തീരാമഴ – അധ്യായം 11

തീരാമഴ – അധ്യായം 11

വെണ്ണല മോഹന്‍

സ്ഫടി എടുത്ത് നൂലില്‍ നിര്‍ത്തി – സ്ഫടി ഓരോ കളങ്ങളിലേക്ക് ആടി. പിന്നീട് ഒരു കളത്തിനു മുന്നില്‍ ചലനം നിലച്ചുനിന്നു.

സ്ഫടിക ജ്യോതിഷക്കാരന്‍ എന്തോ അര്‍ത്ഥംവച്ചു ചിരിച്ചു. വ്യവച്ഛേദിച്ചെടുക്കാനാകാത്ത ഭാവവ്യത്യാസം!

പീറ്റര്‍ നോക്കിക്കൊണ്ടി രുന്നു.

ത്രികോണാകൃതിയിലുള്ള സ്ഫടികക്കട്ടി. അതിനു മുകളിലെ കൊളുത്തില്‍ പിടിപ്പിച്ചിരിക്കുന്ന ചരട്. ഏതാണ്ട് കല്‍പ്പണിക്കാര്‍ കൊണ്ടുനടക്കുന്ന മരത്തിന്‍റെ തൂക്കുകട്ടയ്ക്കു സമാനം.

താഴെ കളം വരച്ചിട്ടിരിക്കുന്നു. അതില്‍ എന്തൊക്കെയോ അടയാളപ്പെടുത്തിയിട്ടുണ്ട്.

കളത്തിനു മുകളില്‍ സ്ഫടികക്കട്ട നൂലില്‍ പിടിച്ചു തൊടാതെ നിര്‍ത്തും. എന്നിട്ടയാള്‍ ഏതൊക്കെയോ മന്ത്രം ജപിക്കും.

പിന്നെ, തൂക്കുകട്ടയുടെ ചലനം ശ്രദ്ധിക്കും. ചലനരഹിതമായി ഏതു കളത്തിനു മുകളിലാണു നില്ക്കുന്നത് എന്നു നോക്കിയശേഷം ഫലപ്രവചനം.

ആളുകള്‍ ധാരാളമുണ്ട്.

ഓരോരുത്തരും ഓരോ പ്രശ്നങ്ങളുമായി എത്തിയിരിക്കുന്നതാണ്. പ്രവചനം കൃത്യമാണെന്നാണു പറയുന്നത്. പത്രപരസ്യം കണ്ടിട്ടാണ് പീറ്റര്‍ എത്തിയത്. ഒരാള്‍ പറയുന്നതു മറ്റൊരാള്‍ക്കു കേള്‍ക്കാനാവില്ല. സ്വകാര്യതയുണ്ട്. അടച്ചിട്ട മുറിയിലിരുന്നാണു സംസാരിക്കുക.

പീറ്റര്‍ ആളുടെ മുഖത്തേയ്ക്കു നോക്കി.

"കണ്ട ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ വയ്യ. സത്യനിഷേധം നടത്താന്‍ ഞാനളല്ല…"

ആള്‍ പറഞ്ഞുതുടങ്ങി.

പിന്നെ, പീറ്ററിന്‍റെ കണ്ണുകളിലേക്ക് അയാള്‍ നോക്കി.

"ചില സത്യങ്ങള്‍ പൊള്ളിക്കുന്നതാണ്. കള്ളം പറഞ്ഞു സന്തോഷിപ്പിക്കുന്നതിലും നല്ലതു ലേശം വേദനിച്ചാലും സത്യം പറയുന്നതാണ്."

അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ പീറ്ററിന്‍റെ ചങ്കിടിപ്പു കൂടി.

വേളാങ്കണ്ണി പള്ളിയില്‍ കാലങ്ങളോളം പോയ ആള്‍ക്കു സിദ്ധികൂടിയിട്ടുണ്ടത്രേ! ആ സിദ്ധിയും പഠിച്ച സ്ഫടികജ്യോതിഷവും കൂടി ചേര്‍ത്താണത്രേ പറയുന്നത്. ഒന്നും തെറ്റില്ലപോലും.

മുറിക്കു പുറത്തു തങ്ങളെ വിളിക്കുന്നതും കേട്ട് ആളുകള്‍ നെഞ്ചിടിപ്പോടെ ഇരിക്കുന്നത് ഇയാളുടെ തെറ്റാത്ത പ്രവചനത്തിനാണ്. ഇനിയിപ്പോള്‍ ഇയാള്‍ എന്താണാവോ പറയാന്‍ പോകുന്നത്.

പീറ്റര്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി.

കണ്ണടച്ചിരിക്കുന്ന ആളുടെ മുഖം വലിഞ്ഞു മുറുകി.

പറ്റെവെട്ടിയ തലമുടിയാണ്.

നെറ്റിയില്‍ വിയര്‍പ്പു പൊടിയുന്നു.

കണ്ണു തുറന്നു.

"പീറ്റര്‍… നിങ്ങള്‍ ഊഹിക്കുന്നതില്‍ കുറച്ചു കാര്യങ്ങള്‍ ഇല്ലാതില്ല. ട്രീസയ്ക്ക് ഒരു ചെറിയ അബദ്ധം പറ്റിപ്പോയി."

പീറ്ററിന്‍റെ നെഞ്ചില്‍ വെള്ളിടി മുഴങ്ങി. "മനസ്സ് വിട്ടുപോകാതിരിക്കാന്‍ അയാള്‍ ചില ആഭിചാരപ്രവൃത്തികളും ചെയ്തിട്ടുണ്ട്."

"ആരുടെ മനസ്സ് പോകാതിരിക്കാന്‍…?" – പീറ്റര്‍ ചോദിച്ചു.

"ട്രീസയുടെ മനസ്സ് അയാളില്‍തന്നെ നില്ക്കാന്‍…?"

"പക്ഷേ, അവള്‍ക്കങ്ങനെ…?" പീറ്ററിനു വിശ്വസിക്കാനായില്ല. എത്രയൊക്കെ അവളെക്കുറിച്ചു സംശയമുണ്ടെങ്കിലും അതിലേറെ വിശ്വാസവും അവളെക്കുറിച്ചു പീറ്ററിനുണ്ടായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥ!

"തോന്നും തോന്നും… ഇതു സാത്താന്‍റെ കളി. യാഥാര്‍ത്ഥ്യം മനസ്സില്‍ ദൈവം തോന്നിപ്പിക്കുമ്പോഴേക്കും സാത്താന്‍ അതു മായ്ച്ച് അവളെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കും. അതല്ലേ കളി. ചെയ്തിരിക്കുന്നത് നാലാം വേദക്കാരനെക്കൊണ്ടല്ലേ."

"നാലാം വേദക്കാരനോ…?"

"ങാ… മുസ്ലീം കര്‍മ്മി. ജിന്നുപ്രവചനക്കാരന്‍. അയാള്‍ ജിന്നിനെ വച്ചു ചെയ്തിരിക്കുവാ… എളുപ്പം വിട്ടുപോകത്തില്ല."

"ആരാണാ കക്ഷി?" – പീറ്റര്‍ ഉദ്വേഗപൂര്‍വം ചോദിച്ചു.

"അതു പറയാന്‍ ഞാനാളല്ല; കുടുംബം കലക്കാന്‍ എന്നെ കിട്ടില്ല."

"ന്നാലും… അടയാളങ്ങള്‍ പറയരുതോ…?

"നിരീക്ഷിപ്പിന്‍, വെളിപ്പെടും."

"അല്ല; കുഞ്ഞിന്‍റെ കാര്യത്തില്‍…."

"അത് ആദ്യമേ പറഞ്ഞല്ലോ… ഒരബദ്ധം…" – പിന്നീടാ വാചകം മുഴുമിപ്പിക്കാതെ പീറ്ററിനെ നോക്കി അയാള്‍.

പീറ്റര്‍ സര്‍വമാനം വിയര്‍ത്തു.

സംശയങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഒരു തെളിവും വെളിവും ഇല്ലാത്ത സംശയങ്ങള്‍. അതു വെറും സംശയമാണെന്നു വിശ്വസിച്ചു സമാധാനിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ഇപ്പോഴിതാ ആ സംശയത്തെ മറ്റൊരാള്‍കൂടി സത്യമാണെന്നു സാക്ഷ്യപ്പെടുത്താന്‍ തയ്യാറാകുന്നു.

"വിഷമിക്കണ്ട… പരിഭ്രാന്തി വേണ്ട… എല്ലാ സത്യവും വെളിപ്പടും; ദൃഷ്ടാന്തങ്ങള്‍ മുന്നില്‍ വരും."

ഒന്നു ദീര്‍ഘമായി നിശ്വസിച്ചെങ്കിലും സമാധാനം പീറ്ററിനു നഷ്ടപ്പെടുകയായിരുന്നു. ഇവിടേയ്ക്കു വരേണ്ടിയിരുന്നില്ല എന്നുപോലും ഒരു നിമിഷം തോന്നിപ്പോയി. വന്നില്ലായിരുന്നെങ്കില്‍ സംശയത്തില്‍ മാത്രം മനസ്സു നിറഞ്ഞുനിന്നേനെ. ഇപ്പോള്‍…

"വീട്ടില്‍ ചെന്നു ബഹളമുണ്ടാക്കിയിട്ടു കാര്യമില്ല. ഇങ്ങനെ ഒരു കാര്യം പറഞ്ഞാല്‍ അവര്‍ നിങ്ങളെ മാനസികരോഗിയായേ കാണൂ… ഇതിനുമുമ്പും നിങ്ങളെ മെന്‍റല്‍ പ്രശ്നമെന്നു പറഞ്ഞ് അവഹേളിച്ചിട്ടുണ്ട്. അവഗണിച്ചിട്ടുണ്ട്. നിങ്ങളും ചിലപ്പോഴൊക്കെ അങ്ങനെയാണോ എന്നു സ്വയം സംശയിച്ചിട്ടുമുണ്ട്; ശരിയല്ലേ."

പീറ്ററിന്‍റെ കണ്ണുകള്‍ തിളങ്ങി.

എത്ര കൃത്യമായിട്ടാണു പറയുന്നത്. ഇത്തരം കാര്യം പറഞ്ഞാല്‍ ട്രീസപോലും തനിക്കെന്തോ മാനസികപ്രശ്നമുള്ളതുപോലെയാണ് തന്നോട് ഇടപെടാറ്. തനിക്കും അങ്ങനെയെ ഉണ്ടോ എന്നു സംശയം തോന്നാറുണ്ട്. ആളൊരു ദിവ്യന്‍തന്നെ.

"ഇനീപ്പോ എന്താ ചെയ്യേണ്ടത്…" – പരിഹാരം ആരാഞ്ഞു പീറ്റര്‍.

"ങാ… അതാണു ചിന്തിക്കേണ്ടത്. പ്രശ്നം നിസ്സാരമായി കാണേണ്ടതല്ല; ഒരു ജന്മത്തിന്‍റേതാണ്. ജീവിതത്തിന്‍റേതാണ്."

"അതെ…" – പീറ്റര്‍ വിനീതനായി.

"കൊടും ചെയ്ത്താണു ചെയ്തിരിക്കുന്നത്. അതും ജിന്നിനെവച്ച്."

അയാള്‍ എന്തോ ആലോചിച്ചു.

എന്നിട്ടു തുടര്‍ന്നു പറഞ്ഞു.

"ഒരു സംഖ്യ പറയൂ…"

"ഏഴ്…"- ഒട്ടും ആലോചിക്കാതെതന്നെ പീറ്റര്‍ സംഖ്യ പറഞ്ഞു.

"ഏഴ്… നിവര്‍ത്തി സ്ഥാനം. ദാമ്പത്യം… ങാ… വഴിയുണ്ട്…"

എന്തൊക്കെയോ ജപിച്ചു. പിന്നെ വീണ്ടും സ്ഫടി എടുത്തു. നൂലില്‍ തൂക്കി കളത്തിനു മീതെ പിടിച്ചു. സ്ഫടി ചുറ്റിക്കറങ്ങി ഏതോ ഒരു കളത്തില്‍ വന്നുനിന്നു.

"ങാ… ആറ് മൂന്നിഞ്ചിന്‍റെ ആണി. പച്ചത്തുണി ഒരു മീറ്റര്‍. രണ്ടു കോഴി മുട്ട, ഒരു ചെമ്പുതകിട്. സ്ത്രീ-പുരുഷ രൂപം. ഇത്രയുമായി വ്യാഴാഴ്ച വരണം രാത്രിയിലാണു കര്‍മം…"

"ചെലവ്…?"

"കര്‍മം കഴിഞ്ഞേ പറയാന്‍ കഴിയൂ. ഏതായാലും ഒരു അമ്പതിനായിരം രൂപയ്ക്കു താഴെ വരും. ഇപ്പോഴിവിടെ എത്തിച്ചേര്‍ന്നതു ദൈവസഹായം. ഇല്ലെങ്കില്‍ എല്ലാം കൈവിട്ടേനെ. വൈകണ്ട… എല്ലാം നഷ്ടപ്പെട്ടിട്ടു കാര്യമില്ലല്ലോ.

അമ്പതിനായിരം! – പീറ്റര്‍ ഞെട്ടി.

"അല്ല; ഇതിനൊക്കെ തെളിവു വേണം. അല്ലെങ്കില്‍ ഞാനീ സംശയിക്കുന്നതിനൊന്നും ഒരു അര്‍ത്ഥവും ഇല്ലാതാകില്ലേ?"

"കര്‍മം കഴിഞ്ഞാല്‍ 21 ദിവസത്തിനകം തെളിവു വരും. നിങ്ങള്‍ക്കു മാത്രമല്ല കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും അതു ദൃഷ്ടിയില്‍ പതിയും…"

പീറ്ററിനു സന്തോഷമായി.

"ങാ… ഇനി വല്ലതും…?"

"ഇല്ല…"

"എന്നാല്‍ പറഞ്ഞതുപോലെ…"

പീറ്റര്‍ പോക്കറ്റില്‍ നിന്ന് ഒരു അഞ്ഞൂറിന്‍റെ നോട്ടെടുത്ത് അയാള്‍ വച്ചിരിക്കുന്ന തട്ടത്തിലിട്ടു. അതില്‍ കിടക്കുന്ന നോട്ടുകളെല്ലാം അഞ്ഞുറിന്‍റെയും രണ്ടായിരത്തിന്‍റെയുമാക്കെയാണ്. അപ്പോള്‍പ്പിന്നെ അതില്‍ കുറവ് എന്തു ഫീസ് വയ്ക്കാന്‍.

ഇട്ട തുകയിലേക്കൊന്നും അയാള്‍ നോക്കിയതേയില്ല. പിന്നെ ലെറ്റര്‍ഹെഡില്‍ അയാള്‍ എഴുതിക്കൊടുത്തു.

വ്യാഴാഴ്ച സന്ധ്യയ്ക്കു മുമ്പ് ആറ് ഇരുമ്പാണി – മൂന്നിഞ്ച്, പച്ച തുണി ഒരു മീറ്റര്‍, രണ്ടു കോഴി മുട്ട, ഒരു ചെമ്പുതകിട്, സ്ത്രീപുരുഷരൂപം.

പേപ്പര്‍ വാങ്ങുമ്പോള്‍ പീറ്റര്‍ ഒരു സംശയംപോലെ ചോദിച്ചു.

"അല്ല; ഈ വ്യാഴാഴ്ചതന്നെ വരണോ?"

"അതു നിങ്ങളുടെ ഇഷ്ടം. വൈകുന്തോറും പ്രശ്നം ഗുരുതരമാകും. എന്നു വന്നാലും അതു വ്യാഴം ദിവസമായിരിക്കണം."

"ശരി…"

പീറ്റര്‍ മുറിക്കു പുറത്തിറങ്ങി. അടുത്ത ആള്‍ കയറി.

ഇരുപത്തിയൊന്നു ദിവസം!

എന്തായാലും ദൃഷ്ടാന്തം ഉണ്ടാകുമല്ലോ. എന്തുണ്ടായാലും തന്‍റെ സന്ദേശങ്ങള്‍ക്ക് ഒരറുതിയാകും. അമ്പതിനായിരത്തിനടുത്തു തുക! ഹൊ. അതു കുറച്ചു കടുപ്പമാണ്. എന്നാലും ജീവിതം മുഴുവന്‍ തീ തിന്നുന്നതിലും നല്ലതല്ലേ അമ്പതിനായിരം മുടക്കുന്നത്.

ആരായിരിക്കും ജാരന്‍…?

അതു വെളിപ്പെടുത്തിയിരുന്നെങ്കില്‍ എല്ലാം ആരും അറിയാതെ അന്വേഷിക്കാമായിരുന്നു.

ഇനി…

ഇവരൊക്കെ പറയുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ, ഓരോന്ന് ആലോചിച്ചാലോചിച്ചു പീറ്റര്‍ ഉറക്കത്തിലേക്ക് കൂപ്പുകുത്തി.

ആ ഉറക്കത്തിലും അബോധമനസ്സ് പറയാന്‍ തുടങ്ങി.

സ്ത്രീകള്‍ക്കു ശാപം രണ്ടാണ്. ഒന്നാമത്തേതു വേഗം കൗശലത്തിനു വഴങ്ങും എന്നത്. രണ്ടാമത്തത് അവസരം വരുമ്പോള്‍ കൗശലം കാണിക്കും എന്നത്.

ഏദന്‍ തോട്ടത്തിലായിരുന്നു അതിന്‍റെ ആരംഭം. സാത്താന്‍ പാമ്പിന്‍റെ വേഷത്തില്‍ എത്തിയത് സ്ത്രീയുടെ അടുത്ത്. സാത്താന്‍റെ ആ കൗശലത്തില്‍ പെട്ടുപോയതു സ്ത്രീ. സാത്താന്‍റെ ദുര്‍ബോധന കേട്ട് നന്മതിന്മകളുടെ അറിവിന്‍റെ ഫലം തിന്നാല്‍ നല്ലതും കാണാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിക്കാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു. പറിച്ചു, ഭക്ഷിച്ചു. ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ അതൊന്നുമുണ്ടാവില്ലായിരുന്നു. തന്നത്താന്‍ ഭക്ഷിച്ചെന്നു മാത്രമല്ലല്ലോ ഭര്‍ത്താവിനും തിന്നാന്‍ കൊടുത്തില്ലേ? അതും കൗശലത്തോടെ.

അതുപോലെ സ്ത്രീകൗശലങ്ങള്‍ എത്രയെത്ര? യാക്കോബ് ലാബാന്‍റെ പെണ്‍മക്കളായ റാഹേലിനെയും ലേയയെയുംകെണ്ട് ഓടിപ്പോന്നപ്പോള്‍ ലബാനും അവന്‍റെ സഹോദരന്മാരും വന്നു വഴിയില്‍ വച്ചു പിടികൂടുകയായിരുന്നുവല്ലോ. സംഗതി മറ്റൊന്നായിരുന്നു. ലാബാന്‍റെ ദേവന്മാരുടെ വിഗ്രഹം റാഹേല്‍ മോഷ്ടിച്ചുകൊണ്ടുവന്നിരിക്കുന്നു. ഉടനെ റാഹേല്‍ വിഗ്രഹം എടുത്ത് ഒട്ടകത്തിനു മുകളില്‍വച്ചു. എന്നിട്ട് അതില്‍ കയറിയിരുന്നു. മറ്റെല്ലാ സ്ഥലത്തും നോക്കിക്കഴിഞ്ഞശേഷം ലാബാന്‍ റാഹേലിന്‍റെ അടുത്തുവന്നപ്പോള്‍ അവള്‍ പ്രയോഗിച്ച കൗശലം എന്തായിരുന്നു!? എഴുന്നേല്ക്കാന്‍ അവളോടു പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: "നിന്‍റെ മുന്നില്‍ എനിക്ക് എഴുന്നേല്ക്കുവാന്‍ പറ്റില്ല."

"കാരണം?"

"സ്ത്രീകള്‍ക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു."

അതു വിശ്വസിച്ചു ലാബാന്‍ മടങ്ങി.

അവിടെയും സ്ത്രീ കൗശലക്കാരിയായില്ലേ?

സ്ത്രീകൗശലത്തിന്‍റെ കഥകള്‍ തേടിപ്പിടിക്കുകയായിരുന്നു പീറ്ററിന്‍റെ അബോധമനസ്സ്.

അത്താഴം കഴിക്കാതെ ദിവാന്‍ കോട്ടില്‍ കിടന്നു മയങ്ങുന്ന പീറ്ററിന്‍റെ അടുത്തു ട്രീസ എത്തി.

എന്തൊക്കെയോ പിറുപിറുക്കുന്നു.

മുഖമാകെ വ്യത്യസ്ത ഭാവപ്പകര്‍ച്ചയിലാണ്. ഏതോ സ്വപ്നത്തിലാണെന്നു തോന്നുന്നു. ഒരു നിമിഷം ആ ഭാവപ്പകര്‍ച്ച നോക്കിനിന്നു ട്രീസ.

പിന്നെ, സാവധാനം തൊട്ടുവിളിച്ചു: "ഇച്ചായാ…"

ഒരു നടുക്കത്തോടെ പീറ്റര്‍ കണ്ണു തുറന്നു. പരിസരബോധം മറന്ന പീറ്റര്‍ ചോദിച്ചു: "ട്രീസ… നീ എന്നോടെന്തിനിങ്ങനെ ചെയ്തു? ഞാനൊരു പാവമായിപ്പോയതാണോ, നിന്‍റത്രേം ശേലില്ലാത്തവനായി പോയതാണോ കുറ്റം? എന്നാലും എന്നോടിത്…"

ബാക്കി പറയുംമുമ്പ് ട്രീസയുടെ വിളി അയാളെ സ്ഥലകാലബോധവാനാക്കി.

"ഇച്ചായാ… എന്തു പറ്റി?" – ട്രീസയുടെ കണ്ണുകള്‍ നിറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org