ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 1

ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 1

മാത്യൂസ് ആര്‍പ്പൂക്കര

"ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ്" – നഗരത്തിലെ കൊട്ടാര സദൃശമായ ആ വീടിന്‍റെ പേരു വമ്പന്‍ ഗെയ്റ്റില്‍ ഗ്രാനൈറ്റ് ഫലകത്തിലെ അക്ഷരങ്ങള്‍ പ്രഭാതകിരണങ്ങളില്‍ തിളങ്ങി. ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്‍റെ രാജാങ്കണത്തില്‍ വിരാജിക്കുന്ന പൂന്തോട്ടത്തില്‍ ഏറെ നാളായി വാടാന്‍ മടിച്ചുനില്ക്കുന്ന വിവിധ നിറങ്ങളാര്‍ന്ന പൂക്കള്‍ ചൂടി ഓര്‍ക്കിഡുകളും ആന്തൂറിയവും ബോഗന്‍ വില്ലയുമൊക്കെ കുളിരണിഞ്ഞു നിന്നു. വെയില്‍പ്പക്ഷികള്‍ ചിറകുകള്‍ നിവര്‍ത്തി പറക്കാന്‍ വെമ്പി; ഫീനിക്സ് പക്ഷികളാകാന്‍ കൊതിച്ച്.

നൈറ്റി ധരിച്ച അമ്പതുകാരി ഷൈനി നീളന്‍ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ധൃതി പിടിച്ചു നടന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്തുകൊണ്ട് ഇടയ്ക്കിടെ വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ കേറിയിറങ്ങുന്നുണ്ടായിരുന്നു. പരിചയം പോരാഞ്ഞ് ഇളയ മകള്‍ നവോമിയുടെ സഹായം തേടുന്നുമുണ്ടായിരുന്നു.

ഷൈനി ഫോണില്‍ സംസാരിക്കുന്നതിനിടെ, രണ്ടു വലിയ അടുക്കളകളുള്ള വീടിന്‍റെ ആദ്യത്തേതിലേക്കൊന്ന് എത്തിനോക്കി തിരക്കിട്ടു പണിയെടുക്കുന്ന ശോശച്ചേടത്തിയോടു പറഞ്ഞു: "എന്നെ ഇന്നിനി അടുക്കളയിലേക്കൊന്നിനും കിട്ടില്ല. ഞാന്‍ പറഞ്ഞല്ലോ… വിമന്‍സ് ക്ലബ് വാര്‍ഷികമാണിന്ന്. ആരെയൊക്കെ ഇനി വിളിക്കാനുണ്ടെന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ…"

പിന്നെയും ആരോടോ എന്തൊക്കെയോ ഫോണില്‍ സംസാരം തുടര്‍ന്നുകൊണ്ടവള്‍ വരാന്തയിലൂടെ നടന്നുപോയി. ശോശച്ചേടത്തി കലിപ്പോടെ സ്വയം പറഞ്ഞു:

"അല്ലെങ്കില്‍ അടുക്കളയില്‍ സഹായിക്കുന്നൊരാള്…! എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ… വിമന്‍സ് ക്ലബാണത്രേ…! എന്തോന്നു ക്ലബ്…! പൂന്തോട്ടത്തില്‍ പണി ചെയ്യുന്ന തിലോത്തമ വന്നു വല്ലതും സഹായിച്ചു തന്നാലായി…

ഫോണില്‍ സംസാരിച്ചുകൊണ്ടുതന്നെ നീളന്‍ വരാന്തയിലൂടെ തിരികെ വന്ന ഷൈനി ശോശച്ചേടത്തിയോടു ചോദിക്കാതിരുന്നില്ല: "എന്താ ചേടത്തിയൊരു കുമ്പസാരം..?"

"ഒന്നുമില്ല, കുമ്പസാരിച്ചിട്ടു മാസങ്ങളായി എന്നൊന്നു പറയുവാരുന്നു…" അടുപ്പത്തു തിളയ്ക്കുന്ന കടലക്കറി ഇളക്കിക്കൊണ്ടു ശോശച്ചേടത്തി ഉറക്കെത്തന്നെ മറുപടിയിട്ടു. ഷൈനി വന്നപോലെ ഫോണില്‍ സംസാരിച്ചുകൊണ്ടു തിരികെ നടക്കുന്നതു കണ്ടു ശോശച്ചേടത്തി പുലമ്പി:

"എത്ര നല്ല വീടാര്‍ന്നു… എല്ലാം പോയി. പള്ളിപ്പോക്കില്ല, കുടുംബപ്രാര്‍ത്ഥനയില്ല. തന്ത തടി വഴി, തള്ള പല വഴി. പിള്ളേരൊക്കെ എലത്തില് വഴി എന്നു കേട്ടിട്ടേയുള്ളൂ…! എല്ലാരുടേം കയ്യില്‍ സര്‍വത്ര തൊട്ടും തലോടീം ഒരു കുന്ത്രാണ്ടമുണ്ട്… മൊബൈല്‍ഫോണ്‍…! അതിലാ ജീവിതം മുഴുവന്‍! വേറെന്നും വേണ്ടാ…"

കടലക്കറി സ്റ്റീല്‍ ചുരികപ്പുറത്തേയ്ക്കു വാങ്ങിവച്ചുകൊണ്ടു ശോശച്ചേടത്തി പുലമ്പല്‍ തുടര്‍ന്നു: "പത്തു വയസ്സുള്ളപ്പം ഞാനീ വീട്ടില്‍ വന്നുകേറിയതാ… ഇപ്പം എഴുപത്തഞ്ചായി. ഞാനീ കുടുംബത്തെ അംഗത്തെപ്പോലെയാ കഴിഞ്ഞത്… എന്നെയാരും ഒന്നും പഠിപ്പിക്കേണ്ട… കഴുത്തേല്‍ കൊന്തേം വെന്തിങ്ങേം ഇട്ടോണ്ടാ ഇപ്പറേന്നേ… ജഡ്ജിയും ഡോക്കട്ടര്‍മാരും പ്രൊഫസ്സര്‍മാരും വല്യ ഓഫീസര്‍മാരുമൊക്കെയുള്ള വടക്കേടത്ത് വീടായിത്… എല്ലാരുടേം ഗുണോം ദോഷവുമൊക്കെ ശരിക്കറിഞ്ഞു വടക്കേടത്ത് അടുക്കളയില്‍ എല്ലു മുറിയേ പണിയെടുത്ത് ജീവിച്ചവളാ ഈ ശോശ…! ചരിത്രമൊന്നും എന്നെക്കൊണ്ടു പറയരിക്കരുത്. ഇന്നപ്പഴ് പുതുതലുറയ്ക്കു ഞാനൊരധികപ്പറ്റ്…!"

ഷൈനി വിമന്‍സ് ക്ലബ് പ്രസിഡന്‍റ് കവിതാഗോപനോടു സംസാരിച്ചു തീര്‍ന്നതേയുള്ളൂ ഒരു ഇന്‍കമിംഗ് കോള്‍. പുതിയ മെമ്പര്‍ സ്റ്റെല്ലാ സെബാസ്റ്റ്യന്‍റേതാണ്.

"സ്റ്റെല്ലാ നേരത്തെ എത്തണം. കൃത്യം പത്തു മണിക്കു തന്നെ സമ്മേളനം ആരംഭിക്കും… പ്രശസ്ത ഭരതനാട്യനര്‍ത്തകിയാണ് ഉദ്ഘാടനം…" – ഷൈനി ഓര്‍മിപ്പിച്ചു.

"ഓകെ ഷൈനി… നേരത്തെ വരാം…"- സ്റ്റെല്ല പെട്ടെന്നു പറഞ്ഞു: "ഷൈനിക്കു സമയമില്ലെന്നറിയാം. എന്നാലും ഞാനൊരു കാര്യം കൂടി പറയട്ടെ… എന്‍റെ ഇളയമോന്‍ സൗരഭ് കാനഡയില്‍ നിന്നും അവധിക്കു നാട്ടിലെത്തിയിട്ടുണ്ട്. ബി എസ്സി നഴ്സിംഗ് പാസ്സായ പെണ്‍കുട്ടിയെ കല്യാണം കഴിഞ്ഞു കാനഡയ്ക്കു കൊണ്ടുപോകാനാ അവന്‍റെ ഉദ്ദേശ്യം. ക്ലബ് സെക്രട്ടറിക്കു പബ്ലിക് റിലേഷന്‍സ് നല്ലപോലെ കാണുമല്ലോ. അങ്ങനെ നല്ലൊരു പെണ്‍കുട്ടിയെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണേ…! പരിചയക്കാര്‍ തമ്മിലാകുമ്പോള്‍ പ്രെപ്പോസല്‍ വേഗം നടക്കും…"

"എന്നാപ്പിന്നെ എന്‍റെ മോള്‍ അപര്‍ണയെ ആലോചിച്ചാലോ…?"- ഷൈനി ചോദിച്ചു.

"നൂറു സന്തോഷം" സ്റ്റെല്ല ആഹ്ലാദത്തോടെ തുടര്‍ന്നു: "എന്‍റെ ശ്രദ്ധയില്‍പ്പെട്ട കാര്യമാരുന്നു. ചോദിക്കാനൊരു മടി. നിങ്ങളൊക്കെ ഞങ്ങളേക്കാള്‍ വല്യ ആളുകള്, കുടുംബക്കാര്. ഷൈനിയുടെ കാവുംപറമ്പില്‍ കുടംബത്തില്‍ ധാരാളം അച്ചന്മാരും കന്യാസ്ത്രീകളും. ജോര്‍ജിയുടെ വടക്കേടത്തു കുടുംബത്തില്‍ ജഡ്ജിയും ഡോക്ടര്‍മാരും കോളജ് പ്രൊഫസ്സര്‍മാരുമെല്ലാമുണ്ട്. ഞങ്ങടെ ഫാമിലിയില്‍പ്പെട്ടവരൊക്കെ കൃഷിക്കാരല്ലേ..? പുതുതലമുറ വിദേശത്തു പോയി ഉയര്‍ന്ന പുതുപ്പണക്കാര്…"

"സ്റ്റെല്ല ഇത്രയൊക്കെ പറഞ്ഞതു ശരിതന്നെ. എങ്കിലും ഞങ്ങളെപ്പറ്റി ഒന്നുകൂടി ക്ലിയറാക്കാം…"-ഷൈനി തുടര്‍ന്നറിയിച്ചു. "ജോര്‍ജി ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ സീനിയര്‍ ഓഫീസര്‍… ഞങ്ങള്‍ക്കു മൂന്നു മക്കള്‍. മകനാണു മൂത്തത്. വിനോദ് കച്ചേരിത്താഴത്ത് ഹോം അപ്ലയന്‍സ് ബിസിനസ്സ്. കടയുടെ പേരറിയാമല്ലോ. ഞങ്ങടെ വീടിനിട്ട പേരുതന്നെ – ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ്. ഈ സിറ്റിയിലെ ഏറ്റം തിരക്കുള്ള ബിസിനസ്സുകാരന്‍. കച്ചേരിത്താഴത്തെ ഏറ്റം വല്യ ബില്‍ഡിംഗ്… വിനോദ് കല്യാണം ചെയ്തിരിക്കുന്നതു ചാലക്കുടിയിലെ ഏറ്റം വല്യ ബിസിനസ്സുകാരന്‍റെ മകള്‍ നൈനയെ. പിന്നെ ഞങ്ങള്‍ക്കു രണ്ടു പെണ്‍മക്കള്‍. അപര്‍ണയും നവോമിയും. അപര്‍ണ ബിഎസ്സി നഴ്സിംഗ് ബാംഗ്ലൂരില്‍ പഠനം കഴിഞ്ഞു നില്ക്കുന്നു. വിദേശത്തു പോകാന്‍വേണ്ടി തന്നെയാ അവളീ സബ്ജക്ട് നിര്‍ബന്ധിച്ചെടുപ്പിച്ചത്. പിന്നെ ഇളയവള്‍ നവോമി എന്‍ജിനീയറിംഗ് അവസാന വര്‍ഷമാണ്. ലാസ്റ്റ് സെമസ്റ്ററാണെന്നു പറയാം… കമ്പ്യൂട്ടര്‍ സയന്‍സ്… സ്റ്റെല്ലാ ഞാന്‍ അപര്‍ണയും ജോര്‍ജിയുമായിട്ടൊന്നു സംസാരിച്ചിട്ടു പറയാം…"

"ഓക്കേ ഷൈനി…" സ്റ്റെല്ല സന്തോഷവതിയായി ഫോണ്‍ സംസാരം അവസാനിപ്പിച്ചു.

ഷൈനി ക്ലബ് മെമ്പേഴ്സിനെ മാറിമാറി ഫോണ്‍ ചെയ്തുകൊണ്ടിരുന്നു. പെട്ടെന്ന് അവള്‍ ഭര്‍ത്താവ് കിടക്കുന്ന ബെഡ്റൂമിലേക്കു കയറിച്ചെന്നു. ജോര്‍ജി അപ്പോഴും ഫോണ്‍ സ്ക്രീനീല്‍ ടച്ച് ചെയ്തുകൊണ്ടു കിടപ്പായിരുന്നു.

"ജോര്‍ജീ എന്തൊരു കിടപ്പാ…? സമയമെത്രയായെന്നറിയാമോ? ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകാന്‍ ഈ വീട്ടീന്നാരുമില്ലേ..?"

"ഷൈനീ നിന്നോടു ഞാന്‍ പറഞ്ഞതല്ലേ… ഞങ്ങടെ ക്ലബ് ഗവര്‍ണര്‍ക്കു സ്വീകരണം കൊടുക്കുന്ന ദിവസമാ ഇന്ന്. എന്‍റെ തലേലാ അതിന്‍റെ നടത്തിപ്പത്രയും…"- ജോര്‍ജി അവളെ നോക്കാതെ കിടന്നുകൊണ്ടു പറഞ്ഞു.

ഷൈനിക്കു ദേഷ്യം വന്നു. അവള്‍ ചോദിച്ചു: "സ്വീകരണച്ചടങ്ങു ഞായറാഴ്ചയല്ലാതെ മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവച്ചു കൂടായിരുന്നോ…?"

"അതിലുമെളുപ്പം വിമന്‍സ് ക്ലബിന്‍റെ വാര്‍ഷികചടങ്ങ് മറ്റൊരു ദിവസത്തേയ്ക്കു മാറ്റുകയായിരുന്നു…"

"രാവിലെ നിങ്ങളോടു വഴക്കിനു ഞാനില്ല…" ഷൈനി സ്വരം മാറ്റി തുടര്‍ന്നു: "ശോശച്ചേടത്തി രാവിലത്തെ അടുക്കളപ്പണിയൊതുക്കി പള്ളിപ്പോകാന്‍ ചട്ടേംമുണ്ടുമൊക്കെയിട്ടിപ്പം റെഡിയാകും… ആരുടെകൂടെ അയയ്ക്കും? വിനോദും നൈനയും ചാലക്കുടിയില്‍ അവളുടെ ചിറ്റപ്പന്‍റെ മകന്‍റെ എന്‍ഗേജുമമെന്‍റിനു പോകയാണല്ലോ… നവോമിയും അവരുടെകൂടെ പോകയാ…"

"അപര്‍ണ രാവിലെ പള്ളിയില്‍ പോണില്ലേ…?"- ജോര്‍ജി എടുത്തു ചോദിച്ചു.

"അവളും വൈകുന്നേരത്തെ കുര്‍ബാനയ്ക്കാ പോണത്… അടച്ചിട്ട മുറീല്‍ മൊബൈലും നോക്കി ഒറ്റക്കിടപ്പാ… ഇനി എഴുന്നേറ്റു വരുമ്പഴ് പത്തു മണിയാകും" – ഷൈനി നീരസപ്പെട്ടു പറഞ്ഞു.

"അതെങ്ങനാ അമ്മ ഫോണെടുത്താല്‍ എല്ലാം മറക്കും. അടുക്കള മറക്കും, മക്കളെ മറക്കും, ഭര്‍ത്താവിനെ മറക്കും, ലോകമാകെ മറക്കും" – ജോര്‍ജി പരിഹസിച്ചു.

"ജോര്‍ജീ…" – ഷൈനി സ്വരം കടുപ്പിച്ചു വിളിച്ചു: "രാവിലെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ…"

"ഷൈനി, നിനക്കു ഞാന്‍ വളരെ ഷോര്‍ട്ടായിട്ടൊരു ഉപദേശം തരാം. അമ്മ കുടുംബത്തില്‍ വിളക്കാകണം…"

"എന്നാലേ അതിലും ഷോര്‍ട്ടായിട്ട് ഒരു കാപ്സ്യൂള്‍ അഡ്വൈസ് നിങ്ങള്‍ക്കു ഞാനും തരാം. അപ്പന്‍ കുടുംബത്തിനു മേലേ ഹൈ മാസ്റ്റ് എല്‍ഇഡി ലാമ്പായി തെളിഞ്ഞുനിന്നാലേ അമ്മയുടെ ഈ വിളക്ക് തെളിയൂ…"

അരിശം കേറിയ ഷൈനി തുടര്‍ന്നു: "ജോര്‍ജി ജോബ് എന്ന ഫിഷറീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ രാവിലെ ഭക്ഷണം കഴിച്ചിറങ്ങും. വൈകുന്നേരം ഓഫീസില്‍ നിന്നും വീട്ടിലേക്കു വന്നെങ്കിലായി, വന്നില്ലെങ്കിലായി. പിന്നെ ക്ലബിന്‍റെ ലോകം! ലഹരിയുടെ ലോകം…! പാതിര രാത്രിയാകുമ്പം ക്ലബിലെ ബോയ് കാറില്‍ ഇവിടെകൊണ്ടാക്കീട്ട് പോകും. നന്നേ മദ്യപിച്ചു ലക്കില്ലാത്ത വടക്കേടത്തു സീനിയര്‍ ഓഫീസറെ പൊലീസ് പിടിച്ച് ഊതിപ്പിച്ചു ടെന്‍സീവ് സീനാക്കാഹിരിക്കാന്‍! എന്താ പോരേ കുടുംബനാഥന്‍റെ ഹൈമാസ്റ്റ് ചിത്രം…! ഭാര്യ എവിടെ കിടക്കുന്നു, മക്കള് എവിടെയാണ്, ജോലിക്കാരൊക്കെ എന്തെടുക്കുന്നു എന്നൊന്നും അന്വേഷിക്കാന്‍ നേരമില്ലാത്ത ഈ സിറ്റിയിലെ ചുരുക്കം ചില കുടുംബനാഥന്മാരിലൊരാള്‍…!"

"എടീ ഷൈനി, കാണേണ്ടതു കാണുന്ന കണ്ണാണു കുറ്റമറ്റ കണ്ണ്. കാണാന്‍ പാടില്ലാത്തതു മാത്രം കാണുന്ന കണ്ണാണു ദുഷ്ടമായ കണ്ണ്…!" ജോര്‍ജി മൊബൈല്‍ ഫോണില്‍ നോക്കി കിടന്നുകൊണ്ടു വിളിച്ചു പറഞ്ഞു.

"രണ്ടാമതു പറഞ്ഞ കണ്ണാണു നിങ്ങളുടേത്. ഒരു സംശയവുമില്ല. നിങ്ങള്‍ക്കിങ്ങനെ തത്ത്വശാസ്ത്രം വിളമ്പാനല്ലാതെ വല്ലതും പ്രവര്‍ത്തിക്കാനറിയോ? ഇനി നമ്മള്‍ തമ്മില്‍ സംസാരിച്ചാല്‍ കൂടുതല്‍ കുഴച്ചിലാവത്തേയുള്ളൂ. നിങ്ങളു നിങ്ങടെ കാര്യം നോക്ക്… ഞാനെന്‍റെ കാര്യം നോക്കട്ടെ. അതായിപ്പം നല്ലത്…" ഷൈനി ചൊടിപ്പോടെ പറഞ്ഞു നടന്നപ്പോള്‍ ജോര്‍ജി ഓര്‍മിപ്പിച്ചു: "ഒരു ചൂടുചായ കിട്ടിയാല്‍ കൊള്ളാം."

"ചൂടുചായയുള്ള ജഗും കപ്പുമൊക്കെ മേശപ്പുറത്തിരുപ്പുണ്ട്. ആവശ്യക്കാര്‍ക്ക് എടുത്തു കഴിക്കാം…" – ഷൈനി അരിശം വിടാതെ നടന്നു.

വിനോദും നൈനയും നവോമിയും ഒരുങ്ങിയിറങ്ങി. ചാലക്കുടിയില്‍ മനസ്സമ്മതത്തില്‍ പങ്കെടുക്കാന്‍ പോകാന്‍. ഹോണ്ടയുടെ പുതിയ കാറില്‍ അവര്‍ യാത്രയായി. കാറില്‍ കയറും മുമ്പേ വിനോദ് മമ്മിയെ വിളിച്ചു പറഞ്ഞു:

"മമ്മീ, കോണ്‍ട്രാക്ടര്‍ ചന്ദ്രബോസിനെ വളിച്ചു പെയിന്‍റിംഗ് എത്രയും വേഗം തീര്‍ക്കാന്‍ പറയണം. മൂന്നു മാസത്തോളമായില്ലേ ഈ വര്‍ക്ക്… വീടാകെ അലങ്കോലമായി കിടക്കുന്നു…!"

"ഞാനും പപ്പയും ചന്ദ്രബോസിനോടു സംസാരിച്ചു കഴിഞ്ഞു. പത്തുപന്ത്രണ്ടു ചെറുപ്പക്കാര്‍ വീടാകെ അടക്കി വാഴുകയല്ലേ…? ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് ഒരിക്കലും ഇങ്ങനെ അലങ്കോലപ്പെട്ടു കിടന്നിട്ടില്ല…!"

ചോക്ലേറ്റ് നിറമാര്‍ന്ന കാര്‍ ഗാര്‍ഡന്‍ തൊട്ടുകിടക്കുന്ന വഴിത്താരയിലൂടെ ഗെയ്റ്റ് കടന്നുപോകുന്നതും നോക്കി ഷൈനി ഒരു നിമിഷം സിറ്റൗട്ടില്‍ നിന്നു.

ശോശച്ചേടത്തി വെള്ളപ്പുടവയും കൈനീളന്‍ ചട്ടയും ധരിച്ചു കവിണി പുതച്ചു പളളിയില്‍ പോകാന്‍ റെഡിയായി വന്നു കഴിഞ്ഞു. അവര്‍ പറഞ്ഞു: "പള്ളിയിലേക്ക് ഇമ്മിണി ദൂരമില്ലാതിരുന്നേല്‍ ഞാനങ്ങു ചുറുക്കേ നടന്നേനേ… ആരുടേം വണ്ടി നോക്കിനില്ക്കാനൊന്നും എന്നെ കിട്ടില്ലാര്‍ന്നു…"

"എന്തു ചെയ്യാം ചേടത്തി, ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് സിറ്റിക്കുള്ളിലാണെങ്കിലും എല്ലാ സൗകര്യങ്ങളിലുമാണെങ്കിലും പള്ളി മാത്രം കുറച്ചകലെയായിപ്പോയി…"

ഷൈനി പറഞ്ഞപ്പോള്‍ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചു: "ഷൈനിക്കുഞ്ഞേ, ഈ കുടുംബം കുറേക്കാലമായി മനസ്സുകൊണ്ടും ആത്മാവുകൊണ്ടും പള്ളിയില്‍ നിന്നും ദൈവത്തില്‍നിന്നും അകന്നുകൊണ്ടിരിക്കുന്നേ…"

"ചേടത്തി വല്ലതുമൊക്കെ പറയാതെ…" ഷൈനിക്കാ പറച്ചില്‍ ബോധിച്ചില്ല. അവള്‍ സ്നേഹം നടിച്ചു ചേടത്തിക്കു സഗൗരവം നിര്‍ദ്ദേശം നല്കി: "ചേടത്തിയോടു ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാ… ത്രിസന്ധ്യയ്ക്ക് ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ ആരുണ്ടേലും ഇല്ലേലും കൊള്ളാം, രൂപത്തിങ്കല്‍ വിളക്കു കൊളുത്തി ചേടത്തി പ്രാര്‍ത്ഥന തുടങ്ങിക്കേണം, കൊന്തയും ചൊല്ലിക്കോണം…"

ഞാന്‍ പതിവായി ചെയ്യുന്ന കാര്യമല്ലേ അത്…" ചേടത്തി പരിഭവത്തോടെ തുടര്‍ന്നു: "പക്ഷേ, സന്ധ്യയ്ക്കള്ള കുടുംബപ്രാര്‍ത്ഥനയ്ക്കാരെയും ഞാന്‍ കാണുന്നില്ല… ജോര്‍ജിസാറ് ആപ്പീസിന്നു നേരെ ക്ലബില്‍ പോയി വീട്ടിലെത്തുമ്പം ഏറെ ഇരുട്ടും. പിന്നെ ഷൈനിക്കുഞ്ഞാണെങ്കിലോ, ക്ലബും സാമൂഹ്യപ്രവര്‍ത്തനോമൊക്കെ കഴിഞ്ഞു വരുമ്പഴ് നല്ലപോലെ ഇരിട്ടില്ലേ…? വിനോദ്മോന്‍ കട പൂട്ടി വരുമ്പം പത്തു മണിയെങ്കിലുമാകും. നൈനക്കുഞ്ഞു വീട്ടിലുണ്ടെങ്കില്‍ ടീച്ചിംഗ് നോട്സ് തയ്യാറാക്കാനൊണ്ടെന്നു പറയും. അപര്‍ണമോളും നവോമി മോളും പ്രാര്‍ത്ഥനയ്ക്കു വിളിച്ചാല്‍ വരത്തേയില്ല. രണ്ടുപേരും അടച്ചിട്ട മുറീല് മൊബൈല്‍ തോണ്ടിക്കോണ്ട് കിടക്കും… അത്താഴം കഴിക്കാനാ രണ്ടു പേരുടേം വാതിലൊന്നു തുറക്കുക…"

"ചേടത്തി വിസ്തരിച്ചു നില്ക്കാതെ പള്ളിയില്‍ പോകാന്‍ നോക്ക്… ഇവിടുന്നു വേറെയാരും രാവിലെ കുര്‍ബാനയ്ക്കില്ല. ഓട്ടോ പിടിച്ചു പോ…" – ഷൈനി ധാര്‍ഷ്ട്യത്തോടെ അറിയിച്ചു.

"ഷൈനിക്കുഞ്ഞേ, ഞാന്‍ പള്ളിയിലേക്കു പോകുംമുമ്പേ ഒരു കാര്യംകൂടി പറയട്ടെ…" ചേടത്തി ഗൗരവം പൂണ്ട സ്വരത്തില്‍ പറഞ്ഞു: "ഈ ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ പെയിന്‍റിംഗ് പണികളൊക്കെ ഉടനെ അവസാനിപ്പിച്ച് അവന്മാരെ പറഞ്ഞുവിടണം. അവരില്‍ രണ്ടുമൂന്നു പേര്‍ ഇമ്മിണി പിശകാ… തെക്കേ മുറീന്നു മദ്യക്കുപ്പി വരെ ഞാന്‍ കണ്ടെടുത്തു… ഈ കുടുംബത്ത് അരുതാത്തതെന്തൊക്കെയോ നടക്കുന്നതായി എന്‍റെ മനസ്സിലൊരു തോന്നല്‍…!"

"ചേടത്തി, ചേടത്തീടെ കാര്യം നോക്ക്… വേണ്ടാത്തതൊന്നും ചിന്തിച്ചു തല പുണ്ണാക്കണ്ടാ…"- ഷൈനി സ്വരം കടുപ്പിച്ചു പറഞ്ഞു.

"ഇതെവിടെച്ചെന്നവസാനിക്കോ… എനിക്കോര്‍ത്തിട്ട് ഒരു സമാധാനോം കിട്ടണില്ല…" – ചേടത്തി നടന്നുകൊണ്ടു പറഞ്ഞു.

"അതെന്താ ചേടത്തി, അങ്ങനൊരു പറച്ചില്‍…?" – ഷൈനി ചേടത്തിയുടെ നേര്‍ക്കു നടന്നടുത്തുകൊണ്ടു ചോദിച്ചു.

"ഒന്നുമില്ല; വെറുതെ പറഞ്ഞതാണേ…"

"എന്തോ ഉണ്ട്. കാര്യം പറ ചേടത്തി…" – ഷൈനി നിര്‍ബന്ധിച്ചു.

ഞാന്‍ പള്ളിയില്‍ പോയി വരട്ടെ…" ചേടത്തിയുടെ ഉദ്വേഗം പാളിയ നോട്ടം വീണിടത്തേയ്ക്കു ഷൈനി പെട്ടെന്നു തിരിഞ്ഞുനോക്കി.

വാതിലില്‍ അപര്‍ണ!

നരച്ച നീല ജീന്‍സും ടോപ്പും ധരിച്ച അവള്‍ അസുഖകരമായ നോട്ടമെറിഞ്ഞു നില്ക്കുന്നു, ശോശച്ചേടത്തിയുടെ നേര്‍ക്ക്. കണ്ടില്ലെന്നു നടിച്ചു ചേടത്തി ബ്ലൂ ടൈല്‍ പാകിയ മുറ്റം മുറിച്ചു നടന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org