Latest News
|^| Home -> Novel -> Novel -> ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 2

ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 2

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

ശോശച്ചേടത്തി പള്ളിയിലേക്കു പോയിക്കഴിഞ്ഞിരുന്നു. ഷൈനി ഇത്തിരി ദേഷ്യത്തില്‍ത്തന്നെ അപര്‍ണയോടു ചോദിച്ചു: “അപര്‍ണ മോളേ, നിനക്കുകൂടി ചേടത്തീടെകൂടെ രാവിലെ പള്ളിയില്‍ പോയികൂടാര്‍ന്നോ…?”

“ഈ വീട്ടീന്നു ഞാന്‍ മാത്രമായിട്ടെന്തിനാ രാവിലെ കുര്‍ബാനയ്ക്കു പോണത്. വൈകുന്നേരത്തെ കുര്‍ബാനയ്ക്ക് എനിക്കും പോയിക്കൂടേ…?”- അപര്‍ണ ചടുലമായി തിരിച്ചു ചോദിച്ചു.

“നിന്നോടു ഞാന്‍ തര്‍ക്കിക്കുന്നില്ല…”

“അതാ നല്ലത്” – അപര്‍ണ ചൊടിപ്പോടെ തുടര്‍ന്നു: “ആ ശോശത്തള്ളേനെ എനിക്കു കണ്ടുകൂടാ… പരദൂഷണക്കാരി! കുറ്റം കണ്ടുപിടിക്കാന്‍ മെനക്കിട്ടു നടക്ക്വാ…”

“എന്താ നിനക്കു പെട്ടെന്നിങ്ങനെ തോന്നാന്‍?” – ഷൈനി ചോദിച്ചു.

പിന്നെ പറഞ്ഞു “അവരെന്തു തന്നെ പറഞ്ഞാലും സന്മനസ്സാലേ പറേന്നതാ… ആ സ്ത്രീയുടെ ജീവിതം മുഴുവന്‍ ഹോമിച്ചതിവിടെയാ… ഈ വടക്കേടത്ത് ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍… ഈ വീട്ടിലെ പണികളൊക്കെ ഇപ്പഴും ഈ എഴുപതു വയസ്സു കഴിഞ്ഞ പ്രായത്തിലും സന്മനസ്സോടെ ചെയ്തുതീര്‍ക്കുന്നു. നിനക്കൊക്കെ വച്ചുവിളമ്പിത്തരുന്ന തള്ളയാണെന്നവരെന്നോര്‍ത്തോണം.”

“ചുമ്മാതല്ലല്ലോ; അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പപ്പ മാസാമാസം ശമ്പളം ഇട്ടുകൊടുക്കുന്നണ്ടല്ലോ…”

“അതു ശരിതന്നെ. അതീന്നു പത്തു പൈസ ഇന്നേവരെ ശോശച്ചേടത്തി എടുത്തിട്ടില്ല. ആ തുക ലക്ഷങ്ങളായി കുന്നൂകൂടി കിടക്കുന്നു…!”

“ഈ വീട്ടീന്നു കാര്യങ്ങളെല്ലാം നടന്നാല്‍പ്പിന്നെ അവര്‍ക്കെന്തിനു പൈസ വേണം…?”

“ആ പണം ഈ വീട്ടിലെ ആര്‍ക്കു വേണേലും ഷൈനിച്ചേടത്തി തരും… അവര്‍ക്കതിന്‍റെ ആവശ്യമൊന്നുമില്ല. ചെലപ്പം പറയും, വല്ല അനാഥാലയത്തിനും ആ പണമെടുത്തു കൊടുത്താലോ എന്ന്… അത്രയ്ക്കു നല്ല മനസ്സാ അവരുടേത്.”

“നല്ല ഒന്നാന്തരം മനസ്സ്…! അപര്‍ണ പരിഹസിച്ചുകൊണ്ടു മുറിയിലേക്കു കടന്നുപോയി. ആരോ അവളെ ഫോണ്‍ വിളിക്കുന്നുണ്ടായിരുന്നു.

ജോര്‍ജി അപ്പോഴും ബെഡ്റൂമില്‍ തിരക്കിട്ട ഫോണ്‍ വിളികളിലായിരുന്നു. ബെഡ് റൂമില്‍ നിന്നും പുറത്തുവന്നപ്പോള്‍ ഡൈനിംഗ് ടേബിളിനരികെ ചെന്നു ജഗ്ഗില്‍നിന്നും ചായ പകര്‍ന്നു കുടിച്ചു.

ഷൈനി ഇതിനോടകം ഹുണ്ടായ് കാറോടിച്ചു പോയിക്കഴിഞ്ഞിരുന്നു. പതിവു തെറ്റിച്ച് ഒരു വാക്ക് പറയാതെയാണല്ലോ അവള്‍ പോയത്. അല്ലെങ്കില്‍ എന്തു വാക്ക്? എന്തു ജീവിതം? ആര്‍ക്കും ആരോടും കടപ്പാടില്ലാത്തപോലെ ഒപ്പിക്കും ജീവിതമല്ലേ?

ഫര്‍ണീച്ചര്‍ ഹാളിലാകെ കൂട്ടിയിട്ടിരിക്കുന്നു! മുറികളാകെ അലങ്കോലം! ചില മുറികളില്‍ അയാള്‍ കയറിയിറങ്ങി നടന്നു. അപ്പോഴേക്കും പെയിന്‍റിംഗ് കോണ്‍ട്രാക്ടറുടെ ഫോണ്‍കോള്‍.

“ചന്ദ്രബോസേ, ഞാനങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. രണ്ടു മാസംകൊണ്ടു തീര്‍ക്കാമെന്നേറ്റ വര്‍ക്കിപ്പോള്‍ മൂന്നു മാസം കഴിഞ്ഞിരിക്കുന്നു! ചന്ദ്രബോസിവിടെ വരാറേയില്ലായിരുന്നുവെന്നു പറഞ്ഞുകേട്ടു. എല്ലാം വര്‍ക്കേഴ്സിനെ ഏല്പിച്ചു മാറിനടന്നാല്‍ മതിയോ…?”

“മാറിനടക്കയോ…? സാറെന്തായീ പറേന്നേ…?”-ചന്ദ്രബോസിന്‍റെ സ്വരമുയര്‍ന്നു.

“നാലഞ്ചു സൈറ്റില്‍ എനിക്കു പണിയുണ്ടു സാറെ എല്ലായിടത്തും ഞാന്‍ യഥാസമയം ചെന്നു നോക്കിക്കൊണ്ടാണിരിക്കുന്നേ… ഏയ് ഞ്ചല്‍ ഗാര്‍ഡന്‍സിലെ ഒരുമാതിരി വലിയ വര്‍ക്കല്ലേ? ഇത്രയേറെ മുറികളും ഏരിയായുമാക്കെയുള്ള വര്‍ക്ക്. നല്ല ഫിനിഷിംഗില്‍ തീര്‍ക്കണ്ടേ? അത്രയങ്ങ് ധൃതിപിടിച്ചാലൊക്കൂല്ല. ഏറിയാല്‍ ഒരാഴ്ച കൂടി; പണിയെല്ലാം തീര്‍ത്തിരിക്കും. ചന്ദ്രബോസ് ഉറപ്പു തരുന്നു. അതിനുള്ളില്‍ പണി തീര്‍ക്കാനാ ഇന്നു ഞായറാഴ്ചകൂടി ഏഴെട്ടു പേരെ അങ്ങോട്ടു വിട്ടിരിക്കുന്നേ…”

ചന്ദ്രബോസിന്‍റെ കോള്‍ അവസാനിച്ചപ്പോഴേക്കും ഷൈനിയുടെ വിളി വന്നു.

“ജോര്‍ജിയോടൊരു കാര്യം പറയാന്‍ ഞാന്‍ മറന്നു. കോതമംഗലത്തുനിന്നു പള്ളിക്കടുത്തു വീടു വാങ്ങി താമസിക്കുന്ന സ്റ്റെല്ലയെയും മര്‍ക്കോച്ചനെയും അറിയില്ലേ..? അവരുടെ ഇളയ മകന്‍ സൗരഭ് കാനഡയിലാണ്. അവധിക്കു വന്നിട്ടുണ്ട്. നമ്മുടെ അപര്‍ണയ്ക്കുവേണ്ടി ആലോചന വന്നിരിക്കുന്നു. നോക്കിയാലോ…?”

“നോക്ക്…” ജോര്‍ജി തുടര്‍ന്നു ചോദിച്ചു: “അവള്‍ക്കിഷ്ടമാകുമോ?”

“എന്തിനു സംശയിക്കുന്നു… അവള്‍ക്കു കാനഡയില്‍ പോയി ജോലി തേടി സുഖമായി ജീവിക്കരുതോ? നഴ്സുമാര്‍ക്ക് അവിടെ ഏറെ കരിയര്‍ സ്കോപ്പുണ്ട്…”

കുര്‍ബാന കഴിഞ്ഞു പള്ളിയില്‍നിന്നും ശോശച്ചേടത്തി എത്തി. ജോര്‍ജി പോകാന്‍ ഒരുങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അയാള്‍ കാറിന്‍റെ കീയെടുത്ത് ഇറങ്ങുമ്പോള്‍ ഹരിഹരന്‍റെ കോള്‍ വന്നു.

“എടോ ജോര്‍ജി, താനെവിടെ വരെയായി?”

“ഇതാ പുറപ്പെട്ടു കഴിഞ്ഞു.”

ജോര്‍ജി കാറില്‍ക്കയറി പായുമ്പോള്‍ പെട്ടെന്നൊരു കാര്യം ഓര്‍ത്തുപോയി. എന്തിനും ഏതിനും കൈക്കൂലി വാങ്ങുന്ന പിഡബ്ല്യൂഡി എന്‍ജിനീയറായ ഹരിഹരന് തന്നോടൊരു പൊള്ളയായ കമന്‍റ്. “ഞാന്‍ കൈക്കൂലി വങ്ങിച്ചിട്ടില്ല. അതുകൊണ്ട് എല്ലാ രാത്രിയും എനിക്കു സുഖമായി ഉറങ്ങാന്‍ പറ്റും…”

ഹരിഹരന്‍റെ ഓഫീസ് ഇടപാടുകള്‍ പലതും നന്നായി അറിയുന്ന തന്നോട് അയാളുടെ അതേ ഭാഷ്യം എന്തിനായിരുന്നു…? അമേരിക്കന്‍ ഡോളറിലും നാണയത്തിലും മുദ്രിതമായ പ്രമാണവാക്കുകള്‍ സ്വാഭാവികമായി ഓര്‍മ വരുന്നു. ഇന്‍ ഗോഡ് വി ട്രിസ്റ്റ് (In God We Trust).. “ഞങ്ങള്‍ ദൈവത്തില്‍ വിശ്വസ്തമായി” എന്നര്‍ത്ഥം. ആ ആശയം ഉള്‍ക്കൊള്ളാന്‍ പറ്റും. പക്ഷേ, ഹരിഹരന്‍റെ ഭാഷ്യം? തനിക്ക് അങ്ങനെ പറയാന്‍ തോന്നില്ല. കാരണം, താന്‍ കൈക്കൂലി വാങ്ങുന്ന ആളാണ്. പരാതിയും പരിവട്ടവും കൂടാതെ കൈക്കൂലി കൈപ്പറ്റുന്നതില്‍ തെറ്റില്ലെന്നു വിശ്വസിച്ചുപോരുന്ന ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ ഗാര്‍ഡിയന്‍!

ത്രിസന്ധ്യയ്ക്കു തന്നെ ചേടത്തി പ്രാര്‍ത്ഥിക്കാന്‍ രൂപത്തിങ്കല്‍ മെഴുകുതിരി തെളിച്ചു. വീട്ടിലാരുമില്ല. അപര്‍ണമോളുണ്ടെങ്കിലും കാര്യമില്ല. പ്രാര്‍ത്ഥനയ്ക്കു വിളിച്ചാല്‍ വരില്ല. അവള്‍ ഏതോ മുറിയില്‍ കിടപ്പുണ്ടെന്നറിയാം. ചെന്നു വിളിച്ചാലോ? ചേടത്തി ആലോചിച്ചു. അപര്‍ണമോള് ഇന്നു പുറത്തേയ്ക്കെങ്ങും പോയില്ല. വൈകീട്ട് അഞ്ചു മണിക്കുള്ള കുര്‍ബാനയ്ക്കും പോയില്ല. വീണ്ടുവിചാരമില്ലാത്ത കുട്ടി…! ചേടത്തിക്ക് അടക്കം വന്നില്ല. ഒരു മുത്തശ്ശിയുടെ വാത്സല്യം പേറി അവര്‍ അവള്‍ കിടക്കുന്ന മുറി തേടിപ്പോയി. മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചു.

“അപര്‍ണമോളേ, വന്നേ… പ്രാര്‍ത്ഥിക്കാം. മോളിന്നു പള്ളിയിലും പോയില്ലല്ലോ… പകരം കൊന്ത ചൊല്ലി കാഴ്ചവയ്ക്കാം,…”

“ദേ, തള്ളേ, നിങ്ങള് നിങ്ങടെ കാര്യം നോക്കിയാ മതി. എന്‍റെ കാര്യത്തിലൊന്നും ഇടപെടേണ്ടാ… എനിക്കു തലവേദനയായിരുന്നു. ഞാന്‍ പള്ളിയില്‍ പോയില്ല. അതിനിപ്പം നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കില്ല…”

“മോളേ, ചേടത്തി തര്‍ക്കിക്കാന്‍ വിളിച്ചതല്ല… ഒന്നിച്ചിരുന്ന പ്രാര്‍ത്ഥിക്കാന്‍ വിളിച്ചതാ…”- ചേടത്തി അനുനയത്തില്‍ പറഞ്ഞു.

“തള്ളേടെ കൂടെയിരുന്നു പ്രാര്‍ത്ഥിക്കാത്തതിന്‍റെ കുഴപ്പമാ… നിങ്ങള് തനിച്ചിരുന്നങ്ങ് പ്രാര്‍ത്ഥിച്ചാ മതി… എന്നെ മേലാല്‍ വിളിക്കണ്ടാ… ഞാന്‍ തള്ളേടെകൂടെ പ്രാര്‍ത്ഥിക്കാനുമില്ല… ഒരു കേമം പിടിച്ച തള്ള!”

“മോളേ, ഇമ്മാതിരിയൊന്നും ശോശചേടത്തിയോടു പറയരുത്… ദോഷമാ മോളേ…”- ചേടത്തിക്കു സങ്കടം വന്നു.

“തള്ളയോടൊന്നു കൂടി പറഞ്ഞേക്കാം, നിങ്ങളീ വീട്ടിലെ വെറുമൊരു വേലക്കാരിയാ…. ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ അമ്മച്ചിയല്ല. ഉപദേശിക്കാനും ഭരിക്കാനുമൊന്നും വരണ്ട… അതിനൊക്കെ ഇവിടെ ആളുണ്ട്. പണിക്കാരിയാണേല്‍ ഇവിടത്തെ പണികളൊക്ക ചെയ്തോണ്ട് അടങ്ങിയൊതുങ്ങി കഴിഞ്ഞോണം.”

അപര്‍ണയുടെ മുഖം ദേഷ്യം കേറി ചീര്‍ത്തിരുന്നു. ചേടത്തിയുടെ കണ്ണുകള്‍ നിറഞ്ഞു.

അപര്‍ണമോളേ, ചേടത്തി ഇവിടെ വെറുമൊരു വേലക്കാരിയാ… ചേടത്തിക്കതു നല്ലതുപോലെ അറിയാം. മോള് ഒന്നോര്‍ത്തോണം. അമ്പതു വര്‍ഷത്തിലേറെയായി ചേടത്തി വടക്കേടത്തു വീട്ടിലെ അംഗമാ. പണിയെടുക്കുന്ന അംഗം…! മോള് പിറന്നുവീണത് ഈ തള്ളേടെ കയ്യിലാ… മോള് കുഞ്ഞിരിക്കുമ്പോള്‍ വീഴാതിരിക്കാന്‍ ഒരു കാവല്‍മാലാഖയെപ്പോലെ നോക്കിനടന്നതീ തള്ളയാ…”

“ചുമ്മാതല്ലല്ലോ… അതിനൊക്കെ കാശ് എണ്ണിയെണ്ണി തന്നിട്ടില്ലേ…?” – വീറോടെ അപര്‍ണ ചോദിച്ചു.

ആ കാശൊക്കെ ബാങ്കില്‍ കിടപ്പൊണ്ട്… ഒരു രൂപപോലും ഇന്നേവരെ ചേടത്തി എടുത്തിട്ടില്ല…. എടുക്കണം; എല്ലാംകൂടി ആരുംപോരുമില്ലാത്തോര്‍ക്കു കൊടുക്കാന്‍..” – ചേടത്തി ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. അതേ പരിദേവനം കേള്‍ക്കാന്‍ അവള്‍ മനസ്സ് കാട്ടിയില്ല; വാതില്‍ കൊട്ടിയടച്ചു.

ചേടത്തി പോയി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. കൊന്തയടക്കം പ്രാര്‍ത്ഥനകള്‍ ചൊല്ലി. കൊന്ത പാതിയായപ്പോള്‍ ഷൈനിയുടെ കാര്‍ ഗെയ്റ്റ് കടന്നുവരുന്നതു ചേടത്തി അറിയാതിരുന്നില്ല. പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴാണ് അവള്‍ അകത്തേയ്ക്കു കടന്നുവന്നത്. അതുവരെ കാറിനു ചുറ്റിപ്പറ്റി നിന്നു ഫോണ്‍ ചെയ്യുകയായിരുന്നു.

ഷൈനി ഡ്രസ്സ് മാറി നൈറ്റിയിട്ടു വന്നപാടേ ചേടത്തിയെ വിളിച്ചു മാറ്റിനിര്‍ത്തി തിരക്കാതിരുന്നില്ല.

“ചേടത്തിടെ മനസ്സിലെന്തോ ഉണ്ട്. അതറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം…”

ഷൈനി നിര്‍ബന്ധിച്ചപ്പോള്‍ ചേടത്തിയൊന്നു പരുങ്ങി. പിന്നെ നാലുപാടും നോക്കി രഹസ്യമാണെന്ന് ഉറപ്പു വരുത്തിക്കൊണ്ടു പതിഞ്ഞ സ്വരത്തില്‍ അറിയി ച്ചു; “പെയിന്‍റര്‍മാരില്‍ ഒരു ചെക്കന്‍ അപര്‍ണമോള്‍ കിടക്കുന്ന മുറിയില്‍ കേറിയിറങ്ങുന്നതു ഞാന്‍ കണ്ടു.”

“ചേടത്തിക്ക് ആ ചെക്കനെ കസ്റ്റഡിയിലെടുത്തു ക്വസ്റ്റ്യന്‍ ചെയ്യാമായിരുന്നില്ലേ…?” – തമാശയായി കരുതിക്കൊണ്ടു ഷൈനി കുലുങ്ങി ചിരിച്ചു.

“ഞാന്‍ ചോദിക്കാതിരിക്ക്വോ… വിട്ടുകൊടുത്തില്ല. അവനോടു ഞാന്‍ ചോദിക്കാന്‍ ചെന്നപ്പഴ് അപര്‍ണമോള് ഇടപെട്ടു. എന്‍റെ നേര്‍ക്കു മെക്കിട്ടു കേറി. ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ പെയിന്‍റ് ചെയ്യാന്‍ വന്നവരെ ശാസിക്കേണ്ട കാര്യമെന്താണെന്ന് എന്നോടു ചോദിച്ചു…”

“ചേടത്തി ചെയ്തതും ശരി, അപര്‍ണമോള് ചെയ്തതും ശരി. പിന്നെ ആ പെയിന്‍റര്‍ ചെയ്തതു ശരിയോ തെറ്റോ എന്നാണറിയേണ്ടത്. അതവിടെ നില്ക്കട്ടെ ചേടത്തി എനിക്കു നല്ലൊരു ലെമണ്‍ജ്യൂസെടുത്തു തര്വോ… ഉപ്പും മധുരോം ഐസും കൂട്ടി…”

“എല്ലാം ദൈവംതമ്പുരാന്‍റെ കൈകളില്‍ സമര്‍പ്പിക്കാം.” ചേടത്തി നാരങ്ങാ പിഴിയുമ്പോള്‍ ഉരുവിട്ടതു ഷൈനിയുടെ മനസ്സില്‍ കല്ലുകടിയുണ്ടാക്കി.

“അതെന്താ ചേടത്തീ, ചേടത്തീടെ മനസ്സില്‍ പിന്നെയും എന്തെല്ലാമോ തുരുമ്പിച്ചു ബാക്കി കിടക്കുംപോലെ!”

“ഞാന്‍ വെറുമൊരു വേലക്കാരി… ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സെന്ന കൊട്ടാരത്തിലെ ഒരു പണിക്കാരത്തി! എന്‍റെ കാഴ്ചപ്പാടൊന്നും ശരിയാവത്തില്ല. അത്രയ്ക്കുള്ള അറിവല്ലേ എനിക്കുള്ളൂ… വലിയ ലോകത്തെ ചെറിയൊരു ചേടത്തി…!”

“ചേടത്തി വെറുതെ ടെന്‍ഷനുണ്ടാക്കുന്ന വര്‍ത്തമാനം കളയ്…”

അതേസമയം അപര്‍ണ അങ്ങോട്ടു വന്നു. എന്തോ കരുതിക്കൂട്ടി എന്നപോലെ. ചാലക്കുടിക്കു പോയ വിനോദും ഭാര്യ നൈനയും നവോമിയും മടങ്ങിയെത്തി. എല്ലാവരുടെയും സാന്നിദ്ധ്യത്തിലാണു ഷൈനി മര്‍ക്കോച്ചന്‍റെ മകന്‍ സൗരഭുമായിട്ടുള്ള കല്യാണാലോചന എടുത്തിട്ടത്.

“അപര്‍ണയ്ക്ക് എല്ലാംകൊണ്ടും ഇണങ്ങുന്ന പ്രെപ്പോസല്‍. കാനഡയില്‍ നേഴ്സായി ജോലി ചെയ്യുകയുമാവാം” – വിനോദിന്‍റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

എന്നാല്‍ യോജിക്കേണ്ടവള്‍ യോജിച്ചില്ല. അപര്‍ണയ്ക്ക് ആ ആലോചന ഇഷ്ടമായില്ല. അവള്‍ ഉറപ്പിച്ചു പറഞ്ഞു: “ഫോറിന്‍ പ്രൊപ്പോസലേ എനിക്കു വേണ്ടാ… മാത്രമല്ല, ഞാനിപ്പോള്‍ കല്യാണമേ ആഗ്രഹിക്കുന്നില്ല. എനിക്കു പഠിക്കണം. എംഎസ്സി നഴ്സിംഗിന് പഠിക്കണം എല്ലാവരുംകൂടി ചേര്‍ന്ന് എന്നെ നിര്‍ബന്ധിക്കരുത്…”

ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്‍റെ പെയിന്‍റിംഗ് കഴിഞ്ഞു. അടുത്തയാഴ്ച കൂട്ടുകാരികളോടൊപ്പം ബാംഗ്ലൂര്‍ ടൂറിനു പോയ അപര്‍ണ സമയം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. എല്‍ഇഡി വിളക്കുകളുടെ വര്‍ണപ്രഭയില്‍ മുങ്ങിക്കുളിച്ചു നിന്ന ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് അന്നു സന്ധ്യയോടെ ഇരുണ്ടുമൂടി. അതിന്‍റെ മുറികളിലും ഇടനാഴികളിലും ദുഃഖത്തിന്‍റെ ഇരുള്‍ ചിറകടിച്ചാര്‍ത്തു. ഭീതിദമായൊരു ഒരന്തരീക്ഷം ആവാഹിച്ച ഭാര്‍ഗവിനിലയംപോലെ!!

(തുടരും)

Leave a Comment

*
*