ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 3

ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 3

മാത്യൂസ് ആര്‍പ്പൂക്കര

രാത്രി വൈകീട്ടും അപര്‍ണ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഏയ്ഞ്ചല്‍ഗാര്‍ഡന്‍സ് ദുഃഖസാന്ദ്രമാണ്. കുടുംബാംഗങ്ങളുടെ മനസ്സാകെ ആശങ്കകളുടെ താണ്ഡവം. ജോര്‍ജി ഒഴികെ.

ഓഫീസില്‍ നിന്നും ഇറങ്ങുംമുമ്പേ ജോര്‍ജിയെ വിളിച്ചു ഷൈനി വിവരം പറഞ്ഞിരുന്നതാണ്. എന്നാല്‍ അയാള്‍ അതത്ര കാര്യമാക്കിയില്ല. രാത്രി വൈകിയിട്ടും ക്ലബില്‍ സ്പെഷ്യല്‍ പാര്‍ട്ടിയുടെ ലഹരിക്കൊഴുപ്പിലായിരുന്നു അയാള്‍. സൈമണ്‍ കോരയുടെ പ്രമോഷന്‍റെ പേരില്‍ ജോര്‍ജി തന്നെ മുന്‍കയ്യെടുത്തു സ്പെഷ്യല്‍ പാര്‍ട്ടിക്കു രൂപം കൊടുക്കുകയായിരുന്നു.

അയാള്‍ ലഹരിയാഘോഷങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ് ഭാര്യയുടെ ഫോണ്‍ കോള്‍ വീണ്ടുമെത്തിയത്

"എന്താ ഷൈനി…? അപര്‍ണ ഇതുവരെ എത്തിയില്ലേ…?" – അയാളുടെ സ്വരത്തില്‍ ലഹരി സൃഷ്ടിക്കുന്ന താളപ്പിഴയുണ്ടായിരുന്നു. "അവള്‍ വളരെ ലേറ്റായാലും വരേണ്ടതല്ലേ…? ഫ്രണ്ട്സിന്‍റെ വീട്ടിലൊക്കെ പോയി അവള്‍ അങ്ങനെ വരാറുണ്ടല്ലോ…?"

"ഇതുവരെ വന്നിട്ടില്ല. ഇന്നു പതിമൂന്നാം തീയതി രാവിലെ വരുമെന്നും പറഞ്ഞ് അവള്‍ പോയതല്ലേ? പാതിരാവാകുന്നു…! നിങ്ങളിങ്ങോട്ടൊന്നു വന്നേ… നിങ്ങളെവിടെയാ…? എന്‍റെ മനസ്സിനൊരു സമാധാനോം കിട്ടണില്ല…" – ഷൈനി ഉത്കണ്ഠ അറിയിച്ചു.

"ഷൈനി, നീ ബേജാറാവാതെ… അപര്‍ണ ഉടനെ ഇങ്ങെത്തും. അല്ലാതെവിടെ പോകാനാ… കഴിഞ്ഞയാഴ്ച രാഗീടെ മകള്‍ ശ്വേതേടെ ബെര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയിട്ട് അപര്‍ണമോളെപ്പോഴാ വീട്ടിലെത്തിയത്…? പാതിരാ കഴിഞ്ഞില്ലേ…?"

ജോര്‍ജി തുടര്‍ന്നു പറഞ്ഞു: "വിനോദ് മോനോടും നവോമിയോടും പറയ്… അപര്‍ണമോടെ ക്ലോസ് ഫ്രണ്ട്സിനെയൊക്കെ ഒന്നു വിളി ച്ചു ചോദിക്കാന്‍… അവള്‍ ഫ്രണ്ട്സിന്‍റെ അടുത്തെങ്ങാനും കാണും."

"ഇതങ്ങനെയല്ല ജോര്‍ജി നിങ്ങളിങ്ങോട്ട് വാ… എന്തോ എന്‍റെ മനസ്സ് പിടിവിട്ടു പോകുന്നു…" ഷൈനിയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു. "ഞാനും വിനോദ് മോനും നൈനയും നവോമിയുമൊക്കെ അവളെ മാറി മാറി വിളിച്ചുകൊണ്ടാണിരിക്കുന്നേ… ലൈനില്‍ കിട്ടണ്ടേ? അവളുടെ ഫോണ്‍ സ്വിച്ചോഫാണെന്നു പറേന്നു. നവോമി അവളുടെ ക്ലോസ് ഫ്രണ്ട്സിനെയൊക്കെ വിളിച്ചു തിരക്കി. അവരാരും ബാംഗ്ലൂര്‍ക്കു പോയിട്ടില്ല. മേരിക്കുട്ടിയും ദേവാംഗനയും ഷംനയും ഷീജ വിശ്വനുമൊക്കെയല്ലേ അവളുടെ ഉറ്റ കൂട്ടുകാരികള്‍ അവരാരും ബാംഗ്ലൂര്‍ക്കു പോയിട്ടില്ല. അവരൊക്കെ അവരുടെ വീട്ടിലുണ്ട്… പിന്നെയവള്‍ ആരുടെ കൂടെ പോയി…? എവിടെപ്പോയാലും വീട്ടുകാരെ ആരെയെങ്കിലും വിളിച്ചു വിവരം അറിയിച്ചൂടേ…? ബാക്കിയുള്ളോരെ തീ തീറ്റിക്കാന്‍…"

കോള്‍ കട്ടായിട്ടും മൊബൈല്‍ ചെവിയടക്കം പിടിച്ചുകൊണ്ടു ജോര്‍ജി നിശ്ചേഷ്ടനായിരുന്നു.

"എന്താടാ പ്രശ്നം വല്ലതും…?" – സൈമണ്‍ കോര ചോദിച്ചു.

"ഓ… ഒന്നുമില്ല…"- ജോര്‍ജി പറഞ്ഞു.

"ജോര്‍ജി, തനിക്കു ഞാനൊരു ഫ്രീ അഡ്വൈസ് തരാം…" രവികുമാര്‍ സ്വരം കടുപ്പിച്ചു തുടര്‍ന്നു: "തനിക്കു വൈഫിന്‍റെ മേലൊരു കണ്ണു വേണം. ഇങ്ങനെ അഴിഞ്ഞാടാന്‍ വിടരുത്. എവിടെ ചെന്നാലും കാണാം ഷൈനിയും കുറേ വിമന്‍സ് ക്ലബ് മെമ്പര്‍മാരും. ഇവര്‍ക്കാര്‍ക്കും വീട്ടിലൊരു പണീം ഇല്ലേ…?"

അതു കേട്ടു പാര്‍ട്ടിയില്‍ പങ്കെടുത്ത ക്ലബംഗങ്ങളെല്ലാവരും ചിരിച്ചുപോയി. ജോര്‍ജിക്കു രസിച്ചില്ല. അയാള്‍ മദ്യലഹരിയില്‍ മുഖം വീര്‍പ്പിച്ചിരുന്നു. നിമിഷാര്‍ദ്ധം കഴിഞ്ഞ് അയാള്‍ രവികുമാറിനോടായി ചോദിച്ചു.

"തനിക്കു പണിയൊന്നുമില്ലേ ഈ ക്ലബില്‍ വന്നിരിക്കാന്‍…?" നീരസത്തിന്‍റെ അശുദ്ധഗന്ധം എങ്ങോ മണത്തു. പിന്നെയാരും ഒന്നും മിണ്ടിയില്ല. കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് ശക്തിയോടെ മേശപ്പുറത്തുവച്ചിട്ടു ജോര്‍ജി എഴുന്നേറ്റു. വേച്ചുപോകാതിരിക്കാന്‍ അയാള്‍ മേശ മേല്‍ പിടിച്ചു.

രവികുമാറിനു കുണ്ഠിതം തോന്നി. അയാള്‍ സ്നേഹം നടിച്ചു ജോര്‍ജിയോടു പറഞ്ഞു.

"സോറി…! ലീവിറ്റ്…!"

ജോര്‍ജി രൂക്ഷമായൊന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അയാള്‍ വീഴുമോ എന്നു ശങ്കിച്ചു രവികുമാറും സൈമണ്‍ കോരയും സഹായിക്കാനായി അടുത്തു. ജോര്‍ജിയുടെ ഭാവം മാറി. തന്‍റേടം ഭാവിച്ചുകൊണ്ടു താളം തെറ്റുന്ന ശരീരഭാഷയോടെ സ്വരമുയര്‍ത്തി പറഞ്ഞു.

"എന്നെപ്പറ്റി എനിക്കു നല്ല ബോദ്ധ്യമുണ്ട്…! ആരും വിഷമിക്കണ്ട…!"

സ്വന്തം വീഴ്ചകളെ ശരിയായി അറിയുന്ന ബോദ്ധ്യം അയാള്‍ക്കുണ്ടായിരുന്നില്ല. അതാണു ശരി ബോദ്ധ്യമെന്നും അയാളറിഞ്ഞില്ല. കൂട്ടുകാരന്‍ ഭാര്യയെപ്പറ്റി പറഞ്ഞതിലെ കല്ലുകടി അയാളുടെ മനസ്സിലൊരു തീപ്പൊരി വീഴ്ത്താതിരുന്നില്ല. അതിലെ സാംഗത്യം മനസ്സിലാക്കിയെടുക്കാന്‍ അയാള്‍ മെനക്കെട്ടില്ല. ആ തീപ്പൊരി അപ്പോള്‍ത്തന്നെ അണഞ്ഞു പോയി. കൂട്ടുകാരനോടുള്ള വിരോധം ബാക്കി…! ദാമ്പത്യത്തില്‍ തനിക്കോ ഭാര്യയ്ക്കോ പാളിച്ചകള്‍ വന്നിട്ടുണ്ടോ എന്നു ചിന്തിക്കാനോ അതനുസരിച്ചു പ്രവൃത്തിപഥമാക്കാനോ അയാള്‍ കരുതിയില്ല. അയാള്‍ക്കു സ്വന്തമെല്ലാം ശരിയായിരുന്നു. താനും ഭാര്യയും മക്കളുമെല്ലാം.

ക്ലബ് പാര്‍ലറില്‍ നിന്നും അയാള്‍ ചെന്നു കാറില്‍ കയറി. പതിവുപടി ക്ലബ് ബോയ് ഡ്രൈവ് ചെയ്ത് അയാളെ വീട്ടില്‍ കൊണ്ടാക്കി. മദ്യ ലഹരിയില്‍ അയാളുടെ ഈഗോ ഇരട്ടിച്ചിരുന്നു. ഈഗോ വി്ട് ഇനി യഥാര്‍ത്ഥ സ്വത്വത്തിലേക്കു തിരിച്ചെത്താന്‍ അയാള്‍ക്കിനി ദൂരങ്ങള്‍ പോകേണ്ടിയിരിക്കുന്നു.

പാതിരാത്രി കഴിഞ്ഞിരിക്കുന്നു. വീട്ടിലാരും ഉറങ്ങിയിട്ടില്ല; ദുഃഖാര്‍ത്തരാണ്. ആരും അയാളോടു മിണ്ടാന്‍ കൂട്ടാക്കിയില്ല. ജീവിതത്തില്‍ അയാള്‍ക്ക് ആദ്യത്തെ അനുഭവമായിരുന്നത്.

"അവള്‍ വന്നില്ല, അല്ലേ…?" അയാള്‍ നിര്‍വികാരതയോടെ ചോദിച്ചു. മറുപടി ഉണ്ടായില്ല.

"അവളെവിടെപ്പോകാനാ… നോക്കിക്കോ രാവിലെ അവളിവിടെയെത്തും. എനിക്കുറപ്പുണ്ട്…" – അയാള്‍ ഉറപ്പിച്ചു പറഞ്ഞു. "വല്ല ഫ്രണ്ടിന്‍റെയും വീട്ടില്‍ സെലിബ്രിറ്റി ഗസ്റ്റായി കൂടീട്ടുണ്ടാവും… അവയര്‍നസില്ല. വീട്ടിലൊക്കൊന്നു വിളിച്ചുപറയാനുള്ള സാമാന്യ മര്യാദ; അതില്ല…"

"പപ്പേടെ ചങ്കുറപ്പ് കട്ടിയാ…" ഉറക്കം തൂങ്ങി സോഫയില്‍ ചാരിക്കിടക്കുന്ന നവോമി പിറുപിറുത്തത് അയാള്‍ കേട്ടില്ല.

"പപ്പാ എന്താ ചെയ്ക…? ഞങ്ങള്‍ വിളിക്കാവുന്നിടത്തൊക്കെ വിളിച്ചന്വേഷിച്ചു. ഒരു വിവരവും കിട്ടുന്നില്ല" – വിനോദ് കുണ്ഠിതത്തോടെ ജോര്‍ജിയെ അറിയിച്ചു.

"ഷൈനി എവിടെ…?" – അയാള്‍ തിരക്കി.

"മമ്മീം നൈനയുമൊക്കെ കിടപ്പാ… അവരാകെ അപ് സെറ്റാ…"

എന്തായാലും നേരം വെളുക്കട്ടെ…" – ജോര്‍ജ് തുടര്‍ന്നു.

"അവളിന്നു രാവിലെ വരാമെന്നു പറഞ്ഞു; വന്നില്ല. ഒരു ദിവസംകൂടി കാത്തുകൂടേ…? ഏതായാലും അവള്‍ ബാംഗ്ലൂര്‍ക്കു പോയതല്ലേ…? നഴ്സിംഗ് പഠനവുമായി നാലഞ്ചു കൊല്ലത്തോളം അവള്‍ ബാംഗ്ലൂര്‍ സിറ്റിയില്‍ കഴിഞ്ഞതല്ലേ…? യാത്രയുടെ ത്രില്ലിലാകും. വീട്ടുകാരുമായുള്ള കോണ്‍ടാക്ട് ഇപ്പോഴത്തെ പിള്ളേര്‍ക്കു പോരാഴികയാണല്ലോ. കാശിന് ആവശ്യം വരുമ്പം വിളിക്കും; അത്രതന്നെ. ത്രില്ല് തീരുമ്പം വിളിക്കും അല്ലെങ്കില്‍ വരും…"

"എന്‍റെ പപ്പാ, ഇന്നലെ രാവിലെ മുതല്‍ മമ്മിയും നവോമിയും നൈനയുമൊക്കെ അപര്‍ണയെ മാറിമാറിവിളിക്കുന്നതാ. കിട്ടുന്നില്ല. ഇങ്ങോട്ടു വിളിക്കണ്ടേ, അതുമില്ല; സ്വിച്ചോഫ്….!"

"അവളുടെ കൂട്ടുകാരികളെ ആരെയും വിളിച്ചിട്ടു കിട്ടിയില്ലേ…?" – ജോര്‍ജി അന്വേഷിച്ചു.

അവളുടെ കൂടെ നഴ്സിംഗിനും പഠിച്ചതും അല്ലാത്തതുമായ കൂട്ടുകാരായ കൂട്ടുകാരെയൊക്കെ വിളിച്ചു. നവോമിയാണവരുടെ നമ്പറൊക്കെ തപ്പിപ്പിടിച്ചത്. അവരാരും ബാംഗ്ലൂര്‍ക്ക് പോയിട്ടില്ല. പിന്നെയവള്‍ എവിടെ പോയി? ആരുടെ കൂടെ പോയി…? അതാണിപ്പോള്‍ വിഷമമുണ്ടാക്കിയിരിക്കുന്നേ… കഴിഞ്ഞൊരു രാത്രി അപര്‍ണ മമ്മിയെ വിളിച്ച് അവള്‍ ബാംഗ്ലൂരില്‍ ഒരു ഫ്രണ്ടിന്‍റെ വീട്ടിലുണ്ടെന്നു പറഞ്ഞതാ… അതില്‍പ്പിന്നെ ഒരു വിവരോ ഇല്ല. അവള്‍ വിളിക്കുന്നുമില്ല. നമ്മളാരും വിളിച്ചാലൊട്ടു കിട്ടുന്നുമില്ല…"

"ബാംഗ്ലൂരില്‍ ഫ്രണ്ടിന്‍റെ വീട്ടിലുണ്ടെന്ന് അവള്‍ വിളിച്ചുപറഞ്ഞതാണല്ലോ…?"

ജോര്‍ജി സമാധാനം കണ്ടെത്താന്‍ നോക്കി; വീട്ടുകാരെ സമാധാനിപ്പിക്കാനും.

"എന്‍റെ പപ്പാ… പപ്പയ്ക്കു കാര്യങ്ങളുടെ പന്തികേട് ഇനിയും മനസ്സിലായിട്ടില്ല…!"- വിനോദ് ഗൗരവമാര്‍ന്ന സ്വരത്തില്‍ തുടര്‍ന്നറിയിച്ചു:

"അവളിവിടെ മമ്മിയോടും നവോമിയൊടുമൊക്കെ പറഞ്ഞിട്ടുപോയതെന്താണെന്നറിയാമോ…? മേരിക്കുട്ടനും ദേവാംഗനയും ആരാധികയും ഷംനയുമൊക്കെയായി ബാംഗ്ലൂര്‍ക്കു ടൂര്‍ പോകുകയാണെന്ന്… അവരില്‍ മേരിക്കുട്ടനും ആരാധികയും ഷംനയും എങ്ങും പോയിട്ടില്ല. അവരവരുടെ വീടുകളില്‍ത്തന്നെയുണ്ട്… ദേവാംഗന മാത്രം വിളിച്ചപ്പോള്‍ "ഞങ്ങള്‍ ബാംഗ്ലൂരിലുണ്ടെന്ന്" ഇന്നലെ നവോമിയോടു പറഞ്ഞു. അതിന്‍റെ സത്യാവസ്ഥ എന്തെന്നറിയില്ല. പിന്നീടു വിളിച്ചിട്ടവള്‍ ഫോണെടുക്കുന്നില്ല…" – വിനോദ് പറഞ്ഞു.

"ആ പെണ്‍കുട്ടികളുടെ വീടെവിടെയാണെന്നറിയാമോ? എല്ലാ വിവരങ്ങളും ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കണം"- ജോര്‍ജി നിര്‍ദ്ദേശിച്ചു.

"എല്ലാവരുടെയും വിലാസം ഞങ്ങളിവിടെ എഴുതിവച്ചിട്ടുണ്ട്." വിനോദ് തുടര്‍ന്ന് അറിയിച്ചു: "അതില്‍ ഷംനയുടെ അഡ്രസ്സ് മാത്രം പൂര്‍ണമല്ല… മേരിക്കുട്ടന്‍റെ വീടു കൊടകരയാണ്. ദേവാംഗന കൊല്ലംകാരി. കാക്കനാട് ഫ്ളാറ്റിലാണ് ആരാധിക – നാലുപേരും അപര്‍ണയുടെകൂടെ നഴ്സിംഗ് പഠനം കഴിഞ്ഞവരാണ്, ഷംന ഒഴിച്ചു മറ്റു മൂന്നു പേരും ഏതൊക്കെയോ ഹോസ്പിറ്റലുകളില്‍ ജോലിയിലാണെന്നാണറിഞ്ഞത്… പപ്പാ, കൊല്ലംകാരി ദേവാംഗനയുടെ വീടുവരെയൊന്നു പോയാലോന്നു വിചാരിക്കുകയാ… അവളാണല്ലോ ഇന്നലെ വിളിച്ചു ഞങ്ങള്‍ ബാംഗ്ലൂരിലാണെന്നു പറഞ്ഞത്. സത്യമറിയാമല്ലോ…?"

"കൊല്ലത്തിനു പോകാന്‍ വരട്ടെ…" – ജോര്‍ജി നിര്‍ദ്ദേശം വച്ചു. "നേരം വെളുക്കട്ടെ. അപര്‍ണ വരാതിരിക്കുകയോ ഫോണ്‍ വിളിക്കാതിരിക്കുകയോ ചെയ്താല്‍ അപ്പോള്‍ വേണ്ടപോലെ ചെയ്യാം… അതു പോരേ…?"

അയാള്‍ വീണ്ടും വീണ്ടും മകളുടെ ഫോണ്‍ നമ്പറില്‍ വിളിച്ചു; സ്വിച്ചോഫ്!!

"വിനോദേ, അവളുടെ ആ നാലു കൂട്ടുകാരുടേം അഡ്രസ്സും ഫോണ്‍നമ്പറും കൊണ്ടുവന്നേ…. വിളിച്ചുനോക്കാം…."

"പാതിരാത്രി കഴിഞ്ഞില്ലേ ഇന്നിനി വിളക്കണോ…?" – വിനോദ് ഡയറി കൊടുക്കുമ്പോള്‍ അറിയിച്ചു.

"വിനോദേ, ആവശ്യക്കാരന് ഔചിത്യം നോക്കേണ്ടതില്ല. നമ്മളിപ്പോള്‍ ഒരു പ്രതിസന്ധിയുടെ വക്കിലാണ്. തരണം ചെയ്യണ്ടേ…? മൂക്കോളം മുങ്ങിയാല്‍പ്പിന്നെ കച്ചിത്തുരുമ്പായാലും പിടിക്കും…"

ജോര്‍ജി ആദ്യം മേരിക്കുട്ടന്‍റെ നമ്പറില്‍ വിളിച്ചു. കോള്‍ ആവര്‍ത്തിച്ചപ്പോള്‍ ആ പെണ്‍കുട്ടിയെ കിട്ടി. "ഭാഗ്യം"- അയാള്‍ മനസ്സില്‍ പറഞ്ഞു.

"ആരാ…?" അങ്ങേത്തലയ്ക്കല്‍നിന്നും മേരിക്കുട്ടന്‍റെ ചോദ്യം.

"ഞാന്‍ അപര്‍ണയുടെ പപ്പയാണ്… ഈ സമയത്തു വിളിച്ചതു കൊണ്ടു ബുദ്ധിമുട്ടായി അല്ലേ…?"

"എന്താ അങ്കിള്‍ കാര്യം പറയ്… ഞാന്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ജോലിയിലാ.. നൈറ്റ് ഡ്യൂട്ടി…" – മേരിക്കുട്ടന്‍ പറഞ്ഞു.

"അപര്‍ണ ബാംഗ്ലൂര്‍ക്കു പോയിരിക്കുകയാ… മേരിക്കുട്ടന്‍ പോയില്ലേ…? നിങ്ങള്‍ തമ്മില്‍ ഒടുവില്‍ എന്നാണു കണ്ടത്…?" – അയാള്‍ തിരക്കി.

"ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടു മൂന്നാലു മാസത്തോളമായി; വിളിക്കാറുണ്ട്" – മേരിക്കുട്ടന്‍ അറിയിച്ചു.

ബാംഗ്ലൂര്‍ക്കു പോണ കാര്യമൊന്നും പറഞ്ഞില്ലേ…?"

"ഇല്യാ…"

"ഒരാഴ്ചയോളമായി ബാംഗ്ലൂര്‍ക്കു പോയിട്ട്… ഇന്നു രാവിലെ വരുമെന്നു പറഞ്ഞാണ് അപര്‍ണ പോയത്…. ഇതുവരെ കണ്ടില്ല…"

"അപര്‍ണ ബാംഗ്ലൂരില്‍ കറങ്ങുകയാവും. ട്രാവല്‍ അവള്‍ക്കു ശരിക്കും ത്രില്ലാണ്… അവിടെ ബന്ധുക്കളുമുണ്ടല്ലോ…?" – മേരിക്കുട്ടന്‍ അറിയിച്ചു.

"ശിവാജിനഗറിലും മറ്റും ബന്ധുവീടുകളുണ്ട്… അന്വേഷിച്ചപ്പോള്‍ അവിടെങ്ങും അവള്‍ ചെന്നിട്ടില്ല…" – അയാള്‍ വിഷമത്തോടെ പറഞ്ഞു.

"അങ്കിള്‍, ദേവാംഗനയെയും ആരാധികയെയും വിളിച്ചു സംസാരിച്ചുനോക്ക്… ഞാന്‍ നിര്‍ത്തട്ടെ… എമര്‍ജന്‍സി കേസുണ്ട്…" – മേരിക്കുട്ടന്‍ കോള്‍ അവസാനിപ്പിച്ചു.

മനസ്സിലേക്കു കൂടുതല്‍ കട്ടാരമുള്ളുകള്‍ വീണതു മാത്രം. സംശയങ്ങളുടെ കൂര്‍ത്ത കട്ടാരമുള്ളുകള്‍!

ജോര്‍ജി അതേ വിവരങ്ങള്‍ മകനെ ധരിപ്പിച്ചുകൊണ്ടു പറഞ്ഞു: "നേരം വെളുക്കട്ടെ… നീ പോയി കിടന്നുറങ്ങ്…"

ജോര്‍ജിക്ക് ഉറക്കം വന്നില്ല. മദ്യലഹരിയിലായിരുന്ന അയാളുടെ ചെന്നിയിലൂടെ ചൂടുള്ള വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങി. സമൂഹമദ്ധ്യത്തില്‍ നിലയും വിലയുമുള്ള വടക്കേടത്ത് ഏയ്ഞ്ചല്‍ഗാര്‍ഡന്‍സിന്‍റെ പ്രൗഢിക്കും അന്തസ്സിനും കോട്ടം സംഭവിക്കുന്ന രീതിയിലേക്കു കാര്യങ്ങള്‍ കടന്നുപോകുമോ എന്നായരിരുന്നു അയാളുടെ മനസ്സില്‍ നിറയുന്ന ഭയാശങ്ക…! പല്ലിയെ നോക്കി വായ് പിളര്‍ന്നുനില്ക്കുന്ന ചൈനീസ്ഡ്രാഗന്‍റെ ചുവര്‍ച്ചിത്രത്തിലേക്ക് ഒരു വിനാഴിക തുറിച്ചുനോക്കി. അല്ല, അതു മൊബൈല്‍ ഫോണിന്‍റെ സ്ക്രീനില്‍ തെളിയുന്ന ചിത്രം…!

പാതിരാത്രിയുടെ അനൗചിത്യമൊന്നും അയാള്‍ കാര്യമാക്കിയില്ല. മോളുടെ കൂട്ടുകാരി ആരാധികയെ വിളിച്ചുനോക്കി. ഫോണെടുത്തില്ല. ഷംനയെ വിളിച്ചുനോക്കി; സ്വിച്ചോഫ്…! ഇനി ദേവാംഗന…?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org