Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 2

ഒരു കുടുംബകഥ കൂടി… അധ്യായം 2

Sathyadeepam

വിനായക് നിര്‍മ്മല്‍

അപ്പന്‍റെയും അമ്മയുടെയും വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പോയവന്‍ സ്വന്തം വിവാഹം ഉറപ്പിച്ചേച്ച് വന്നേക്കുന്നു…

സിദ്ധാര്‍ത്ഥ് ഉറക്കെ ചിരിച്ചു. ആ ചിരി മറ്റ് സുഹൃത്തുക്കള്‍ ഏറ്റുപിടിച്ചു. അവര്‍ക്ക് മുമ്പില്‍ തല കുമ്പിട്ട് ബിനു. അതും പെണ്ണു കെട്ടില്ലെന്ന് വീമ്പിളക്കി നടന്നവന്‍… നീ വാക്ക് കൊടുത്തതല്ല, എന്‍റെ പ്രശ്നം. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞുനടന്നവന്‍ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തിരിക്കുന്നു. അതാണെന്‍റെ പ്രശ്നം – സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഛേ, അമ്മച്ചി ഇങ്ങനെയൊരു വെട്ടിലാക്കുമെന്ന് ഞാന്‍ കരുതിയില്ല; ബിനു തല കുടഞ്ഞു.

അത്രയും നേരം എങ്ങനെയാ അവിടെ കഴിച്ചുകൂട്ടിയതെന്ന് എനിക്കേ അറിയത്തുള്ളൂ… അവന്‍ പറഞ്ഞു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ബിനു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. അവിടെ നില്ക്കുന്ന നേരം മുഴുവന്‍ തന്‍റെ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞിരിക്കുന്നതായി അവന് തോന്നിയിരുന്നു. സമര്‍ത്ഥമായി തന്നെ ആരോ വലയില്‍ കുടുക്കിയതുപോലെ… വലയില്‍പെട്ട ഒരു കള്ളനെ നോക്കി ചുറ്റുമുള്ളവര്‍ പരിഹസിച്ചു ചിരിക്കുന്നതുപോലെയാണ് തന്നെ നോക്കി മറ്റുള്ളവര്‍ ചിരിക്കുമ്പോള്‍ അനുഭവപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വീട്ടില്‍ നടന്ന കാര്യങ്ങള്‍ അവന്‍റെ ഓര്‍മ്മയിലേക്ക് വീണ്ടും തികട്ടിവന്നു.

വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് പറഞ്ഞതും എവിടെ നിന്ന് എന്നറിയാതെ മാലപ്പടക്കങ്ങള്‍ പൊട്ടിത്തെറിച്ചു. അത് പൊട്ടിത്തീര്‍ന്നിട്ടും അവസാനിക്കാത്ത കയ്യടികള്‍… സഹോദരങ്ങളുടെ മക്കള്‍ സ്റ്റേജിലേക്ക് ഓടിവന്ന് കയറിതന്നെ കെട്ടിപ്പിടിച്ചു.

ബിനു അങ്കിള്‍ കല്യാണം കഴിക്കാന്‍ സമ്മതിച്ചേ… സമ്മതിച്ചേ…

ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് അറിയേണ്ടത് തന്‍റെ ഡിമാന്‍റ് എന്തൊക്കെയാണ് എന്നായിരുന്നു. അവര്‍ക്ക് പരിചയമുള്ള ചില നല്ല പെണ്‍കുട്ടികളുണ്ടത്രെ. അതിനിടയില്‍ അമ്മച്ചി തന്നെ വന്ന് കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ തന്നുകൊണ്ടു പറഞ്ഞു.

നല്ല മോന്‍… അമ്മച്ചിയുടെ അഭിമാനം കാത്തു. അമ്മച്ചിക്കൊരു ചെറിയ പേടിയുണ്ടായിരുന്നു മോന്‍ എന്നെ നാണം കെടുത്തുമോയെന്ന്… നാണം കെടുത്തിയാല്‍ പിന്നെ അമ്മച്ചി ജീവനോടെ ഉണ്ടാവില്ല കേട്ടോ… അതൊരു മുന്നറിയിപ്പായിരുന്നു.

അലക്സച്ചന്‍റെ ഇടപെടലാണ് ഉള്ളിലുള്ള സംശയം തീര്‍ത്തുതന്നത്.

നമുക്ക് കാണാം എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പോ നിനക്ക് മനസ്സിലായോ…? ഇപ്പം എങ്ങനെയുണ്ട്…? അച്ചന്‍ ഫലിതരൂപേണ ചോദിച്ചു.

അപ്പോ എല്ലാരും കൂടിയുള്ള ഒത്തുകളിയായിരുന്നുവല്ലേ?

എല്ലാരുംകൂടി ഒത്തുകളിച്ചില്ല. കളിച്ചത് നിന്‍റെ അമ്മച്ചിയാ… പക്ഷേ ഞങ്ങള്‍ ഓരോരുത്തരും സഹകരിച്ചു. അലക്സച്ചന്‍ വായ് പൊത്തി ചിരിച്ചു. പിന്നെ അവിടെ നില്ക്കാന്‍ തോന്നിയില്ല. വേഗം ഇറങ്ങിപ്പോന്നു. ആരോടും യാത്ര പറഞ്ഞതുമില്ല. ആ യാത്ര ഇവിടേയ്ക്കായിരുന്നു; സുഹൃത്തുക്കളുടെ അടുത്തേയ്ക്ക്. ചടങ്ങില്‍ തനിക്കൊപ്പം പങ്കെടുക്കാനെത്തിയ സുഹൃത്ത് ജോമോനെപോലും കൂടെകൂട്ടിയില്ല. പിന്നെ എങ്ങനെയോ ആണെന്ന് തോന്നുന്നു അവന്‍ ഇവിടെയെത്തിയത്. താന്‍ ഇറങ്ങിപ്പോരുന്നത് അമ്മച്ചി എങ്ങനെയോ കണ്ടു. പന്തികേട് തോന്നിയതുകൊണ്ടാവാം എടാ മോനേ ബിനൂ എന്ന് വിളിച്ചുകൊണ്ട് പിന്നാലെ ഓടിവന്നത്.

എന്തൊക്കെയായിരുന്നു നിന്‍റെ വീരസ്യങ്ങള്‍… വിവാഹമേ കഴിക്കില്ല… സമൂഹത്തിന് വേണ്ടി ജീവിക്കും… സ്വന്തം കഴിവുകള്‍ സമൂഹനന്മയ്ക്കുവേണ്ടി വിനിയോഗിക്കും… എന്നിട്ടോ…?

പെണ്ണും കെട്ടി മക്കളെയും ജനിപ്പിച്ച് ലോകാരംഭം മുതല്ക്കുള്ള സകലമാനപുരുഷപ്രജകളുടെയും പിന്നാലെതന്നെ നീയും… സിദ്ധാര്‍ത്ഥ് മദ്യത്തിന്‍റെ ലഹരിയിലായിരുന്നു.

നിന്‍റെ പറച്ചില്‍ കേട്ടാ തോന്നുമല്ലോ ഞാന്‍ കല്യാണം കഴിച്ചിട്ടാ വന്നേക്കുന്നതെന്ന്… ആ ചടങ്ങ് മുടങ്ങാതിരിക്കാന്‍ വേണ്ടി, അപ്പച്ചനേം അമ്മച്ചിയേം വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ അങ്ങ നെ പറഞ്ഞുപോയി. എനിക്കങ്ങനെ പറയേണ്ടിവന്നു… ബിനു നയം വ്യക്തമാക്കി.

എന്നു കരുതി നിനക്കിനി അങ്ങനെ വാക്ക് മാറ്റി പറയാന്‍ പറ്റില്ല. ലോ ഓഫ് ഡി ഫമേഷന്‍.. ഐപിസി….

ഓ നമ്പര്‍ മറന്നുപോയല്ലോ. പത്രപ്രവര്‍ത്തകനായ വൈശാഖ് മറവി അഭിനയിച്ചു.

ങ് എന്തായാലും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് അത് കുറ്റമാകും. ആരെങ്കിലും നീ വാക്ക് മാറ്റിയെന്ന് പറഞ്ഞ് കേസ് കൊടുത്താല്‍ നീ അകത്താകും. വൈശാഖ് അഭിപ്രായപ്പെട്ടു.

അങ്ങനെയുണ്ടോ… ബിനുവിന് അത് പുതിയ അറിവായിരുന്നു. അവന്‍ സുഹൃത്തുക്കളുടെ മുഖത്തേയ്ക്ക് ആകാംക്ഷപൂര്‍വ്വം നോക്കി. വൈശാഖ് സുഹൃത്തുക്കള്‍ക്ക് നേരെ കണ്ണിറുക്കി കാണിച്ചു. അവര്‍ ഗൗരവത്തോടെ ബിനുവിനെ നോക്കിക്കൊണ്ട് ങാ എന്ന് ഒരുമിച്ചു ശബ്ദമുണ്ടാക്കി. അവര്‍ക്ക് ഉള്ളില്‍ ചിരി തികട്ടുന്നുണ്ടായിരുന്നു.

ച്ഛേ! ബിനു കൈത്തലം കൂട്ടിത്തിരുമ്മിക്കൊണ്ട് മുറിയിലൂടെ അങ്ങുമിങ്ങും നടന്നു. അവന്‍റെ പരിഭ്രമവും ആകുലതയും സുഹൃത്തുക്കള്‍ ശരിയായി ആസ്വദിച്ചുകൊണ്ടിരുന്നു ജോമോന്‍ ഒഴികെ. അവന്‍ പെട്ടെന്ന് എല്ലാവരോടുമായി പൊട്ടിത്തെറിച്ചു.

ഒന്നു നിര്‍ത്തുന്നുണ്ടോ നിങ്ങളുടെ ഈ പരിപാടി? ഇതു നാട്ടില്‍ നടപ്പുള്ള കാര്യം തന്നെയാ ഇവിടെയും നടന്നിട്ടുള്ളത്. പെണ്ണും വേണ്ട പിടക്കോഴീം വേണ്ട എന്ന മട്ടില്‍ കാള കളിച്ച് നടക്കുന്ന മകനൊരുത്തനെ പിടിച്ച് പെണ്ണുകെട്ടിച്ച് അവനൊരു കുടുംബം ഉണ്ടാക്കിക്കൊടുക്കാനുള്ള അവന്‍റെപ്രിയപ്പെട്ടവരുടെ ശ്രമം. അതിനെ ഇവന്‍റെ അമ്മ അല്പം സിനിമാറ്റിക്ക് ആക്കിയെന്നേയുള്ളൂ. അങ്ങനെയല്ലായിരുന്നുവെങ്കില്‍ എല്ലാവരും കേള്‍ക്കെ എനിക്ക് വിവാഹം കഴിക്കാന്‍ സമ്മതം എന്ന് ഇവന്‍ പറയുമായിരുന്നുവെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? ഈ ഞാന്‍ തന്നെ എത്രയോ നല്ല ആലോചനകള്‍ ഇവനു വേണ്ടി കൊണ്ടുവന്നിട്ടുള്ളതാ… എത്രയോ പെണ്ണുങ്ങളെ ഇവന് മുമ്പില്‍ കൊണ്ടുവന്ന് ചാടിച്ചിട്ടുണ്ട്… എന്നിട്ടൊന്നും ഇവന്‍ സമ്മതിച്ചിട്ടുണ്ടോ… എനിക്ക് ഇപ്പോ ഇതിഷ്ടമായി… ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പഴാ ഇവന്‍ കല്യാണം കഴിക്കുന്നത്? അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ മുപ്പതുവയസ്സെത്തിയ ഒരു ചെറുപ്പക്കാരന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും എളുപ്പമായ കാര്യമല്ലേ കല്യാണം കഴിക്കുക എന്നത്… അതിന് മുന്നോടിയായി രണ്ടോ മൂന്നോ ദിവസത്തെ വിവാഹഒരുക്ക ക്ലാസും… വിവാഹം കഴിക്കാന്‍ യോഗ്യത നേടിയില്ലേ… പിന്നെയെന്തിനാ ഇവന്‍ വിവാഹം കഴിക്കാന്‍ ഭയക്കുന്നത്?

ഭയമോ? ബിനു ചിരിച്ചു.

എനിക്കോ..അതും വിവാഹം കഴിക്കാന്‍…? എന്തിന്…

അതു തന്നെയാ ഞാനും ചോദിക്കുന്നത്. ജോമോനും വിട്ടുകൊടുത്തില്ല.

നീ പിന്നെയെന്തിനാ വിവാഹം എന്ന് കേള്‍ക്കുമ്പഴേ കാള ചുവപ്പ് കണ്ടതുപോലെയാകുന്നത്…? ഇനി അല്പം പേഴ്സനലായിട്ട് ചോദിക്കുവാ… ഒരു ചലച്ചിത്ര നടന്‍റെ സ്വരഭാവങ്ങള്‍ കടമെടുത്തുകൊണ്ട് ജോമോന്‍ ബിനുവിന്‍റെ അടുത്തേയ്ക്ക് ചെന്നു.

“ഇനി നിനക്ക് ഞങ്ങള്‍ ആര്‍ക്കും അറിഞ്ഞുകൂടാത്ത എന്തെങ്കിലും രഹസ്യങ്ങളുണ്ടോ.. ഐ മീന്‍ മറ്റെന്തെങ്കിലും ഓറിയന്‍റേഷന്‍സ്…?”

പൊക്കോണം കേട്ടോ എന്‍റെ അടുത്തുനിന്ന്… ബിനു കരമുയര്‍ത്തി. ജോമോന്‍ ചിരിച്ചു.

എങ്കില്‍പിന്നെ ഇനി ഒന്നും പറയണ്ടാ… നാളെ മുതല്‍ ഞങ്ങള്‍ എല്ലാവരും കൂടി ഊര്‍ജ്ജിതമായി നിനക്കുവേണ്ടി പെണ്ണ് അന്വേഷിക്കുന്നു…

എനിക്ക് ഈ രക്തത്തില്‍ പങ്കില്ല… സിദ്ധാര്‍ത്ഥ് പ്രഖ്യാപിച്ചു.

ഈ ലോകത്ത് ഒറ്റ ആണും വിവാഹം കഴിക്കരുത്… കാരണം ഒറ്റ ഒരുത്തിയും ശരിയല്ല..

“ഓ തുടങ്ങി അവന്‍റെ മെലോഡ്രാമ…” – ജോമോന്‍ ദേഷ്യപ്പെട്ടു.

“പെണ്ണും കെട്ടി മൂന്ന് മക്കളും ആയതിന് ശേഷമാണോ നിനക്കീ ബോധോദയം ഉണ്ടായത്? ഒറ്റ ഒരുത്തിയും ശരിയല്ലെന്ന്… എടാ, ഒരു തെങ്ങില്‍ നിന്ന് പത്തുനൂറ് തേങ്ങ ഇടുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ കേടുണ്ടാവും. അതുപോലെയാ നിന്‍റെ കേസും. സ്വകാര്യപ്രശ്നങ്ങളെ സാമാന്യവല്ക്കരിക്കരുത്… സാമാന്യവല്ക്കരിക്കരുത്…” ജോമോന്‍ താ ക്കീത് നല്കി.

പെണ്ണുമൂലം ആണൊരുവന്‍റെ കണ്ണു നിറയാത്ത കാലം വരുമോ? സിദ്ധാര്‍ത്ഥ് മദ്യലഹരിയില്‍ ഉറക്കെ പാടി. വൈശാഖ് അതുകേട്ടിട്ട് എന്തോ ആലോചിച്ചു.

പെട്ടെന്ന് തന്നെ അയാളത് തിരഞ്ഞുപിടിച്ചു. ഓ ഇത് നമ്മുടെ സച്ചിദാനന്ദന്‍റെ കവിതയല്ലേ… വരികള്‍ മാറ്റിപ്പാടി നീയത് സ്വകാര്യവല്ക്കരിച്ചെടുത്തു അല്ലേ?

എന്‍റെ അനുഭവം… എന്‍റെ അനുഭവമാ എന്നെക്കൊണ്ട് ഇങ്ങനെ പാടിക്കുന്നത്… നിങ്ങള്‍ക്കറിയാമോ വിവാഹത്തിന് ശേഷമാ ഞാന്‍ മദ്യപിക്കാന്‍ തുടങ്ങിയത്… അവള്… അവള് മൂലം… ലോകത്തിലുള്ള എല്ലാവരും പെണ്ണുങ്ങള്‍ക്ക് സപ്പോര്‍ട്ടാ… ആണൊരുവന്‍റെ ചങ്കിലെ തീ കാണാന്‍ ഇവിടെ…..

സിദ്ധാര്‍ത്ഥ് ഇനി പറയാന്‍ പോകുന്ന വാക്ക് എന്താണെന്ന് കൃത്യമറിയാവുന്നതുപോലെ ജോമോന്‍ പെട്ടെന്ന് അയാളുടെ വായ് പൊത്തി. പിന്നെ ബീപ് എന്ന ശബ്ദമുണ്ടാക്കി. ന്യൂജനറേഷന്‍ സിനിമയിലെ തെറി സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തതാ എന്ന് സുഹൃത്തുക്കള്‍ക്ക് വിശദീകരിക്കുകയും ചെയ്തു. എല്ലാവരും ചിരിച്ചു. ജോമോന്‍ സിദ്ധാര്‍ത്ഥിന്‍റെ വായ്ക്ക് മീതെ നിന്ന് കൈ എടുത്തുമാറ്റി..

… പോലുമില്ല… സിദ്ധാര്‍ത്ഥ് വാക്ക് പൂരിപ്പിച്ചു.

ഈ സമയം പാലത്തുങ്കല്‍ തറവാട്ടില്‍നിന്ന് അവസാനത്തെ അതിഥിയെ യാത്ര അയയ്ക്കുകയായിരുന്നു സോജന്‍. പിന്നെ തറവാട്ടില്‍ ശേഷിച്ചത് അപ്പനും അമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളും മാത്രം… വരാന്തയിലെ കസേരയില്‍ ഗെയ്റ്റിങ്കലേക്ക് നോക്കിയിരിക്കുകയായിരുന്നു ത്രേസ്യാമ്മ..

അവനെവിടെപ്പോയതാ അമ്മച്ചീ… ബിനു… രണ്ടാമത്തെ മകള്‍ ആന്‍സി ത്രേസ്യാമ്മയുടെ അടുക്കലേക്ക് ചെന്നു.

നല്ല ഒരു ദിവസമായിട്ടും അവന് വീട്ടിലിരിക്കാന്‍ കഴിയുകേലാ…അതും നോക്കിക്കേ ഇപ്പോള്‍ സമയം എത്രയായെന്ന്… പതിനൊന്ന് കഴിഞ്ഞു.. ഇതുവരേം വന്നില്ല… ആന്‍സി പരാതിപ്പെട്ടു. ത്രേസ്യാമ്മ ഒന്നും മിണ്ടിയില്ല.

അന്യന്മാരെക്കാളും കഷ്ടമാ ചില നേരങ്ങളില്‍ അവന്‍റെ ചില ഇടപാടുകള്‍… സോജന്‍റെ ഭാര്യ ലിസി അഭിപ്രായപ്പെട്ടു. ഒന്നുവന്ന് തല കാണിച്ചു. ഷൈന്‍ ചെയ്തു… ആള്‍ക്കാരെ കയ്യിലെടുത്തു. അവന്‍ അവന്‍റെ പാട്ടിന് പോയി… ഇങ്ങനെയാണോ മക്കള്..

അമ്മച്ചി അവനെ കൊഞ്ചിച്ച് വഷളാക്കി. അമ്മച്ചിയെ പറഞ്ഞാ മതിയല്ലോ? മേഴ്സിയുടെ വക കുറ്റപ്പെടുത്തല്‍..

എല്ലാരും പോയിക്കോട്ടെയെന്ന് കരുതി ഇരിക്കുവായിരുന്നു ഞാന്‍… സോജന്‍ ധൃതിയില്‍ മുറ്റത്തുനിന്ന് അവിടേയ്ക്ക് കയറിവന്നു.

അമ്മച്ചിയുടെ ഇന്നത്തെ പരിപാടി എനിക്ക് തീരെ ഇഷ്ടമായില്ല… വിളിച്ചുവരുത്തിയ അതിഥികളുടെ മുമ്പിലെ ഒരു ഷോ പോലെയാ എനിക്ക് തോന്നിയത്. വേറെ പലരും എന്നോട് അങ്ങനെതന്നെ പറഞ്ഞു. ബിനു കല്യാണം കഴിക്കണോ വേണ്ടയോ എന്നത് അവന്‍റെ വ്യക്തിപരമായ തീരുമാനമാ… അല്ലെങ്കില്‍ കുടുംബത്തിനുള്ളില്‍ ചര്‍ച്ചയ്ക്കെടുക്കേണ്ട വിഷയമാ അത്. നാട്ടുകാരുടെ മുമ്പില്‍ കല്യാണം കഴിക്കാന്‍ സമ്മതം പറയുന്ന ചടങ്ങ് വേറെയാ… മനസ്സമ്മതം എന്നു പറയും അതിന്… അതറിയില്ലേ അമ്മച്ചിക്ക്..

എടാ, ത്രേസ്യാമ്മ കസേരയില്‍ നിന്ന് എണീറ്റു.

എത്ര വര്‍ഷമായി നമ്മളവനെ പിടിച്ചു പെണ്ണു കെട്ടിക്കാന്‍ നോക്കുന്നു… അവന്‍ സമ്മതിച്ചോ…ഇപ്പോ ഇങ്ങനെയൊരു മാര്‍ഗ്ഗമല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു… അമ്മയെ തല്ലിയാലും രണ്ടു പക്ഷത്തും നില്ക്കുന്ന ആള്‍ക്കാരാ… അവര് എന്തും പറഞ്ഞോട്ടെ… അവന്‍ കല്യാണത്തിന് സമ്മതിച്ചല്ലോ… അതു മതിയെനിക്ക്…

ത്രേസ്യാമ്മ അഭിമാനത്തോടെ പറഞ്ഞു.

എന്തു സമ്മതം? ആരു സമ്മതിച്ചു. സോജന്‍ പരിഹാസരൂപേണ ചോദിച്ചു.

കയ്യും കാലും കൂട്ടിക്കെട്ടിയൊന്നും ഇവിടെ ആരെയും കല്യാണം കഴിപ്പിക്കാന്‍ പറ്റില്ല. സ്വമനസ്സാലെ ചെയ്യണം. അവന്‍ വാക്കു മാറുകേലെന്ന് തോന്നുന്നുണ്ടോ ഇവിടെ ആര്‍ക്കെങ്കിലും..

സോജന്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

അവന്‍ വാക്ക് മാറും… സോജന്‍ തന്നെ മറുപടി പറഞ്ഞു.

അങ്ങനെ വാക്ക് മാറ്റാന്‍ പറ്റുമോ? ത്രേസ്യാമ്മ അമ്പരന്നു. അവന്‍ എല്ലാവരും കേള്‍ക്കെയല്ലേ സമ്മതിച്ചത്?

എന്‍റെ അമ്മച്ചീ, ഇവിടെ ഇലക്ഷന്‍കാലത്ത് സ്ഥാനാര്‍ത്ഥികള്‍ മൈക്ക് കെട്ടി പ്രസംഗിക്കുന്നതും പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നതുമായ കാര്യങ്ങള്‍ പോലും മാറ്റിപറയുന്നു… പിന്നെയാണോ ഇത്? മാറ്റിപ്പറയാനുള്ളതാ വാക്ക്..മരിച്ചവരും വിഡ്ഢികളും മാത്രമേ വാക്ക് മാറാത്തതായുള്ളൂ… സീനയുടെ ഭര്‍ത്താവ് ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ സോണി പറഞ്ഞു.

അതിനെ വകവയ്ക്കും മട്ടില്‍ സോജന്‍ അയ്യോ കഷ്ടം എന്ന് അമ്മച്ചിയുടെ നേരെ കരം മലര്‍ത്തി.

ത്രേസ്യാമ്മ തളര്‍ന്ന് വീണ്ടും കസേരയിലേക്കിരുന്നു.

അല്ല എന്നിട്ട് വാക്കു പറഞ്ഞ പുന്നാരമോന്‍ എവിടെപോയി…? ഞാന്‍ അവനെ ഫോണ്‍ വിളിച്ചതിന് കയ്യും കണക്കുമില്ല.. ഇപ്പോ മൊബൈല്‍ സ്വിച്ചോഫ്. അവന്‍ വരട്ടെ ഇങ്ങോട്ട്… വിവാഹവാര്‍ഷികവും പിറന്നാളും ആഘോഷമാക്കണമെന്നത് അവന്‍റെ നിര്‍ബന്ധമല്ലായിരുന്നോ… എന്നിട്ട് ഇങ്ങനെയാണോ ചെയ്തതെന്ന് എനിക്ക് ചോദിക്കണം… കാശെത്രയാ എനിക്ക് ചെലവായത്… വേണ്ട കാശുതരണ്ടാ.. ഇവിടെ വന്ന് എല്ലാറ്റിനും സഹകരിക്കാമായിരുന്നുവല്ലോ…അപ്പോ ഹോട്ടല്‍ മുറിയില്‍ സ്ക്രിപ്റ്റ് ഡിസ്കഷ്നാണത്രെ… ഏതോ സംവിധായകനുമായിട്ട്… എന്നുവച്ചാ അവന്‍ എംടിയല്ലേ…? കഥയെഴുത്താണെന്നും തിരക്കഥയാണെന്നും പറഞ്ഞ് അവന്‍ നടക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി… ആ സമയത്ത് എന്‍റെ കൂടെ ബിസിനസില്‍ സഹായിക്കുകയായിരുന്നുവെങ്കില്‍ എനിക്ക് ഒരു സ ഹായോം ആകുമായിരുന്നു അവനൊരു ജീവിതമാര്‍ഗ്ഗോം ആകുമായിരുന്നു..

നഗരത്തില്‍ സോജന് മൂന്ന് സ്ഥാപനങ്ങളുണ്ട്. ഒരു ചെരിപ്പ് കട, ഒരു സാനിട്ടറി വെയേഴ്സ്, ഒരു ഐസ്ക്രീം പാര്‍ലര്‍. ഗള്‍ഫില്‍ നിന്നുണ്ടാക്കിയ പണം സമര്‍ത്ഥമായ വിധത്തില്‍ വിനിയോഗിച്ചതിന്‍റെ ഫലം.

നീയവനെ ഒന്നുകൂടി വിളിച്ചുനോക്ക്… കുഞ്ഞേപ്പന്‍ചേട്ടന്‍ സോജനോട് ആവശ്യപ്പെട്ടു.

അപ്പച്ചനോടല്ലേ പറഞ്ഞത് അവന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന്… സോജന്‍ സ്വരമുയര്‍ത്തി.

എനിക്കൊന്നു നടു നിവര്‍ക്കണം… നീ വാടി… ലിസിയെ വിളിച്ച് സോജന്‍ അകത്തേയ്ക്ക് നടന്നു.

അമ്മച്ചീ… ബിന്ദു ത്രേസ്യാമ്മയുടെ അടുത്തിരുന്നു.

…അമ്മച്ചി വിഷമിക്കണ്ടാ അവന്‍ ഇപ്പോ വരും… അമ്മച്ചി പറഞ്ഞത് അനുസരിക്കുകേം ചെയ്യും. നമ്മുടെ ബിനുക്കുട്ടനെ നമുക്കറിയാന്‍മേലേ… ഈ ചേട്ടായീടെ സ്വഭാവം ഇപ്പോ തീരെ മോശമായിക്കൊണ്ടിരിക്കുവാ… അല്ലേ അമ്മച്ചീ… പക്ഷേ ത്രേസ്യാമ്മ പ്രതികരിച്ചില്ല.

അമ്മച്ചീ… ബിന്ദു വിളിച്ചു. അപ്പോഴും ത്രേസ്യാമ്മ മിണ്ടിയില്ല.

അയ്യോ ഓടിവായോ അമ്മച്ചി മിണ്ടുന്നില്ല… ബിന്ദുവിന്‍റെ നിലവിളി പാലത്തുങ്കല്‍ തറവാട്ടില്‍ മുഴങ്ങി.

എന്നാ എല്ലാവരും പിരിയുകയല്ലേ… ഗുഡ്നൈറ്റ്… ബിനുവിന്‍റെ സുഹൃത്തുക്കള്‍ യാത്ര പറയുകയായിരുന്നു. നീ കയറ്… നിന്നെ ഞാന്‍ വീട്ടിലാക്കാം..

ജോമോന്‍ ബിനുവിനോട് പറഞ്ഞു. ബിനു ബൈക്കിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ജോമോന്‍റെ ഫോണ്‍ ബെല്ലടിച്ചു.

റോസ് മേരിയായിരിക്കും. ഭാര്യയെ ഉദ്ദേശിച്ചാണ് അവന്‍ ഫോ ണെടുത്തത്. പക്ഷേ ഫോണ്‍ എടുത്തപ്പോള്‍ അവന്‍ പറഞ്ഞു.

എടാ ഇത് നിന്‍റെ ചേട്ടായിയാണല്ലോ. എന്നെയെന്തിനാണാവോ അങ്ങേര് വിളിക്കുന്നത്?

എന്‍റെ ഫോണ്‍ സ്വിച്ച് ഓഫാ… ഞാന്‍ എവിടെയാണെന്നറിയാന്‍ വേണ്ടിയാ… നീയെടുക്കണ്ടാ… വണ്ടി വിട്… ബിനു ദേഷ്യത്തോടെ പറഞ്ഞു.

ജോമോന്‍ ഒരുനിമിഷം സംശയിച്ചു. പിന്നെ എന്തായാലും അറ്റന്‍റ് ചെയ്തേക്കാമെന്ന് വിചാരിച്ചു.

ഹലോ ചേട്ടായീ… ജോമോന്‍ ഫോണെടുത്തു. ങ് ഉണ്ട്… ങേ എപ്പോ… എവിടെ എന്ന് അവന്‍റെ സംസാരത്തിന്‍റെ ടോണ്‍ മാറുന്നതുകേട്ടപ്പോള്‍ പിന്നിലിരുന്ന ബിനുവിന് ആകാംക്ഷയായി. എന്നതാടാ… ഫോണ്‍ കട്ട് ചെയ്ത ജോമോനോട് ബിനു അസ്വസ്ഥനായി.

അതു പിന്നെ… നിന്‍റെ അമ്മച്ചി ഹോസ്പിറ്റലിലാണെന്ന്… ചെറിയൊരു നെഞ്ചുവേദന. ജോമോന്‍ ബൈക്ക് മുന്നോട്ടെടുത്തു.

(തുടരും)

Leave a Comment

*
*