|^| Home -> Novel -> Novel -> ആയുഷ്ക്കാലം അദ്ധ്യായം 1

ആയുഷ്ക്കാലം അദ്ധ്യായം 1

Sathyadeepam

ജോസ് ആന്‍റണി

കാലം മുന്നോട്ടാണോ പുറകോട്ടാണോ പോകുന്നത്? പുറകോട്ടു പോകുന്ന കാലത്തെപ്പറ്റിയായി ഏലിയാമ്മയുടെ ചിന്തകള്‍. ആ ചിന്തകളില്‍ ഏലിയാമ്മ രസം പിടിച്ചങ്ങനെ കിടന്നു.
94-ാം വയസ്സില്‍ ജനിക്കുക. ജരാനര ബധിച്ചു മെലി ഞ്ഞ് എല്ലും ഞരമ്പും തോലുമായി ഒരു രൂപം ഭൂമിയില്‍ പിറക്കുന്നു കണ്ണിനു കാഴ്ചയില്ല, എഴുന്നേറ്റ് നടക്കണമെങ്കില്‍ പരസഹായം വേണം.
പിന്നെ പിന്നെ… പുറകോട്ടു പോകുന്ന കാലത്തിനൊപ്പം… ജരാനരകള്‍ മാഞ്ഞുപോകുന്നു. എല്ലും തോലുമായിരുന്ന ശരീരം പുഷ്ടിപ്പെടുന്നു. യൗവ്വനാവസ്ഥ കൈവരുന്നു. ചുമന്നു തുടുത്ത കവിള്‍ത്തടം. ആരോഗ്യവും അഴകും തുളുമ്പുന്ന ശരീരം.
ഇളയ മകനെ ആദ്യം പ്രസവിക്കുന്നു. ദേവസ്യായെന്നാണ് അവനു മാമ്മോദീസപ്പേര്. വിളിപ്പേരു ജോയിച്ചന്‍. പിന്നെ മേരിക്കുഞ്ഞു പിറക്കുന്നു. അടുത്തതു കുഞ്ഞേപ്പ്, പിന്നെ പീറ്റര്‍, രണ്ടു വര്‍ഷം കൂടുമ്പോഴാണു മുറതെറ്റാതെയുള്ള പ്രസവം.
പീറ്ററിനുശേഷം പിറന്നതും ആണ്‍കുട്ടിയായിരുന്നു. മൂന്നു ദിവസം പേറ്റുനോവെടുത്തു കിടന്നു. കുട്ടി തല തിരിഞ്ഞു കിടക്കുകയാണ്. അമ്പക്കുന്നേലേ മാമ്മിചേടത്തിയാണു വയറ്റാട്ടി. പതിനായിരം കുഞ്ഞുങ്ങളെ ഈ ഭൂമിയിലേക്കു പിറന്നുവീഴാന്‍ സഹായിച്ചിട്ടുണ്ടെന്നാണു മാമ്മിച്ചേടത്തിയുടെ കണക്ക്.
തള്ളയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് അവര്‍ നാകപ്പുഴ മാതാവിനു നേര്‍ച്ച നേര്‍ന്നു. മൂന്നു ദിവസം രക്തം വാര്‍ന്നു കിടന്നു. കുട്ടി മരിച്ചാണു പുറത്തു വന്നത്.
മരണം തൊട്ടടുത്തു വന്നു നിന്നതാണ്. പിന്നെ ഉപേക്ഷിച്ചു പോയി.
മൊത്തം എത്ര പെറ്റു…? ഓര്‍മക്കുറവുണ്ടോയെന്നു ഏലിയാമ്മ സ്വയം പരിശോധിക്കുകയാണ്. എട്ടുമക്കള്‍, ഒമ്പതു പ്രസവം. പതിനെട്ടു വയസ്സു തികയുമ്പോള്‍ മൂത്തവന്‍ അവിരാച്ചന്‍ പിറന്നു.
അറുപത്താറാം വയസ്സില്‍ അവന്‍ മരിച്ചു. ഏലിയാമ്മയ്ക്ക് എണ്‍പത്തിനാലു വയസ്സുള്ളപ്പോഴാണ് അവിരാച്ചന്‍റെ മരണം.


എന്‍പത്തി ഒമ്പതാം വയസ്സില്‍ പിള്ളേരുടെ അപ്പന്‍ മരിച്ചു. തന്നേക്കാള്‍ രണ്ടു വയസ്സിന്‍റെ മൂപ്പേ ഉണ്ടായിരുന്നുളളൂ.
കല്യാണം കഴിക്കുമ്പോള്‍ അങ്ങേര്‍ക്കു പതിനേഴു വയസ്സും തനിക്കു പതിനഞ്ചു വയസ്സും. പതിനേഴു വയസ്സിലും ഒരൊത്ത മനുഷ്യനായിരുന്നു അദ്ദേഹം. പേരു തോമാച്ചന്‍. ഉദയഗിരി പള്ളിയില്‍ വച്ചായിരുന്നു കല്യാണം.
പുറത്തു പട്ടി കുരയ്ക്കുന്നു. ആരാണു വന്നത്? മക്കളാരെങ്കിലുമാകും. എഴുന്നേറ്റുപോയി നോക്കാന്‍ ഒരാളുടെ സഹായം വേണം.
എങ്കിലും ഏലിയാമ്മ കട്ടിലില്‍ എഴുന്നേറ്റിരുന്നു. എല്ലാവരെയും കാണാന്‍ കൊതിയാണ്.
മക്കള്‍, മക്കളുടെ മക്കള്‍, മറ്റു ബന്ധുജനങ്ങള്‍, അയല്‍വക്കത്തുള്ളവര്‍ ആരെങ്കിലുമാകാം. അന്നക്കുട്ടി അടുക്കളയിലായിരിക്കും. ഇവിടെ നിന്നു വിളിച്ചാലും പറഞ്ഞാലും കേള്‍ക്കില്ല.
ജോയിച്ചന്‍ സ്കൂളില്‍ പോയിട്ടുണ്ടാകും. ഉദയഗിരി സ്കൂളിലെ അദ്ധ്യാപകനാണു ജോയിച്ചന്‍.
“ആരാ വന്നത് അന്നക്കു ട്ടി?” ആവുന്നതും ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ശബ്ദം അടഞ്ഞുപോയിരിക്കുന്നു. കഫത്തിന്‍റെ ശല്യമുണ്ട്.
“ആരാ…?” വാതില്ക്കല്‍ ഒരു നിഴലനക്കം.
“അമ്മച്ചിയെ….”
“ഓനച്ചനാണോടാ?”
“ഓനച്ചന്‍ തന്നെയാണെ.”
“നീ തനിച്ചാണോ വന്നത്? മേരിക്കുഞ്ഞ് എന്തെടുക്കുന്നു മോനെ?”
“അമ്മ വീട്ടിലൊണ്ട്. നടക്കാന്‍ പ്രയാസമാ. മുട്ടു തേഞ്ഞു പോയെന്നാ ഡോക്ടര്‍ പറഞ്ഞത്.”
“അവളെ കണ്ടിട്ട് എത്ര നാളായി…?”
“കഴിഞ്ഞ ആഴ്ച വന്നതല്ലേ അമ്മച്ചി?”
“അതെയോ… മേരിക്കുഞ്ഞു വന്നാല്‍ അടുത്തിരു ന്ന് ഒരുപാടു വര്‍ത്തമാനം പറയും, നട്ടുകാര്യവും വീട്ടുകാര്യവുമൊക്കെ അറിയുന്നത് അവളു പറയുമ്പോഴാ. ചെറുപ്പം മുതലേ അവളൊരു വായാടിയായിരുന്നു.”
“അമ്മച്ചിക്ക് എന്നാ ഉണ്ട് വിശേഷം?” – ഓനച്ചന്‍ വന്ന് ഏലിയാമ്മയുടെ കൈ പിടിച്ചു.
“എന്‍റെ കൊച്ചേ എന്നാ വിശേഷം. വയസ്സു തൊണ്ണൂറ്റിനാലായില്ലേ? ഒമ്പതു മക്കളെ പെറ്റു. മൂത്തവന്‍ അവിരാച്ചന്‍ മരിച്ചിട്ടു പത്തു വര്‍ഷമായി. മക്കളെല്ലാം പലവഴിയായി. ഒന്നു മിണ്ടാന്‍പോലും വീട്ടിലാളില്ലെന്നായി. മധുരമിട്ടൊരു കാപ്പി കുടിച്ച കാലം മറന്നു; പ്രമേഹമാ. ഇഷ്ടമുള്ള ഭക്ഷണമൊന്നും കഴിക്കാന്‍ കഴിയുന്നില്ല. അതിനു മരുന്നു കഴിച്ചുകഴിച്ച് ഇപ്പോള്‍ ഇല്ലാത്ത സൂക്കേടില്ല. പ്രഷറും ഹാര്‍ട്ടും വന്നു. ശരീരമാകെ പഴുത്തുണങ്ങി. അസ്ഥിക്കകത്തും സന്ധികള്‍ക്കും നല്ല വേദനയാ. പ്രമേഹം മൂത്തു കാഴ്ച പോയെന്നു പറയാം. ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്നാ കഴിക്കുന്നത്. ഇത്രയായിട്ടും മരണം മാത്രം വരുന്നില്ല മോനെ…”
“എന്താ അമ്മച്ചി മരിക്കാനിത്ര ധൃതി?”
ഏലിയാമ്മ മറുപടി പറഞ്ഞില്ല. അതു ദൈവത്തിന്‍റെ ഒരു കളിയാണ്. ചെറുപ്പത്തില്‍ ജീവിതത്തോടുള്ള ആസക്തി, വയസ്സാകുമ്പോള്‍ മരണത്തോടാകും. മരണത്തെ കാത്തു കാത്തിരിക്കുന്ന കാലമാണിത്.
“മരണമൊന്നും വരാറായില്ല അമ്മച്ചി. നൂറാം പിറന്നാളിനു ഞങ്ങള്‍ കേക്ക് മുറിക്കും” – ഓനച്ചന്‍ ചിരിച്ചു.
“എന്നാ ഓനച്ചാ അമ്മച്ചിയുടെ പരാതി…?” – അന്നക്കുട്ടി അവിടേക്കു വന്നു.
“അമ്മച്ചി ഓരോ തമാശ പറയുവാന്നേ…” – ഓനച്ചന്‍ ഏലിയാമ്മയുടെ കൈത്തണ്ടയില്‍ തലോടി. ചുളിഞ്ഞുമൊരിഞ്ഞ തൊലിക്കടിയില്‍ നീല ഞരമ്പുകള്‍ പിണഞ്ഞു കിടക്കുന്നു.
ഓനച്ചന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഈ വീട്ടില്‍ വന്നു നിന്നാണു പഠിച്ചത്. ആ കാലത്തെപ്പറ്റി ഓനച്ചനും കുറേ നല്ല ഓര്‍മകളുണ്ട്.
അപ്പച്ചന് അസുഖമായി കിടപ്പിലായപ്പോള്‍ മൂത്ത പുത്രനായ തന്‍റെ സ്കൂള്‍വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയായി. ഇളയവര്‍ അഞ്ചു പേരുണ്ട്.
അമ്മയ്ക്കു തനിച്ചു കുടുംബഭാരം വഹിക്കാന്‍ പറ്റാതായി. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അപ്പച്ചന് അസുഖം കൂടുതലായത്.
ശ്വാസംമുട്ടലിന്‍റെ അസുഖം നേരത്തെ മുതല്‍ ഉണ്ടായിരുന്നതാണ്. അതങ്ങു കൂടുതലായി. ചികിത്സിച്ചു ചികിത്സിച്ചു കുടുംബം നശിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അവസാനം. സ്കൂളില്‍ പഠിപ്പില്ലാത്ത ദിവസങ്ങളില്‍ അപ്പച്ചന്‍റെ അടുക്കല്‍ പോകും. ചില ദിവസങ്ങളില്‍ അനുജന്‍ ആന്‍റപ്പനാണ് ആശുപത്രിയില്‍ നില്ക്കുന്നത്.
അന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് ആശുപത്രി ഒരു അത്ഭുത ലോകമാണ്. നൂറുകണക്കിനു രോഗികള്‍ കിടക്കുന്ന വലിയ വാര്‍ഡാണ്.
ആ ആശുപത്രിയുടെ മണം ഇപ്പോഴും ഓര്‍മകള്‍ക്കുണ്ട്. ഒരുപാടു കാലത്തിനുശേഷമാണ് അതു ലോഷന്‍റെ മണമാണെന്നു തിരിച്ചറിഞ്ഞത്.
ആശുപത്രിയില്‍നിന്നു രോഗികള്‍ക്കു സൗജന്യഭക്ഷണമുണ്ട്. രാവിലെ ഒരു ഗ്ലാസ് പാലും റൊട്ടിയും. ഉച്ചയ്ക്കു കഞ്ഞിയും പയറുകറിയും. അപ്പച്ചനു ശ്വാസം മുട്ടല്‍ കൂടുതലായതിനാല്‍ ഭക്ഷണം കഴിക്കാന്‍ പ്രയാസമാണ്.
അപ്പച്ചന്‍ റൊട്ടി വാങ്ങി തനിക്കു തരും. പാലിന്‍റെ പകുതി മറ്റൊരു ഗ്ലാസില്‍ പകര്‍ന്നു തന്നെ കുടിപ്പിക്കും.
വീടിനു പുറത്തുനിന്ന് ആദ്യമായി കഴിച്ച പലഹാരം റൊട്ടിയാണ്.
അത് അപ്പച്ചന്‍ തനിക്കു നല്കുമ്പോള്‍ ചില ദിവസങ്ങളില്‍ അപ്പച്ചന്‍റെ കണ്ണു നിറഞ്ഞുതുളുമ്പുന്നത് അവന്‍ കണ്ടിട്ടുണ്ട്. ആ സങ്കടത്തിന്‍റെ അര്‍ത്ഥം കുറേക്കാലത്തിനുശേഷം തനിക്കു മക്കളായപ്പോഴാണു മനസ്സിലായത്.
ശ്വാസകോശത്തില്‍ മുഴകളുണ്ടായതാണ് അപ്പച്ചനു ശ്വാസം മുട്ടലുണ്ടാകാന്‍ കാരണമായതെന്ന് അപ്പച്ചന്‍ മരിച്ചതിനുശേഷമാണു ജോയിച്ചാച്ചനോടു ഡോക്ടര്‍ പ റഞ്ഞത്.
“നീ ഇവിടെ വന്നു നിന്നു സ്കൂളില്‍ പോ. അല്ലെങ്കില്‍ നിന്‍റെ പഠനം മുടങ്ങും” – അമ്മച്ചി പറഞ്ഞു. രണ്ടു വര്‍ഷക്കാലം ഈ വീട്ടില്‍ നിന്നു സ്കൂളില്‍ പോയി.
ജോയിച്ചാച്ചന്‍ താമസിച്ചാണു വിവാഹം കഴിച്ചത്. ജോലി കിട്ടിയിട്ടേ വിവാഹമുള്ളൂ എന്ന വാശിയായിരുന്നു. അദ്ധ്യാപകനായി ജോലി ലഭിച്ചതിനുശേഷമായിരു ന്നു വിവാഹം. അന്നക്കുട്ടി അമ്മായിയെ വിവാഹം കഴിച്ചുകൊണ്ടു വന്നിട്ട് അധികമാകുന്നതിനുമുമ്പാണു താനിവിടെ വരുന്നത്. അപ്പോള്‍ ജെയ്സി പിച്ചനടക്കുകയാണ്.
വീട്ടിലെ ഇളയവനായിരുന്നല്ലോ ജോയിച്ചാച്ചന്‍. മൂത്തവരെല്ലാം കല്യാണം കഴിച്ചും ജോലിക്കായും വീടുവിട്ടു പോയിരുന്നു. അമ്മച്ചിയെപ്പോലെതന്നെ അമ്മായിക്കും തന്നോട് ഇഷ്ടമായിരുന്നു. ജോയിച്ചാച്ചന്‍ സ്കൂളില്‍ പോയിട്ട്, പിന്നെ ലൈബ്രറി, അല്പം രാഷ്ട്രീയവുമൊക്കെയായി മടങ്ങിവരുമ്പോള്‍ നേരം വൈകും. അമ്മായിക്ക് ആവശ്യമായ ചെറിയ ചെറിയ കാര്യങ്ങള്‍ തന്നോടാണു പറഞ്ഞിരുന്നത്.
ജെയ്സിമോള്‍ക്കും തന്നോടിഷ്ടമായിരുന്നു. അവളെ എപ്പോഴും എടുത്തുകൊണ്ടു നടക്കണം. അപ്പോഴേക്കും ഇളയ കുട്ടി സുജിതും ഉണ്ടായിക്കഴിഞ്ഞിരുന്നു.
ആ രണ്ടു വര്‍ഷങ്ങളാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്നു ഓനച്ചന്‍ ഓര്‍മിച്ചു. ഏറ്റവും നല്ല ഭക്ഷണം ഈ അമ്മച്ചിയാണ് തനിക്കു വിളമ്പി തന്നിട്ടു ള്ളത്. ഏറ്റവും നല്ല വസ്ത്രങ്ങള്‍ ജോയിച്ചാച്ചനാണു തനിക്കു വാങ്ങി തന്നിട്ടുള്ളത്.
ജോയിച്ചാച്ചനു താന്‍ പെങ്ങളുടെ മകന്‍ മാത്രമല്ല, സമാനഹൃദയര്‍ എന്നു പറയാറില്ലേ, അതാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കുടുംബഭാരം തന്‍റെ തലയിലായി. ഇളയവരെല്ലാം സ്കൂളില്‍ പോകുന്നു. ഇത്തിരി പറമ്പുള്ളതില്‍ റബര്‍കൃഷിയാണ്. അതു ടാപ്പ് ചെയ്യണം; അതാണ് ആകെയള്ള വരുമാനം. അഞ്ചാറു പേരുടെ വിശപ്പടക്കണം. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ വേണം, മറ്റു ചെ ലവുകള്‍ക്കും പണം വേണം.
പതിനാറു വയസ്സില്‍ യുദ്ധക്കളത്തില്‍ ഇറങ്ങി. സര്‍ക്കാരിന്‍റെ കീഴില്‍ ഒരു ക്ലാര്‍ക്ക് ജോലിയെങ്കിലും കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. കുറേ അപേക്ഷകളയച്ചു, കുറേ പരീക്ഷകള്‍ എഴുതി. ദൂരെ ദിക്കിലൊന്നും ജോലി അന്വേഷിച്ചു പോകാന്‍ കഴിയുമായിരുന്നില്ല. അമ്മയെയും കുട്ടികളെയും തനിച്ചാക്കിയിട്ട് എങ്ങനെ പോകാന്‍? എന്തെങ്കിലും വഴി ദൈവം കാണിച്ചുതരുമെന്നു കരുതി കഴിഞ്ഞു കൂടി.
വെളുപ്പിനെ റബര്‍ ടാപ്പിംഗിനിറങ്ങും. അയല്‍വക്കത്തെ ഒരു ബ്ലോ ക്ക് മരം കൂടി ടാപ്പ് ചെയ്യാന്‍ തുടങ്ങിയതോടെ അത്യാവശ്യത്തിനുള്ള വരുമാനമായി.
“നാടകമെഴുത്തൊക്കെ നടക്കുന്നുണ്ടോ ഓനച്ചാ” – അമ്മായി കുശലം ചോദിച്ചു.
“ഓ… എന്തോന്നു നാടകം? അതിന്‍റെ കാലമൊക്കെ പോയില്ലേ?” – ഓനച്ചന്‍ പറഞ്ഞു.
“എല്ലാ വര്‍ഷവും ഉദയഗിരി സ്കൂളിലും ഇടമറ്റം സ്കൂളിലും കുട്ടികള്‍ക്കു യുവജനോത്സവത്തിനു കളിക്കാന്‍ ഓരോ ഏകാങ്കനാടകം വേണമെന്നു പറയുന്നതായിരുന്നു. സബ്ജില്ലാ കലോത്സവത്തിനൊക്കെ കൊണ്ടുപോകുന്നത് ആ നാടകമായിരിക്കും. കഴിഞ്ഞ കൊല്ലം എന്‍റെ നാടകത്തിനു സമ്മാനം കിട്ടിയില്ല. കണ്ടമാനം കാശു മുടക്കി ഓരോ സ്കൂളുകാരു വരും, വലിയ സംവിധാനമൊക്കെയുണ്ട്. ഇപ്രാവശ്യം എന്നോടു പറഞ്ഞില്ല. ഞാനന്വേഷിച്ചപ്പഴാ അറിഞ്ഞതു പുറത്തുനിന്ന് ഒരാള്‍ക്കു ക്വൊട്ടേഷന്‍ കൊടുത്തിരിക്കുകയാ. ഇരുപതിനായിരം രൂപയ്ക്ക്. നാടകം എഴുതി സംവിധാനം ചെയ്തു കു ട്ടികളെ പഠിപ്പിച്ചു സമ്മാനം മേടിച്ചുകാടുക്കുംപോലും. നമ്മള്‍ക്കാ കഴിവില്ല അമ്മായി.”
“കാശു കിട്ടുന്നതല്ലേടാ. നിനക്ക് ഒരു കൈനോക്കാമായിരുന്നില്ലേ?” – അമ്മച്ചി ചോദിച്ചു.
“കാശിന്‍റെ കാര്യമൊക്കെ കണക്കാ. മുറ്റത്തെ മുല്ലയ്ക്കു മണമുണ്ടോ? ഓനച്ചന്‍ ഉദയഗിരിയെന്നു മൈക്കിലൂടെ വിളിച്ചുപറയുന്നതു കേള്‍ക്കുമ്പോള്‍ കിട്ടുന്ന സുഖം തന്നെ ധാരാളം” – ഓനച്ചന്‍ ചിരിച്ചു.
“സാരമില്ലെടാ… വരുന്നതൊക്കെ സ്വീകരിക്കുക… പോകുന്നതൊക്കെ വിട്ടുകളയുക.” അമ്മച്ചി ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു. കണ്ണിനു കാഴ്ച കുറഞ്ഞപ്പോള്‍ ശബ്ദത്തിന്‍റെ നേരിയ വ്യതിയാനങ്ങളില്‍ നിന്നുപോലും അമ്മച്ചിക്ക് എല്ലാം മനസ്സിലാകും.
ഓനച്ചന്‍ എഴുന്നേറ്റ് അടുക്കളയില്‍ അമ്മായിയുടെ അടുത്തേയ്ക്കു ചെന്നു.
“അമ്മായി പോകുകയാ. അമ്മുക്കുട്ടിക്കു ചെറിയ പനി. ഹോമിയോ ഡോക്ടറെ കണ്ടു മരുന്നു വാങ്ങി കൊണ്ടുപോകണം.”
“കാപ്പിയെടുക്കുകയാണ് ഓനച്ചാ; കുടിച്ചിട്ടു പോയാല്‍ മതി.”
“സുജിത്തിന്‍റെ എക്സാം ആയോ അമ്മായി?”
“അടുത്ത മാസത്തിലാ. അവനിപ്പോള്‍ ഒരു ദിവസംപോലും ഒഴിവില്ല. ഒരു മാസമായി ഇവിടേക്കു വന്നിട്ട്. രണ്ടാഴ്ച കൊണ്ടു കോച്ചിങ്ങ് ക്ലാസ്സ് തീരും. ഇപ്രാവശ്യമെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ജോയിച്ചായന്‍ ആകെ ടെന്‍ഷനിലാ.”
ജോയിച്ചാച്ചന്‍റെ ഇളയ മകനാണു സുജിത്. എന്‍ട്രന്‍സ് കോച്ചിങ്ങിനു തൃശൂരു കൊണ്ടുപോയി ചേര്‍ത്തിരിക്കുകയാണ്.
കഴിഞ്ഞ കൊല്ലം എക്സാം എഴുതിയതാണ്. റാങ്കിലെത്തിയില്ല. മെഡിക്കല്‍ എന്‍ട്രന്‍സിനു തൃശൂര് ഒരു കോച്ചിങ്ങ് സെന്‍ററുണ്ട്. മകനെ മെഡിസിനു പഠിപ്പിക്കണമെന്നു ജോയിച്ചാച്ചന്‍റെ വലിയ ആഗ്രഹമാണ്. അതിനുവേണ്ടിയള്ള കഠിനപ്രയത്നത്തിലാണ് അപ്പനും മകനും.
ജെയ്സിയെ മെഡിസിനു വിടാന്‍ ജോയിച്ചാച്ചന്‍ ശ്രമിച്ചതാണ്. ജെയ്സി വഴങ്ങിയില്ല. ചെറുപ്പം മുതല്‍ അവള്‍ക്കു സ്വന്തമായി ചില നിലപാടുകളുണ്ടായിരുന്നു.
ജീവിതകാലം മുഴുവന്‍ ആശുപത്രിയില്‍ രോഗികളുടെ പരാധീനതകള്‍ കണ്ടും കേട്ടുമുള്ള ഒരു ജീവിതം; ഇത്രയും ബോറായിട്ടുള്ള ഒരു ജോലി വേറെയുണ്ടോ? ആശുപത്രികളും രോഗികളും സങ്കടങ്ങള്‍ മാത്രം നല്കുന്നയിടമല്ലേ? പണത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ സങ്കടക്കടലില്‍… തനിക്കതിനെപ്പറ്റി ചിന്തിക്കാന്‍ പോലും പറ്റുകയില്ലെന്നു ജെയ്സി പറഞ്ഞു.
അവള്‍ക്കു ബിടെക്കിനു പഠിക്കണമെന്നായിരുന്നു ആഗ്രഹം. കുട്ടികളുടെ ആഗ്രഹമനുസരിച്ചു പഠിക്കട്ടെ ജോയിച്ചാച്ചാ എന്നു പറഞ്ഞു താന്‍ ജെയ്സിക്കൊപ്പം നിന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗിലാണ് അവള്‍ ബിരുദമെടുത്തത്.
കാമ്പസ് സെലക്ഷനില്‍ ബംഗളൂരുവിലുള്ള മുന്തിയ ഐടി കമ്പനിയില്‍ അവള്‍ക്കു ജോലിയും ലഭിച്ചു.
ദൂരെ ദിക്കില്‍ ജെയ്സിയെ ഒറ്റയ്ക്കു വിടാന്‍ ജോയിച്ചാച്ചനു വിഷമമായിരുന്നു. അതുകൊണ്ടാണു ജെയ്സിയെ വിവാഹം കഴിപ്പിക്കുന്നതിനെപ്പറ്റി പെട്ടെന്ന് ആലോചിച്ചത്. ജെയ്സി അതിനെ എതിര്‍ത്തു. കുറേക്കാലം സ്വതന്ത്രമായി ജീവിക്കണമെന്ന് അവള്‍ പറഞ്ഞു.
അവളുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചുകൊടുത്തിട്ടുള്ള ജോയിച്ചാച്ചന്‍ പക്ഷേ, ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.
നിന്നെ തനിച്ചു കണ്ണെത്താ ദൂരത്തു വിട്ടിട്ട് ഈ വീട്ടില്‍ ഞങ്ങള്‍ക്കു സമാധാനമായി കഴിയാനാവില്ലെന്നു ജോയിച്ചാച്ചന്‍ പറഞ്ഞു. നിനക്കു ജോലിക്കു പോകണമെന്ന് ആശയുണ്ടെങ്കില്‍ വിവാഹത്തിനു സമ്മതിക്കണം.
ജെയ്സി വാശി പിടിച്ചങ്ങനെ നിന്നപ്പോള്‍ താന്‍ അവളോടു പറഞ്ഞു: “എന്തിനാ ജെയ്സി ചുമ്മാ വാശി കാണിച്ചു പപ്പയെ വേദനിപ്പിക്കുന്നത്? നിനക്കു നല്ല ജോലി കിട്ടി. അവിടെ ജോലിയുള്ള ഒരു ചെക്കനെ ഞങ്ങള്‍ കണ്ടുപിടിക്കാം. വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്കു സ്വാതന്ത്ര്യം കൂടുകയാണു ചെയ്യുന്നത്. വിവാഹം ആരുടെയെങ്കിലും സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടെങ്കില്‍ അത് ആണ്‍കുട്ടികളുടെ മാത്രമാണ്.
അവസാനം എല്ലാവരുടെയും നിര്‍ബന്ധത്തിന് അവള്‍ വഴങ്ങി.
കോട്ടയത്തിനടുത്തു കറുകപ്പാടം എന്ന ഗ്രാമത്തില്‍ നിന്ന് ഒരാലോചന വന്നു. പയ്യന്‍ ബംഗളുരുവില്‍ ജോലിയുള്ളവന്‍. ജെയ്സിയെപ്പോലെ കാമ്പസ് സെലക്ഷനില്‍, ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലിക്കു ചേര്‍ന്നവന്‍. കാണാനും മിടുക്കന്‍. എല്ലാംകൊണ്ടും ജെയ്സിക്കു ചേരും.
ചെറുക്കനു പെണ്ണിനെ ഇഷ്ടമായി. അവര്‍ പാരമ്പര്യമായി കൃഷിക്കാരാണ് വീട്ടുകാര്‍ തമ്മിലും ആശയപൊരുത്തമുണ്ടായി. അ ങ്ങനെ ആ വിവാഹം നടന്നു.
“ഓനച്ചാ കാപ്പിയെടുത്തു” – അമ്മായി വിളിച്ചു.
ഡൈനിംഗ് ടേബിളില്‍ ചായയും കൊഴുക്കട്ടയും എടുത്തുവച്ചിരുന്നു. അമ്മായി വളരെ പെട്ടെന്ന് ഉണ്ടാക്കുന്ന പലഹാരമാണു കൊഴുക്കട്ട.
കയ്യും മുഖവും കഴുകി ഓനച്ചന്‍ ചായ കുടിക്കാനൊരുങ്ങുമ്പോള്‍ മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു.
പെട്ടെന്ന് അന്നക്കുട്ടിയും ഓനച്ചനും പുറത്തേയ്ക്കു ചെന്ന് ആരാണെന്നു നോക്കി.
“എന്‍റെ മാതാവേ, ഇതു റോബിനും ജെയ്സിയുമാണല്ലോ. ഒരു ഫോണ്‍പോലും ചെയ്യാതെ പെട്ടെന്ന്.”
അവര്‍ കാറിനടുത്തേയ്ക്ക് ഇറങ്ങി ചെന്നു.
ജെയ്സി കാറില്‍നിന്നിറങ്ങി ഡിക്കി തുറക്കാനൊരുങ്ങുമ്പോള്‍ ഓനച്ചന്‍ പറഞ്ഞു: “ഞാന്‍ ഇപ്പോള്‍ നിന്‍റെ കാര്യം ഓര്‍മിച്ചതേയുള്ളൂ.”
ജെയ്സി കേള്‍ക്കാത്ത ഭാവത്തില്‍ ഡിക്കിയില്‍നിന്ന് ഒരു ബാഗ് വലിച്ചെടുത്തു. ദേഷ്യവും വെറുപ്പും പ്രകടമാക്കിക്കൊണ്ടു വീടിനകത്തേയ്ക്കു കയറിപ്പോയി.
റോബിന്‍ സ്റ്റിയറിംഗ് വീലില്‍ തിരുപ്പിടിച്ചുകൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു.
(തുടരും)

Leave a Comment

*
*