റ്റൂ ​ഗേൾസ്…?

റ്റൂ ​ഗേൾസ്…?

കഥ

ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF

കല്ലറയുടെ സമീപം നിന്നിരുന്ന പെണ്‍കുട്ടിയെയാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്. അവളുടെ അപ്പന്‍ ആത്മഹത്യ ചെയ്തതിന്‍റെ മുപ്പതാം ദിവസമായിരുന്നു അത്. അത് എന്‍റെ ആദ്യത്തെ ഒപ്പീസ് ആയിരുന്നു. അതുകൊണ്ട് വളരെയേറെ ഭക്തിയോടും തീക്ഷ്ണതയോടും കൂടി ഞാന്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള ആ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി. അവള്‍ മുഖമുയര്‍ത്തുകയോ കരയുകയോ ചെയ്തിരുന്നില്ല. വികാരിയച്ചനോടൊപ്പം ഞാന്‍ നടന്നുനീങ്ങി…

ആത്മഹത്യ ചെയ്തവര്‍ക്ക് വേണ്ടിയായിരുന്നല്ലോ എന്‍റെ ആദ്യത്തെ ഒപ്പീസ് എന്ന് ഞാന്‍ ചിന്തിക്കുകയുണ്ടായി. തന്‍റെ ഭാര്യയേയും മക്കളെയും നിഷ്കരുണം തള്ളിക്കളഞ്ഞ് ഒരു കഷണം കയറില്‍ ജീവനൊടുക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്തായിരിക്കണം?

കുളികഴിഞ്ഞു ഞാന്‍ വീണ്ടും പള്ളിയിലെത്തി. പള്ളിയിലെ സകല ചെടികളെയും പരിലാളിക്കുക എന്നതും എന്‍റെ ഉത്തരവാദിത്വമാണ്. വെണ്ടയും വഴുതനയും പയറും എല്ലാം തിമിര്‍ത്തു വളരുന്നു. വൈകുന്നേരം ഏഴിന് മണി നാദം മുഴങ്ങി, പിന്നെ സന്ധ്യാ പ്രാര്‍ത്ഥന, വികാരിയച്ചന്‍റെ കൂടെ അത്താഴം, അച്ചന്‍റെ അടുത്ത മുറിയില്‍ ഉറക്കം, അങ്ങനെ ഒന്നാം ദിവസം കപ്യാര്‍ ജോലി സമാപനം.

ഒരു ദിവസം വെള്ളം ഒഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അവള്‍ എത്തിയത്.

'എന്താ വെള്ളമൊഴിക്കുകയാണോ?'

ഞാന്‍ ആ ചോദ്യം ശ്രദ്ധിച്ചു.

അത് ചോദിച്ചത് യൂണിഫോം ധരിച്ച, മുടി ഇരുവശത്തേക്കും സ്റ്റൈലില്‍ കെട്ടിയിട്ട പെണ്‍കുട്ടി.

'ഈ വെയിലത്ത് വെള്ളം ഒഴിച്ചിട്ട് എന്ത് പ്രയോജനം?'

രണ്ടാമത്തേതാണ് യഥാര്‍ത്ഥ ചോദ്യം അതിന് ഞാന്‍ മറുപടി പറഞ്ഞു, 'മഴയും വെയിലുമുണ്ടെങ്കിലും ഞാന്‍ എന്‍റെ ഉത്തരവാദിത്വം ചെയ്യും.'

'ഇതാണോ ഉത്തരവാദിത്വങ്ങളുടെ നിറകുടമായ മനുഷ്യന്‍… ഞങ്ങളുടെ ഇടയിലേക്ക് സുസ്വാഗതം ഉത്തരവാദിത്തമേ.'

എനിക്ക് ചിരിവന്നു. അവള്‍ പൊട്ടിച്ചിരിച്ചു.

ഞാന്‍ ചോദിച്ചു: 'എന്താ പേര്?'

'ജോവന്ന.. കപ്യാരച്ചന്‍റെ വീട് എവിടെയാ?'

'അങ്ങനെയൊന്നുമില്ല… ഞാന്‍ ഇങ്ങനെ പല നാടുകളില്‍ കഴിയുന്നു. ക്ലാസ് നേരത്തെ കഴിഞ്ഞോ?'

'ഇന്നും മിസ്സ്മാരെല്ലാം മഹാ അലമ്പായിരുന്നു. എന്തിനാണ് പഠിപ്പിക്കുന്നതെന്ന് അവര്‍ക്കു പോലും അറിയില്ല. ഇടയ്ക്ക് സ്കൂളിന് തീ വച്ച് ഇറങ്ങിപ്പോകാന്‍ വരെ തോന്നി.'

'എന്നിട്ടോ?'

ഇറങ്ങിപ്പോന്നു.

'തീയും വെച്ചോ?'

'അതു നാളെ.'

'എന്‍റെ ദൈവമേ!'

പിന്നീട് കുറെ ആഴ്ച അവളെ കണ്ടില്ല.

ചൂരക്കാട്ട് അച്ചന്‍ വെള്ളമൊഴിക്കാന്‍ പറമ്പില്‍ കയറിയ ദിവസമായിരുന്നു അന്ന്. പാഴായ ചെടികള്‍ പിഴുതു മാറ്റുന്ന ഉത്തരവാദിത്വം ജോവന്നയും കൂട്ടരും ഭംഗിയായി നിര്‍വഹിച്ചു. പിന്നീട് അതേ ശുഷ്കാന്തിയോടെ പുതിയ ചെടികള്‍ മണ്ണിലേക്കിറങ്ങി…

'അച്ചാ… നമ്മുടെ കപ്യാരച്ചനെ ഏല്‍പ്പിച്ചാല്‍ ഈ ചെടികള്‍ പെട്ടെന്ന് തന്നെ തളിര്‍ക്കും.'

'അതെന്താടി അങ്ങനെ പറഞ്ഞത്..?' മണ്ണില്‍ വളമിട്ടു കൊണ്ട് ചൂരക്കാട്ട് അച്ചന്‍ ചോദിച്ചു.

'ഭയങ്കര ഉത്തരവാദിത്വമാണ് അച്ചാ… ഉത്തരവാദിത്വം…' അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

'ഉം. കപ്യാരുടെ ഉത്തരവാദിത്വം അല്പം കൂടുന്നുണ്ട്. ഇന്നലെ തന്നെ പൂട്ടിപ്പൂട്ടി എന്‍റെ മുറി കൂടി ഇവന്‍ പൂട്ടി.. പിന്നീട് എത്ര തന്നെ വിളിച്ചിട്ടാണ് തുറന്നു കിട്ടിയത്.'

അന്നു ഒപ്പീസ് ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂ ആത്മഹത്യ ചെയ്ത വ്യക്തിയുടെ 39-ാമത്തെ ദിവസത്തെ ഒപ്പീസ്. അന്നും അവള്‍ നിര്‍ന്നിമേഷയായി നിലകൊണ്ടു മെഴുകുതിരികള്‍ കരഞ്ഞുക്കൊണ്ടിരുന്നു. കല്ലറയിലെ പെണ്‍കുട്ടി യാതൊരു ഭാവഭേദവുമില്ലാതെ അവളുടെ അപ്പനെ നോക്കിക്കൊണ്ടിരുന്നു.

സ്കൂള്‍വിട്ട് ജോവന്ന പതിവു പോലെ എത്തി. ഇപ്പോള്‍ ഞാന്‍ അവളെ തോട്ടം ഏല്‍പ്പിച്ചിട്ട്, വിശ്രമിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നു. അവള്‍ ഒരു കൃഷിക്കാരി ആയി മാറട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന സഫലമായി. വികാരിയച്ചന്‍ വന്നു. അവള്‍ ജോലി ചെയ്യുന്നതും ഞാന്‍ ഉല്ലസിക്കുന്നതും അച്ചന്‍ കണ്ടു. എങ്കിലും ബൈബിള്‍ അറിയാത്ത അച്ചന്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഓരോ ദനാറാ വീതം നല്‍കിയില്ല.

അച്ചന്‍ വളരെ കൃത്യതയോടെ എന്നോടു പറഞ്ഞു: 'നിനക്ക് പറ്റുമെങ്കില്‍ മാത്രം ഈ പണി ചെയ്യുക. അതിനുമാത്രം കൂലി ഇല്ലെങ്കില്‍ നിര്‍ത്തീട്ട് പോടാ.'

ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മുടി ശേഖരണത്തിന്‍റെ ഭാഗമായി മുറിച്ച മുടിയുടെ കൂപ്പണുമായി ജോവന്ന കടന്നുവന്നു.

'നീ മുടിയൊക്കെ മുറിച്ചോ?'

'ഞാന്‍ മുടി മുറിക്കുക മാത്രമല്ല ക്ലാസ്സില്‍ എല്ലാ കുട്ടികളുടെയും മുടി മുറിപ്പിച്ചു.'

'നീ ഇനി മദര്‍തെരേസ ആകുമോ?'

'ആ ചിലപ്പോള്‍ ആയെന്ന് വരും.'

'ശരിക്കും നീ ആരാകും?'

'വിശുദ്ധ.'

അങ്ങനെ അപ്രതീക്ഷിത മറുപടികള്‍ കൊണ്ട് ഞെട്ടിക്കാന്‍ അവള്‍ക്കുള്ള കഴിവ് അപാരമായിരുന്നു 41 ദിവസം ഒപ്പീസ് കഴിഞ്ഞു. വിഷുവും മെയ് മാസം വണക്കവും കഴിഞ്ഞു. ഒരു സായാഹ്നത്തില്‍ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് ഒരു ആശയം മിന്നി. എന്തുകൊണ്ട് ജോവന്നയെപ്പോലുളള പെണ്‍കുട്ടിക്ക് ഇതു പോലെ കരിഞ്ഞുണങ്ങിയ ജീവി തം നയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ശക്തിപകര്‍ന്നു കൂടാ. അപ്പോള്‍ അവര്‍ക്കും ജോവന്നയെപ്പോലെ പ്രത്യാശയോടെ ജീവിക്കാന്‍ പറ്റുമല്ലോ?

മെഴുകുതിരികള്‍ ഊതിക്കെടുത്തി കൊണ്ട് കരിഞ്ഞുണങ്ങിയ പെണ്‍കുട്ടി എന്‍റെ നേരെ വന്നു കൊണ്ടിരുന്നു. ആദ്യമായി ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. ഞെട്ടി. പുഞ്ചിരിയില്ലാത്ത അവള്‍ തന്നെയായിരുന്നു അത്. ജോവന്ന!

എന്‍റെ ഞെട്ടല്‍ ഞാന്‍ കാണിച്ചില്ല. പിന്നെ ഞാന്‍ അവളോട് ചോദിച്ചു.

അപ്പന്‍ എന്തു പറഞ്ഞു?

അവള്‍ ചിരിച്ചുകൊണ്ട് പറയാന്‍ തുടങ്ങി.

അപ്പന്‍ കപ്യാര്‍ അച്ചനോട് പറയാന്‍ പറഞ്ഞു. ഒപ്പീസ് ചെല്ലുമ്പോള്‍ ഇത്രയും മസില് പിടിക്കേണ്ടെന്ന്. കാരണം സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ആത്മാക്കള്‍ ഭയങ്കര സെലിബ്രിറ്റീവ് മൂഡിലാണ്. അതുകൊണ്ട് ഞങ്ങളെ ഓര്‍ക്കുമ്പോള്‍ പാട്ടും ഡാന്‍സും വേണം. ശോകം മാത്രം പോരാ എന്ന്.

അവള്‍ പൈപ്പ് എടുത്ത് വാടിയതിനെയെല്ലാം ഉയര്‍പ്പിച്ചു കൊണ്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org