Latest News
|^| Home -> Novel -> Novel -> ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 4

ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 4

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

ഇനി ദേവാംഗനയെകൂടി വിളിക്കണം. അവളുടെ പ്രതികരണമറിയണം. മകളെ തേടി അവളുടെ കൂട്ടുകാരികളുടെ പിറകെ അലയുന്ന ഒരച്ഛന്‍റെ ദുരവസ്ഥ…! ജോര്‍ജി തീരെ അസ്വസ്ഥനായിരുന്നു.

ദേവാംഗന മകളുടെ ഉറ്റ മിത്രമാണ്. അവളെ നേരത്തെ വിനോദ് വിളിച്ചിരുന്നു. ഞങ്ങള് ബാംഗ്ലൂരിലുണ്ടെന്ന് പറഞ്ഞത് അവള്‍ മാത്രമാണ്. അതായത് ദേവാംഗന യും അപര്‍ണയും ബാംഗ്ലൂരിലുണ്ടെന്നു പറഞ്ഞുവച്ചു. ആ ഉറ്റമിത്രത്തെ വിളിച്ചുകിട്ടണം, നിജസ്ഥിതി അറിയണം.

ഭാഗ്യം!

അയാള്‍ വിളിച്ചപ്പോള്‍തന്നെ ഈ പാതിരാത്രി കഴിഞ്ഞ നേരത്തും ദേവാംഗന ഫോണെടുത്തു.

“ഞാന്‍ അപര്‍ണയുടെ പപ്പയാണ്… ജോര്‍ജി…”

“എന്താ അങ്കിള്‍…? ഈ അസമയത്ത്…?”- ദേവാംഗനയുടെ സ്വരത്തില്‍ ഉദ്വേഗത്തിമിര്‍പ്പ്!

“ദേവാംഗന ഇപ്പോള്‍ എവിടെയാണ്…? ബാംഗ്ലൂരിലോ വീട്ടിലോ…?” – ജോര്‍ജി ആകാംക്ഷാഭരിതനായി ചോദിച്ചു.

“ബാംഗ്ലൂരില്‍…”

“ടൂര്‍ പോയതു നിങ്ങള്‍ രണ്ടു പേരും ഒന്നിച്ചാണോ…? എത്ര പേരുണ്ടായിരുന്നു…?”

“മൂന്നാലു പേരുണ്ടാരുന്നു…”- ദേവാംഗന അറിയിച്ചു. “ഞങ്ങളൊന്നിച്ചാരുന്നു യാത്ര. ഇപ്പോഴിവിടില്ല. അവള്‍ ശിവജിനഗറിലോ മറ്റോ ബന്ധുക്കളുടെ ഏതോ വീട്ടിലാണ്…”

“ഞങ്ങള്‍ വിളിച്ചിട്ടെങ്ങും അപര്‍ണയെ കിട്ടുന്നില്ല… ശിവജിനഗറിലും മറ്റും ഞങ്ങടെ ബന്ധുവീടുകളിലൊക്കെ വിളിച്ചു ചോദിച്ചല്ലോ. അവള്‍ അവിടെങ്ങും ചെന്നിട്ടില്ല… പിന്നെ എവിടെയാണ്…? എനിക്കുടനെ അവളെ കിട്ടണം… അവളുമായി സംസാരിച്ചിട്ടേ ഞാന്‍ കിടന്നുറങ്ങൂ…” – ജോര്‍ജി ഉറപ്പിച്ചു പറഞ്ഞു.

“അങ്കിളിങ്ങനെ ധൃതിപിടിച്ചാലെന്തു ചെയ്യും…?” ദേവാംഗന ഫോണിന്‍റെ അങ്ങേ തലയ്ക്കല്‍ നിന്നും അല്പം ദേഷ്യത്തില്‍ തുടര്‍ന്നു: “ഈ പാതിരാത്രി കഴിഞ്ഞ നേരത്ത് അവളെയെങ്ങനെ കോണ്‍ടാക്ട് ചെയ്യാനാ…? നേരം വെളുക്കട്ടെ…”

“എനിക്ക് അപര്‍ണയുമായി ഉടനെ സംസാരിക്കണം. അത്ര അര്‍ജന്‍റാണ്…” ജോര്‍ജി ഗൗരവത്തില്‍ പറഞ്ഞു.

“പറയാം അങ്കിള്‍… ഇപ്പോള്‍ അപര്‍ണ നല്ല ഉറക്കത്തിന്‍റെ നേരമല്ലേ…?”- ദേവാംഗനയുടെ സ്വരത്തില്‍ കുണ്ഠിതത്തിന്‍റെ ലാഞ്ഛനയില്ലേ…? – ജോര്‍ജി സംശയിച്ചു. ഫോണ്‍കോള്‍ അവസാനിച്ചു.

എന്തായാലും കാര്യങ്ങളില്‍ എന്തോ പൊരുത്തക്കേടുണ്ടെന്ന് അയാള്‍ക്കു തോന്നിച്ചു. ദേവാംഗനയോടു കുറേ കാര്യങ്ങള്‍കൂടി പറയാനുണ്ടായിരുന്നു. മകളെ അറിയിക്കാന്‍ ഇമ്മാതിരിയാണോ ജോര്‍ജി വീട്ടുകാരോടു പെരുമാറേണ്ടത്…? വിളിയും പറച്ചിലുമില്ല. വീടിനോടും വീട്ടുകാരോടും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുക. അവളൊരു പെണ്‍കുട്ടിയല്ലേ? ചരടില്‍ കോര്‍ത്ത മുത്തുമണികള്‍പോലെ അവള്‍ വീട്ടുകാര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നു നടക്കേണ്ടതല്ലേ…? ഉത്തരവാദിത്വമില്ലാതെ ഈ പോക്ക് പോയാലോ….? പറയേണ്ടതൊക്കെ വിട്ടുപോയി. ദേവാംഗന വഴി മകളിലേക്ക് എത്തിക്കാമായിരുന്നു ഈ വാക്കുകള്‍… മനസ്സിന്‍റെ അസ്വസ്ഥഭാരത്താല്‍ എല്ലാം വിട്ടുപോയി!

അവള്‍ക്കെന്താ അപ്പനും അമ്മയും വീട്ടുകാരുമൊന്നും വേണ്ടേ…? മനസ്സിന്‍റെ പെരുമ്പറ മുഴങ്ങുന്നു…! ജോര്‍ജി അപ്പോള്‍ത്തന്നെ ബെഡ്റൂമില്‍ നിന്നും വിനോദിനെ ഫോണ്‍ ചെയ്തു വരുത്തി.

“വിനോദ് പറഞ്ഞതുപോലെ വെളുപ്പിനേ നീ കൊല്ലത്തിനു പോകണം. നൈനയും കൂടെ പോരട്ടെ… ദേവാംഗന അവളുടെ വീട്ടിലില്ലെന്ന് ഉറപ്പാക്കണം. നാളെ ഉച്ചയ്ക്കുമുമ്പു കാര്യങ്ങള്‍ക്കൊരു വ്യക്തത ഉണ്ടാകണം. പെണ്‍കൊച്ചുങ്ങളെ അങ്ങനെ തോന്ന്യാസം വിടാനൊക്കില്ല. അപര്‍ണയ്ക്കു സ്വാതന്ത്ര്യം കൂടിപ്പോയി… ചൊല്പടിക്കു നിര്‍ത്താന്‍ പറ്റീട്ടില്ല… കാര്‍ന്നോന്മാരു പറഞ്ഞു കേട്ടിട്ടില്ലേ…? ചോറു കൊടുത്താല്‍ പോരാ… ചൊല്ലും കൊടുക്കണം…. ചൊല്ലു കൊടുത്തിട്ടില്ല. കതിരില്‍ കൊണ്ടുപോയി വളം വച്ചുകൊടുത്തിട്ടു കാര്യമില്ലെന്നറിയാം… ഇങ്ങനെ പോയാലൊക്കില്ല…”

“പപ്പാ… അപര്‍ണ ഒരു പെട്ടി നിറയെ ഡ്രസ്സുമായി ഒരാഴ്ച മുമ്പിറങ്ങിപ്പോയതാ… ബാംഗ്ലൂര്‍ ടൂറാണെന്നു മമ്മിയോടു പറഞ്ഞു… പോയതില്‍പ്പിന്നെ മമ്മിയെ ഒന്നു വിളിച്ചു. ബാംഗ്ലൂരിലുണ്ടെന്നവള്‍ മമ്മിയോടു പറഞ്ഞു. ഇതിനോടകം അവളുടെ അനുജത്തി നവോമിയെ വിളിച്ചോ…? എനിക്കറിയില്ല… അവളുടെ നാത്തൂന്‍ നൈനയെ വിളിച്ചിട്ടില്ല… പോയേപ്പിന്നെ പപ്പയെയോ എന്നെയോ വിളിച്ചിട്ടില്ല…. മമ്മിയോടും പപ്പയോടും ആവശ്യത്തിലധികം കാശ് മേടിച്ചോണ്ടാ പോയിരിക്കുന്നേ… അതിനൊരു കുറവും ഉണ്ടായിട്ടില്ല… ഇന്നലെ രാവിലെ അവള്‍ എത്തുമെന്നു പറഞ്ഞിരുന്നു. ആ സമയവും അതിനപ്പുറോം കഴിഞ്ഞു…! അവളിങ്ങോട്ടു വിളിക്കുന്നില്ല. അങ്ങോട്ടു വിളിച്ചാലൊട്ടു ഫലവുമില്ല…! കയറൂരിവിട്ട കാലിയെപ്പോലെ ഇവളിങ്ങനെ പോയാല്‍…?” – വിനോദ് വികാരഭരിതനായി.

മകളെപ്പറ്റി മകന്‍ നിരത്തിയ പച്ചയായ അഭിപ്രായപ്രകടനങ്ങള്‍ കേട്ടു ചിന്താമൂകനായി ജോര്‍ജിയിരുന്നു. വിനോദ് ബെഡ്റൂമിലേക്കു തിരിച്ചുപോയപ്പോള്‍ അയാള്‍ തെക്കെ കോറിഡോറിലൂടെ നടന്ന് അതേ മുറിയിലെത്തി. അവിടെ ഡ്യൂട്ടി ഫ്രീ മദ്യക്കടയെ അനുസ്മരിപ്പിക്കുന്ന മറ്റൊരു മുറി. പല ഷെയ്പ്പിലും നിറത്തിലുമുള്ള മദ്യക്കുപ്പികളാല്‍ അലംകൃതമായൊരു മുറി. മേശകസേരകളും ഫ്രിഡ്ജും ഫ്രൈഡ് ഈറ്റബിള്‍ ഐറ്റംസ് കരുതുന്ന ഡബ്ബുകളുമൊക്കെയുള്ള വീടിനുള്ളിലെ മദ്യശാല. മലമുഴക്കി വേഴാമ്പലിന്‍റെ നീണ്ട ചുണ്ടിനെയോ നീലജലാശയത്തില്‍ പയ്യേ നീന്തുന്ന രാജഹംസത്തിന്‍റെ നീണ്ടുവളഞ്ഞ കഴുത്തിനെയോ ദ്യോതിപ്പിക്കുന്ന ആകാരഭംഗിയാര്‍ന്ന വിദേശനിര്‍മിത മദ്യക്കുപ്പികള്‍!

അയാള്‍ അലമാരിയില്‍ നിന്നു വിലപിടിച്ച മദ്യക്കുപ്പികളില്‍ ഒന്നെടുത്തു മേശപ്പുറത്തു വച്ചു.

നിതാന്ത നിശ്ശബ്ദത…!

ക്ലോക്കിന്‍റെ ഹൃദയതാളം മാത്രം. അയാള്‍ വാച്ചിലേക്കു നോക്കി. മണി രണ്ടു പതിനഞ്ച്!

അയാള്‍ മദ്യത്തില്‍ ശരണം തേടി. അസ്വസ്ഥതകളകറ്റാന്‍… എല്ലാം മറന്നുറങ്ങാന്‍…?

വിനാശത്തിന്‍റെ വിത്തുകളാണു മദ്യത്തിന്‍റെ ഓരോ തുള്ളിയുമെന്നു വിശ്വസിച്ചുപോന്ന വിദ്യാര്‍ത്ഥി ജോര്‍ജിയാണിപ്പോള്‍ മുഴുക്കുടിയനായിരിക്കുന്നത്. ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും കാര്‍ന്നുതിന്നുന്ന വിഷജീവിയാണു മദ്യമെന്നു പ്രസംഗിച്ചു നടന്ന മദ്യവര്‍ജ്ജന പ്രസ്ഥാനക്കാരുടെ കൂടെ കണ്ടിരുന്ന കോളജ് വി ദ്യാര്‍ത്ഥിയാണിപ്പോള്‍ നഗരത്തിലെ പ്രധാന ക്ലബില്‍ മദ്യപന്മാരുടെ നേതാവായിരിക്കുന്നത്. സ്കൂള്‍ ആനിവേഴ്സറിക്കും കോളജ് ഡേ സെലിബ്രഷനുമൊക്കെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ള ജോര്‍ജി ഇന്നീനഗരജീവിതത്തില്‍ ഏത് ആഘോഷങ്ങള്‍ക്കും സന്തോഷത്തിനും സന്താപത്തിനുമൊക്കെ മദ്യപിക്കുന്ന ജോര്‍ജി എന്ന സീനിയര്‍ ഫിഷറീസ് ഓഫീസര്‍! മദ്യസത് കാരം സ്റ്റാറ്റസ് സിമ്പലായി കാണുന്ന സിറ്റി ക്ലബിന്‍റെ നീലരാവുകള്‍ ലഹരിമയമാകുന്നതില്‍ രസംകൊള്ളുന്ന ജോര്‍ജി…!

അപര്‍ണ എവിടെ പോയതാണ്…? ബാംഗ്ലൂര്‍ സിറ്റിയുടെ ഏതു കോണിലാണവള്‍… രാവിലെ ഇങ്ങെത്തണേ…! അവള്‍ക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മീഡിയകള്‍ക്കും ഹിതകരമല്ലാത്ത സീനോ ന്യൂസോ ആയി മാറാതിരുന്നെങ്കില്‍…? സ്വതവേ പ്രാര്‍ത്ഥനയിലും ഈശ്വരഭക്തിയിലും വല്യ വിശ്വാസമൊന്നുമില്ലാത്ത ജോര്‍ജിയുടെ മനസ്സുരുകി. സര്‍വത്ര യുക്തിവാദിയുടെ ഭാവേന ജീവിക്കുന്ന ആ സര്‍ക്കാരുദ്യോഗസ്ഥന്‍റെ ആത്മാവില്‍ പ്രാര്‍ത്ഥനയുടെ മണിനാദം മുഴങ്ങി. ആ മദ്യപന്‍റെ മനസ്സില്‍ ആ വിഷയലമ്പടന്‍റെ അകതാരില്‍ ഈശ്വരചിന്തയുടെ പുതിയ കതിരുകള്‍ തലനീട്ടിത്തുടങ്ങി.

“എന്നാലും അവളെവിടെപ്പോയി…?”

മനസ്സ് നീറി.

വളരെ ആഗ്രഹിച്ചിട്ടും മദ്യപിച്ചിട്ടും അയാളെ ഉറക്കം അനുഗ്രഹിച്ചില്ല. വെറുതെ കണ്ണടച്ചു കിടന്നു. നിദ്രാവിഹീനങ്ങളായ യാമങ്ങളുടെ ഭാരം അയാളുടെ കണ്‍പോളകളില്‍ ഐസ്ക്യൂബ്പോലെ തങ്ങിക്കിടന്നു!

വെളുപ്പിനേ വിനോദും ഭാര്യ നൈനയും കൊല്ലത്തിനു പോകാന്‍ റെഡിയായി. പപ്പയോടു പറഞ്ഞിട്ടുപോകാന്‍ ആ ബെഡ്റൂമിനടുത്തേയ്ക്കു ചെന്നു. ആ മുറിയുടെ വാതില്‍ ചാരിയിട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ജോര്‍ജി അപ്പോള്‍ കൂര്‍ക്കം വലിച്ചുള്ള ഉറക്കം തുടങ്ങിയിട്ടേയുളളൂ.

“പപ്പേ… പപ്പേ…!”

അവര്‍ ശല്യപ്പെടുത്താന്‍ നിന്നില്ല. അടുത്ത മറിയില്‍ മമ്മിയും നവോമിയും കിടപ്പുണ്ടായിരുന്നു. അവരോടു വിവരം പറഞ്ഞിട്ട് അവര്‍ യാത്രയായി. കാറിലായിരുന്നു യാത്ര. കൊല്ലത്തിനടുത്തു കൊട്ടിയത്തായിരുന്നു ദേവാംഗനയുടെ വീട്. ഹൈവേയിലൂടെ ചോക്ലേറ്റ് കളര്‍ കോസ്റ്റ്ലി കാര്‍ പാഞ്ഞു.

“ഇന്നെങ്കിലും അവളിങ്ങെത്തിയാല്‍ മതിയായിരുന്നു…?” – കാര്‍ ഡ്രൈവ് ചെയ്യുന്നിനിടയില്‍ വിനോദ് ഭാര്യയോടു പറഞ്ഞു: വടക്കേടത്ത് ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് കുടുംബത്തിന്‍റെ കുലീനതയ്ക്കും പ്രൗഢിക്കും കരിവീഴ്ത്താതെ വേഗം അവളിങ്ങെത്തിയാല്‍ മതിയായിരുന്നു…”

“ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്‍റെ മുഖത്തു കരിവീഴ്ത്തുകയല്ല; അവള്‍ കരിഓയില്‍ വീഴിക്കാതിരുന്നാല്‍ ഭാഗ്യം…!”

നൈന രോഷത്തോടെ തുടര്‍ന്നു: “എന്തു പറഞ്ഞാലും അപര്‍ണ നെഗറ്റീവാണ്. വായില്‍നിന്നും തര്‍ക്കുത്തരമേ വരത്തൊള്ളൂ… വകവയ്പേയില്ല…! മമ്മിക്കും പപ്പയ്ക്കും പെണ്‍മക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല. പപ്പയ്ക്കു ഓഫീസും നൈറ്റ് ക്ലബും; മമ്മിക്കും തഥൈവ. അതേപ്പറ്റി ഞാനൊന്നും പറേന്നില്ല. പെണ്‍മക്കള് അവരുടെ തോന്നിയ വഴിക്ക്…! ഞങ്ങളെയൊന്നും ഇങ്ങനെയല്ല വളര്‍ത്തിയത്; നിങ്ങള്‍ക്കറിയാമല്ലോ…?”

ഫോണ്‍ വിളിച്ചറിയിക്കാതെയാണു ദേവാംഗനയുടെ വീടു തേടിപ്പോയത്. രാവിലെ ദേവാംഗനയെ ഫോണ്‍ വിളിച്ചിട്ടു ലൈനില്‍ കിട്ടിയില്ല. ശരിയായ അഡ്രസ്സായിരുന്നതിനാല്‍ അവളുടെ വീടു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

രണ്ടുനില വീടിന്‍റെ ഗെയ്റ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി വിനോദും നൈനയും ഇറങ്ങിച്ചെന്നു. ദേവാംഗനയുടെ അച്ഛന്‍ മസ്കറ്റിലാണ്. അമ്മ മാത്രമേ വീട്ടിലുള്ളൂ; ജയശ്രീ പറഞ്ഞു.

“ദേവാംഗന ഇവിടില്ല. ബാംഗ്ലൂര്‍ക്ക് പോയിട്ടിതുവരെ വന്നില്ല…!”

ചായ കുടിച്ചും സംസാരിച്ചും അല്പനേരം അവിടിരുന്നപ്പോള്‍ ഒരതിശയം സംഭവിച്ചു. വാസ്തവത്തില്‍ അയല്‍പക്കത്തെ ആ കൊച്ചു പെണ്‍കുട്ടിയെ ദൈവം അയച്ചതാണ്. ആ കുട്ടി ദേവാംഗനയുടെ പേരുവിളിച്ചുകൊണ്ടു വീടിനുള്ളില്‍ അന്വേഷണം തുടങ്ങി.

“ദേവാംഗന അക്കച്ചി ഇത്രേം നേരം ഇവിടുണ്ടാര്‍ന്നല്ലോ… ഇപ്പം എവിടെപ്പോയി….?”

“പിള്ള മനസ്സില്‍ കള്ളമില്ല” എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ആ കുട്ടി നീട്ടിവിളിച്ചു:

“അക്കച്ചീ…! അക്കച്ചീ…!!”

കള്ളത്തരം വെളിച്ചത്തായി.

ജയശ്രീ വെന്തുരുകുകയായിരുന്നു. അവരുടെ മുഖം വിളറിവെളുത്തു. അവര്‍ സത്യം തിരുത്തിപ്പറയാന്‍ നിര്‍ബന്ധിതയായി.

“ദേവാംഗന ബാംഗ്ലൂര്‍ക്കു പോയിട്ടില്ല. ദേവാംഗന നുണകള്‍ ഏച്ചുകെട്ടി പറഞ്ഞതെന്തിനാണെന്നോ…? നിങ്ങടെ സഹോദരി അപര്‍ണ നിര്‍ബന്ധിച്ചു പറഞ്ഞിട്ടാണ്… ഞാന്‍ സാക്ഷിയാണ്…!”

“പൊലീസ് ചോദിക്കുമ്പോള്‍ ഇതുതന്നെ പറയണം…” – വിനോദിനു ദേഷ്യം വന്നു.

“ദേഷ്യപ്പെട്ടിട്ടു കാര്യമില്ല…” – ജയശ്രീ സഗൗരവം തുടര്‍ന്നു.

“ജീവിതം ഇങ്ങനെയൊക്കെയാണെന്നു കരുതിക്കോ! ദേവാംഗനയെ കുറ്റപ്പെടുത്തീട്ടും വിശേഷമില്ല. പണ്ടത്തെ കാലമല്ല. പ്രണയം ഇന്നിപ്പോള്‍ ഊരാക്കുടുക്കായി മാറുന്നുണ്ട്… മക്കള് ചെല്ല്…”

അത്രയും പറഞ്ഞ് ആ സ്ത്രീ തിരിഞ്ഞു നടന്നു. വിനോദും നൈനയും ഒരുള്‍ക്കിടിലത്തോടെ പരസ്പരം നോക്കി.

(തുടരും)

Leave a Comment

*
*