തീരാമഴ – അധ്യായം 8

തീരാമഴ – അധ്യായം 8

വെണ്ണല മോഹന്‍

അമ്മയെയും കുഞ്ഞിനെയും ഭര്‍ത്തൃവീട്ടിലേക്കു കൊണ്ടുപോകുന്ന ചടങ്ങും ഭംഗിയായി നടന്നു.

നല്ലൊരു വിരുന്നൊരുക്കി ഭര്‍ത്തൃവീട്ടുകാരെ പുത്തന്‍ വീട്ടുകാര്‍ സത്കരിച്ചു.

ട്രീസ ചെന്നപ്പോഴും ഭര്‍ത്തൃവീടു നല്ല സ്വീകരണത്തിലായിരുന്നു.

ആളൊഴിഞ്ഞു. പെരുന്നാളൊഴിഞ്ഞ പള്ളിപ്പറമ്പുപോലെ മൂകമായി. മെഴുകുതിരി അണഞ്ഞപോലെ പുത്തന്‍ വീട് ഒന്നു മൂകമായി.

കുഞ്ഞും തള്ളയും ഉള്ളപ്പോള്‍ നല്ല പ്രസരിപ്പിലായിരുന്നു വീട്. കരുതിയിരുന്നതാണെങ്കിലും അവര്‍ പോയപ്പോള്‍ എല്ലാം ഒഴിഞ്ഞപോലെ.

എന്തോ, ആ രാത്രി അവര്‍ക്കു ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞില്ല. എല്ലാവരും മൗനമായി കഴിഞ്ഞു. പിന്നെപ്പോഴോ ജോര്‍ജുകുട്ടിയുടെ അടുത്ത് ആനിയമ്മ മന്ത്രിച്ചു.

"നിനക്കൊരു കുഞ്ഞുണ്ടായാലേ ഇവിടൊരു ആളനക്കം വരൂ. കുഞ്ഞിക്കാല്‍ പതിയുക എന്നുവച്ചാ… ഉണ്ണിയേശു വിരുന്നിനു വന്നൂന്ന് പറയണതുപോലെയാ."

ജോര്‍ജുകുട്ടി എന്തു പറയാന്‍!? അവന്‍റെ നീറ്റല്‍ മനസ്സിലാക്കി ആനിയമ്മ മറ്റൊന്നുകൂടി പറഞ്ഞു.

"ഞങ്ങള്‍ക്കു നേര്‍ച്ച നേരാനേ കഴിയൂ… പള്ളീല് കാഴ്ച കൊടുക്കാനും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാനും മാത്രമേ കഴിയൂ. ചികിത്സേടെ കാര്യോം മറ്റുമൊക്കെ നിങ്ങളാ നോക്കേണ്ടത്."

ആഗ്നസിനും കുഞ്ഞു പോയതില്‍ സങ്കടമായിരുന്നു. സ്വന്തം കുഞ്ഞിനെപ്പോലെ വിശ്വസിച്ചു കളിപ്പിച്ചു നടന്നതാണ് ഓരോ ദിവസവും. ഇനീപ്പോ എന്തു പറയാന്‍!?

ഒന്നു കാണണമെങ്കില്‍ കൂടി പീറ്ററിന്‍റേം വീട്ടുകാരുടേം ഔദാര്യം വേണം. എങ്കിലല്ലേ ഇവിടേയ്ക്കു കൊണ്ടുവരൂ. അല്ലെങ്കില്‍ പിന്നെ അവിടെ പോയി കുഞ്ഞിനെ കാണണം. അതിനൊക്കെ ഒരു പരിധിയില്ലേ?

രാത്രി മുഴുവന്‍ മറ്റൊരു ആശങ്കയിലായിരുന്നു തോമസ്.

എന്തൊക്കെയോ ട്രീസയും പീറ്ററും തമ്മില്‍ പ്രശ്നങ്ങളുണ്ട്; അയാള്‍ വിശ്വസിച്ചു. അതുകൊണ്ടു തന്നെ അവിടെ എത്തുമ്പോള്‍ അതു വഷളാകുമോ എന്തോ…?

എല്ലാം കര്‍ത്താവിലര്‍പ്പിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു തോമസ്.

ഒരു കാര്യം ആനിയമ്മയോടുംകൂടി അയാള്‍ പറഞ്ഞുവച്ചു.

"എടീ ആനിയേ…"

"ങും…"

"ഞാനൊന്നാലോചിക്കുവാരുന്നു."

"എന്താ ആലോചിക്കുന്നേ?"

"നമ്മുടെ മോള് സിസ്റ്റര്‍ മറിയയെ ഒന്നും കാണണം. അവളോടു ചിലതു പറയണം എന്ന്."

"അവളോട് എന്തു പറയാന്‍?" – ആനിയമ്മയ്ക്കു മനസ്സിലായില്ല.

"അവള് കന്യാസ്ത്രീയല്ലേ. മറ്റു കുടുംബകെട്ടുകള്‍ ഒന്നുമില്ലല്ലോ."

"അതോണ്ട്…"

"അവള് ഒരു ദിവസം ട്രീസാമോളെ കാണട്ടെ. എന്തേലും ട്രീസയുടെ മനസ്സിലുണ്ടെങ്കില്‍ പറയുമല്ലോ. അതു സിസ്റ്റര്‍ മനസ്സിലാക്കിയാല്‍ പരിഹാരം കണ്ടെത്താം. വെറുതെ ഇരുട്ടില്‍ തപ്പീട്ടു കാര്യമില്ലല്ലോ ആനിയമ്മേ…"

"ഇതു പണ്ടാരാണ്ടും പറഞ്ഞപോലെയായല്ലോ; ഞാനും ഇതുതന്നെയാ മനസ്സില്‍ കരുതീത്."

"ങാ… അതു തന്നെയാകാം. എങ്കിലും ലൗകികകാര്യം വിട്ടുപോയ സിസ്റ്ററിനെ വീണ്ടും ലൗകികകാര്യത്തിലേക്കു വലിച്ചിഴയ്ക്കുന്നത് അത്ര ശരിയല്ല എന്നും എനിക്കു തോന്നണുണ്ട്."

"ഇതും ഒരു ആത്മീയ കാര്യമാ… രണ്ടു മനസ്സുകളെ അടുപ്പിക്കുന്നതു ലൗകീകമല്ലല്ലോ – ആത്മീയമല്ലേ – മനസ്സിന്‍റെ മുറിവുണക്കുന്നത് ആത്മീയമല്ലേ."

ആനിയമ്മ സാധൂകരിച്ചു.

ഇവള്‍ക്ക് ഇങ്ങനെയും അറിവുണ്ടല്ലോ തോമസിന് അത്ഭുതം തോന്നി.

തോമസ് അധികം വൈകിച്ചില്ല. പിറ്റേന്നു തന്നെ മറിയത്തെ കാണാന്‍ മഠത്തിലെത്തി. മറിയത്തിന് അത്ഭുതമായിരുന്നു. അങ്ങനെയൊന്നും അപ്പച്ചന്‍ തന്നെ കാണാന്‍ മഠത്തില്‍ വരാത്തതാണ്. വരുന്നെങ്കില്‍ കാര്യമായി എന്തെങ്കിലും കാണും.

മദര്‍ സുപ്പീരിയറിനോടു പറഞ്ഞ് അപ്പച്ചനോടൊപ്പം മഠത്തിലെ വിസിറ്റിങ്ങ് റൂമിലെത്തി മറിയം.

"എന്താണു പ്രത്യേകിച്ച്…?" – അവള്‍ ചോദിച്ചു.

"ഓ… അങ്ങനൊന്നുമില്ല" – സ്വരത്തില്‍ പരമാവധി ലാഘവത്വം വരുത്താന്‍ ശ്രമിച്ചെങ്കിലും എന്തോ ഉണ്ടെന്ന ധ്വനി ബാക്കി കിടന്നു.

"അല്ല, വിശേഷിച്ചൊന്നുല്ലേല്‍ അപ്പച്ചനങ്ങനെ വരാത്തതാണല്ലോ" – അവള്‍ തുറന്നുതന്നെ ചോദിച്ചു.

"എനിക്കു സിസ്റ്ററിനെ കാണുന്നതു തന്നെ ഒരു വിശേഷമല്ലേ" – തോമസ് നയത്തില്‍ നിന്നു.

ഇതിനിടെ അവിടേയ്ക്കു രണ്ടു ചായ എത്തി.

"അപ്പച്ചന്‍ ചായ കുടിക്ക്."

എന്തോ ആലോചിച്ചിരുന്ന തോമസിനെ മറിയം ഓര്‍മ്മിപ്പിച്ചു.

കപ്പെടുത്ത് ചായ ഒരിറക്കു കുടിച്ചശേഷം തോമസ് പറഞ്ഞു: "ഞാനിവിടെ വന്നതിനു കാര്യമൊന്നും ഇല്ലാതില്ല എന്നു പറഞ്ഞുകൂടാ."

സിസ്റ്റര്‍ മറിയം ചിരിച്ചു.

അപ്പച്ചന്‍റെ ശരീരഭാഷ അവള്‍ സശ്രദ്ധം വീക്ഷിക്കുകയായിരുന്നു. എന്നിട്ട് മറിയം ഒന്നു പുഞ്ചിരിച്ചു. എന്തൊക്കെയോ അന്തഃസംഘര്‍ഷങ്ങള്‍ അപ്പച്ചന്‍റെ മുഖത്തു ചുളിവുകള്‍ തീര്‍ക്കുന്നതും മറിയം ശ്രദ്ധിച്ചു.

"ട്രീസമോളുടെ അടുത്തു നീ സമയം കിട്ടുമ്പം ഒന്നു പോണം"-തോമസ് പറഞ്ഞു.

എങ്ങനെയാണു പറഞ്ഞുതുടങ്ങേണ്ടത് എന്ന് അയാള്‍ക്കു വ്യക്തതയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനെ ആരംഭിക്കാം എന്നു കരുതി.

"അതെന്തിനാ?"

എന്താണു പറയുക? ഒരു നിമിഷം തോമസ് ആലോചിച്ചിരുന്നു. അടുത്ത നിമിഷം അയാള്‍ പറഞ്ഞു: "അവള്‍ക്ക് എന്തോ പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നു."

"എന്തു പ്രശ്നങ്ങള്‍? ശരീരത്തിനോ മനസ്സിനോ?"

"മനസ്സിന്."

"ങും… അവള്‍ പ്രശ്നങ്ങള്‍ പറഞ്ഞോ?"

"ഇല്ല…"

"പിന്നെ അപ്പച്ചനെങ്ങനെ അറിഞ്ഞു അവള്‍ക്കു പ്രശ്നങ്ങളുണ്ടെന്ന്."

"എനിക്കു തോന്നി. എനിക്കു മാത്രമല്ല; അമ്മച്ചിക്കും തോന്നി."

ഒരു നിമിഷം സിസ്റ്റര്‍ മറിയം എന്തോ ചിന്തിച്ചിരുന്നു. പിന്നീടു പറഞ്ഞു.

"ഒന്നും തോന്നരുത്. ഞാന്‍ കാര്യം പറയുവാ… പ്രശ്നങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ പറയേണ്ടതു ട്രീസയാണ്. ഇല്ലാത്തിടത്തോളം കാലം പ്രശ്നമുണ്ടെന്നു കരുതാന്‍ കഴിയില്ല."

"അങ്ങിനല്ല."

"എങ്ങനെയായാലും… അല്ലാതെ പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ എന്നു പറഞ്ഞു നടന്നാല്‍ അതു തന്നാ പ്രശ്നം; അറിയില്ലേ?"

"സിസ്റ്റര്‍ കരുതുംപോലെയല്ല."

"അല്ലായിരിക്കാം. പക്ഷേ, ആരിലായാലും പ്രശ്നങ്ങളന്വേഷിച്ചു ചെന്നാല്‍ പ്രശ്നങ്ങളില്ലാത്തവരാണെങ്കില്‍ പോലും സംശയിക്കാന്‍ തുടങ്ങും. തങ്ങള്‍ക്കു പ്രശ്നമുണ്ടോ എന്ന്. പിന്നീടു പ്രശ്നങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിക്കും. പ്രശ്നത്തിലാകുകയും ചെയ്യും."

സിസ്റ്റര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ എങ്ങനെ മറിയത്തോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണമെന്ന് ആലോചിക്കുകയായിരുന്നു തോമസ്.

അതോ, തിരിച്ചുപോകുകയാണോ നല്ലത്.

തോമസിന്‍റെ മനോവ്യാപാരം മനസ്സിലാക്കിയതുപോലെ മറിയം ചോദിച്ചു: "അല്ല, അപ്പച്ചനെങ്ങനാ ട്രീസയ്ക്കു പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയത്?"

കാര്യങ്ങള്‍ പറയാന്‍ ഒരു വഴി തുറന്നു കിട്ടിയതില്‍ ആശ്വസിച്ചു തോമസ്.

"ചില കാര്യങ്ങള്‍ പറഞ്ഞു മാത്രമല്ല അറിയുന്നത്. കണ്ടും മനസ്സിലാക്കിയും നമ്മള്‍ അറിയും. ട്രീസേടെ അപ്പനല്ലേ ഞാന്‍… ആനി അവളുടെ അമ്മയല്ലേ. അതുകൊണ്ടുതന്നെ ജീവിതത്തിലെ താളമാറ്റങ്ങള്‍ ഞങ്ങള്‍ക്കു മറ്റുള്ളവരേക്കാള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതു മാത്രമല്ല ചില കാര്യങ്ങള്‍ ചിലര്‍ക്കു പറയാന്‍ കഴിഞ്ഞെന്നു വരത്തില്ല. എല്ലാം എല്ലാവരോടും പറയാന്‍ പറ്റത്തില്ലെന്ന് അറിയില്ലേ?"

ഒരു മാത്ര മറിയത്തിന്‍റെ മറുപടിക്കായി നിര്‍ത്തി തോമസ്, പിന്നെ അവളുടെ മുഖത്തേയ്ക്കു നോക്കി. മറിയം ഒന്നും മറുപടി പറയാതായപ്പോള്‍ തോമസ് വീണ്ടും തുടര്‍ന്നു: "ട്രീസ എന്തൊക്കെയോ മനസ്സില്‍ ഒതുക്കുന്നുണ്ട്. പീറ്ററും അവളും തമ്മിലത്ര നല്ല എണക്കോണ്ടെന്നു തോന്നണില്ല."

"അവര്‍ ഭാര്യയും ഭര്‍ത്താവുമല്ലേ. ഇണക്കവും പിണക്കവുമൊക്കെ കണ്ടെന്നു വരില്ലേ. വെറുതെ മറ്റുള്ളവര്‍ അവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കണതെന്തിനാണ്; കടന്നുകയറുന്നതെന്തിനാണ്?" – മറിയം ചോദിച്ചു.

"ഇത് ഒളിഞ്ഞുനോട്ടോം കടന്നുകയറ്റവുമല്ല. ഒരപ്പന്‍റേം അമ്മേടേം ആകുലതകളാണ്" – തോമസിന്‍റ കണ്ണു നിറഞ്ഞു.

അതു മറിയം കാണാതിരിക്കാന്‍ ദൃഷ്ടി മാറ്റി. ചുമരില്‍ തറച്ചിരിക്കുന്ന മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ചിത്രത്തില്‍ മിഴിയൂന്നി ഒരു നിമിഷം തോമസ് ഇരുന്നു.

തോമസിന്‍റെ അഭിപ്രായങ്ങള്‍ക്കു വിരുദ്ധാഭിപ്രായം പറഞ്ഞിരുന്നുവെങ്കിലും ആ മനസ്സ് കാണാന്‍ മറിയത്തിനും കഴിഞ്ഞിരുന്നു.

"പീറ്ററേട്ടനു ട്രീസ എന്നുവച്ചാല്‍ ജീവനാണെന്നാണ് എനിക്കിതുവരെയും തോന്നിയിട്ടുള്ളത്. തനിക്കു കിട്ടിയ ഒരു ഭാഗ്യം എന്ന രീതിയിലാണു പീറ്ററേട്ടന്‍ ട്രീസയെ കാണുന്നത്. ട്രീസയ്ക്കും പീറ്ററേട്ടനോട് സ്നേഹോം ബഹുമാനോം ഉണ്ട്. അവരുടെ വീട്ടുകാരാണെങ്കിലും നല്ല ദൈവഭയമുള്ളവര്‍. പിന്നെവിടാ കുഴപ്പം?" – മറിയം ചോദിച്ചു; ദീര്‍ഘശ്വാസമുതിര്‍ത്തു.

"ഈ പറഞ്ഞതെല്ലാം ഞാനും വിശ്വസിച്ചിരുന്നു. കുറച്ചു സത്യോം ഉണ്ട്; എന്നാലും…" പിന്നെങ്ങനെ തുടരണം എന്നറിയാതെ ഒരു നിമിഷം തോമസ് നിര്‍ത്തി. എന്തോ ആലോചിച്ചശേഷം തുടര്‍ന്നു:

"ഒരു കുട്ടി ഉണ്ടായാല്‍ പിതാവിന്‍റെ മനസ്സ് എന്തെന്നറിയാന്‍ വലിയ പഠിപ്പൊന്നും വേണ്ട. ആ കുട്ടിയോടു കാണിക്കുന്ന അടുപ്പം കുഞ്ഞിന്‍റമ്മയോടുള്ള സ്നേഹം ഇതൊക്കെ എളുപ്പം പിടികിട്ടും. അവിടെ എന്തെങ്കിലും മാറ്റം കണ്ടാല്‍ കാര്യമായി എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കണം."

"നല്ല രീതിയില്‍ ചടങ്ങുകള്‍ നടത്തി. പറ്റുമ്പോഴൊക്കെ പീറ്റേറേട്ടനും വീട്ടുകാരും സന്ദര്‍ശിച്ചിരുന്നു. ട്രീസയെ നാട്ടാചാരപ്രകാരംതന്നെ കൂട്ടിക്കൊണ്ടും പോയി. പിന്നെ എവിടാ പ്രശ്നം?"

"ഇവിടൊന്നും പ്രശ്നമില്ല. മറ്റു ചില പ്രശ്നങ്ങള്‍ ഉണ്ട്. അവന്‍ കുഞ്ഞിനോട് ഒരപ്പന്‍ കാണിക്കുന്ന വാത്സല്യം കാണിക്കുന്നില്ല. ഓരോ തവണയും വന്നുപോകുമ്പോള്‍ ട്രീസയുടെ കണ്ണു നിറഞ്ഞിരിക്കുന്നതും അവന്‍റെ മുഖം വലിഞ്ഞുമുറുകിയിരിക്കുന്നതും ഞാന്‍ കാണാറുണ്ട്. ഏതെങ്കിലും കാര്യം ഒരാളോടു ചോദിച്ചാല്‍ അയാള്‍ ആവശ്യത്തില്‍ കൂടുതല്‍ നിഷേധിച്ചാല്‍ അതു നേരെ വിപരീതമാണെന്നു മനസ്സിലാക്കണം."

"ങും…"

മറിയവും ആലോചിക്കുകയായിരുന്നു.

"ഞങ്ങള്‍ സൂചിപ്പിച്ചിട്ട് അവളൊന്നും മറുപടി പറയുന്നില്ല. അധികം ചോദിക്കാനും പറ്റത്തില്ലല്ലോ. ഒരു പരിധിയും പരിമിതിയുമൊക്കെയില്ലേ? സിസ്റ്റര്‍ അവരെ കാണണം. ആ മനസ്സറിയണം. ചെറിയ മുറിവാണെങ്കില്‍ മരുന്നുവച്ചുണക്കാം. അല്ലേല്‍ അതു പഴുത്തുകയറി മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്കാവുമത്."

"ങും" – അപ്പോഴും മറിയം പ്രത്യേകിച്ചൊരു അഭിപ്രായവും പറഞ്ഞില്ല.

"നിങ്ങളൊക്കെ തമ്മിലാകുമ്പം എല്ലാം തുറന്നു പറഞ്ഞെന്നും വരും. അതും ആത്മീയജീവിതം തിരഞ്ഞെടുത്ത ഒരാളും കൂടിയാകുമ്പം ആ ആളോടു പറയാന്‍ അത്ര വിഷമം കാണത്തില്ല. മനുഷ്യന്‍റെ നിയമമല്ലല്ലോ ശാശ്വതമായിട്ടുള്ളത് എന്നും ദൈവത്തിന്‍റെ കല്പനകളല്ലേ?"

"ങാ… ഞാന്‍ ട്രീസയോടു സംസാരിക്കാം" – മറിയം സമ്മതിച്ചു.

ആശ്വാസത്തോടെ നിശ്വാസമുതിര്‍ത്തു തോമസ്.

"എന്നാ ഞാനിറങ്ങുന്നു… ട്രീസയോടു സംസാരിച്ചശേഷം എന്നെ വിളിക്കണം; വിവരം പറയണം. ടെലഫോണില്‍ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമല്ലല്ലോ. അതാ ഞാന്‍ നേരിട്ടു വന്നത്."

"ങും…"

"ശരി…" – തോമസ് വെയിലിലേക്കിറങ്ങി നടന്നു.

ആ നടപ്പ് നോക്കിനിന്നു നെടുനിശ്വാസമുതിര്‍ത്തു മറിയം.

കര്‍ത്താവേ….

ഓരോന്നും എങ്ങനെയൊക്കെ… മിഴികള്‍കൊണ്ടു കാണുന്നതു മാത്രമല്ലല്ലോ ലോകം. അതിനുമപ്പുറം… അതിനുമപ്പുറം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org