ഒരു കുടുംബകഥ കൂടി… അധ്യായം 10

ഒരു കുടുംബകഥ കൂടി… അധ്യായം 10

വിനായക് നിര്‍മ്മല്‍

അമ്മച്ചിയോടല്ലേ ചോദിച്ചത് അവരെന്താ പറഞ്ഞതെന്ന്… അമ്മച്ചിക്ക് എന്താ അത് പറഞ്ഞുകൂടെ? എത്സയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

അത്… അതു പിന്നെ…

മേരിക്കുട്ടി സാരിത്തുമ്പെടുത്ത് കഴുത്തും മുഖവും തുടച്ചു.

…അവര്‍ക്കാര്‍ക്കും ഇങ്ങനെയൊരു ബന്ധമൊന്നുമായിരുന്നില്ല ഇഷ്ടമെന്ന്… അവര്‍ക്കൊപ്പമുള്ള… വെലേം നെലയുമുള്ള…

മേരിക്കുട്ടി വാക്കുകള്‍ പെറുക്കി പെറുക്കിയാണ് പറഞ്ഞത്.

എത്സ തറഞ്ഞുനിന്നുപോയി. വല്ലാത്തൊരു അപമാനത്തിന്‍റെ കാറ്റ് തന്നെ പൊള്ളിച്ചുകൊണ്ട് കടന്നുപോകുന്നതുപോലെ അവള്‍ക്ക് തോന്നി. ആലോചനയുടെ തുടക്കത്തിലില്ലാതിരുന്ന അപമാനവും നിന്ദനവുമാണ് വിവാഹത്തില്‍ എത്താറാകുമ്പോള്‍ അനുഭവിക്കുന്നത്. അങ്ങനെയെങ്കില്‍ പിന്നീടുള്ള തന്‍റെ ജീവിതത്തിന്‍റെ ഗതി എന്താകും? അവളുടെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞു.

പെട്ടെന്ന് തന്നെ അത് തു ടച്ചുകൊണ്ട് അവള്‍ പറഞ്ഞു, എങ്കീ അമ്മച്ചി ചെന്ന് പറ… ഞങ്ങള്‍ക്കും ഈ ബന്ധം വേണ്ടെന്ന്… അവരെ ആരെങ്കിലും നിര്‍ബന്ധിച്ചോ ഈ കല്യാണത്തിന്…

മോളേ… മേരിക്കുട്ടി അമ്പരപ്പോടെ വിളിച്ചു.

അതെന്നാ വര്‍ത്തമാനമാ അമ്മച്ചി അവര് പറഞ്ഞത്.. ഇത്രേം വരെ കൊണ്ടുചെന്നെത്തിച്ചിട്ട്… ഇപ്പോ അവര്‍ക്കാര്‍ക്കും താല്പര്യമില്ലെന്ന്…

എല്ലാരുടേം കാര്യമല്ലെടീ… ചിലര്‍ക്ക്… പിന്നെ അവരുടെ അമ്മച്ചിക്ക് ഇഷ്ടമായതുകൊണ്ട്… മേരിക്കുട്ടി പൂര്‍ത്തിയാക്കുംമുമ്പ് എത്സ ഇടയ്ക്ക് കയറി.

അമ്മച്ചി… അമ്മച്ചി… എന്താ അമ്മച്ചിയാണോ എന്നെ കല്യാണം കഴിക്കാന്‍ പോകുന്നെ… അവരുടെ ആങ്ങളയല്ലേ?

പതുക്കെ… ചേച്ചി പതുക്കെ… എത്സയുടെ ശബ്ദം ഉയര്‍ന്നതറിഞ്ഞ് ബിന്‍സി അപേക്ഷിച്ചു. സെയില്‍സ് ഗേള്‍സില്‍ ചിലര്‍ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഞാന്‍ പിന്നെ എന്നതാ പറയണ്ടേ? സെയില്‍സ് ഗേള്‍സിനെ നോക്കിക്കൊണ്ട് എത്സ ശബ്ദം താഴ്ത്തി ചോദിച്ചു.

ഇത് ശരിക്കും അവര് നമ്മളെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമല്ലേ…? നമ്മളെന്താ കെട്ടിക്കയറി ചെന്നതാണോ…? ഇയാളെ തന്നെ ക ല്യാണം കഴിക്കണമെന്ന് പറഞ്ഞ് നമ്മള് ഇവരുടെ വീട്ടുവാതില്‍ക്കല്‍ വന്ന് സത്യഗ്രഹം ഇരുന്നോ…? അതോ ഞാന്‍ പുറകെ നടന്ന് വശീകരിച്ച് പിടിച്ചതാണോ ഇവരുടെ ആങ്ങളയെ…? ഞാന്‍ അവളെ വിളിക്കട്ടെ… റോസിനെ… രണ്ടിലൊന്ന് തീരുമാനിച്ചിട്ട് തന്നെ ബാക്കി കാര്യം.

എത്സ റോസ് മേരിയെ ഫോണ്‍വിളിക്കാനായി ഭാവിച്ചപ്പോള്‍ മേരിക്കുട്ടി ആ കൈകളില്‍ പിടിച്ചു; വിളിക്കാന്‍ വരട്ടെ…

മേരിക്കുട്ടിയുടെ സ്വരത്തില്‍ ഇപ്പോള്‍ മുമ്പില്ലാത്ത ഗൗരവം വന്നിട്ടുണ്ടായിരുന്നു.

ഒരു വട്ടം മനസമ്മതം വരെ കഴിഞ്ഞിട്ട് കല്യാണം മാറിപ്പോയ പെണ്ണാ നീയ്… ഇപ്പോ രണ്ടാമതും ഏതൊക്കെയോ തരത്തി എങ്ങനെയോ വന്ന നല്ലൊരു ആലോചനയാ ഇത്… ഇത് നിന്‍റെ വാശിക്ക് നീയായിട്ട് തകര്‍ക്കരുത്…

ഇത് വാശിയാണോ അമ്മേ… എത്സയുടെ ചോദ്യം ദുര്‍ബലമായിരുന്നു.

അതെ, ഇത് വാശിതന്നെയാ… ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കണം… നിനക്ക് എല്ലാറ്റിനും ഇത്തിരി പ്രതികരണശേഷി കൂടുതലാ… അത് നല്ലതല്ല. പ്രത്യേകിച്ച് പെമ്പിള്ളേര്‍ക്ക്… എടീ, സ്ത്രീധനം ഇല്ലാത്തതിന്‍റെ പേരില്‍ നിന്നെ ഇഷ്ടപ്പെട്ട് വന്ന് മനസ്സമ്മതം വരെ കഴിഞ്ഞിട്ട് വേണ്ടെന്ന വച്ച് പോയ കൂട്ടരാ ആദ്യത്തേത്… ഇപ്പോ നമ്മളായിട്ട് അധികമൊന്നും കൊടുക്കുന്നുമില്ല, അവരായിട്ട് ഒന്നും ചോദിച്ചിട്ടുമില്ല.അതിന്‍റെ ഹുങ്ക് അവര് ചിലപ്പോ കാണിച്ചെന്നിരിക്കും… അത് അങ്ങ് വകവച്ചുകൊടുത്തേക്കണം. അല്ലാതെ അവരെ പഠിപ്പിക്കാന്‍ പോകരുത്. പിന്നെ, പഠിപ്പിക്കാന്‍ പോകാം… നമ്മുടെ കയ്യില്‍ പത്തു കാശുണ്ടെങ്കില്… ഇത് അതുമില്ല… അപ്പോ ഇങ്ങനെയൊക്കെ ചിലത് കേട്ടെന്നിരിക്കും… അവര് വേറെയൊന്നും പറഞ്ഞില്ലല്ലോ… അല്ലെങ്കി തന്നെ അവര് പറഞ്ഞതില്‍ എന്താ തെറ്റ്… അവരുടെ വെലയ്ക്കും നെലയ്ക്കും ചേര്‍ന്നവരാണോ നമ്മള്? പശൂനെ പറമ്പീലോട്ടു കൊണ്ടുപോകുമ്പം വല്ല പാമ്പും കൊത്തിചാകാനോ കയ്യാല മാട്ടേന്ന് വീണ് ചാകാനോ ഉള്ള വിധിയുള്ള ജന്മമാ എന്‍റേത്… അതിന് മുമ്പ് നിങ്ങളെയൊക്കെ ഏതെങ്കിലും ഒരു വഴിക്കാക്കിയിട്ട് മരിച്ചാല്‍ മതിയെന്നേയുള്ളൂ… നിങ്ങടെ തന്തയായിട്ട് ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. ഉ ള്ളതെല്ലാം നശിപ്പിച്ച് കണ്ടവരുടെ പ്രാക്കും മേടിച്ച് നടക്കാനല്ലാതെ അങ്ങേരെക്കൊണ്ട് ഒന്നിനും കൊള്ളില്ല. ഇനി നിന്‍റെ വാശിക്ക് ഈ കല്യാണം വേണ്ടെന്ന് വയ്ക്കാനാ ഭാവമെങ്കീ നീ തീരുമാനിച്ചോ അത്… പക്ഷേ ഞങ്ങള് രണ്ടുപേരും ഈ ഭൂമീകാണില്ല.

മേരിക്കുട്ടി പെട്ടെന്ന് ബിന്‍സിയുടെ കരത്തില്‍ പിടിച്ച് തന്നോട് ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് പറഞ്ഞു. ബിന്‍സി ഭയന്നുപോയി. അരണ്ട മിഴികളോടെ അവള്‍ അമ്മയെ നോക്കി.

…പിന്നെ നിനക്ക് നിന്‍റെ ഇഷ്ടം പോലെ ജീവിക്കാം… മേരിക്കുട്ടി പറഞ്ഞു.

അമ്മേ… എത്സ വിളിച്ചു.

ഇങ്ങനെയൊക്കെ പറയാന്‍ മാത്രം ഇവിടെന്നതാ ഉണ്ടായേ…? അവര് പലപ്പോഴായിട്ട് നമ്മളെ… എത്സയ്ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു.

…ഒരിക്കല്‍ താണുകൊടുത്താല്‍ പിന്നെ എന്നും താണുകൊടുക്കേണ്ടി വരും… എത്സ പൂരിപ്പിച്ചു

താണുകൊടുക്കാനുള്ളതാ പെണ്ണിന്‍റെ ജീവിതം. പ്രത്യേകിച്ച് കുടുംബജീവിതത്തില്‍… എന്ന് മുതല്‍ പെണ്ണ് താണുകൊടുക്കാതിരുന്നോ അന്നു തുടങ്ങിയില്ലേ നമ്മുടെയൊക്കെ കുടുംബങ്ങള് തകരാനും… ഏതൊരു പെണ്ണിനും വേണ്ടത് വലിയ പഠിത്തമോ വലിയ സൗന്ദര്യമോ അല്ല… ആണൊരുത്തന് വിധേയപ്പെടാനും ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവാ… അതാ വേണ്ടത്… അല്ലാതെ…

മേരിക്കുട്ടി ദേഷ്യം തീരാ ത്ത ഭാവത്തില്‍ എത്സയെ നോക്കി.

ഞാനായിട്ട് ഒന്നും പറയുന്നില്ല… വരുന്നതെന്താന്നുവച്ചാ ഞാന്‍ അനുഭവിച്ചോളാം… അല്ലെങ്കിലും ഞാനിപ്പോ വീടിന് ഭാരവും നാണക്കേടുമാണല്ലോ… കല്യാണം മുടങ്ങിപ്പോയ പെണ്ണ്… ജോലീം കൂലീം ഇല്ലാത്തവള്…

എത്സ ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. അപ്പോഴേയ്ക്കും പാപ്പച്ചന്‍ അങ്ങോട്ട് വന്നു.

എന്നതാ അമ്മേം മക്കളും കൂടി ഒരു കിന്നാരം… എന്നതാന്നുവച്ചാ മേടിക്ക്… സമയം പോകുന്നു…

അയാള്‍ ധൃതിവച്ചു.

എന്നതാടീ…? അയാള്‍ സംശയം തീരാത്ത ഭാവത്തില്‍ എത്സയോട് ചോദിച്ചു.

ഒന്നുമില്ല… എത്സ ചിരിക്കാന്‍ ശ്രമിച്ചു. അവള്‍ മുഖം തിരിച്ച് മറ്റൊരിടത്തേയ്ക്ക് നോക്കി. ബിനു പെങ്ങന്മാരുടെ തോളത്ത് കയ്യിട്ട് നിന്ന് അവരോട് എന്തോ തമാശ് പറഞ്ഞ് ചിരിക്കുന്നതാണ് എത്സ കണ്ടത്. മനസമ്മതത്തിന് ബിനു തന്നോട് അധികമൊന്നും സംസാരിച്ചില്ലല്ലോ എന്ന് എത്സ അപ്പോഴാണ് ഓര്‍മ്മിച്ചത്. ഇത്രയും നേരമായി ഇവിടെ വന്നിട്ടും ബിനു യാത്രയെക്കുറിച്ചല്ലാതെ മറ്റൊന്നും ചോദിച്ചുമില്ലല്ലോ… ബിനുവിനെ തനിക്ക് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നുണ്ടോ? അയാള്‍ തന്നെ സ്നേഹിക്കുന്നുണ്ടാവുമോ? അമ്മച്ചി പറഞ്ഞതുകൊണ്ടു മാത്രമാണോ അയാള്‍ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്? എത്സയുടെ മനസില്‍ സംശയം പെരുകിയാര്‍ത്തു.

ഫോണ്‍ മുഴങ്ങുന്നതും പെങ്ങന്മാരുടെ ഇടയില്‍ നിന്ന് ബിനു പെട്ടെന്ന് തന്നെ പുറത്തേക്ക് പോകുന്നതും എത്സ കണ്ടു. ഫോണില്‍ ആരോടാണാവോ ഏതു നേരവും സംസാരിക്കുന്നത്? എത്സ സംശയിച്ചു.

വാ മോളേ… മേരിക്കുട്ടി എത്സയെ ക്ഷണിച്ച് വിവാഹസാരിയുടെ സെക്ഷനിലേക്ക് പോയി.

നൂറെണ്ണം വലിച്ചുവാരിയിട്ട് സമയം മെനക്കെടുത്താതെ വേഗം ഒരെണ്ണം എടുക്കണം… ആകെയൊരു ദിവസത്തെ കാര്യമല്ലേയുള്ളൂ; പാപ്പച്ചന്‍ അഭിപ്രായപ്പെട്ടു.

സാരിയുടെ സെലക്ഷന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് മേരിക്കുട്ടി ചോദിച്ചത്, അല്ല ബിനുവെന്ത്യേ… ബിനൂന്‍റേം കൂടി ഇഷ്ടം അറിയണ്ടേ?

ബിനു അപ്പോഴും ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മേരിക്കുട്ടി സ്വാതന്ത്ര്യത്തോടെ അവന്‍റെ നേരെ കരം കാണിച്ച് വിളിച്ചു. ബിനു അത് അനുസരിച്ച് കോള്‍ കട്ട് ചെയ്തതിന് ശേഷം അവരുടെ അടുത്തേയ്ക്ക് വന്നു.

മോന് ഇതിലേതു സാരിയാ ഇഷ്ടം? വ്യത്യസ്ത കളറിലുള്ള രണ്ട് സാരികളായിരുന്നു എത്സയും ബിന്‍സിയുംകൂടി സെലക്ട് ചെയ്തിരുന്നത്. ആ സാരികള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടായി രുന്നു മേരിക്കുട്ടിയുടെ ചോദ്യം. ബിനുവിന്‍റെ മുഖത്തേയ്ക്ക് എത്സ ആകാംക്ഷയോടെ നോക്കി.

ആ കണ്ണുകളില്‍ തിളക്കമുണ്ടോ… മുഖത്ത് സന്തോഷമുണ്ടോ?

ഓ എനിക്കീ സാരിയുടെ കാര്യമൊന്നും അറിയില്ലെന്നേ… നിങ്ങളെല്ലാവരും കൂ ടി അങ്ങ് സെലക്ട് ചെയ്താല്‍ മതി.. ബിനു നിര്‍ദ്ദോഷമായി പ്രതികരിച്ചു.

എത്സയുടെ മുഖം മങ്ങി. ഏതെങ്കിലും ഒരു സാരി ചൂണ്ടി കാണിച്ചിട്ട് അത് കുറേക്കൂടി നല്ലതാണെന്ന്, അതാ ഇഷ്ടമായതെന്ന്… അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍… എത്സ ആഗ്രഹിച്ചു.

പക്ഷേ…

എങ്കില്‍ ഇത് മതി… എത്സ ഒരു സാരി സെയില്‍സ് ഗേളിന്‍റെ കയ്യിലേക്ക് കൊടുത്തു.

ഇനി ചെറുക്കന് ഡ്രസ്സെടുക്കണ്ടേ…? അതിനെന്നായാലും ഇത്രേം സമയം വേണ്ടിവരില്ല… നമ്മളാണുങ്ങള്‍ക്ക് ഒരു പാന്‍റ്സും ഷര്‍ട്ടും എടുക്കാന്‍ അധികം സമയം വല്ലതും വേണോ അല്ലേ മോനേ?

പാപ്പച്ചന്‍ ബിനുവിനെ നോക്കി ചിരിച്ചു. അയാളുടെ കൈകള്‍ക്കിടയിലായി ഒരു ബാഗുമുണ്ടായിരുന്നു. ബിനു അയാളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു.

എന്‍റെ ഡ്രസ് ഞാനെടുത്തോളാം… നിങ്ങളുടെ പര്‍ച്ചേയ്സിങ് കഴിഞ്ഞെങ്കീ ഫുഡ് കഴിച്ചിട്ട് നമുക്ക് പിരിയാം… ബിനു മടിച്ചുമടിച്ചാണ് പറഞ്ഞത്.

അതല്ലല്ലോ അതിന്‍റെ രീതി… പെണ്ണിനുള്ള ഡ്രസ് ചെറുക്കനെടുത്താല്‍ ചെറുക്കനുള്ള ഡ്രസ് പെണ്‍വീട്ടുകാരുടെ അവകാശമല്ലേ…? അത് ഞങ്ങളല്ലേ എടുക്കണ്ടേ?

പാപ്പച്ചന്‍റെ സ്വരം ചെറുതായി ഉയര്‍ന്നു.

നാട്ടുനടപ്പ് പോലെയൊന്നുമല്ലല്ലോ ഈ കല്യാണത്തിന്‍റെ രീതികള്… അതുകൊണ്ട് അതൊന്നും നോക്കണ്ടാ…മേഴ്സിയുടെ ഭര്‍ത്താവ് ജോണി പാപ്പച്ചനോട് പറഞ്ഞു.

പിന്നെ ചേട്ടന്‍ വിചാരിക്കുന്നതുപോലെ ആണുങ്ങളുടെ ഡ്രസിന് തീരെ വിലക്കുറവൊന്നുമല്ല..

ജോണിയുടെ മുഖത്ത് പരിഹാസം കലര്‍ന്നിരുന്നു.

പാപ്പച്ചന്‍ തന്‍റെ ബാഗെടുത്ത് മറ്റേ കയ്യിലേക്ക് തിരുകി. അയാളെ വല്ലാത്ത നിസ്സഹായത ബാധിച്ചിരുന്നു.

ങ് എന്നാ ഇനി ഊണു കഴിക്കാം… ജോണി ധൃതിവച്ചു.

നഗരത്തിലെ മുന്തിയ ഒരു ഹോട്ടലിലേക്കായിരുന്നു അവര്‍ ഭക്ഷണം കഴിക്കാന്‍ പോയത്. ഒരു ടേബിളില്‍ ഇരുവശങ്ങളിലായിട്ടായിരുന്നു എത്സയും ബിനുവും ഇരുന്നിരുന്നത്. ബിനു എത്സയെ നോക്കി ചിരിച്ചു.

എന്താ എത്സയ്ക്ക് ഒരു സന്തോഷക്കുറവ്…? – അവന്‍ ചോദിച്ചു

ഏയ്… ഒന്നുമില്ല… എത്സ ചിരിച്ചു. അവള്‍ക്കാശ്വാസം തോന്നി. അത്രയുമെങ്കിലും ചോദിച്ചല്ലോ?

വീട്ടില്‍ എല്ലാവര്‍ക്കും ഡ്രസെടുക്കണം… അതിന് കുറേ സമയം എടുക്കും. അതോണ്ടാ നിങ്ങളെ വേഗം വിടാമെന്ന് തീരുമാനിച്ചെ… ബിനു വിശദീകരണം പോലെ പറഞ്ഞു; എത്സ തലകുലുക്കി.

ഭക്ഷണം കഴിച്ച് പുറത്തേയ്ക്കിറങ്ങുമ്പോള്‍ മേഴ്സി മേരിക്കുട്ടിയോട് പറഞ്ഞു.

നിങ്ങള് നിങ്ങളുടെ മകള്‍ക്ക് എന്താണ് കൊടുക്കുന്നതെന്ന് വച്ചാ സ്വര്‍ണ്ണമായിട്ട് കൊടുത്തോ…ഞങ്ങളെന്തായാലും കുറെ സ്വര്‍ണ്ണം എത്സയ്ക്ക് ഇടുന്നുണ്ട്. അതും അമ്മച്ചീടെ നിര്‍ബന്ധമാ…പക്ഷേ ഇപ്പോ സ്വര്‍ണ്ണം വീട്ടിലോട്ട് തന്നുവിടുകേലാ… കല്യാണത്തിന്‍റെ അന്നു രാവിലെ ജോമോന്‍ വഴി അത് ഞങ്ങളവിടെ എത്തിച്ചോളാം… ഇന്നേ കൊണ്ടുപോയിട്ട് അതും ഇനി ആരെങ്കിലും എടുത്തോണ്ട് പോയാലോ?

മേരിക്കുട്ടിക്ക് തല ചലിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഡ്രൈവര്‍ ജോയിയാണ് എത്സയെയും വീട്ടുകാരെയും ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചത്.

നമ്മള് വെറും കഴിവില്ലാത്തവരായി പോയി അല്ലേ മോളേ… ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ പാപ്പച്ചന്‍ തന്‍റെ മനസ്സിലെ സംശയം എത്സയോടായി ചോദിച്ചു. കൈയിലെ ബാഗിന് ഇപ്പോള്‍ വല്ലാത്ത ഭാരമുള്ളതുപോലെ അയാള്‍ക്ക് തോന്നി. ഏതൊക്കെയോ തരത്തില്‍ കഷ്പ്പെട്ടുണ്ടാക്കിയ കാശായിരുന്നു, ബിനുവിന് വിവാഹ വസ്ത്രമെടുക്കാന്‍ വേണ്ടി… പക്ഷേ അതൊന്നും വേണ്ടിവന്നില്ല… അവര്‍ക്ക് തങ്ങളുടെ കാശൊന്നും വേണ്ടല്ലോ… അപമാനമാണ് പാപ്പച്ചന് തോന്നിയത്.

പാപ്പച്ചന്‍റെ വാക്കുകള്‍ കേട്ടിട്ട് എത്സയൊന്നും മിണ്ടിയില്ല. സാധാരണ ഇങ്ങനെയൊരു ചടങ്ങ് കഴിഞ്ഞ് വരുന്ന പെണ്‍കുട്ടിയുടെ മനസ്സില്‍ എത്രയോ അധികം സന്തോഷമായിരിക്കും ഉണ്ടാവുക. എന്നാല്‍ തനിക്കെന്താണ് സന്തോഷം അനുഭവിക്കാന്‍ കഴിയാതെ വരുന്നത്?

ബിനുവിനെക്കുറിച്ചാണ് എത്സ അപ്പോഴും ആലോചിച്ചത്? അന്ന് പള്ളിയില്‍ വച്ച് കണ്ടുമുട്ടി പിരിഞ്ഞതിന് ശേഷം താന്‍ ബസില്‍ കയറിപ്പോരുമ്പോള്‍ ബിനു വിളിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഇത്രയും നേരമായിട്ടും ഒരുവട്ടം പോലും വിളിച്ചില്ലല്ലോ… പെങ്ങന്മാരുടെ കൈകളിലെ വെറും പാവയാണോ ബിനു? അവരെ ബിനുവിന് പേടിയാണോ? ബിനുവിന്‍റെ കാര്യങ്ങള്‍ തീരൂമാനിക്കുന്നത് അവരാണോ? അങ്ങനെയെങ്കില്‍… എത്സയ്ക്ക് എന്തെല്ലാമോ ഓര്‍ത്ത് പേടി തോന്നി.

രാത്രിയിലും അവള്‍ക്ക് അതേക്കുറിച്ചുതന്നെയായിരുന്നു ചിന്ത.

ചേച്ചി ഉറങ്ങിയില്ലേ… ബിന്‍സി ശബ്ദം കുറച്ച് ചോദിച്ചു.

ഇല്ല… എത്സ അതേ രീതിയില്‍ മറുപടി പറഞ്ഞു.

സ്വപ്നം കണ്ടുകിടക്കുവാ അല്ലേ… ബിന്‍സി അമര്‍ത്തി ചിരിച്ചു.

സ്വപ്നം… എത്സ ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. അവള്‍ അനിയത്തിയുടെ അരികിലേക്ക് ഇത്തിരികൂടി ചേര്‍ന്നുകിടന്നു.

നമ്മള് സ്വപ്നം കാണുന്നതുപോലെയൊന്നുമല്ല മോളേ ജീവിതം… നമുക്കൊന്നും സ്വപ്നങ്ങള്‍ കാണാന്‍ പോലുമുള്ള അവകാശമില്ല. എത്സ ബിന്‍സിയുടെ ശിരസ് തലോടി.

നീ നന്നായി പഠിക്കണം… ലക്ഷ്യബോധത്തോടെ പഠിക്കണം… സ്വന്തം കാലില്‍ നില്ക്കാനുള്ള കരുത്തു നേടിയെടുക്കണം… ഒരു ജോലി നേടണം… അതും കല്യാണത്തിന് മുമ്പ്… മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ പഠിക്കണം… അപ്പോഴേ നമുക്ക് നമ്മോട് തന്നെ ഒരു റെസ്പെക്ട് തോന്നൂ…ഇല്ലെങ്കീ നമ്മള് വെറും…

എത്സ വിങ്ങിപ്പൊട്ടി..

ചേച്ചീ… ബിന്‍സിക്ക് സങ്കടം വന്നു.

ചേച്ചിയെന്നാത്തിനാ കരയുന്നേ… ചേച്ചിക്ക് ഈ കല്യാണത്തിന് ഇഷ്ടമില്ലേ?

എത്സയ്ക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല… താന്‍ എന്തിനാണ് കരയുന്നതെന്ന് അവള്‍ക്ക് അറിഞ്ഞുകൂടായിരുന്നു.

*** *** ***

അലങ്കാരവിളക്കുകളാല്‍ പ്രശോഭിച്ചുനില്ക്കുന്ന പാലത്തുങ്കല്‍ തറവാട്… അതിഥികളുടെ കടന്നുവരവും അവരെ സ്വീകരിക്കാന്‍ തിടുക്കത്തോടെ നടക്കുന്ന ആതിഥേയരും. ബിനുവിന്‍റെ വിവാഹരാത്രിയുടെ തലേ ദിവസമായിരുന്നു അത്.

എല്ലാം നീ ആഗ്രഹിച്ചതുപോലെ തന്നെ നടന്നു അല്ലേടീ… കുഞ്ഞേപ്പന്‍ ത്രേസ്യാമ്മയോട് ചോദിച്ചു. ത്രേസ്യാമ്മയ്ക്ക് അതില്‍ അഭിമാനം തോന്നി. ഒരു മാസം മുമ്പായിരുന്നു ഇതുപോലെ വീടൊന്ന് അണിഞ്ഞൊരുങ്ങിയത്. തങ്ങളുടെ വിവാഹവാര്‍ഷികത്തിന് വേണ്ടി… അന്നേ ദിവസമാണ് താന്‍ സമര്‍ത്ഥമായി നടത്തിയ കരുനീക്കത്തിലൂടെ, വിവാഹം കഴിക്കാന്‍ സന്നദ്ധനാണെന്ന് ബിനു വാക്കുനല്കിയത്. അതിന്‍റെ പേരില്‍ എന്തെല്ലാം പുകിലുണ്ടായി… ആരെല്ലാം തന്നെ വിമര്‍ശിച്ചു. ഒപ്പം നില്ക്കാന്‍ ഭര്‍ത്താവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ത്രേസ്യാമ്മ നന്ദിയോടെ ഓര്‍മ്മിച്ചു.

ആരു വിചാരിച്ചിട്ടും നടക്കാത്തത് നീ പുഷ്പം പോലെ സാധിച്ചെടുത്തു. ഇടിപിടീന്ന് കല്യാണോം നടത്തി… നീ മിടുക്കിയാടീ… നിന്‍റെ കഴിവിലെന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നു

കുഞ്ഞേപ്പന്‍ അഭിനന്ദനസൂചകമായി ഭാര്യയുടെ പുറത്തുതട്ടി.

നിങ്ങളിങ്ങനെയൊക്കെ പറയുമ്പോഴും എന്‍റെ മനസ്സീ തീയാ… ഉന്തിമരം കേറ്റിയാ ശരിയാവുമോയെന്നൊരു തോന്നല്‍… സാധാരണ ചെറുപ്പക്കാരുടെ പോലെ കല്യാണത്തിന്‍റെ സന്തോഷമൊന്നും അവന്‍റെ മുഖത്തില്ലാത്തതുപോലെ…

കൂട്ടുകാര്‍ക്കിടയില്‍ കളിചിരിയുമായി നില്ക്കുന്ന ബിനുവിനെ നോക്കിയായിരുന്നു ത്രേസ്യാമ്മ അത് പറഞ്ഞത്.

അപ്പോള്‍ രണ്ട് സ്മോളിന്‍റെ പിന്‍ബലത്തില്‍ സിദ്ധാര്‍ത്ഥ് ബിനുവിനെ ഉപദേശിക്കുകയായിരുന്നു.

എടാ ഈ പെണ്ണെന്ന് പറയുന്നത് വലിയ സംഭവമൊന്നുമല്ല.. അവളുമാരെ ആദ്യം മുതല്ക്കേ വരച്ച വരേല്‍ നിര്‍ത്തണം. തലേല്‍ കേറി നിരങ്ങാന്‍ സമ്മതിച്ചാ പിന്നെ അവളുമാര് തലേന്നിറങ്ങുകേലാ… നിന്നെക്കൊണ്ട് അവള് ക്ഷ, ഞ്ഞ, ട്ട, റ്ര വരപ്പിക്കും. അതോണ്ട് എന്‍റെ ഉപദേശം കേട്ട് ജീവിച്ചാ നിനക്ക് കൊള്ളാം…

ഒന്നുപോടാ അവിടന്ന്… ജോമോന്‍ അപ്പോള്‍ അവിടേയ്ക്ക് കടന്നുവന്നു.

നാളെ രാവിലെ പെണ്ണുകെട്ടിന് പോകാനുള്ള ചെറുക്കനോടാണോ വേണ്ടാതീനം മുഴുവന്‍ പറഞ്ഞുകൊടുക്കുന്നെ… എടാ ബിനൂ നീ ചെന്ന് കിടന്നുറങ്ങാന്‍ നോക്ക്… അല്ലെങ്കീ പെണ്ണുകെട്ടാന്‍ നില്ക്കുമ്പോ ഉറക്കം തൂങ്ങും.

ഇനിയുള്ള ജീവിതം മുഴുവന്‍ ഇവന്‍റെ ഉറക്കം നഷ്ടപ്പെടാന്‍ പോകുവല്ലേ… സിദ്ധാര്‍ത്ഥ് അട്ടഹസിച്ചു ചിരിച്ചു

ഇത് നിന്‍റെ ജീവിതത്തിലെ സന്തോഷമുള്ള അവസാനത്തെ ദിവസം… ഇത് നിന്‍റെ ജീവിതത്തില്‍ നീ സ്വാതന്ത്ര്യം അനുഭവിക്കുന്ന അവസാനത്തെ ദിവസം… ഈ രാത്രിയാടാ ഏറ്റവും സങ്കടപൂരിതമായ രാത്രി… ഇനിയൊരിക്കലും നമ്മുക്കിങ്ങനെയാകാന്‍ പറ്റില്ലെടാ… പറ്റില്ല..

സിദ്ധാര്‍ത്ഥ് ബിനുവിനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി

ശ്ശോ ഇവന്‍ ഭയങ്കര ബോറായിക്കൊണ്ടിരിക്കുവാണല്ലോ… എടാ വൈശാഖേ ഇവനെ പിടിച്ചുകൊണ്ടുപോടാ; ജോമോന്‍ വൈശാഖിനോട് പറഞ്ഞു.

നീ പോകുവാണോ? ബിനു ചോദിച്ചു.

പോകാതെ പിന്നെ… ജോമോന്‍ ബാഗ് ഉയര്‍ത്തിക്കാണിച്ചു.

ഇത് എത്സയ്ക്കുള്ള സ്വര്‍ണ്ണമാ. ഞാന്‍ ഇത് രാവിലെ അവിടെ എത്തിച്ചാലേ പെണ്ണ് അണിഞ്ഞൊരുങ്ങി വീട്ടീന്നിറങ്ങൂ… വീട്ടിന്നിറങ്ങിയാലേ പള്ളിയിലെത്തൂ… പള്ളിയിലെത്തിയാലേ നിനക്ക് അവളെ താലികെട്ടി ഭാര്യയാക്കാന്‍ പറ്റൂ… മനസ്സിലായോ?

ആരൊക്കെ വീട്ടിന്നിറങ്ങുമെന്നും പള്ളീലെത്തുമെന്നും ആരറിഞ്ഞു…? സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടു.

ഇവന്‍റെയൊരു നാവ്… ആരാ ഇവന് ഇത്രേം കുടിക്കാന്‍ കൊടുത്തത്? ജോമോന്‍ ദേഷ്യപ്പെട്ടു.

ബാച്ചിലേഴ്സ് പാര്‍ട്ടിയെന്ന് പറഞ്ഞാ പിന്നെയെന്നതാടാ നാരങ്ങാവെള്ളം കുടിയാണോ… ഒന്നുപോടാ… സിദ്ധാര്‍ത്ഥ് ദേഷ്യപ്പെട്ടു.

അപ്പോഴേയ്ക്കും റോസ്മേരിയും അവിടേയ്ക്ക് വന്നു.

അവസാനം എല്ലാ ഉത്തരവാദിത്തോം ഞങ്ങളുടെ തലേലായി… റോസ്മേരി പിണക്കം ഭാവിച്ച മട്ടില്‍ പറഞ്ഞു.

എന്നാല്‍ ബ്രോക്കറ് കമ്മീഷനുണ്ടോ അതൊട്ടില്ലതാനും… പിന്നെ ബിനൂ… ഒരു കാര്യം പറഞ്ഞേക്കാം… ഇതിന്‍റെ ഇടയ്ക്ക് നില്ക്കുന്ന ഞങ്ങള്‍ക്കൊരു പരാതി കേള്‍ക്കാന്‍ നാളെ ഇടവരുത്തിയേക്കരുത്… മറ്റുള്ളവരെ നോക്കി ജീവിക്കാന്‍ നില്ക്കാതെ സ്വന്തം ജീവിതം നന്നായി ജീവിച്ചോണം… താക്കീതിന്‍റെ സ്വരത്തിലാണ് റോസ്മേരി അത് പറഞ്ഞത്.

വല്ല തട്ടും മുട്ടും വന്നാലും നിങ്ങളൊക്കെയുണ്ടല്ലോ ശരിയാക്കാന്‍… ഐഡിയല്‍ കപ്പിള്‍സായിട്ട്… ബിനു ചിരിച്ചു.

ശരി ഗുഡ്നൈറ്റ്… നാളെ കാണാം…

ജോമോന്‍ ബൈക്കിലേക്ക് കയറിയിരുന്നു. അവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് പിന്നിലിരുന്ന റോസ്മേരിക്ക് കൊടുത്തു. റോസ്മേരി എല്ലാവര്‍ക്കും നേരെ കരം വീശി… ബൈക്ക് ഗെയ്റ്റ് കടന്നു. പക്ഷേ അവരുടെ യാത്ര വീടെത്തിയില്ല. അതിന് മുമ്പേ പാതിവഴിയില്‍ എവിടെ വച്ചോ നിയന്ത്രണം വിട്ടുവന്ന ഒരു ടിപ്പര്‍ ജോമോന്‍റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. ഇരുട്ടില്‍ അവരുടെ നിലവിളി ചിതറിത്തെറിച്ചു. കൈയില്‍ നിന്ന് തെറിച്ചുപോയ ബാഗിന് മീതെ വണ്ടിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org