അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 18)

അഗ്നിശലഭങ്ങള്‍  (അദ്ധ്യായം 18)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

പതിനെട്ട്

കലാരൂപത്തെ കാണുക എന്നാല്‍ ആത്മാവിനെ കാണുക എന്നതത്രെ – ജോര്‍ജ്ജ് ബര്‍ണാഡ്ഷാ

04-03-2020

രണ്ടു ദിവസം കടന്നു പോയതറിഞ്ഞില്ല. എത്ര മാത്രം ധൈര്യം സംഭരിച്ചിട്ടും കോടതിയില്‍ വീണു പോയി. എല്ലാവര്‍ക്കും ബുദ്ധിമുട്ടായി. വേദാന്റി…. അവര്‍ നല്ലൊരു അഡ്വക്കേറ്റാണ്. നീതിയും ന്യായവും നോക്കിയേ വാദിക്കുകയുള്ളൂ. ഒരു ക്രിമിനല്‍ ലോയറായി ഒരു സ്ത്രീ തുടരുക എന്നത് വല്യ റിസ്‌ക്കാണ്. എന്നാലും അവര്‍ക്ക് ഒരു കൂസലുമില്ല. ആരെയും പേടിയുമില്ല. പണത്തിന്റെ ചൂണ്ടയില്‍ അവര്‍ വീഴുകയുമില്ല. ഓര്‍ക്കുംതോറും എനിക്ക്… എനിക്കറിയില്ല, ഞാനെന്തിനാ വീണതെന്ന്. പക്ഷേ ആരും എന്നെ കുറ്റപ്പെടുത്തിയില്ല. എല്ലാം നല്ലതിനായിരിക്കാം. വീഴുന്നതും എഴുന്നേല്ക്കുന്നതും, എല്ലാം ദൈവം അറിഞ്ഞുതന്നെ സംഭവിക്കുന്നതാണല്ലോ. സന്ധ്യയാകാറായപ്പോഴാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. എന്റെ വിഷമം അച്ചമ്മയെയും ബാധിച്ചിട്ടുണ്ട്. ഇന്ന് വീട്ടില്‍ വിളക്കു വെയ്ക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തില്ല. ഈശ്വരന്മാരെ, കൈവിടല്ലേ…
രാവിലെ അച്ചമ്മ വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. അതുവരെ ഒന്നും അറിഞ്ഞില്ല. ആരും ഉറക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍ എനിക്ക് കൂട്ടായെത്തിയില്ല.
എന്താ മോളേ, ഇന്ന് ഒന്നും കഴിക്കണ്ടേ. എഴുന്നേല്ക്കാന്‍ ഒരു പ്ലാനും ഇല്ലല്ലോ.
സുഖമായി ഉറങ്ങി അച്ചമ്മേ.
മതി… മതി…. എഴുന്നേറ്റേ. ഇന്ന് ഒരു കാര്യം ഉണ്ട്.
എന്തു കാര്യം അച്ചമ്മേ?
നമുക്ക് ഒരിടം വരെ പോണം.
വേണ്ട അച്ചമ്മേ. നമുക്ക് എവിടേയും പോണ്ട.
അങ്ങനെ പറഞ്ഞാല്‍ പറ്റൂല്ല, ഞാന്‍ മോളുടെ കൂട്ടുകാരി ശീതളിനെയും വിളിച്ചിട്ടുണ്ട്.
ശീതളോ?
ങ്ഹാ, ഇന്നലെ ആ കുട്ടി ആശുപത്രിയില്‍ വന്നിരുന്നു. അപ്പോള്‍ ഞാന്‍ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന കൂട്ടത്തില്‍ ഉയരെ സിനിമയുടെ വിശേഷം പറഞ്ഞു.
ഓ… സിനിമ കാണാനാണോ പോകുന്നത്.
എന്താ മോളേ?
എനിക്ക് വയ്യ അച്ചമ്മേ.
ഒന്നൂല്ല മോളേ, ഒരു കുഴപ്പവുമുണ്ടാവില്ല.
അതല്ല, അച്ചമ്മേ.
ഇനി ഒന്നും പറയണ്ട. മോളു വേഗം റെഡിയാകൂ. ബ്രേയ്ക്ക്ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങണം. മോണിംഗ് ഷോയാണ്. നേരം വൈകാന്‍ പാടില്ല. ശീതള്‍ കാത്തു മുഷിയും.
ഈ അച്ചമ്മേടെ ഒരു കാര്യം.
എനിക്കു വയ്യ. ചെല്ലു മോളേ.
അച്ചമ്മ തള്ളി ബാത്ത്‌റൂമിലേക്ക് കയറ്റിവിട്ടു. അതിനുശേഷം പോയി ബ്രേയ്ക്ക്ഫാസ്റ്റ് എടുത്തു വച്ചു. കാര്യസ്ഥന്‍ രാമന്നായരെ ഫോണില്‍ വിളിച്ചു.
ഹലോ
ഹലോ, എന്താ അച്ചമ്മേ,
ശിവയോടു ഒന്നു തറവാടു വരെ വരാന്‍ പറയണം. അത്യാവശ്യമാണ്.
എന്താ അച്ചമ്മേ? കുഴപ്പം വല്ലതും?
ഇല്ല, രാമന്‍നായരേ, ഉയരെ എന്ന സിനിമ കാണാന്‍ പോകുന്നതിനാണ്.
അച്ചമ്മയോ…
നീയിങ്ങനെ ഓരോന്നു പറഞ്ഞു നേരം കളയണ്ട. ശിവയോടു വരാന്‍ പറയൂ.
അച്ചമ്മ ഫോണ്‍ വച്ചു.
അച്ചമ്മേ ഞാന്‍ റെഡി.
ഹായ്, മോളു സുന്ദരിയായിട്ടുണ്ടല്ലോ.
പിന്നെ, ഈ ലോകത്ത് വേറെയാരും ഇല്ലെങ്കില്‍.
നിനക്ക് എല്ലാം തമാശ. ദേ, വേഗം ഇതു കഴിച്ചേ.
പാത്രം തുറന്നുനോക്കി.
അയ്യോ ഇഡ്ഡലിയാണോ?
ദേ, എണ്ണിപ്പെറുക്കാതെ തൊട്ടടുത്ത പാത്രംകൂടി തുറന്നുനോക്കൂ.
ഹാ, ദോശയും ഉണ്ടല്ലോ.
വേഗം കഴിച്ചോ. ശിവ ഇപ്പോ വരും.
ഇതെന്നാ അച്ചമ്മേ, സിനിമ കാണാനല്ലേ പോകുന്നത്. അല്ലാതെ ഐ.സി.യുവില്‍ കിടക്കുന്ന ആളെ കാണാനൊന്നുമല്ലല്ലോ. എന്തൊരു തിരക്ക്.
മോളേ, ആ സിനിമയ്ക്ക് അത്ര വലിയ പ്രാധാന്യമുണ്ട്. അതു കണ്ടുകഴിഞ്ഞാലേ മോള്‍ക്ക് മനസ്സിലാകുകയുളളൂ.
ഉവ്വ്, ഉവ്വ്. അത് കഴിഞ്ഞ കൊല്ലം ഇറങ്ങിയതല്ലേ. ടി.വി.യില്‍ കണ്ടാല്‍ പോരേ?
പോരാ, വലിയ സ്‌ക്രീനില്‍ കാണണം. അത് മോള്‍ടെ ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തും.
അച്ചമ്മേ.
ങ്ഹാ, മോളേ ശിവയുടെ ശബ്ദമാണ്. അവന്‍ വന്നു. ശിവാ… ദാ വരുന്നൂ.
നമുക്ക് ഇറങ്ങാം.
കാര്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ശിവയ്ക്കു ഉത്കണ്ഠ അടക്കാനായില്ല.
അച്ചമ്മേ, നമ്മള്‍ ഏതു റൂട്ടിലാണ് പിടിക്കേണ്ടത്?
ങ്ഹാ, അത് നിനക്ക് മനസ്സിലായില്ലേ. നമ്മള് ഉയരെ സിനിമ കാണാനാണ് പോകുന്നത്.
അതു ശരി. സൂപ്പര്‍ പടമാ.
അതെയതെ.
അവനീമോള് കാണണ്ട പടമാണ്.
ഇനി നീ ഓരോന്നു പറഞ്ഞു തിരിഞ്ഞുനോക്കി വണ്ടി ഇടിക്കണ്ടാട്ടോ.
ഹൊ, ഈ അച്ചമ്മയുടെ ഒരു കാര്യം.
ദാ നമ്മള്‍ ഇപ്പോ എത്തും.
അച്ചമ്മേ എത്തിപ്പോയി. ടിക്കറ്റ് കൗണ്ടറില്‍ നല്ല തിരക്കാണ്.
അതൊന്നും നമ്മെ ബാധിക്കൂലാ… നമ്മടെ ശീതള് മോള് ടിക്കറ്റ് ബുക്ക് ചെയ്ത് വച്ച് ഇവിടെ കാത്തുനില്പുണ്ടാവൂല്ലോ.
കാറില്‍ നിന്നിറങ്ങിയ പ്പോള്‍ത്തന്നെ ശീതള്‍ നില്ക്കുന്നതു കണ്ടു.
ഹായ്, ചക്കരേ, അച്ചമ്മേ…
ഹായ് മുത്തേ…
വാ, നമുക്ക് അകത്തേക്കു കയറാം. ശിവാ, നിനക്ക് കൂടി ടിക്കറ്റ് എടുത്തിട്ടുണ്ട്. പോരെ, ഇവിടെ വായ്‌നോക്കി നില്ക്കണ്ട.
അതു നന്നായി. ഉയരെ അടിപൊളിയാണ്.
സിനിമ തുടങ്ങി. ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രം പാര്‍വ്വതിയുടെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്ന രംഗം.
നോ…
പെട്ടന്ന് അവനി താന്‍ ഇരിക്കുന്നത് തിയറ്ററിലാണെന്നുപോലും ഓര്‍ക്കാതെ നിലവിളിച്ചു.
മോളേ…
അച്ചമ്മ അവനിയുടെ ശിരസ്സ് പിടിച്ചു തന്റെ തോളിലേക്കു ചായ്ച്ചു. ആസിഡിനു ഇരയാകുന്നതിനു മുമ്പുള്ള പല്ലവിയുടെ ഡയലോഗ് അവനിയുടെ മനസ്സില്‍ അലയടിച്ചു.
ആണ് പെണ്ണിന്റെ ജീവിതത്തിലേക്കോ, പെണ്ണ് ആണിന്റെ ജീവിതത്തിലേ ക്കോ അല്ല, രണ്ടുപേര്‍ ചേര്‍ന്ന് ഒരൊറ്റ ജീവിതം. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ തന്നെയാകണം.
അതു ശരിയാണ് പല്ലവി വളരെ ബോള്‍ഡാണ്.
മോളേ, നോക്കൂ.
എനിക്ക് കാണണ്ട അച്ചമ്മേ.
അതല്ല മോളേ, നോക്കൂ ആ കുട്ടി മിടുക്കിയാണ്. അവള്‍ അതിനെ അതിജീവിക്കുന്നത് നോക്കൂ.
നോക്കൂ മോളേ…
അച്ചമ്മയുടെ നിര്‍ബന്ധം സഹിക്കാതെ അവള്‍ കണ്ണുകള്‍ തുറന്ന് നോക്കി. പാതി മറച്ച പല്ലവിയുടെ മുഖം അവനിയില്‍ സങ്കടം ഉണര്‍ത്തി. പക്ഷേ, ആ പ്രവൃത്തികള്‍… അത് അവള്‍ക്കും ഒരു പ്രചോദ നമായിരുന്നു. എന്‍.സി.സി. കേഡറ്റായിരുന്ന പല്ലവി രവീന്ദ്രന്‍. എന്തൊക്കെ ദുരിതങ്ങള്‍ ജീവിതത്തില്‍ നേരിട്ടാലും അതിനെ അതിജീവിച്ച് മുന്നേറുന്ന ആ നായികാകഥാപാത്രം അവളുടെ ജീവിതത്തില്‍ പ്രത്യാശയുണര്‍ത്തി.
എനിക്കുവേണ്ടി എന്നെപ്പോലെയാകണം. എന്ന ഡയലോഗ് അവനി ഹൃദയത്തില്‍ രേഖപ്പെടുത്തി. പാതിപൊള്ളി വികൃതമായ മുഖം മറയ്ക്കുവാന്‍ കഷ്ടപ്പെടുന്ന പല്ലവി പിന്നീട് മുഖം മറയ്ക്കാതെത്തന്നെ തന്റെ ഡ്യൂട്ടികള്‍ നിര്‍വ്വഹിക്കുമ്പോള്‍ അവളുടെ ധൈര്യം വ്യക്തമാകുന്നു. എല്ലാറ്റിനെയും അതിജീവിക്കാന്‍ തന്റേടം ഉണ്ടാകണം.
കോടതിയില്‍ തന്നെ തള്ളിപ്പറഞ്ഞ് ചതിച്ച കാമുകനെ ശിക്ഷിക്കുന്നതുവരെ കേസ് തുടരണമെന്ന് ആഗ്രഹിച്ച പല്ലവി അതില്‍നിന്നും പിന്തിരിഞ്ഞില്ല. വിജയം സുനിശ്ചിതമാകുന്നതു വരെ പോരാടി. സ്വയം കബളിപ്പിച്ച് ഒന്നിനോടും സഹകരിക്കാന്‍ അവള്‍ തയ്യാറായില്ല. ആദ്യം അവളുടെ വികൃതമുഖം കണ്ട് തിരിഞ്ഞുനില്ക്കുകയും ഇഷ്ടക്കേട് കാണിക്കുകയും ചെയ്തിരുന്നവര്‍ത്തന്നെ അവളെ അഭിനന്ദിച്ചു.
അവനിക്ക് സിനിമ ഒത്തിരി ഇഷ്ടമായി. സിനിമ കഴിഞ്ഞപ്പോഴേ അവളുടെ കണ്ണുകള്‍ നിറഞ്ഞതു കണ്ട അച്ചമ്മ ചോദിച്ചു,
മോളേ നിനക്ക് സങ്കടമായോ?
ഹേയ് ഇല്ല അച്ചമ്മേ, ഇത് സന്തോഷത്തിന്റെ കണ്ണീരാണ്.
അതു ശരിയാ അച്ചമ്മേ, ചക്കരയ്ക്ക് ഇത് നല്ലൊരു പാഠമാണ്. ഇനി അവള്‍ അടച്ചുപൂട്ടിയിരിക്കുകയില്ല. വേഗം പ്ലാസ്റ്റിക് സര്‍ജറിയുടെ കാര്യം നോക്കണം. പഠനം തുടരണം. കേസ് ജയിക്കണം.
അല്ല, സിനിമ കഴിഞ്ഞ തറിഞ്ഞില്ലേ. എല്ലാവരും ഇവിടെയിരുന്ന് ചര്‍ച്ചയാണല്ലോ.
എന്റെ ശിവാ, ആ കുട്ടീടെ ധൈര്യം കണ്ടില്ലേ. ഞങ്ങളതു പറയുകയായിരുന്നു.
നമുക്കു പോകേണ്ടേ?
ദാ ഞങ്ങള് വന്നു.
തിരിച്ചുള്ള യാത്രയില്‍ ആരും അധികം സംസാരിച്ചിരുന്നില്ല.
പെട്ടന്നാണ് മുത്ത് പറഞ്ഞത്,
ദാ, എന്നെ ഇവിടെ ഇറക്കിയാല്‍ മതി അച്ചമ്മേ. ഞാന്‍ ഓട്ടോ പിടിച്ച് പൊയ്‌ക്കോളാം.
വേണ്ട മോളേ, ഞങ്ങള്‍ വീട്ടിലാക്കിത്തരാം. അല്ലെങ്കില്‍ സമാധാനം ഇല്ലാണ്ടാകും.
വേണ്ട അച്ചമ്മേ.
മോള് ഒന്നും പറയണ്ട. ഞാന്‍ എല്ലാം നോക്കിക്കൊ ള്ളാം.
മുത്തിനെ വീട്ടിലിറക്കി കാര്‍ തറവാട്ടിലേക്കു തിരിച്ചു.
മോളേ, മോള്‍ എന്താ ഒന്നും മിണ്ടാത്തത്.
ഒന്നൂല്ലാ അച്ചമ്മേ. ഞാന്‍ ആ പല്ലവി രവീന്ദ്രനെ ഓര്‍ക്കുകയായിരുന്നു.
മോളും അതുപോലെ ബോള്‍ഡാകണം.
അതെ അച്ചമ്മേ.
കോടതിയില്‍ ഗോവിന്ദ് എന്തെല്ലാം പറഞ്ഞാലും പല്ലവി ധൈര്യപൂര്‍വ്വം നേരിട്ടില്ലേ?
മോളേ, നീയും അതു പോലെതന്നെയാകണം.
ശരിയാണ് അച്ചമ്മേ.
ദാ, വീടെത്തിയല്ലോ. മോള് ഒന്നു ഫ്രഷായി വരൂ. അച്ചമ്മ എന്തെങ്കിലും ജ്യൂസ് എടുക്കട്ടെ.
ഒന്നും വേണ്ട അച്ചമ്മേ. ഫ്രഷായിട്ട് ഞാന്‍ ഒന്നു കിടക്കട്ടെ. അതിനുശേഷം ഞാന്‍ വരാം അച്ചമ്മേ.
ശരി മോളേ.
അച്ചമ്മയുടെ മനസ്സില്‍ കടലിരമ്പുകയായിരുന്നു. പല്ലവി അവരുടെ മനസ്സില്‍ ഒരു സുവര്‍ണ്ണശില്പമായി വേരുറച്ചു കഴിഞ്ഞു.
അവനിക്കു അതിജീവനം സാദ്ധ്യമാണോ?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org