദൈവകല്പന മറക്കുന്നു. കൊല്ലാന്‍ നിനക്കവകാശമില്ല." വേറൊനിക്ക മന്നാസി നോടു വെറുപ്പോടെ പറഞ്ഞു: "എനിക്കു നിന്റെ കൂടെ ജീവിക്കേണ്ട. നിങ്ങള്‍ ഇനി എന്റെ ഭര്‍ത്താവാണെന്നു പറഞ്ഞ് എന്റെ മേല്‍ അവകാശത്തിനും വരേണ്ട." "നിങ്ങള്‍ ഇങ്ങനെ പിണങ്ങാതെ. ഒരിക്കല്‍ നിങ്ങള്‍ എത്രയോ സ്നേഹത്തോടെ കഴിഞ്ഞവരാ. തെറ്റു പറ്റിയെങ്കില്‍ ക്ഷമ ചോദിച്ചും ക്ഷമിച്ചും സ്നേഹത്തോടെ ജീവിക്ക്" – താന്‍ അന്നവരെ ഉപദേശിച്ചു. "എന്നെ ഇവള്‍ക്കു വേണ്ടെങ്കില്‍ ഇവളെ എനിക്കും വേണ്ട" – മന്നാസ് വെറുപ്പോടെ വീടുവിട്ടിറങ്ങി. അവരുടെ പിണക്കം പിന്നീടു തീരുമെന്ന പ്രതീക്ഷയോടെ താനും മടങ്ങി. പിറ്റേ ദിവസം ആ ദുരന്തം നടന്നു. മന്നാസ് അവളെ കുത്തിക്കൊന്നു. ഒരു സംശയത്തിന്റെ അനന്തരഫലമായുണ്ടായ ഒരു കുടുംബത്തിന്റെ ദുരന്തകഥയോര്‍ത്തപ്പോള്‍ അവന്‍ ചിന്തിച്ചു: മറിയം താനുമായി വിവാഹവാഗ്ദാനം ചെയ്തിട്ട് അവള്‍ ഗര്‍ഭിണിയായിരിക്കുന്നു. താനെന്തു ചെയ്യണം? ജോസഫ് പെട്ടെന്നോര്‍ത്തു.

സാത്താന്‍ തന്റെ മനസ്സില്‍ ലൗകികചിന്തകള്‍ നല്കി തന്നെ വഴിതെറ്റിക്കാന്‍ നോക്കുകയാണ്. ജോസഫ് ശാസിച്ചു: "സാത്താനേ, ദൂരെപ്പോകുക." അവനോര്‍ത്തു ആദിമാതാപിതാക്കള്‍ക്കു പറുദീസാ നഷ്ടപ്പെടാന്‍ കാരണക്കാരന്‍ സാത്താനാണ്. ഇന്നു തന്റെ ദൈവവിശ്വാസം തകര്‍ക്കാന്‍ സാത്താന്‍ തന്റെ മനസ്സില്‍ ലൗകികചിന്തകളുയര്‍ത്തുന്നു. താന്‍ ഇന്നലെ വരെ രക്ഷകനെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്നവനാണ്. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടി എന്നര്‍ത്ഥമുള്ള എമ്മാനുല്‍േ എന്ന് അവന്‍ വിളിക്കപ്പെടും എന്ന പ്രവചനം വിശ്വസി ച്ചിരുന്നവന്‍. താന്‍ ഇപ്പോള്‍ ദൈവത്തെ അവിശ്വസിക്കുന്നുവോ? ദൈവം ഇല്ലാത്തതിനെ സൃഷ്ടിച്ചവനാണ്. അവന് അവതരിക്കാന്‍ നിന്റെ സയന്‍സിന്റെ തത്ത്വ ശാസ്ത്രമൊന്നും വേണ്ട. നിന്റെ ശാസ്ത്രം ദൈവിക രഹസ്യങ്ങള്‍ക്കു മുമ്പില്‍ നിഷ്പ്രഭമാണ്. ദൈവം നിന്നെ ഒരു കുഞ്ഞിന്റെ സംരക്ഷണത്തിനായി വിളിച്ചു. ആ കുഞ്ഞു ദൈവത്തിന്റെ കുഞ്ഞാണ്. പാപത്തിന്റെ ഒരു കണികപോലും അവനിലില്ല. നീ അവനെയും അവന് ഉദരത്തില്‍ വളരാന്‍ അനുവദിച്ച സ്ത്രീയെയും അസാന്മാര്‍ഗികളായ മനുഷ്യര്‍ക്കു കല്ലെറിഞ്ഞുകൊടുക്കാന്‍ വിട്ടുകൊടുക്കരുത്. മറിയം നിന്നെ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടല്ലേ അവള്‍ നിന്നോടു വിവാഹവാഗ്ദാനം ചെയ്തത്? അതുകൊണ്ടല്ലേ വിവാഹവാഗ്ദാനദിവസം കത്തിച്ച ദീപം ഇപ്പോഴും അണയാതെ സംരക്ഷിക്കുന്നത്?

ചിന്താഭാരത്താല്‍ ആടിയുലഞ്ഞ ജോസഫിന്റെ മനസ്സ് അവസാനം ഒരു തീരുമാനത്തിലെത്തി. താന്‍ ഒരിക്കല്‍ മറിയത്തെ ഹൃദയപൂര്‍വം സ്നേഹിച്ചതാണ്. അവള്‍ക്കുവേണ്ടി ഒരു ത്യാഗം ചെയ്യാം. അവളെ വിവാഹം ചെയ്യാം. എന്നിട്ട് അവളെ രഹസ്യത്തില്‍ ഉപേക്ഷിക്കാം. തീരുമാനമെടുത്തപ്പോള്‍ അവന്റെ മനസ്സിലെ ചിന്തകളുടെ ഓളങ്ങളടങ്ങി. അന്നു രാത്രി ജോസഫ് ശാന്തമായി ഉറങ്ങി. ഉറക്കത്തില്‍ ജോസഫ് ഒരു സ്വപ്നം കണ്ടു. ഒരു ദൈവദൂതന്‍ അവന്റെ മുമ്പില്‍ നില്ക്കുന്നു. ദൂതന്‍ പറഞ്ഞു: "ദാവീദിന്റെ പുത്രനായ ജോസഫേ! മറിയം ഗര്‍ഭിണിയായിരിക്കുന്നതു പരിശുദ്ധാത്മാവില്‍ നിന്നാണ്. അവളെയും കുഞ്ഞിനെയും നീ സംരക്ഷിക്കണം."ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്നു. അവന്‍ എഴുന്നേറ്റു. ജോസഫ് ജനലിലൂടെ പുറത്തേയ്ക്കു നോക്കി. പുറത്തു പകല്‍വെളിച്ചം വീണിരിക്കുന്നു. ആ കാശം തെളിഞ്ഞിരിക്കുന്നു. സൂര്യന്‍ ഉദിച്ചിരിക്കുന്നു. അവന്‍ പ്രാര്‍ത്ഥനാമുറിയിലേക്കു ചെന്നു. അവന്‍ ചെന്നപ്പോള്‍ യാക്കോബ് പ്രാര്‍ത്ഥനയിലാണ്. അവന്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് അപ്പന്റെ കരം ചുംബിച്ചു. "മോനേ! നീ വിശുദ്ധ ഗ്രന്ഥമെടുത്തു കുറച്ചു വായിക്കുക" – യാക്കോബ് നിര്‍ദ്ദേശിച്ചു.

പാപ്പിറസ് കടലാസില്‍ പകര്‍ത്തി മുറിയിലെ പീഠത്തില്‍വച്ചിരുന്ന വി. ഗ്രന്ഥമെടുത്തു ജോസഫ് വായിക്കാന്‍ തുറന്നു. അവനു വായിക്കാന്‍ ലഭിച്ചതു തോബിത്തിന്റെ പുസ്തകം രണ്ടാം അദ്ധ്യായത്തിലെ വചനങ്ങളാണ്.അവന്‍ വായിച്ചു: "ഉപജീവനത്തിനുവേണ്ടി എന്റെ ഭാര്യ അന്ന സ്ത്രീകള്‍ക്കു വശമായ തൊഴില്‍ ചെയ്തു സാധനങ്ങളുണ്ടാക്കി ഉടമസ്ഥര്‍ക്കു കൊടുക്കുകയായിരുന്നു അവളുടെ പതിവ്. ഒരിക്കല്‍ അവള്‍ക്കു കൂലിക്കു പുറമേ ഒരാട്ടിന്‍കുട്ടിയെ കൂടി അവര്‍ കൊടുത്തു. അവള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടു ഞാന്‍ ചോദിച്ചു: "ഇതിനെ എവിടെനിന്നു കിട്ടി; കട്ടെടുത്തതല്ലേ? ഉടമസ്ഥനെ തിരിച്ചേല്പിക്കുക. കട്ടെടുത്തതു ഭക്ഷിക്കുന്നതു ശരിയല്ല. കൂലിക്കു പുറമേ സമ്മാനമായി തന്നതാണെന്ന് അവള്‍ പറഞ്ഞു. പക്ഷേ, എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആട്ടിന്‍ കുട്ടിയെ തിരിച്ചുകൊടുക്കണമെന്നു ഞാന്‍ ശഠിച്ചു. അവളുടെ ഈ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിച്ചു. അവള്‍ ചോദിച്ചു. നിന്റെ ദാനധര്‍മങ്ങളും സ്തപ്രവൃത്തികളും എവിടെ? എല്ലാം അറിയാമെന്നല്ലേ ഭാവം?" ജോസഫ് ഗ്രന്ഥമടച്ചു. അവന്‍ സ്വന്തം മനഃസാക്ഷിയില്‍ ഈ ഗ്രന്ഥഭാഗത്തെയും തന്റെ ഇപ്പോഴത്തെ അവസ്ഥയെയും ഒന്നു തുലനം ചെയ്തു നോക്കി. തോബിത്തിന്റെ ഭാര്യ തോബിത്തിനോടു ചോദിച്ചതുപോലെയുള്ള ചോദ്യങ്ങള്‍ തന്നെയല്ലേ മറിയവും മനസ്സുകൊണ്ടു തന്നോടു ചോദിക്കുന്നത്? വിശുദ്ധ ഗ്രന്ഥ ലിഖിതങ്ങള്‍ വായിച്ചിട്ടു ചിന്താമൂകനായി നിന്ന ജോസഫിനോടു യാക്കോബ് പറഞ്ഞു: "ഒരാള്‍ തെറ്റു ചെയ്തു എന്നു സംശയാസ്പദമായി നമുക്കു തോന്നിയാലും സത്യമറിയാതെ അവനില്‍ കുറ്റം ചാര്‍ത്തരുത്." യാക്കോബ് പറഞ്ഞതു കേട്ടപ്പോള്‍ താന്‍ സംശയത്തിന്റെ പേരില്‍ മറിയത്തെ കുറ്റപ്പെടുത്തില്ലെന്നു ജോസഫ് മനസ്സിലുറപ്പിച്ചു. ജോസഫ് രാവിലെതന്നെ മറിയത്തിന്റെ വീട്ടിലേക്കു പോയി. കുതിരക്കുളമ്പടി ശബ്ദം കേട്ട് ആദ്യം വന്നതു മറിയമാണ്. അവള്‍ ജോസഫിനെ കണ്ട് ഒന്നമ്പരന്നു. എന്തു ചെയ്യണമെന്നറിയാതെ അവള്‍ പരുങ്ങി. അവളുടെ മുഖത്ത് ആകാംക്ഷ അലതല്ലുന്നതു ജോസഫ് കണ്ടു.

ജോസഫ് കുതിരവണ്ടിയില്‍ നിന്നു താഴെയിറങ്ങി. കുതിരകളെ മുറ്റത്തരുകില്‍ ഒരു ഓക്കുമരത്തില്‍ കെട്ടി. മറിയം മുറിക്കുള്ളിലേക്ക് ഉള്‍വലിഞ്ഞു. അഹറോനും അന്നയും ഉമ്മറത്തേയ്ക്കു വന്നു. "ജോസഫ്, വരൂ. വന്നിരിക്കൂ"- അഹറോന്‍ ക്ഷണിച്ചു. ജോസഫ് സ്വീകരണമുറിയിലേക്കു ചെന്നു. മേശയ്ക്കരുകില്‍ ഒരു പീഠത്തിലിരുന്നു. അഹറോന്‍ ജോസഫിനെ ശ്രദ്ധിച്ചു. കഴിഞ്ഞ ദിവസം ദുഃഖവും അസ്വസ്ഥചിന്തകളുമായി കുനിഞ്ഞ ശിരസ്സോടെ ഇവിടെനിന്നും ഇറങ്ങിപ്പോയ ജോസഫ് അല്ല ഇത്. ജോസഫ് ഇന്നു വന്നിരിക്കുന്നത് ഒരു പുതിയ മനുഷ്യനായിട്ടാണ്. മറിയം അടുക്കള വാതിലിനു പിമ്പിലുണ്ട്. അവള്‍ക്കരുകില്‍ സലോമി നില്പുണ്ട്. "മോന്റെ യാത്രയൊക്കെ സുഖകരമായിരുന്നോ?" അഹറോന്‍ ചോദിച്ചു. "ഉം" – അവന്‍ മൂളി. "മോനു വിവാഹത്തിന്റെ കാര്യത്തില്‍ ഞങ്ങളോട് എന്താണു പറയാനുള്ളത്?"-അഹറോന്‍ തിരക്കി. എല്ലാവരും അവന്റെ മുഖത്തേയ്ക്കു നോക്കി. "ഞാന്‍ വിവാഹത്തെക്കുറിച്ചു ശരിക്കും ആലോചിച്ചു. ഞാനൊരു തീരുമാനത്തിലെത്തി. മറിയത്തിനു സമ്മതമാണെങ്കില്‍ വിവാഹം നടത്താം." ജോസഫ് പറഞ്ഞതു കേട്ടു മറിയത്തിന്റെ മുഖത്തു ചിന്തകള്‍ ഓളം തല്ലി. അന്ന സന്തോഷംകൊണ്ടു കണ്ണീരൊഴുക്കി. സലോമിയുടെ മു ഖത്തും സന്തോഷം അലതല്ലി. അഹറോന്‍ കൈകളുയര്‍ത്തി ദൈവത്തെ സ്തുതിച്ചുെകാണ്ടു പറഞ്ഞു: "ദൈവമേ! നീ എന്റെ പ്രാര്‍ത്ഥന കേട്ടു. ഞാനങ്ങേയ്ക്കു നന്ദി പറയുന്നു."

മറിയം ചിന്തകളോടെ ഇറങ്ങി വന്നു പറഞ്ഞു: "ഞാന്‍ ദൈവവുമായി ഒരു ഉടമ്പടി ചെയ്തു. ഞാനെന്നും എന്റെ കുഞ്ഞിനുവേണ്ടി ജീവിക്കുമെന്ന്." "എനിക്കതിന് എതിര്‍പ്പില്ല. നമുക്ക് ഒന്നിച്ചവനെ വളര്‍ത്താം" – ജോസഫ് പറഞ്ഞു. "നിന്നെ ഒരു സുരക്ഷിതസ്ഥാനത്ത് ഏല്പിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അതുകൊണ്ടു നീ ജോസഫുമായുള്ള വിവാഹത്തിനു സമ്മതിക്കണം. മറിയം ജോസഫിനോടു ചോദിച്ചു: "ചേട്ടന് എന്റെ മനസ്സിലെ വിഷമം കാണാന്‍ കഴിയുന്നുണ്ടോ?" "ഉണ്ട്. എന്റെയും നിന്റെയും കുഞ്ഞിന്റെയും ജീവരക്ഷയ്ക്കു നമ്മുടെ വിവാഹം നടക്കേണ്ടത് ആവശ്യമാണ്. നമ്മുടെ വിവാഹം നടന്നാല്‍ ഞാന്‍ നിനക്കും കുഞ്ഞിനും ഒരു കാവല്‍ക്കാരനായിരിക്കും." മറിയമപ്പോള്‍ ജോസഫിനോടു പറഞ്ഞു: "അങ്ങ് എന്നോടു കാണിക്കുന്ന ഈ ദയയ്ക്കു ഞാനെന്നും നന്ദിയുള്ളവളായിരിക്കും. അഹറോനപ്പോള്‍ ജോസഫിനോടു ചോദിച്ചു: "ജോസഫും മറിയവും തമ്മിലുള്ള വിവാഹം മുന്‍ നിശ്ചയംപോലെ നടത്താം അല്ലേ?" "നടത്താം" – ജോസഫ് പറഞ്ഞു. ജോസഫ് അതു പറഞ്ഞപ്പോള്‍ ഒരു മഹാത്യാഗത്തിന്റെ മണിനാദം ജോസഫിന്റെ ശബ്ദത്തില്‍ മു ഴങ്ങി.
(തുടരും)…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org