അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 7 & 8)

അഗ്നിശലഭങ്ങള്‍  (അദ്ധ്യായം 7 & 8)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

ഏഴ്

ഉള്ളതുകൊണ്ടുമാത്രം തൃപ്തിപ്പെടുക, പക്ഷേ കൂടുതലായി ആഗ്രഹിക്കുക.
-ചാള്‍സ് ലാബ്

04-02-2020
ഒഡീഷയില്‍ ഫോനിയാണത്രെ. ചുഴലിക്കാറ്റ് ആഞ്ഞുവീശി എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇരുന്നൂറുമീറ്ററിലേറെ വേഗ മുള്ള അതീവ തീവ്ര ചുഴലിക്കാറ്റാണ് ഫോനി. 1999 ല്‍ പതിനായിരത്തോളം പേരുടെ ജീവനെടുത്ത സൂപ്പര്‍ ചുഴലിക്കുശേഷം ഒഡീഷ നേരിടുന്ന ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണിത്. മുഖം വിരൂപമായപ്പോള്‍ ഞാന്‍ എത്ര ചിന്തിച്ചതാണ് എല്ലാം ഒരു സുനാമിയില്‍ പ്പെട്ട് ഇല്ലാതായെങ്കിലെന്ന്. ഈശ്വരന്മാര്‍ക്ക് ഒരു സമയമുണ്ടല്ലോ. തന്റെ നല്ലകാലം കഴിഞ്ഞുവെന്നാണ് കരുതി യത്. പക്ഷേ, അച്ചമ്മ തന്നെ ഒരു ഉയര്‍ത്തെഴുന്നേല്പിനാണ് പ്രേരിപ്പിക്കുന്നത്. ജിത്തിനോട് പ്രതികാരം ചെയ്യാനൊന്നും തനിക്കാവില്ല. പക്ഷേ, പരാജയം സമ്മതിച്ച് താന്‍ അകത്തളങ്ങളില്‍ ഒതുങ്ങുമെന്ന് അവന്‍ കരുതുന്നുണ്ടാകാം. പാവം അഭിനന്ദ്. ആ ദുഷ്ടന്‍ അവനെയാണല്ലോ കരുവാക്കിയത്. സത്യാവസ്ഥ എന്നു പുറത്തു വരും? തനിക്ക് നീതി കിട്ടുമോ?
മോളേ, നമുക്ക് പ്രാര്‍ത്ഥിച്ചിട്ട് കിടക്കാം. നാളെ അതിരാവിലെ എഴുന്നേ ല്ക്കണ്ടതല്ലേ? ഐ ക്ലിനിക്കില്‍ പോകാന്‍ ഡ്രൈവര്‍ പുലര്‍ച്ചെ നാലുമണിയാകുമ്പോഴേക്കും വരും.
ദാ, വരുന്നു അച്ചമ്മേ.
വേഗം മുഖവും കൈ കാലുകളും കഴുകി അച്ചമ്മയുടെ അടുത്തേക്ക് നടന്നു. അച്ചമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോഴും അഭിനന്ദി ന്റെ മുഖമായിരുന്നു മനസ്സില്‍. തന്റെ നിലവിളി കേട്ട് ഓടിവന്ന അവന്‍ വേഗം വെള്ളം മുഖത്തൊഴിച്ച് ആസിഡിന്റെ വീര്യം കുറയ്ക്കാന്‍ ശ്രമിച്ചു. ഒപ്പം ശബ്ദമുണ്ടാക്കി ആളെക്കൂട്ടി. പക്ഷേ ഓടിവന്നവര്‍ അവനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. അയ്യോ ഞാനല്ല, അവന്റെ നിലവിളി എന്റെ കാതുകളില്‍ വന്നലയ്ക്കുമ്പോഴേക്കും എന്റെ ഓര്‍മ്മ മറഞ്ഞുപോയിരുന്നു. കുഴഞ്ഞുവീണു തുടങ്ങിയ തന്നെ അവനാണ് കൈകളില്‍ താങ്ങിയത്. ആള്‍ക്കൂട്ടത്തിനിടയില്‍ വിജയശ്രീലാളിതനായി നില്ക്കുന്ന ജിത്തിന്റെ ക്രൂരമായ പുഞ്ചിരി താന്‍ അതിനിടയില്‍ കണ്ടിരുന്നു.
അച്ചമ്മ പറഞ്ഞതുപോലെ ജയിക്കണം. തന്നെ തോല്പിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ താന്‍ തോറ്റിട്ടില്ലെന്ന് കാണിച്ചു കൊടുക്ക ണം. അഭിനന്ദിന്റെ കാര്യം പിന്നെ ഒന്നുമറിയില്ല. അവനെന്തു സംഭവിച്ചുവോ ആവോ? തന്റെ പഠനം പൂര്‍ത്തീകരിക്കണം. തന്നെ പ്പോലെ ഇരയാക്കപ്പെടുന്നവരുടെ രക്ഷകയായി താന്‍ മാറും എന്ന ദൃഢനിശ്ചയത്തോടെ, ആത്മനിര്‍വൃതിയോടെ കിടന്ന അവനിയെ നിദ്രാദേവി മെല്ലെ തഴുകി.

എട്ട്

നിങ്ങള്‍ക്ക് ദൈവത്തെ സ്‌നേഹമെന്നോ നന്മയെന്നോ വിളിക്കാം, എന്നാല്‍ ദൈവത്തിന് ഏറ്റവും ചേരുന്ന പേര് കാരുണ്യമെന്നാണ്.
– മെയ്‌സര്‍ എക്ക് ഹാര്‍ട്ട്, ജര്‍മ്മന്‍ തത്ത്വചിന്തകന്‍

അലാറം അടിക്കുന്നതു കേട്ടാണ് ഞെട്ടി ഉണര്‍ന്നത്. നാലുമണിയായി. അച്ചമ്മയും എഴുന്നേറ്റു. വേഗം പ്രഭാതകൃത്യങ്ങള്‍ കഴിച്ച് രണ്ടുപേരും ഒരുങ്ങി. കാര്യസ്ഥന്‍ നാലരയാകുമ്പോഴേക്കും എത്തി. കാര്‍ഡ്രൈവറും എത്തിയിട്ടുണ്ട്. അച്ചമ്മ സകല ഈശ്വരന്മാരെയും വിളിച്ച് പ്രാര്‍ത്ഥിച്ച് ഇറങ്ങി. യാത്ര ആരംഭിച്ചു.
അച്ചമ്മേ, കാഞ്ഞാണി റോഡു വഴി വാടാനപ്പിള്ളി, നാട്ടിക വഴി വലപ്പാട് പോകണോ? അതോ പുള്ള് വഴി കടക്കണോ?
ഡ്രൈവറുടെ ചോദ്യത്തിന് അച്ചമ്മ കൈമലര്‍ത്തി.
ശിവാ, ഏതാണ് എളുപ്പംച്ചാ അതുവഴി പൊയ്‌ക്കോളൂ. അച്ചമ്മയ്ക്കാണോ വഴി പറഞ്ഞു തരാന്‍ അറിയണത്.
എന്നാല്‍ പുള്ളു വഴി പോകാം. അവിടെ അമ്പല ത്തിനടുത്തു തന്നെയാണ് സിനിമാനടി മഞ്ജുവാര്യരുടെ വീട്.
ആണോ? അസ്സലായി. അതും കാണാമല്ലോ!
അതുമാത്രമല്ല, കാര്യസ്ഥന്‍ പറഞ്ഞുതുടങ്ങി. ഇന്ന് കുട്ടിക്ക് എല്ലാം കാണാമല്ലോ. നമുക്ക് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയി തൊഴാം. തിരിച്ചു വരുമ്പോള്‍ വെയിലു മൂത്തില്ലെങ്കില്‍ വലപ്പാട് ബീച്ചും കാണാം.
അങ്ങനെയാകട്ടെ, ല്ലെ, കുട്ട്യേ.
അച്ചമ്മേടെ ഇഷ്ടം പോലെ.
കുറെനാള്‍കൂടി വെളിച്ചത്തിലേക്ക് ഇറങ്ങിയതുകൊണ്ട് അതുമായി പൊരുത്തപ്പെടാനുള്ള തത്രപ്പാടിലാണ് അവനി. അച്ചമ്മ നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ അവള്‍ വരുമായിരുന്നില്ല. പുലര്‍കാലത്തിലെ ഇളംകാറ്റേറ്റ് അവളുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞു.
കുട്ട്യേ, ഇതുകണ്ടോ?
ഈ ചോദ്യമാണ് അവളെ ഉണര്‍ത്തിയത്. വളരെ ശോഭയേറിയ ചിത്രപ്പണികളോടും അലങ്കാരങ്ങളോടുംകൂടി ഒരു മണിമാളിക. ഇതു വീടാണോ എന്നവള്‍ അതിശയിച്ചു. കാനാടി മഠം എന്ന് എഴുതി വച്ചിട്ടുണ്ട്.
ഇതെന്തു മഠമാണ്?
ഇതു ചാത്തന്‍സേവാ മഠമാണ് കുട്ട്യേ.
അങ്ങനെ പറഞ്ഞാല്‍ ഹിന്ദുക്കള്‍ക്കുവേണ്ടിയുള്ളതാണോ ചാത്തന്‍സേവാ?
ഒന്നു മുരടനക്കി കാര്യസ്ഥനാണ് സംസാരിച്ചു തുടങ്ങിയത്.
ഏതു ജാതിക്കാര്‍ക്കു വേണമെങ്കിലും ചാത്തന്‍ സേവ ചെയ്യാം. പണം ധാരാളം ഉണ്ടാക്കുന്ന ഏര്‍പ്പാടാണ് കുട്ട്യേ. ഇതുവരെ കേറാത്തതുകൊണ്ട് നിജ സ്ഥിതി അറിയില്ല. പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്. തൃശൂര്‍ പാവറട്ടി ഭാഗത്തു നടന്ന ഒരു കഥയാണു ഞാന്‍ ഒടുവില്‍ കേട്ടത്. വലിയൊരു ക്രിസ്ത്യന്‍ തറവാട്ടില്‍ ഒരു കാരണവര്‍ വയസ്സായി വളരെ അവശനായിട്ടും മരിക്കാതെ കിടക്കുന്നു. ഒന്നും ചെയ്യാനാകാതെ വേദനകളും അസ്വസ്ഥതകളുമായി കിടന്ന കിടപ്പാണ്. മക്കളൊക്കെ നോക്കി മടുത്തു. അവര്‍ ബാധയൊഴിപ്പിക്കുന്ന ഒരു അച്ചനെ വിളിച്ചോണ്ടു വന്നു. അച്ചന്‍ പ്രാര്‍ത്ഥിക്കു മ്പോള്‍ തിന്മയുടെ ശക്തി എതിരിടുന്നത് അനുഭവപ്പെട്ടു. കൂടുതല്‍ ശക്തമായി പ്രാര്‍ത്ഥന തുടര്‍ന്നു. പിന്നീട് മക്കളെയൊക്കെ പുറത്തേക്ക് നിര്‍ത്തി. അപ്പാപ്പനോട് അച്ചന്‍ ചോദിച്ചു, തകിടോ മറ്റെന്തെങ്കിലും കൂടോത്രമോ ശരീരത്തിലുണ്ടോയെന്ന്.
ഉടനടി അപ്പാപ്പന്‍ പറഞ്ഞു.
അച്ചന്‍ ക്ഷമിക്കണം. പെട്ടന്ന് എടുത്തുതരാന്‍ പറ്റില്ല. മുണ്ടിന്റെ അറ്റം തെറുത്ത് മുട്ടിന്മേലേക്ക് കയറ്റി അപ്പാപ്പന്‍ കാണിച്ചു കൊടുത്തു. തുന്നിക്കൂട്ടിയ പാടുകള്‍. പിന്നെ അച്ചന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് അപ്പാപ്പനെ കൊണ്ടു പോകാനുള്ള ഏര്‍പ്പാട് ഉണ്ടാക്കി.
അയ്യോ, എന്നിട്ട് എന്തു സംഭവിച്ചു?
ആ തകിട് കീറിയെടുത്തു നശിപ്പിച്ചു കളഞ്ഞു. പിറ്റെ ദിവസം അപ്പാപ്പന്‍ ഈ ലോകത്തോട് വിട പറഞ്ഞു.
ഹാവൂ, രക്ഷപ്പെട്ടു അല്ലേ?
ഇല്ല കുട്ടീ, ചാത്തന്‍ സേവ ഒരു കുടുംബത്തില്‍ ആരംഭിച്ചാല്‍ ആ കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും മേല്‍ക്കുമേല്‍ വര്‍ദ്ധി ക്കും. പക്ഷേ, ഒരിക്കലും അത് നിര്‍ത്താന്‍ പാടില്ല. തലമുറകളായി കൈമാറണം.
അപ്പോള്‍ അപ്പാപ്പന്റെ തകിട് മകന് കൈമാറണ്ട തായിരുന്നു. ഇല്ലെങ്കില്‍ എന്തു സംഭവിക്കും?
പിന്നീട് ആ വീട്ടില്‍ അടിക്കടി നാശനഷ്ടങ്ങളാ യിരുന്നു. അവിടെ മകന്റെ കുട്ടിയ്ക്കു ദുര്‍മരണം സംഭവിച്ചൂത്രെ.
ഓരോരോ പുലിവാലു പിടിക്കാന്നു കേട്ടിട്ടില്ലേ? കുട്ടി ഇനി അതൊന്നും ആലോചിച്ച് വിഷമിക്കണ്ടാട്ടോ. നമ്മടെ സ്ഥലം എത്താറായി. ഇന്ന് ആദ്യത്തെ ദിവസമല്ലേ? കണ്ണു കെട്ട്യാ കുട്ടിക്ക് ഒന്നും കാണാന്‍ പറ്റില്ലാല്ലോ. നമിക്ക് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഒന്നു തൊഴാം. അല്ലേ ശിവാ?
ആയിക്കോട്ടെ അച്ചമ്മേ.
വണ്ടി അങ്ങോട്ട് വിട്ടോളൂ. ശ്രീരാമദേവ ക്ഷേത്രമാണ്.
അച്ചമ്മ അങ്ങോട്ട് പോയിട്ടുണ്ടോ?
പോയിട്ടുണ്ടോന്ന്… കുറെ മുമ്പാണെന്നു മാത്രം.
അവിടെ എന്തു പ്രാര്‍ത്ഥനയാണ് പ്രധാനമായിട്ടുള്ളത്?
രണ്ടു തരം വഴിപാടുകളുണ്ട്. വെടിവഴിപാട്, മീനൂട്ട് വഴിപാട്.
വെടിവഴിപാട് എന്നു പറഞ്ഞാല്‍ വെടിപൊട്ടിക്കല് അല്ലേ?
വെറും വെടിപൊട്ടിക്കലല്ല, തൃപ്പവെടി പൊട്ടും.
തൃപ്പവെടിയോ?
ങ്ഹാ, പുലര്‍ച്ച മൂന്നു മണിക്കു പൊട്ടുന്ന വെടി. പണ്ടൊക്കെ തൃശൂരുവരെ കേള്‍ക്കായിരുന്നു. ഇപ്പോ വണ്ടികളുടെ ബഹളമല്ലേ, നഗരം ആര്‍ത്തലയ്ക്കുമ്പോള്‍ എന്തു കേള്‍ക്കാനാണ്.
മീനൂട്ട് വഴിപാട് ഞാന്‍ നടത്തിയിട്ടുണ്ട് അച്ചമ്മേ, ശിവ കേറിപ്പറഞ്ഞു.
അതെങ്ങനെയാണ്? അവനിക്ക് ജിജ്ഞാസ അടക്കാനായില്ല.
ശ്രീരാമദേവന്‍ പുഴയിലേക്കാണ് ദര്‍ശനം നല്കിയിരിക്കുന്നത്. അമ്പലത്തില് വഴിപാടിന് പണം അടച്ചു കഴിയുമ്പോള്‍ ഒരു പാത്രം അരി തരും. അത് പടവുകള്‍ ഇറങ്ങി പുഴയിലേക്ക് ഇടണം. മീനുകള്‍ വന്നു കൊത്തിത്തിന്നും.
ഹായ്! നല്ല രസാവൂല്ലേ. അച്ചമ്മേ, എന്താ മിണ്ടാത്തത്? നമുക്ക് ആ വഴിപാട് നടത്താം.
പിന്നെന്താ, ന്റെ കുട്ടിക്ക് ആയുസ്സും ആരോഗ്യവും ലഭിക്കാന്‍ വെടിവഴിപാടും മീനൂട്ട് വഴിപാടും ഞാന്‍ നടത്തണ്ണ്ട്.
കാര്‍ ക്ഷേത്രത്തിനടുത്തെത്തി, അവരെ ഇറക്കിയിട്ട് പാര്‍ക്കിംഗ് സ്ഥലത്തേക്ക് നീങ്ങി.
അവനിക്ക് ആ ക്ഷേത്രവും പുഴയും ഇളംകാറ്റും ഏറെ ആനന്ദം പകരുന്നുണ്ടായിരുന്നു.
ചുറ്റും ഉള്ളവര്‍ അവളെ നോക്കി കഷ്ടം വെയ്ക്കുന്നതൊന്നും അവള്‍ തിരിച്ചറിഞ്ഞില്ല. ഏതോ ഒരു ചൈതന്യം അവളെ ശ്രീരാമദേവ സന്നിധിയിലേക്കു നയിക്കുകയായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org